Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത് 50000 രൂപയെങ്കിലും കിട്ടും; 86 ഏക്കറോളം മാറ്റുമ്പോൾ കിട്ടുന്നത് ദശകോടികളുടെ നേട്ടം; പവിഴം ജോർജിനായി ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾ ഒരുമിച്ചെന്നും ആക്ഷേപം; കൂവപ്പടിയിൽ വില്ലേജ് ഓഫീസറെ മാറ്റിയത് വ്യവസായിക്ക് വേണ്ടിയോ?

സെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത് 50000 രൂപയെങ്കിലും കിട്ടും; 86 ഏക്കറോളം മാറ്റുമ്പോൾ കിട്ടുന്നത് ദശകോടികളുടെ നേട്ടം; പവിഴം ജോർജിനായി ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾ ഒരുമിച്ചെന്നും ആക്ഷേപം; കൂവപ്പടിയിൽ വില്ലേജ് ഓഫീസറെ മാറ്റിയത് വ്യവസായിക്ക് വേണ്ടിയോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വ്യവസായ പ്രമുഖനായ പിവിഴം ജോർജിന്റെയും കുംബാംഗങ്ങളുടെയും പേരിലുള്ള 86 ഏക്കറോളം സ്ഥലം ബി ടി ആർ രജിസ്റ്ററിൽ തിരിമറി നടത്തി പുരയിടമാക്കിമാറ്റാൻ ആവശ്യമായ ഒത്താശകൾ ചെയ്തത് ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബി ഒരുമിച്ചെന്നും ഇതിനുപിന്നിൽ വൻസാമ്പത്തീക ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ആരോപണം. ഭരപക്ഷപാർട്ടിയുടെ ജില്ലാനേതാവിന്റെ അടുത്ത സുഹൃത്തായിരുന്നു ജോർജ്ജെന്നും ഇയാളുവഴി സമ്മർദ്ദം ചെലത്തിയാണ് ദശകോടികളുടെ നേട്ടം ഉണ്ടാക്കുന്ന ബി ടി ആർ തിരിമറി ജോർജ്ജ് നടപ്പിലാക്കിയതെന്നുമാണ് പരക്കെ ഉയരുന്ന ആരോപണം.

991.25 ആർ സ്ഥലം ജോർജ്ജിന്റെ അപേക്ഷപ്രകാരം റവന്യൂവകുപ്പ് പുരയിടമാക്കി പരിവർത്തനം ചെയ്തുനൽകിയിരുന്നു.ഈ നടപിടിയാണ് കൃഷി വകുപ്പ് കഴിഞ്ഞ ദിവസം സ്്റ്റേചെയ്തിട്ടുള്ളത്.ഇതുസംബന്ധിച്ച് മറുനാടൻ പുറത്തുവിട്ട വാർത്ത ഉദ്യോഗസ്ഥതലത്തിൽ ചൂടേറിയ ചർച്ചയായി മാറിയെന്നാണ് അറിയുന്നത്. നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നതോടെ സ്ഥലത്തിന്റെ വില നിലവാരം ഗണ്യമായി ഉയരും. നിലമായിരിക്കുമ്പോൾ സെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത്് 50000 രൂപയെങ്കിലും ലഭിച്ചേക്കാമെന്നും മോഹവില ലഭിച്ചാൽ ചിലപ്പോൾ ഇത് ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്നുമാണ് വസ്തു ബ്രോക്കർമാരിൽ നിന്നും ലഭിക്കുന്ന വിവരം.

പുരയിടം ബാങ്ക് ഗ്യാരണ്ടിയായി നൽകിയാൽ നിലം പണയപ്പെടുത്തുന്നതിന്റെ ഇരട്ടിതുകയെങ്കിലും ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കണക്കുകൾ വിലയിരുത്തിയാൽ കൂവപ്പടി വില്ലേജിലെ ബി ടി ആർ തിരിമറിയിയിലൂടെ പവിഴം ജോർജ്ജിന്റെ ആസ്ഥിമൂല്യത്തിൽ ദശകോടികളുടെ വർദ്ധന ഉണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ജോർജ്ജും കുടംബാംഗങ്ങളും നൽകിയ അപേക്ഷയിൽ മുമ്പ ബിടിആറിൽ നിലമായിരുന്ന 30 ഏക്കറോളം സ്ഥലം റവന്യൂവകുപ്പ് പുരയിടമായി പരിവർത്തനം ചെയ്ത് നൽകിയിട്ടുണ്ട്.

പ്രദേശത്തെ 3 പാടശേഖരങ്ങളിൽ ഉൾപ്പെട്ട സ്ഥലമാണ് ഇത്തരത്തിൽ പരിവർത്തനം ചെയ്യപ്പെട്ടത് എന്നവിവരമാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.കൃതൃമത്തിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സുഹൃത്തുവഴിയുള്ള രാഷ്ട്രീയ സ്വാധിനം ഉപയോഗപ്പെടുത്തി ജോർജ്ജ് സ്ഥലം മാറ്റിയിരുന്നെന്നും ഇത്തരത്തിലാണ് കൂവപ്പടി മുൻ വില്ലേജ് ഓഫീസർ മഹേഷിനെ സ്ഥലം മാറ്റിയതെന്നുമാണ് പുറത്തുവരുന്ന വിവരം.ഓഫീസിലെ നിരവധി ക്രമക്കേടുകൾ കണ്ടെത്തുകയും ഇത് കളക്ടർ ഉൾപ്പെടെയുള്ളവരെ മഹേഷ് അറിയിക്കുകയും ചെയ്തിരുന്നു.
ഏകദേശം രണ്ടുമാസത്തോളം മാത്രമാണ് മഹേഷ് കൂവപ്പടി വില്ലേജ് ഓഫീസറായി ചുമതല വഹിച്ചിരുന്നത്.

ഈ കാലയളവിൽ തണ്ടപ്പേർ രജിസ്റ്ററിൽ അടക്കം വ്യാപക ക്രമക്കേടുകൾ കണ്ടെത്തുകയും തഹസീൽദാരെയും കളക്ടറെയും അറിയിക്കുകയും ചെയ്തിരുന്നു.ഇതിനുപുറമെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള പല രജിസ്റ്ററുകളിലും ആവശ്യമായ വിവരങ്ങൾ ചേർത്തിട്ടില്ലന്നും നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം സംബന്ധിച്ച് പ്രധാന രേഖകൾ ഓഫീസിൽ കാണാനില്ലന്നും ഉന്നതാധികൃതർക്കുനൽകിയ റിപ്പോർട്ടിൽ മഹേഷ് സൂചിപ്പിച്ചിരുന്നു.

ജോർജ്ജിന്റെയും കുടംബാംഗങ്ങളുടെയും അപേക്ഷ പ്രകാരം ബി ടി ആർ രജിസ്റ്ററിൽ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തിൽ 25-ളം ഏക്കർ മഹേഷിന് മുമ്പിരുന്ന വില്ലേജ് ഓഫീസറുടെയും കുന്നത്തുനാട് തഹസീൽദാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക്ക് പുരയിടമായി പരിവർത്തനം ചെയ്തുകൊണ്ട് ഉത്തരവായിരുന്നു.ഇക്കാര്യത്തിൽ തന്റെ ഭാഗത്ത് അപാകതകളുണ്ടായിട്ടില്ലന്നാണ് സാബു കെ ഐസക്കിന്റെ വാദം.ഡേറ്റാബാങ്കിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥലം മാത്രമാണ് താൻ പരിവർത്തനം ചെയ്തുനൽകിയിട്ടുള്ളു എന്നാണ്് അദ്ദേഹത്തിന്റെ നിലപാട്.

ഇതിന് പിന്നാലെ 5 ഏക്കർകൂടി പരിവർത്തനം ചെയ്തുകിട്ടണമമെന്ന ആവശ്യവുമായി ജോർജ്ജ് വീണ്ടും കൂവപ്പടി വില്ലേജിൽ അപേക്ഷ നൽകുകയായിരുന്നു.ഈ അപേക്ഷയിൽ പരിശോധന നടത്തിയത് മഹേഷായിരുന്നു.2018-ലെ പുതുക്കിയ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സ്ഥലം പരിവർത്തനം ചെയ്തുകിട്ടണമെന്നായിരുന്നു അപേക്ഷകന്റെ ആവശ്യം.പ്രാഥമീക പരിശോധനയിൽ പ്രദേശം അടുത്തകാലത്ത് മണ്ണിട്ടുനികത്തിയതായിട്ടാണ് മനസ്സിലായിട്ടുള്ളതെന്നും വിശദമായ പരിശോധനകൾക്കുശേഷമെ ഭൂമിപരിവർത്തനം ചെയ്തുനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാവു എന്നും ആവശ്യമെങ്കിൽ ഉപഗ്രഹ ചിത്രങ്ങൾ പിരശോധിക്കണമെന്നും ഇതുസംബന്ധിച്ച് മഹേഷ് ഉന്നതാധികൃതർക്കുനൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

മഹേഷ് നൽകിയ ഈ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കൽപ്പിക്കാതെ ഉന്നത ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നെന്നാണ് പിന്നീടുള്ള നടപടികളിൽ നിന്നും വ്യക്തമാവുന്നത്. കൂവപ്പടി വില്ലേജിൽ ബ്ലോക്ക് 7-ൽപ്പെടുന്നതും 96 ഏക്കറോളം വരുന്നതുമായ വല്ലം റയോൺപുരം നമ്പ്യാട്ടുകുടി ജോർജ്ജിന്റെയും കുടംബാംഗങ്ങളുടെയും പേരിലുള്ള സ്ഥലത്തിൽ 25 ഏക്കറോളം വരുന്ന പ്രദേശം മണ്ണിട്ടുനികത്തി,നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയെന്നും ഇത് വകവയ്ക്കാതെ ചട്ടവിരുദ്ധമായി റവന്യൂവകുപ്പ് നിലം പുരയിടമായി പരിവർത്തനം ചെയ്തുനൽകിയെന്നുമുള്ള പരാതിയിലാണ് കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഇടപെടൽ ഉണ്ടായിരിക്കുന്നത്.ഭൂമി പരിവർത്തനം ചെയ്ത് ഡേറ്റാബാങ്കിൽ നിന്നൊഴുവാക്കിയ നടപടിയാണ് കൃഷിവകുപ്പ് സ്റ്റേ ചെയ്തിരിക്കുന്നത്.ഇതിന്റെ ഉത്തരവിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.

അങ്കമാലി നമ്പ്യാട്ടുകുടി ജോൺസൺ , ജോർജ്ജിനനുകൂലമായ റവന്യൂവകുപ്പിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുണ്ടായില്ലെന്നുള്ള ആക്ഷേപവും ശക്തമാണ്.പാരാതിപ്രകാരം ഹിയറിംഗിന് വിളിച്ചെങ്കിലും പരാതിക്കാരന് പരിഹരിക്കാൻ കഴിയാത്ത നഷ്ടം ഉണ്ടായിട്ടില്ലന്ന് വിലയിരുത്തി കളക്ടർ ഭൂമിപരിവർത്തനം ചെയ്തുനൽകിയ ആർ ഡി ഒ.ുടെ ഉത്തരവ് അംഗീകരിക്കുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

ജോർജ്ജിന്റെയും കൂട്ടരുടെയും സ്ഥലത്തിനടുത്ത് മൂന്നേക്കറോളം വയൽ തനിക്കുണ്ടെന്നും മൂന്നുപൂ കൃഷിനടത്തിയിരുന്ന ഇവിടെ ഇപ്പോൾ ഒരുപൂ പോലും കൃഷിനടത്താനാവില്ലന്നും സമീപസ്ഥലങ്ങൾ മണ്ണിട്ടുനികത്തിയതുമൂലം ജലസ്രോതസ്സുകൾ വറ്റിപ്പോയതാണ് ഇതിനുകാരണമെന്നുമാണ് ജോൺസൺ വെളിപ്പെടുത്തുന്നത്.മഴക്കലാത്ത് സമീപ്രത്തെല്ലാം മണ്ണിട്ട് നികത്തിയ പ്രദേശം ഉയർന്നുനിൽക്കുന്നതിനാൽ വെള്ളം മുഴുവൻ തന്റെ പുരയിടത്തിലേയ്ക്ക് ഒഴുകിയെത്തി നാശനഷ്ടങ്ങൾക്കും ഉണ്ടാവുന്നുണ്ടെന്നും ജോൺസൺ പരാതികളിൽ സൂചിപ്പിച്ചിട്ടുണ്ട്.

നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേതഗതി)ചട്ടം 2018-27(എ) പ്രകാരം ജോർജ്ജും കുടംബാംഗങ്ങളും സമർപ്പിച്ച അപേക്ഷിയിൽ ഭൂമിപരിവർത്തനത്തിന് അനുമതി നൽകുകയായിരുന്നെന്നാണ് വ്യക്തമാവുന്നത്.2008-ന് മുമ്പ് പുരയിടമാക്കപ്പെട്ടതോ,സ്വാഭീകമായി പുരയിടമെന്ന് തോന്നിക്കുന്ന മാറ്റങ്ങൾ ഉണ്ടായതോ ആയ ഭൂമിയാണ് ഈ നിയമപ്രകാരം പരിവർത്തനം ചെയ്യാവു എന്നാണ് ചട്ടത്തിൽ വ്യവസ്ഥചെയ്തിട്ടുള്ളത്.എന്നാൽ 2008-ന് ശേഷമാണ് നിലവിൽ പരിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഭൂമി ജോർജ്ജും കുടംബാംഗങ്ങളും സ്വന്തമാക്കിയതെന്നും വർഷങ്ങൾക്കുശേഷം മണ്ണടിച്ച് നികത്തുകയായിരുന്നെന്നുമാണ് പരാതിക്കാരുടെ ആക്ഷേപം.

2003 മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ തിരുവനന്തപുരത്തെ വികാസ് ഭവനിൽ അപേക്ഷ സമർപ്പിച്ചാൽ ലഭിക്കും.ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചാൽ 2008-ന് മുമ്പുള്ള സ്ഥലത്തിന്റെ അവസ്ഥ വ്യക്തമാവും.ജോർജ്ജിന്റെയും കൂട്ടരുടെയും സ്ഥലപരിവർത്തന അപേക്ഷയിൽ ഇത്തരത്തിലൊരുസാധ്യത പരിശോധിക്കാൻ ഉന്നത അധികൃതർ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പരാതിക്കാരൻ ഉയർത്തുന്നുണ്ട്.കൃഷിവകുപ്പ് നീക്കത്തിന് തടയിട്ടില്ലങ്കിൽ പുറംലോകം അറിയാതെ 86 ഏക്കർ സ്ഥലവും പുരയിടമായി മാറുമായിരുന്നെന്നും തൃശ്ശൂരിലെ ശോഭസിറ്റി നിർമ്മാതാക്കൾ ചെയ്തിനേക്കാൾ വലിയ കള്ളക്കളിയായി ഇത് പരിണമിക്കുമായിരുന്നെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.കൃഷിവകുപ്പിന്റെ നടപടികൾ മരവിപ്പിയ്്ക്കാൻ ജോർജ്ജ് ഉന്നതല ഇടപെടൽ നടത്തുന്നതായുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP