Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു വർഷം വിരമിക്കുന്നത് ഏകദേശം 20,000 ജീവനക്കാരും അദ്ധ്യാപകരും; ഇവർക്ക് ആനുകൂല്യങ്ങൾ കൊടുക്കാൻ വേണ്ടത് 4,500 കോടി രൂപ; 2020ൽ ആരും റിട്ടയർ ചെയ്യുന്നില്ലെന്ന് ഉറപ്പിക്കുന്നത് കാലിയായ ഖജനാവിന് ആശ്വാസം നൽകാൻ; യുവജന എതിർപ്പ് മറികടക്കാൻ പി എസ് സി അപേക്ഷാ പ്രായവും നീട്ടും; അടുത്ത സാമ്പത്തിക വർഷം വിരമിക്കേണ്ടവർക്ക് ഒരു കൊല്ലം കൂടി ശമ്പളം വാങ്ങാനാകും; പെൻഷൻ പ്രായം 57ആയി ഏകീകരിക്കാൻ പിണറായി സർക്കാർ; റിസ്‌ക് എടുക്കൽ വികസനത്തിന് പണം അനിവാര്യമെന്ന ചിന്തയിൽ

ഒരു വർഷം വിരമിക്കുന്നത് ഏകദേശം 20,000 ജീവനക്കാരും അദ്ധ്യാപകരും; ഇവർക്ക് ആനുകൂല്യങ്ങൾ കൊടുക്കാൻ വേണ്ടത് 4,500 കോടി രൂപ; 2020ൽ ആരും റിട്ടയർ ചെയ്യുന്നില്ലെന്ന് ഉറപ്പിക്കുന്നത് കാലിയായ ഖജനാവിന് ആശ്വാസം നൽകാൻ; യുവജന എതിർപ്പ് മറികടക്കാൻ പി എസ് സി അപേക്ഷാ പ്രായവും നീട്ടും; അടുത്ത സാമ്പത്തിക വർഷം വിരമിക്കേണ്ടവർക്ക് ഒരു കൊല്ലം കൂടി ശമ്പളം വാങ്ങാനാകും; പെൻഷൻ പ്രായം 57ആയി ഏകീകരിക്കാൻ പിണറായി സർക്കാർ; റിസ്‌ക് എടുക്കൽ വികസനത്തിന് പണം അനിവാര്യമെന്ന ചിന്തയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാൻ സർക്കാർ തലത്തിൽ ആലോചന ശക്തം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പ്പെട്ടിരിക്കുന്ന പിണറായി സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആയി ഏകീകരിക്കാൻ ഉന്നതതലങ്ങളിൽ തീരുമാനമായി. അടുത്ത ബജറ്റ് പ്രസംഗത്തിൽ ഇത് പ്രഖ്യാപിക്കും. യുവജന സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പ് മറികടക്കാൻ പി.എസ്. സി ജോലിക്ക് അപേക്ഷിക്കേണ്ട പ്രായം ഒരു വർഷം കൂടി ഉയർത്തും.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 55 ൽ നിന്ന് 56 ആക്കി ഏകീകരിച്ചതും അന്ന് ധനകാര്യ മന്ത്രിയായ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലാണ്. അതേ മാതൃകയിലാണ് പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആക്കാൻ ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് അടുത്ത സാമ്പത്തിക വർഷത്തിനിടയിൽ ആരും റിട്ടയർ ചെയ്യേണ്ട. റിട്ടയർ ചെയ്യേണ്ടത് 2021 മാർച്ച് മാത്രം. പെൻഷൻ ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് നീട്ടി വക്കാൻ ഇതിലൂടെ സർക്കാരിന് സാധിക്കും. ഇങ്ങനെ വികസനാവശ്യങ്ങൾക്ക് പണം കണ്ടെത്താനാണ് നീക്കം. 2021ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ വികസന ആവശ്യങ്ങൾക്ക് പണം അനിവാര്യതയാണ്. അതുകൊണ്ടാണ് പെൻഷൻ പ്രായം നീട്ടി വിരമിക്കലുകാർക്ക് നൽകാനുള്ള പണം വക മാറ്റുന്നതിന് കാരണം.

2021ൽ അധികാരത്തിലെത്തുന്ന സർക്കാരിന് ഇത് വലിയ ബാധ്യതയായി മാറുമെന്നും സൂചനയുണ്ട്. ഒരു കൊല്ലം പെൻഷൻ പ്രായം കൂട്ടി സർക്കാർ ജീവനക്കാരുടെ വോട്ട് കൂടി കൈയിലാക്കാനാണ് സർക്കാർ തീരുമാനം. പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ടത് തുടർന്ന് വരുന്ന സർക്കാരിന്റെ ബാധ്യത ആകും. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് യുവജനങ്ങളുടെ ശക്തമായ എതിർപ്പിന് കാരണമാകുമെന്നും വരുന്ന തെരഞ്ഞെടുപ്പു കളിൽ സർക്കാരിന് തിരിച്ചടിയുണ്ടാകുമെന്നും ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പും അവഗണിച്ചു കൊണ്ടാണ് സർക്കാർ ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇതിനുള്ള തീരുമാനം തത്വത്തിൽ ധന വകുപ്പ് എടുത്തു കഴിഞ്ഞു.

പ്രളയാനന്തര കേരള പുനർനിർമ്മിതിക്ക് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ശുപാർശ സർക്കാർ പരിഗണിച്ചെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം നൽകിയ ജീവനക്കാർക്ക് രണ്ട് വർഷത്തെ ശമ്പളം നൽകാനാണ് പിണറായി വിജയൻ സർക്കാരിന്റെ നീക്കമെന്ന് ആരോപണവുമെത്തി. ഇതു സംബന്ധിച്ച് ശുപാർശക്കായി ധനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഫയൽ തുറക്കുകയും ചെയ്തു. പ്രളയം മൂലം ഉണ്ടായ പ്രതിസന്ധി 30,000 കോടിയിലെത്തുകയും ദൈനംദിന ആവശ്യങ്ങൾക്ക് പോലും ട്രഷറികൾ ബുദ്ധിമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ധനവകുപ്പ് തുടങ്ങിയത്. ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളത്തിൽ പെൻഷൻ പ്രായം കുറവാണന്നും മറിച്ച് പെൻഷൻ ബാധ്യത കൂടുതലാണന്നും വിലയിരുത്തിയായിരുന്നു ഇത്. എന്നാൽ തീരുമാനം വിവാദങ്ങളെ ഭയന്ന് അന്ന് നടക്കാതെ പോയി.

ഗീതാ ഗോപിനാഥിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയും നീക്കത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇപ്പോൾ തന്നെ പെൻഷൻ ബാദ്ധ്യത സർക്കാരിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്. പെൻഷൻ വിതരണത്തിന് ഭീമമായ തുക വേണ്ടി വരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കുന്നതിന് പെൻഷൻ ഫണ്ട് രൂപീകരിക്കണം എന്നും അഭിപ്രയം ഉണ്ട്. പെൻഷൻ ഫണ്ട് രൂപീകരണത്തിന് ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവെയ്‌ക്കേണ്ടി വരും. അഞ്ചു വർഷം കൂടുമ്പോൾ ജീവനക്കാർക്ക് പലിശ സഹിതം പെൻഷൻ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുക മടക്കി നൽകാവുന്ന തരത്തിൽ പദ്ധതി നടപ്പാക്കുന്നതും ആലോചനയിലുണ്ട്.

നിലവിലെ പങ്കാളിത്ത പെൻഷൻ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്ന ശുപാർശയ്ക്കൊപ്പം കെഎസ്ആർടിസിയിലും സർവകലാശാലകളിലും പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനും സർക്കാരിന് നീക്കമുണ്ട്. വികസിത രാജ്യങ്ങളിൽ എല്ലായിടത്തും തന്നെ റിട്ടയർമെന്റ് പ്രായം അറുപത്തിന് മുകളിലാണ്. അറുപത്തിയഞ്ചു മുതൽ അറുപത്തിഏഴു വയസ്സ് വരെയാണ് വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്ന ശരാശരി പെൻഷൻ പ്രായം. കേരളത്തിലെ കാര്യം നേരെ തിരിച്ചാണ്. അൻപത്തിയാറു വയസ്സിലോ അറുപത് വയസ്സിലോ റിട്ടയറാകണമെന്ന് ആർക്കും ആഗ്രഹമില്ല. അവസരം കിട്ടിയാൽ അഞ്ചോ പത്തോ വർഷം ജോലി ചെയ്യാൻ അവർ തയ്യാറാണ്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പെൻഷൻ പ്രായം കൂടുതൽ ഉയർത്താനാകില്ല.

നേരത്തെ പെൻഷൻ പ്രായം 58 ആക്കാൻ സർക്കാർ നിയോഗിച്ച പബ്ളിക് എക്സ്‌പെൻഡിച്ചർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ആയുർദൈർഘ്യം പരിഗണിച്ച് 58 ആക്കി ഉയർത്താനാണ് ശുപാർശ ചെയ്തത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 1998 ൽ 60 വയസ്സായി ഉയർത്തിയപ്പോൾ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാൾ ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങൾ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തുകയുണ്ടായി. പിന്നീട് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം 58 ആയി ഉയർത്തി. കേരളത്തിൽ തന്നെ സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന മെഡിക്കൽ കോളേജധ്യാപകർ, ജഡ്ജിമാർ തുടങ്ങിയവരുടെ പെൻഷൻ പ്രായം വർഷങ്ങൾക്ക് മുമ്പ് 60 വയസ്സായി ഉയർത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 വയസാണ്.

ഒരു വീട്ടിൽ താമസിക്കുന്ന സർക്കാരുദ്യോഗസ്ഥരായ സഹോദരങ്ങൾ അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരിൽ കേന്ദ്രസർക്കാർ ജീവനക്കാർ 60 വയസിലും സംസ്ഥാന സർക്കാർ ജീവനക്കാർ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 വയസാണ്. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വായ്പ തിരിച്ചടവിന് 1200 കോടിയോളം മാറ്റിവയ്‌ക്കേണ്ടി വരുന്നു. ഒരു വർഷം ഏകദേശം 20, 000 ജീവനക്കാരും അദ്ധ്യാപകരും സർവീസിൽ നിന്നും വിരമിക്കുന്നുണ്ട്. ഏതാണ്ട് 4,500 കോടി രൂപ ഒരു വർഷം ഇവർക്കായി കൊടുത്തു തീർക്കേണ്ടി വരുന്നു. ഇപ്പോഴത്തെ സാമ്പത്തികത്തിൽ ഇത് അസാധ്യമാണ്. അതുകൊണ്ടാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സജീവമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP