Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർ സിപിയുടെ എതിർപ്പ് മറികടന്ന ചരിത്ര സ്മാരകം; പഴയ പ്രതാപവും പഴമയുടെ ഗാംഭീര്യവും നിലനിർത്തി പള്ളി പതുക്കണമെന്ന് പൊതുയോഗ തീരുമാനം; എല്ലാ അർത്ഥത്തിലും പുതിയ നിർമ്മാണം മതിയെന്ന് ബിഷപ്പ് നിയോഗിച്ച കമ്മറ്റിയും; തർക്കം രൂക്ഷമാകുമ്പോൾ പൊലിയുന്നത് രാമസ്വാമി അയ്യറെ എതിർത്ത് പള്ളി പണിത എബ്രഹാം മാർതോമ്മ മെത്രോപൊലീത്തയുടെ ഓർമ്മകൾ; വിശ്വാസികൾ രണ്ടു തട്ടിലായതോടെ പാറ്റൂർ പള്ളി നിർമ്മാണത്തിൽ തർക്കം രൂക്ഷം

സർ സിപിയുടെ എതിർപ്പ് മറികടന്ന ചരിത്ര സ്മാരകം; പഴയ പ്രതാപവും പഴമയുടെ ഗാംഭീര്യവും നിലനിർത്തി പള്ളി പതുക്കണമെന്ന് പൊതുയോഗ തീരുമാനം; എല്ലാ അർത്ഥത്തിലും പുതിയ നിർമ്മാണം മതിയെന്ന് ബിഷപ്പ് നിയോഗിച്ച കമ്മറ്റിയും; തർക്കം രൂക്ഷമാകുമ്പോൾ പൊലിയുന്നത് രാമസ്വാമി അയ്യറെ എതിർത്ത് പള്ളി പണിത എബ്രഹാം മാർതോമ്മ മെത്രോപൊലീത്തയുടെ ഓർമ്മകൾ; വിശ്വാസികൾ രണ്ടു തട്ടിലായതോടെ പാറ്റൂർ പള്ളി നിർമ്മാണത്തിൽ തർക്കം രൂക്ഷം

എം മനോജ് കുമാർ

തിരുവനന്തപുരം: റോഡിനു വീതികൂട്ടാൻ വേണ്ടി സ്ഥലം കൊടുത്തതിനെ തുടർന്ന് പുതുക്കിപ്പണിയേണ്ടി വന്ന പാറ്റൂർ സെന്റ് തോമസ് മാർത്തോമാ പള്ളി നിർമ്മാണത്തിന്റെ കാര്യത്തിൽ പള്ളിക്കമ്മറ്റിയിൽ ചേരി തിരിഞ്ഞ് തർക്കം. രണ്ടു കോടി രൂപയ്ക്ക് പള്ളി പുതുക്കിപ്പണിയാം എന്നിരിക്കെ വഴിവിട്ട താത്പര്യത്തിന്റെ പേരിൽ നിർമ്മാണം ചിലർ നാല് കോടിയിലേക്ക് ഉയർത്തിയതിനാണ് പള്ളിക്കമ്മറ്റിയിൽ തർക്കം രൂപപ്പെട്ടത്. ചരിത്രമുറങ്ങുന്ന പള്ളി പൊളിച്ചു പണിയുമ്പോൾ മേൽക്കൂര അടക്കമുള്ളവ അതേപടി നിലനിർത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പള്ളി പൂർണമായും പൊളിച്ച് ഒരു പുതിയ പള്ളി പണിയണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. പള്ളി നിർമ്മാണത്തിനായി കൂടിയ പൊതുയോഗം അടിയുടെ വക്കിലെത്തുകയും ചെയ്തു

ചരിത്രം ഉറങ്ങുന്ന പള്ളികൂടിയാണ് പാറ്റൂർ പള്ളി. ഒരു ചരിത്രസ്മാരകം പോലെ കരുതി നിലനിർത്തേണ്ടിയിരുന്നത്. നൂറു വർഷത്തോളം പഴക്കമുള്ള പള്ളി കൂടിയാണിത്. പള്ളി നിർമ്മാണകാലത്ത് സർ സിപി രാമസ്വാമിയായിരുന്നു തിരുവിതാംകൂർ ദിവാൻ. പള്ളിക്ക് ദിവാൻ എതിരായിരുന്നു. അതിനാൽ ഒട്ടനവധി എതിർപ്പുകളെ അതിജീവിച്ചാണ് അന്നത്തെ മെത്രാപൊലീത്തയായിരുന്ന എബ്രഹാം മാർതോമ്മ ഈ പള്ളി കെട്ടിടം പൂർത്തിയാക്കിയത്. മികച്ച തടികളാണ് പള്ളിയുടെ മുകൾത്തട്ടിലുള്ളത്. അതിനാൽ പള്ളി പൊളിക്കുമ്പോൾ തൂണുകൾകൊണ്ട് താങ്ങി നിർത്തി

പഴയ തടിയിലുള്ള മേൽക്കൂര അങ്ങിനെ തന്നെ നിലനിർത്തണമെന്നാണ് പള്ളക്കമ്മറ്റിയിലെ ഒരു പ്രബല വിഭാഗം ആവശ്യപ്പെട്ടത്. ഇങ്ങിനെ പണിയുമ്പോൾ രണ്ടു കാര്യവും അവർ നിരത്തിയിരുന്നു. പള്ളിയുടെ പഴയ പ്രതാപവും പഴമയുടെ ഗാംഭീര്യവും അങ്ങിനെ തന്നെ നിലനിർത്താം. മറ്റൊന്ന് നിർമ്മാണം രണ്ടു കോടിയിൽ ഒതുക്കി നിർത്താം. ഈ ആവശ്യം പള്ളിക്കമ്മറ്റിയിൽ ഒരു വിഭാഗം ഉയർത്തവേ ശക്തമായ മറുവിഭാഗം അത് തള്ളിക്കളഞ്ഞു. പള്ളി പുതുക്കിപ്പണിയുകയല്ല പൊളിച്ചു പണിയുക തന്നെയാണ് വേണ്ടത് എന്നാണ് മറുവിഭാഗം അവശ്യമുന്നയിച്ചത്. ഇതോടെയാണ് പള്ളിക്കമ്മറ്റിയിൽ തർക്കം മൂത്ത് അത് ഒരു അടിപിടിയുടെ വക്കോളമെത്തിയത്.

ഒടുവിൽ പൊതുയോഗത്തിന്റെ തീരുമാനം വന്നത് ഇങ്ങനെയാണ്. പള്ളിയുടെ മേൽക്കൂര അതേപടി നിലനിർത്തുക. രണ്ടു വശത്തും അതിനായി പില്ലറുകൾ നിർമ്മിക്കുക. അതോടൊപ്പം രണ്ടു വശത്തേക്കും എട്ടടി വീതം വീതിയും കൂട്ടുക. ഇതാണ് പള്ളിയിലെ പൊതുയോഗത്തിന്റെ തീരുമാനം. ഈ പ്ലാനിനാണ് കോർപറേഷൻ അനുമതി നൽകിയത്. പെർമിറ്റ് കിട്ടിയിട്ടും ഈ പെർമിറ്റ് നോക്കാതെ കെട്ടിടം കെട്ടാനാണ് നീക്കം വന്നത്. ഈ നീക്കത്തിനെയാണ് ഒരു വിഭാഗം എതിർത്തത്. പുതിയ പള്ളി പണിയാൻ പള്ളിക്കമ്മറ്റിയിലെ ഉന്നതർ ഉയർത്തിയത് ആമേൻ സിനിമയിലെപ്പോലെ മേൽക്കൂരയിലെ തടികൾ ദ്രവിച്ചിരിക്കുന്നു എന്ന വാദമാണ്. പക്ഷെ എതിർവിഭാഗം പരിശോധിച്ചപ്പോൾ തടികൾക്ക് ഒരു കുഴപ്പവുമില്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. പക്ഷെ പള്ളി പുതിയത് പണിയണം എന്ന വാദം ഉയർത്തിയവർ ആശാരിമാരെക്കൊണ്ട് തന്നെ ചില തടികൾ ദ്രവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തിച്ചു. ഇതോടെ ഇവരോടുള്ള എതിർപ്പ് മറുവിഭാഗം ശക്തമാക്കുകയും ചെയ്തു. ആശാരിമാർ കയറിന്മേൽ തൂങ്ങി നിന്നാണു മട്ടുപ്പാവിലെ തടികൾ ദ്രവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തിയത്. ഇത് പ്രഹസനമാണെന്നാണ് മറുവിഭാഗം ആരോപിച്ചത്. ഒടുവിൽ പള്ളി പൊളിച്ചപ്പോൾ മട്ടുപ്പാവിലെ തടികൾക്ക് ഒരു കുഴപ്പവുമില്ല. ഇതോടെയാണ് സഭാ ഉന്നതരുടെ ഒത്താശയോടെ പുതിയ പള്ളി കെട്ടാനുള്ള തീരുമാനം നടപ്പിലാക്കപ്പെടുകയായിരുന്നു എന്ന് മറുവിഭാഗത്തിനു മനസിലായത്.

പള്ളി പുതുക്കിപ്പണിയാനുള്ള പൊതുയോഗ തീരുമാനം വന്നപ്പോൾ ബിഷപ്പ് ഒരു എക്‌സ്‌പേർട്ട് കമ്മറ്റിയെ വെച്ചു. ഈ വിദഗ്ദ സമിതിയിലെ ചിലരാണ് തർക്കത്തിനു ശേഷം പൊതുയോഗത്തിൽ വന്ന തീരുമാനവും അട്ടിമറിക്കാൻ ശ്രമിക്കുന്നത്. പഴമയും ചരിത്രവും പേറുന്ന പള്ളി പൂർണ്ണമായും പൊളിച്ച് പുതിയ പള്ളി പണിയാനാണ് മാർത്തോമാ സഭയിലെ ഉന്നതർ തന്നെ ഒരുങ്ങുന്നത്. പാറ്റൂർ പള്ളിയുടെ ചരിത്രം അറിയുന്നവരാണ് പള്ളി പൊളിച്ച് കളഞ്ഞു പുതിയ പള്ളി പണിയണം എന്ന തീരുമാനത്തെ എതിർക്കുന്നത്. സർ സിപിയുടെ എതിർപ്പ് വന്നപ്പോൾ പള്ളി നിർമ്മാണത്തിനു പണത്തിനു ക്ലേശിക്കേണ്ടി വന്നു. മെത്രാപൊലീത്ത നാനാവശത്തു നിന്നും സഹായം തേടി. അങ്ങിനെ കേരളമാകമാനം പിരിവ് നടത്തിയാണ് പാറ്റൂർ പള്ളി ഉയർന്നു വന്നത്. ഈ പള്ളിയോടു മനസുകൊണ്ട് അടുപ്പം പഴമക്കാർക്കുണ്ട്. ചരിത്രം അറിയാത്ത പുതുതലമുറയിൽപ്പെട്ടവരാണ് പഴമയും പാരമ്പര്യവും ചരിത്രവും ഇടകലരുന്ന പാറ്റൂർ പള്ളി ഇടിച്ചു പൊളിച്ചു കളയണം എന്ന് വാദിക്കുന്നത്-ചരിത്രത്തിലേക്ക് വിരൽ ചൂണ്ടി സഭാവിശ്വാസികളിലെ ഒരു വിഭാഗം പറയുന്നു.

പള്ളി പൂർണമായും ഇടിച്ച് കളഞ്ഞു പുതിയ പള്ളി വേണം എന്ന് ബിഷപ്പ് വെച്ച വിദഗ്ദ സമിതിയിലെ ചിലർ വാദിച്ചപ്പോൾ പള്ളിക്കമ്മറ്റിയിൽ നിന്ന് എതിർപ്പ് വന്നു. നിലവിലെ പ്ലാൻ അനുസരിച്ച്, അതായത് കോർപറേഷൻ അംഗീകരിച്ച പ്ലാൻ വെച്ച് തന്നെ പള്ളി പണിഞ്ഞാൽ മതി എന്നാണ് പള്ളിക്കമ്മറ്റിയിൽ നിന്നും ആവശ്യമുയർന്നത്. ഇപ്പോൾ പക്ഷെ മാർത്തോമാ സഭയിലെ ഉന്നതരുടെ പിന്തുണയോടെ തൂണും വേണ്ട, പഴയ മേൽക്കൂരയും വേണ്ട പുതിയ പള്ളി തന്നെ മതി എന്ന കടുംപിടുത്തത്തിലാണ് സഭാ ഉന്നതർ. ഇതിനെ പക്ഷെ മറുവിഭാഗം എതിർക്കുകയും ചെയ്യുന്നു. ഇനി പൊതുയോഗ തീരുമാനം പ്രകാരം പുതിയ പള്ളി വേണോ അതോ മേൽക്കൂരയും തൂണും നിലനിർത്തി അംഗീകരിച്ച പ്ലാനിലെ പള്ളി തന്നെ മതിയോ എന്ന് പള്ളിക്കമ്മറ്റി തീരുമാനിക്കും. സഭാ ഉന്നതരുടെ പിന്തുണയുള്ളതിനാൽ പൊതുയോഗം വിളിച്ചാലും പുതിയ പള്ളി തന്നെ മതി എന്ന അഭിപ്രായത്തിനു മേൽക്കൈ ലഭിക്കും. പക്ഷെ പള്ളിയാണ്. ചരിത്രം ഉറങ്ങുന്ന പള്ളിയുടെ ഭാഗങ്ങൾ അതെ പടി നിലനിർത്തിയുള്ള പള്ളിയല്ലേ വേണ്ടത് എന്ന അഭിപ്രായത്തിൽ തന്നെ ചിലർ ഉറച്ചു നിൽക്കുന്നത്. അംഗീകരിച്ച പ്ലാനിൽ പള്ളി വരുമ്പോൾ കല്ലറയുടെ പ്രശ്‌നവും വരും. കല്ലറയ്ക്ക് അടുത്ത് കുഴിച്ചാണ് കാർ പാർക്കിങ് നിർമ്മിക്കേണ്ടത്. കല്ലറ തൊട്ടാൽ കളി മാറും എന്നാണ് കല്ലറയുമായി ബന്ധമുള്ളവർ പറയുന്നത്. തങ്ങൾ കോടതിയിൽ പോകും എന്നാണ് ഇവർ പറയുന്നത്. കല്ലറയുമായി ബന്ധമുള്ളവർ ഇത്തരം നീക്കം നടത്തിയാൽ പള്ളി നിർമ്മാണം നിയമ പ്രശ്‌നത്തിലേക്കും മാറാൻ സാധ്യതയുണ്ട്.

ഇരുപതോളം കല്ലറകൾ ഇപ്പോഴും പള്ളി വളപ്പിലുണ്ട്. മുൻപ് റോഡിനുവേണ്ടി കല്ലറകൾ പൊളിച്ച് വേറെ സ്ഥലത്തേക്ക് മാറ്റിയിരുന്നു. റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി പള്ളിവക 12 സെന്റ് സ്ഥലം സർക്കാരിന് 2013-ൽ വിട്ടുനൽകിയിരുന്നു. ഈ വസ്തു ഏറ്റെടുത്തുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം 2013 ജൂൺ 20-ന് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ പള്ളിക്ക് 52 സ്ഥലം മാത്രമാണ് കൈവശമുള്ളത്. ഈ വസ്തുത വഞ്ചിയൂർ വില്ലേജ് ഓഫീസറിന് അറിയാമെന്നിരിക്കെ തന്നെയാണ് പള്ളിക്ക് 64 സെന്റ് സ്ഥലമുണ്ട് എന്ന രീതിയിൽ 64 സെന്റ് ഭൂമിയുടെ കരം സ്വീകരിച്ചിരിക്കുന്നതും. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അപ്പോൾ പുതിയ പൊസഷൻ സർട്ടിഫിക്കറ്റിനും സഭാ അധികൃതർക്ക് അപേക്ഷ നൽകേണ്ടി വരും. അതുമല്ല പള്ളിക്ക് വേണ്ടി അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തുകയാണെങ്കിൽ പുതിയ പ്ലാൻ കോർപറേഷന് സമർപ്പിക്കേണ്ടി വരും. ഈ പ്ലാനിനു അംഗീകാരം ലഭിച്ചാൽ മാത്രമേ പുതിയ പള്ളി നിർമ്മാണത്തിനു മാർത്തോമ സഭയ്ക്ക് അംഗീകാരം ലഭിക്കൂ.

എന്തായാലും പഴമയെ സ്‌നേഹിക്കുന്ന ചരിത്രത്തെ സ്‌നേഹിക്കുന്ന പള്ളിയിലെ ഒരു വിഭാഗം പുതിയ പള്ളി നിർമ്മാണത്തെ നഖശിഖാന്തം എതിർക്കുകയാണ്. പക്ഷെ ഭൂരിപക്ഷ വികാരം എന്ന രീതിയിൽ സഭാ അധികൃതർ സമ്മർദം ചെലുത്തുകയാണെങ്കിൽ പഴയ ചരിത്രം അപ്പാടെ വിസ്മൃതിയിൽ മറയും എന്ന ഭീതിയിലാണ് ഒരു വിഭാഗം. പാറ്റൂർ പള്ളി പുതുതായി പണിയാനാണ് തീരുമാനമെന്ന് പള്ളി വികാരി ഫാദർ ഉമ്മൻ മറുനാടനോട് പറഞ്ഞു. മേല്ക്കൂര നിലനിർത്തി പണിയണമെന്നു അഭിപ്രായം വന്നിരുന്നു. പക്ഷെ തടികൾ ദ്രവിച്ചത് കാരണം പുതിയ പള്ളിയെന്ന് പൊതുയോഗത്തിൽ തീരുമാനം വന്നു. പഴയ തടികൾ പുതിയ പള്ളിയുടെ നിർമ്മാണത്തിൽ ഉപയോഗിക്കും. പഴയ പള്ളിയുടെ രീതിയിൽ തന്നെയാണ് പുതിയ പള്ളിയും വരുന്നത്. പൊതുയോഗ തീരുമാന പ്രകാരം പുതിയ പ്ലാനിനു കോർപറേഷന് അപേക്ഷ നൽകിയതായും ഫാദർ ഉമ്മൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP