Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

ആന്റണിക്കൊപ്പം ഇടതുപക്ഷത്ത് എത്തി 1980ൽ നായനാരുടെ കീഴിൽ വ്യവസായ മന്ത്രിയായി; ജെപിസിയിലെ ചർച്ചകൾ നൽകിയത് ദേശീയ നേതാവിന്റെ ഗ്ലാമർ; യാക്കോബായക്കാരന്റെ മനസ്സിൽ ഇപ്പോഴുള്ളത് ബിജെപിയിലേക്കുള്ള കൂടുമാറ്റമല്ല; പിസി ചാക്കോ വണ്ടി കയറുന്നത് ഗുരുവിന്റെ അനുഗ്രഹത്തോടെ ഇടതുപക്ഷത്തേക്ക്; എൻസിപിയെ ഇനി കേരളത്തിൽ നയിക്കുക പവാറിന്റെ ശിഷ്യൻ എന്നുറപ്പ്

ആന്റണിക്കൊപ്പം ഇടതുപക്ഷത്ത് എത്തി 1980ൽ നായനാരുടെ കീഴിൽ വ്യവസായ മന്ത്രിയായി; ജെപിസിയിലെ ചർച്ചകൾ നൽകിയത് ദേശീയ നേതാവിന്റെ ഗ്ലാമർ; യാക്കോബായക്കാരന്റെ മനസ്സിൽ ഇപ്പോഴുള്ളത് ബിജെപിയിലേക്കുള്ള കൂടുമാറ്റമല്ല; പിസി ചാക്കോ വണ്ടി കയറുന്നത് ഗുരുവിന്റെ അനുഗ്രഹത്തോടെ ഇടതുപക്ഷത്തേക്ക്; എൻസിപിയെ ഇനി കേരളത്തിൽ നയിക്കുക പവാറിന്റെ ശിഷ്യൻ എന്നുറപ്പ്

സന്ദീപ് എം എസ്‌

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പി.സി.ചാക്കോ ഇടതുപക്ഷത്തേക്കെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ ഒരു പ്രമുഖനുമായി പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ചാക്കോ ഇടതുപക്ഷത്തേക്കെന്ന വിവരങ്ങൾ പുറത്തു വരുന്നത്. എൻ.സി.പിയിലേക്കാണ് ചാക്കോയെന്നാണ് അഭ്യൂഹം. യാക്കോബായക്കാരനായ പിസി ചാക്കോ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ ചാക്കോ ഒരിക്കലും പരിവാർ പക്ഷത്തേക്ക് പോകില്ല.

ചാക്കോ രാജിവച്ച ഉടൻ തന്നെ എൻ.സി.പി. അദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് പി.സി.ചാക്കോ കോൺഗ്രസിൽ നിന്ന് രാജി വച്ചത്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ കടുത്ത വിമർശന മുന്നയിച്ചാണ് പി.സി.ചാക്കോ രാജി വച്ചത്. എൻ.സി.പി. നേതാവും ദേശീയ രാഷ്ട്രീയത്തിലെ ശക്തനുമായ ശരത് പവാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പി.സി.ചാക്കോ. എൻ.സി.പി. കേരളത്തിൽ രൂപീകൃതമായ കാലത്തു തന്നെ ചാക്കോ എൻ.സി.പിയിലേക്ക് പോകുമെന്ന് പ്രചരണം ഉയർന്നിരുന്നു. പിന്നീട് ശരത്പവാറുമായി ഈക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ ഇത്തരത്തിൽ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതായി മറുനാടൻ മലയാളി മുൻപേ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വാർത്ത ശരിവയ്ക്കുന്നതാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഏറെ കാലമായി ഡൽഹി കേന്ദ്രീകരിച്ചാണ് ചാക്കോയുടെ പ്രവർത്തനം. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗം കൂടിയായ ചാക്കോയുടെ അഭിപ്രായങ്ങൾ പലതും കേരളത്തിലെ നേതാക്കൾ അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇതാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങാൻ കാരണമെന്നാണ് സൂചന. രാജവച്ച പത്രസമ്മേളനത്തിൽ ചാക്കോ രൂക്ഷമായ വിമർശനമാണ് കോൺഗ്രസിനെതിരെ ഉയർത്തിയത്. സീറ്റുകൾ ഗ്രൂപ്പുകൾ വീതം വയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഒരു പ്രസ്‌കതിയുമില്ലന്നു ചാക്കോ ആരോപണം ഉന്നയിച്ചിരുന്നു.

പീതാംബരൻ മാസ്്റ്ററാണ് നിലവിൽ കേരളത്തിൽ എൻ.സി.പിയുടെ ചുമതല. പീതാംബരൻ മാസ്റ്ററുമായി ദേശീയ നേതാക്കൾ ചാക്കോയുടെ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് വിവരം നൽകി കഴിഞ്ഞതായാണ് സൂചന. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇതിനിടയിൽ ചാക്കോയെ അനുനയിപ്പിക്കാനുള്ള നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട്. ഡൽഹി കേന്ദ്രീകരിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ എൻ.സി.പി. പ്രവേശനത്തിന് ഇപ്പോഴാണ് പറ്റിയ സമയമെന്നുള്ളതിനാൽ ചാക്കോ പിന്മാറില്ലെന്നും സൂചനയുണ്ട്. എൻ.സി.പി.യില്ലെത്തിയാൽ ശരത് പവാർ അർഹമായ സ്ഥാനം ചാക്കോയ്ക്കു നൽകുമെന്നും റിപ്പോർട്ടുണ്ട്. മാണി.സി.കാപ്പൻ മുന്നണി വിട്ട സാഹചര്യത്തിൽ ശക്തനായ ഒരു നേതാവിൻെ്റ സാന്നിധ്യം എൻ.സി.പിക്ക് ആവശ്യമുണ്ട്. ഇതു കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ചർച്ചകൾ.

ശരത് പവാർ കോൺഗ്രസിന്റെ ഭാഗമായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായിരുന്നു പിസി ചാക്കോ. ശരത് പവാർ എൻസിപി ഉണ്ടാക്കിയപ്പോൾ ചാക്കോയും കോൺഗ്രസ് വിട്ടു പോകുമെന്ന് കരുതി. എന്നാൽ കേരളത്തിലെ സാഹചര്യം മനസ്സിലാക്കി ചാക്കോ കോൺഗ്രസിൽ നിന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി. പല നിർണ്ണായക ചുമതലകളും വഹിച്ചു. ഡൽഹിയിൽ കോൺഗ്രസിന് കാലിടറിയതോടെ ചാക്കോയുടെ കഷ്ടകാലം തുടങ്ങി. തോമസിനെ പോലെ ചാക്കോയും രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായി. ഇതോടെ കോൺഗ്രസിൽ ആരും പരിഗണിക്കാത്തെ നേതാവായി പിസി ചാക്കോ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല. രാജ്യസഭയിലേക്കും പരിഗണിച്ചില്ല. നിയമസഭയിലും അവഗണന നേരിട്ടു.

എൻസിപിയുടെ കേരളാ ഘടകത്തെ നയിക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. ശരത് പവാറിനോട് താൽപ്പര്യമുള്ള ആരും സംസ്ഥാന നേതൃത്വത്തിൽ ഇല്ല. പീതാംബരനും എകെ ശശീന്ദ്രനും എന്നും അടിയാണ്. തോമസ് ചാണ്ടി പോയതോടെ എൻസിപി കേരളത്തിൽ നാഥനില്ലാ കളരിയായി. ഉഴവൂർ വിജയന്റെ മരണവും അംഗീകാരമുള്ള നേതാവിന്റെ അഭാവമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കേരളത്തിൽ സംഘടനയെ ചലിപ്പിക്കാൻ പിസി ചാക്കോയ്ക്ക് കഴിയുമെന്ന് ശരത് പവാർ തിരിച്ചറിയുന്നത്. എൻസിപിയുടെ സംസ്ഥാന നേതൃത്വം പിസി ചാക്കോയെ ഏൽപ്പിക്കാനാണ് ശരത് പവാറിനും താൽപ്പര്യം.

ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു പി.സി. ചാക്കോ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെ രാജി വച്ചിരുന്നു. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് ചാക്കോ ആരോപിച്ചിരുന്നു. അന്ന് മുതൽ ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായി ചാക്കോ മാറി. ടുജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അദ്ധ്യക്ഷനായിരുന്ന ചാക്കോ പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ സ്ഥാനങ്ങളും ഇല്ലാതെയായി.

1980ൽ ആദ്യമായി നിയമസഭയിൽ അംഗമാവുകയും നായനാർ വ്യവസായമന്ത്രിയാവുകയും ചെയ്ത നേതാവാണ് പിസി ചാക്കോ. പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തി. 1991 ൽ പത്താം ലോകസഭയിലേക്കും, 1996 ൽ പതിനൊന്നാം ലോകസഭയിലേക്കും, 1998ൽ പന്ത്രണ്ടാം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009ൽ തൃശ്ശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു പതിനാലാം ലോക്‌സഭയിലെ പ്രമുഖരിൽ ഒരാളായി. പക്ഷേ 2014ൽ ചാലക്കുടിയിൽ മത്സരിച്ച ചാക്കോയെ ഇന്നസെന്റ് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തിൽ ഒതുക്കപ്പെടൽ തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP