Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാറ്റൂർ കേസിൽ വി എസ് കോടതിയിൽ നേരിട്ട് പോകുന്നത് ഞെട്ടിക്കുന്ന തെളിവുകളുമായി; മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലിന്റെ രേഖകൾ വിഎസിന് കൈമാറിയത് ജേക്കബ് തോമസ്; ലോകായുക്തയെ വരുതിയിൽ നിർത്തിയ തന്ത്രം വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി; നേരിടുന്നത് വമ്പൻ പ്രതിസന്ധി

പാറ്റൂർ കേസിൽ വി എസ് കോടതിയിൽ നേരിട്ട് പോകുന്നത് ഞെട്ടിക്കുന്ന തെളിവുകളുമായി; മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലിന്റെ രേഖകൾ വിഎസിന് കൈമാറിയത് ജേക്കബ് തോമസ്; ലോകായുക്തയെ വരുതിയിൽ നിർത്തിയ തന്ത്രം വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി; നേരിടുന്നത് വമ്പൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ''ലോകം മുഴുവൻ തട്ടിപ്പിന്റേതാകുന്ന കാലത്ത് സത്യം പറയുന്നത് വിപ്ലകരമായ ഒരു കാര്യമാണ്.''പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓർവെൽ പറഞ്ഞത് പാറ്റൂർ ഭൂമി കൈയേറ്റക്കേസിലെ വിജിലൻസ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ജേക്കബ് തോമസ് ഉദ്ധരിച്ചിരുന്നു. എന്നാൽ ലോകായുക്ത റിപ്പോർട്ട് തള്ളിക്കളഞ്ഞതോടെ ഈ അന്വേഷണം തന്നെ വെറുതെയായി. അപ്പോഴും പാറ്റൂർ കേസിലെ തെളിവുകളെല്ലാം ജേക്കബ് തോമസ് എന്ന ഐപിഎസുകാരൻ കൈയിൽ കരുതിയിരുന്നു. ഈ സർക്കാർ തന്നെ ബലിയാടാക്കുമെന്നും സത്യം എന്നെങ്കിലും പുറത്തുവരണമെന്നും ആഗ്രഹിച്ചിരുന്നു. ഈ ഫയലുകളെല്ലാം ഇപ്പോൾ പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ കൈയിലെത്തിയെന്നാണ് സൂചന. ഇതേ തുടർന്നാണ് പാറ്റൂർ കേസിലെ അഴിമതിയുമായി പ്രതിപക്ഷ നേതാവ് വിജിലൻസ് കോടതിയിൽ നേരിട്ട് എത്തിയത്.

സാധാരണ ഗതിയിൽ അഭിഭാഷകൻ മുഖേന ഹർജി നൽകേണ്ട കാര്യമേ ഉള്ളൂ. എന്നാൽ ജേക്കബ് തോമസിൽ നിന്ന് കിട്ടിയ ഞെട്ടിക്കുന്ന തെളിവുകളുടെ വ്യാപ്തി തിരിച്ചറിഞ്ഞാണ് ഹർജി നൽകാനായി വി എസ് നേരിട്ട് വഞ്ചിയൂരിലെ കോടതി പടിക്കെട്ടുകൾ കയറിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിക്കാൻ വേണ്ട തെളിവുകൾ തന്റെ കൈയിലുണ്ടെന്ന് വി എസ് തിരിച്ചറിയുന്നു. കാസർഗോട്ടെ വിമുക്ത ഭടന്റെ ഭൂമി വിവാദത്തിലും മകൻ അരുൺകുമാറിന്റെ വിജിലൻസ് അന്വേഷണത്തിലും മുഖ്യമന്ത്രി കാട്ടുന്ന പ്രതികാരത്തിന് തിരിച്ചടി നൽകാൻ വേണ്ടതെല്ലാം ജേക്ക്‌ബ തോമസിൽ നിന്ന് വിഎസിന് ലഭിച്ചു കഴിഞ്ഞു. ബാർ കോഴയിൽ മാണിയെ പ്രതിക്കൂട്ടിലാക്കിയ ഉത്തരവ് പുറത്തിറക്കിയ ജഡ്ജി ജോൺ കെ ഇല്ലിക്കാടന്റെ വിജിലൻസ് കോടതിയിലാണ് വിഎസിന്റെ ഹർജിയും എത്തിയിരിക്കുന്നത്. അതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഇതിനിടെ മുഖ്യമന്ത്രിക്ക് എതിരെ കേസ് കൊടുക്കാൻ അനുമതി തേടി ജേക്കബ് തോമസും ഡിജിപിയെ സമീപിച്ചിരിക്കുന്നു. ഇതിന് അനുമതി കിട്ടിയാൽ അവിടേയും പാറ്റൂർ കേസിലെ പ്രതികാരക്കഥയാകും ജേക്കബ് തോമസും നിരത്തുക.

ബാർ കോഴയ്ക്കുമപ്പുറം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പോന്ന തെളിവുകൾ പാറ്റൂർ കേസിലുണ്ട്. പാറ്റൂർ ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് വിജിലൻസ് എഡിജിപിയായിരിക്കെ ജേക്കബ് തോമസ് റിപ്പോർട്ട് സമർപ്പിച്ചത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിവേദിത പി ഹരൻ, ഇ കെ ഭരത് ഭൂഷൺ എന്നിവരുടെ പേരും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിവാദ ഭൂമിയുടെ ഉടമസ്ഥ രേഖ കാണാനില്ലെന്നും ജല അഥോറിറ്റിയിലെ ഉന്നതൻ ഉടമസ്ഥ രേഖ നശിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ജേക്കബ് തോമസിനോട് മുഖ്യമന്ത്രിയുടെ പ്രതികാരം തുടങ്ങുന്നത്. പാറ്റൂരിൽ കയ്യേറ്റം കൃത്യമായി കണ്ടെത്തിയിട്ടും പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടേയും അന്നത്തെ ചീഫ് സെക്രട്ടറിയുടേയും പങ്ക് തെളിയിക്കാൻ റവന്യു ജലവിഭവ വകുപ്പ് ഫയലുകളാണ് റിപ്പോർട്ടിനൊപ്പമുണ്ടായിരുന്നത്.

കേരള വാട്ടർ സപ്ലെ ആൻഡ് സ്വിവറേജസ് നിയമത്തിന് വിരുദ്ധമായ നടപടി സ്വീകരിച്ചതിലൂടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചെയ്‌തെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. റവന്യു ഫയലിലെ 57 മുതൽ 60 വരെയുള്ള ഖണ്ഡികകൾക്ക് താഴെ 'ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും' എന്നാണ് നൽകിയിരിക്കുന്നത്. പുറമ്പോക്കിലല്ലാത്തതിനാൽ വാട്ടർ അഥോറിറ്റി പൈപ്പ് ലൈൻ ഒഴിവാക്കികൊടുക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഇതിന് അടിസ്ഥാനമായിട്ടുള്ള റിപ്പോർട്ട് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ജേക്കബ് തോമസ് കണ്ടെത്തിയിരുന്നു. വാട്ടർ സപ്ലെ ആൻഡ് സ്വിവറേജസ് നിയമപ്രകാരം പൈപ്പ് ലൈനിന്റെ സമ്പൂർണ്ണ അധികാരം വാട്ടർ അഥോറിറ്റിക്കാണ്. എന്നാൽ ഇത് മറികടന്ന് വാട്ടർ അഥോറിറ്റി ഫയൽ റവന്യു വകുപ്പിന് നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന വിജലൻസ് ആവശ്യം നടപ്പാക്കുന്നതിന് പകരം കൂടുതൽ പരിശോധനകൾക്കാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

അതിനിടെ, മുഖ്യമന്ത്രിക്കെതിരെ പരാമർശവുമായി മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൻ രംഗത്തെത്തിയിരുന്നു. ടോം ജോസിനും തച്ചങ്കരിക്കും അനർഹമായ സഹായമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ഇ കെ ഭരത് ഭൂഷൺ ആരോപിച്ചു. പാറ്റൂർ ഭൂമിയിടപാടിൽ വകുപ്പുകൾ തൃപ്തികരമായ മറുപടി തന്നില്ലെന്നും മുൻ ചീഫ് സെക്രട്ടറി പറഞ്ഞു. ഇങ്ങനെ കാര്യങ്ങൾ പോകുന്നതിനിടെയാണ് ലോകായുക്തയിൽ നിന്ന് അപ്രതീക്ഷിതമായ പ്രതികരണമുണ്ടായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും പങ്കുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിൽ ലോകായുക്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ജേക്കബ് തോമസ് നൽകിയ പുതിയ റിപ്പോർട്ട് പരിഗണിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി. റിപ്പോർട്ട് ചോർന്നതിൽ ലോകായുക്ത കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. വിജിലൻസിന്റെ റിപ്പോർട്ട് അനാവശ്യമാണെന്നും ഈ റിപ്പോർട്ട് പരിഗണിക്കില്ലെന്നുമായിരുന്നു ലോകായുക്തയുടെ വാദം.

മാദ്ധ്യമങ്ങളിൽ വന്നതു പോലെ ആരുടെയും പേരുകൾ റിപ്പോർട്ടിലില്ല. മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് കിട്ടിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. അതിനിടെ ഭൂമിയിടപാടിന്റെ സുപ്രധാന രേഖകൾ വാട്ടർ അഥോറിറ്റി ഓഫീസിൽ നിന്ന് കടത്തിയെന്ന് ആക്ഷേപമുയർന്നു. പുറമ്പോക്ക് ഭൂമി സംബന്ധിച്ച രേഖകൾ വാട്ടർ അഥോറിറ്റി മുൻ എം.ഡി അശോക് കുമാർ സിംഗിന്റെ നിർദ്ദേശപ്രകാരം കടത്തിയെന്നാണ് ആരോപണം ഉയർന്നത്. ഉന്നതരുടെ ഒത്താശയോടെയാണ് പാറ്റൂരിലെ സർക്കാർ ഭൂമിയിൽ കയ്യേറ്റം നടന്നതെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജേക്കബ് തോമസ് ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതോടെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ അഭിഭാഷകനും ഫ്ളാറ്റ് അഭിഭാഷകനും രംഗത്തെത്തി. എഡിജിപിയുടെ ശ്രമം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അന്വേഷണ ചുമതലയിൽ നിന്നും ജേക്കബ് തോമസിനെ മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതോടെ ലോകായുക്താ കേസിൽ നിന്നും ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടു.

ലോകായുക്താ കോടതി റിപ്പോർട്ട് പരിഗണിക്കാത്തതാണ് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തിയത്. പിന്നീട് നിരവധി അട്ടിമറികളും നടന്നു. ഇതോടെ പാറ്റൂർ ഭൂമി ഇടപാട് കേസു തന്നെ അപ്രസക്തമായി. ജല അഥോറിറ്റിയുടെ 16.5 സെന്റ് സ്ഥലം ഫ്ളാറ്റ് നിർമ്മാണക്കമ്പനി കയ്യേറിയെന്നും ഇതിന് ഉന്നതോദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നുമാണു പരാതി. എന്നാൽ, കെട്ടിടം ഇരിക്കുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്ന രേഖകളിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ പുറമ്പോക്കായി കാണിച്ചിരിക്കുന്നത്. സർക്കാരും ഭൂമാഫിയയുമെല്ലാം ചേർന്ന് ഒരു ഒത്തുതീർപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വിവാദത്തിൽപ്പെട്ട സ്ഥലം പിന്നീട് പാർക്കിങ് മേഖലയായി ഉപയോഗിക്കാനാണ് നീക്കം. ഭൂമി ഇടപാടിൽ കുറ്റാരോപിതരായവരെ സംരക്ഷിക്കാൻ എല്ലാ ഏജൻസികളും ഒരുമിച്ചാണ് രംഗത്തെത്തിയതും വിവാദങ്ങളിൽ എത്തി. ഇതിനിടെയിൽ വിജിലൻസിൽ നിന്ന് തെന്നെ ജേക്കബ് തോമസ് പുറത്തായി

പാറ്റൂരിൽ കെട്ടിടം നിർമ്മിച്ചിടത്ത് 24 സെന്റ് പുറമ്പോക്ക് ഭൂമിയാണ് കൈയേറിയിട്ടുള്ളത്. ലാൻഡ് ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയിട്ടുള്ളത്. കേസിലെ ഗൂഢാലോചനയടക്കം അന്വേഷിക്കണം. അധികാര ദുർവിനിയോഗം നടത്തിയവരെ അടക്കം ശിക്ഷിക്കണം. കേസ് ശാസ്ത്രീയമായി അന്വേഷിക്കാൻ ക്രിമിനൽ കേസ് രജിസ്ട്രർ ചെയ്യണമെന്നും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ ജേക്കബ് തോമസ് നിർദ്ദേശിച്ചിരുന്നു. പാറ്റൂരിൽ സർക്കാർ ഭൂമി കൈയേറി ഫ്ളാറ്റ് നിർമ്മാണം നടക്കുന്നതായി കത്തെിയത് സിഎജിയാണ്. റവന്യു സെക്രട്ടറിനടത്തിയ അന്വേഷണത്തിലും സർക്കാർ പുറമ്പോക്ക് ഭൂമിയും വാട്ടർ അഥോറിറ്റിയുടെ ഭൂമിയും കൈയേറിയാണ് ഫ്ളാറ്റ് നിർമ്മാണമെന്ന് കണ്ടെത്തി. എന്നാൽ പിന്നീട് സർക്കാർ സ്ഥലം കൈയേറിയില്ലെന്നുള്ള നിലപാടിൽ അധികൃതർ എത്തുകയായിരുന്നു. എന്നാൽ തുടർന്ന് നടന്ന വിജിലൻസ് അന്വേഷണത്തിൽ കൈയേറ്റം ശരിവയ്ക്കുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ അട്ടിമറിയിലൂടെ കാര്യങ്ങൾ ഫ്‌ലാറ്റ് മുതലാളി അനുകൂലമാക്കിയെന്നതാണ് ആക്ഷേപം.

കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള സർക്കാർ ഭൂമി വെറും പുറമ്പോക്കു ഭൂമിയാണെന്നു കാട്ടി വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിലും അരങ്ങിലും നടക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ എല്ലാ ഏജൻസികളും ഒറ്റ മനസോടെയാണ് പെരുമാറുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോഴുള്ള നീക്കങ്ങൾ. ഭൂമി പുറമ്പോക്കാണെന്നുള്ള വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. കെട്ടിടം ഇരിക്കുന്ന പ്രദേശം സർക്കാർ ഭൂമിയിലായിരിക്കെ ഇത് പുറമ്പോക്കാണെന്നു വരുത്തിത്തീർത്തു പ്രശ്‌നം ഒതുക്കാനുള്ള ശ്രമമാണു നടക്കുന്നത്. പാറ്റൂരിൽ ഫ്ളാറ്റ് വിവാദത്തിലെ ഭൂമിയിൽ കയ്യേറ്റം നടന്നതു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നു ലോകായുക്ത നിയോഗിച്ച അമിക്കസ് ക്യൂറി അറിയിക്കുമ്പോഴും പുറമ്പോക്കു ഭൂമിയാണ് ഇതെന്ന വിലയിരുത്തലാണു നടത്തിയിരിക്കുന്നത്. 16 സെന്റ് തോട് പുറമ്പോക്കു കയ്യേറിയതായി ഭൂമി അളന്നുതിട്ടപ്പെടുത്തിയപ്പോൾ വ്യക്തമായെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. ജല അഥോറിറ്റിയുടെ സ്ഥലം കയ്യേറിയിട്ടുണ്ടോയെന്നു പരിശോധന പൂർത്തിയാകുമ്പോഴേ അറിയാനാകൂവെന്നാണ് അമിക്കസ് ക്യൂറി അഡ്വ. കെ ബി പ്രദീപ് അറിയിച്ചത്.

ലോകായുക്തയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും കഴിഞ്ഞ നവംബർ 19നും ഡിസംബർ ആറിനുമായി രണ്ടു ഭാഗങ്ങളുള്ള റിപ്പോർട്ട് നൽകിയതും. തൃശൂർ ആസ്ഥാനമായ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് അഡ്വ. പി കെ സുരേഷ് ബാബു മുഖേന നൽകിയ പരാതിയേത്തുടർന്ന് 2014 ജൂലൈ 30നാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ടെത്തലുകളുടെ സൂക്ഷ്മതയും സമഗ്രതയുംകൊണ്ട് കേരളത്തെ ഞെട്ടിക്കാനും അഴിമതിക്കാരുടെ കോട്ടകൊത്തളങ്ങളെ വിറപ്പിക്കാനും പോന്നതാണ് റിപ്പോർട്ട്. പൊതുപ്രവർത്തകരുടെ അധികാര ദുർവിനിയോഗവും കെടുകാര്യസ്ഥതയും അഴിമതിയും കണ്ടെത്തിയാൽ നടപടി ശുപാർശ ചെയ്യാൻ മാത്രമേ ലോകായുക്തയ്ക്ക് അധികാരമുള്ളു.

എന്നാൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരേ കേസെടുക്കാൻ വിജിലൻസിനോട് പറയാം. പാറ്റൂർ കേസിൽ അത്തരമൊരു ശുപാർശയും നിർദ്ദേശവും ഉണ്ടായില്ല. പകരം അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിസ്ഥാനത്ത് നിർത്തുകയാണ് ലോകായുക്ത ചെയ്തത്. ഈ സാഹചര്യത്തിലാണ് വിഎസിന്റെ വിജിലൻസിലെ ഹർജി നിർണ്ണായകമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP