Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

25 വർഷം മുമ്പ് അപകടത്തിൽ പെട്ട് ചെറുകുടലിന് പരിക്കേറ്റ ആൻസിക്കും സജിത് ബ്രദറുടെ വക വ്യാജ സൗഖ്യം! യേശു എല്ലാം സുഖപ്പെടുത്തിയെന്നും ധൈര്യമായി സ്‌കാൻ ചെയ്തു കൊള്ളാനും സജിത്; ആശുപത്രിയിൽ പോയി സ്‌കാൻ ചെയ്തു റിസൽട്ട് പരിശോധിച്ചപ്പോൾ എല്ലാം പഴയതു പോലെ; നിയമ നടപടിക്ക് ആൻസിയുടെ കുടുംബം; സജിത്തിന്റെ ഒരു തട്ടിപ്പു കൂടി പൊളിച്ചു മറുനാടൻ

25 വർഷം മുമ്പ് അപകടത്തിൽ പെട്ട് ചെറുകുടലിന് പരിക്കേറ്റ ആൻസിക്കും സജിത് ബ്രദറുടെ വക വ്യാജ സൗഖ്യം! യേശു എല്ലാം സുഖപ്പെടുത്തിയെന്നും ധൈര്യമായി സ്‌കാൻ ചെയ്തു കൊള്ളാനും സജിത്; ആശുപത്രിയിൽ പോയി സ്‌കാൻ ചെയ്തു റിസൽട്ട് പരിശോധിച്ചപ്പോൾ എല്ലാം പഴയതു പോലെ; നിയമ നടപടിക്ക് ആൻസിയുടെ കുടുംബം; സജിത്തിന്റെ ഒരു തട്ടിപ്പു കൂടി പൊളിച്ചു മറുനാടൻ

അനീഷ് ചെമ്പേരി

കണ്ണൂർ: സജിത്ത് ബ്രദറിന്റെ നിരവധി തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ സാധുക്കളെ കബളിപ്പിച്ച് സജിത്ത് കോടികളാണ് ഉണ്ടാക്കിയത്. രോഗാവസ്ഥയിൽ ഉള്ളവരുടെ ദുരവസ്ഥയെ മുതലെടുക്കുകയാണ് സജിത്ത്. മുമ്പ് സുഗതന്റെ കെട്ടഴിച്ചു വീഡിയോയിലൂടെ മറുനാടൻ ഇയാളുടെ കാപട്യം പുറത്തുകൊണ്ടുവന്നിരുന്നു. പിന്നാലെ അടുത്തിടെ തുടർച്ചയായി സജിത്തിന്റെ തട്ടിപ്പുകളും പുറത്തുവന്നിരുന്നു.

മറുനാടന്റെ ഇടപെടൽ കാരണം അടുത്തിടെ സജിത്തിന്റെ രോഗശാന്തി ശുശ്രൂഷാ ബിസിനസിൽ ഇടിവു തട്ടിയിരുന്നു. ഇതിനിടെ മറുനാടനെ വെല്ലുവിളിച്ചു കൊണ്ടും സജിത് രംഗത്തുവന്നു. സജിത്തിന്റെ അനുഗ്രഹത്താൽ നിരവധി പേർക്ക് രോഗശാന്തി ശുശ്രൂഷ ലഭിച്ചെന്നു പറഞ്ഞു കൊണ്ട് ഇയാൾ വീണ്ടും കച്ചവടം കൊഴുപ്പിക്കാൻ രംഗത്തുണ്ട്. ഇതിനിടെയാണ് മറുനാടൻ അന്വേഷണത്തിൽ ഒരു രോഗശാന്തിയുടെ തട്ടിപ്പുകൂടി പുറത്തുവന്നത്.

കണ്ണൂർ ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിൽ ആദ്യ ദിവസം നടത്തിയ രോഗശാന്തി തട്ടിപ്പന്റെ വിവരങ്ങളാണ് മറുനാടന് ലഭിച്ചത്. തേർത്തല്ലി മേരിഗിരി ഇടവകാംഗമായ ആൻസി എന്ന യുവതിക്ക് നർകിയ രോഗശാന്തിയാണ് കബളിപ്പിക്കലാണെന്നതിന്റെ തെളിവുകൾ സഹിതം മറുനാടൻ പുറത്തുവിടുന്നത്. 25 വർഷം മുമ്പുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ആൻസിക്ക് കുടലിനായിരുന്നു ചതവേറ്റത്. ഇതിനെ തുടർന്ന് സർജറി നടത്തി പ്ലാസ്റ്റിക് ട്യൂബ് വഴിയായിരുന്നു മലവിസർജനം നടത്തിവന്നത്. ഈ ആൻസിക്ക് അവയവങ്ങൾ എല്ലാം ശരിയായെന്നും ആശുപത്രിയിൽ പോയി ധൈര്യമായി സ്‌കാൻ ചെയ്തു നോക്കൂ എന്നും പറഞ്ഞു കൊണ്ടാണ് സജിത്ത് രംഗത്തുവന്നത്.

യുവതിയെ വേദിയിലേക്ക് വിളിച്ച് യേശുവിനെ കുറിച്ച് പ്രാർത്ഥിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു ഈ അവകാശവാദം നടത്തിയത്. എന്നാൽ, സജിത്തിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലമായിരുന്നു സ്‌കാൻ ചെയ്തപ്പോൾ പുറത്തുവന്നത്. ഇതോടെ ഇയാളുടെ തട്ടിപ്പിനെതിരെ നിയമപോരാട്ടം നടത്താൻ ഒരുങ്ങുകയാണ് ആൻസിയുടെ കുടുംബം. ഇക്കാര്യം ആൻസിയുടെ സഹോദരൻ ടോമി മുളയ്ക്കൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. സഹോദരിയുടെ രോഗാവസ്ഥയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കണ്ണൂർ മലയോര മേഖലയായ ഉദയഗിരിയിലെ ആദ്യകാല കുടിയേറ്റ കർഷകനായ മുളയ്ക്കൽ കുഞ്ഞേട്ടന്റെ ഏഴു മക്കളിൽ ഒരുവളാണ് ആൻസി. ഈ യുവതിക്ക് 25 വർഷം മുമ്പാണ് അപകടം ഉണ്ടായത്. ഇവരെ വിവാഹം ചെയ്തയച്ചത് മേരിഗിരി ഇടവകയിലേയ്ക്കായിരുന്നു. 1997-ൽ ആലക്കോട് നിന്നും തേർത്തല്ലിയിലേയ്ക്കുണ്ടായ യാത്രാ മദ്ധ്യേ ഉണ്ടായ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഇവർ രണ്ട് വയസ്സുള്ള കുഞ്ഞുമായി അപകടത്തിൽ പെട്ട ബസിൽ ഇവരും ഉണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബസിൽ കുടുങ്ങിയ ഇവരുടെ വയറിൽ ചവിട്ടിയാണ് മറ്റ് യാത്രക്കാർ രക്ഷപെട്ടത്.

ഇതോടെ ആൻസിയുടെ കുടലിന് ക്ഷതം സംഭവിച്ചു. മല വിസർജനം നിയന്ത്രിക്കുന്ന കഴിവ് ഇവരുടെ കുടലിന് നഷ്ടപ്പെട്ടു. തുടർന്ന് പല ആശുപത്രികളും കയറി ഇറങ്ങി. ഒടുവിൽ വയർ തുളച്ച് മലാശയത്തിൽ നിന്നും പുറത്തേക്ക് കുഴൽ വഴി പ്ലാസ്റ്റിക് കവറിൽ മലവിസർജനം നടക്കുന്ന സംവിധാനം ഒരുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇവർ ജീവിക്കുന്നത്. ഇവർക്കാണ് സജിത്ത് സൗഖ്യം നൽകിയെന്ന് പറഞ്ഞ് മോഹിപ്പിച്ചത്.

ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിൽ ആദ്യ ദിവസം നടത്തിയ രോഗശാന്തി ശുശ്രൂഷയിൽ പള്ളിവികാരിയിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് സജിത് പാസ്റ്റർ ആൻസിയെ സുഖപ്പെടുത്തിയെന്ന് അവകാശപ്പെടുന്നത്. ഇത് ഇടവകക്കാർക്കിടയിലും ചർച്ചയായിട്ടുണ്ട്. രോഗശാന്തി ലഭിച്ചെന്ന ധാരണയിൽ യുവതി പിന്നീ്ട് ആശുപത്രിയിൽ പോകുകയും വൻതുക മുടക്കി പരിശോധനകൾ നടത്തുകയും ചെയ്തു. ഈ പരിശോധനയിൽ തെളിഞ്ഞത് എല്ലാം പഴയ പടിയാണെന്നാണ്.

തന്റെ രോഗാവസ്ഥിയിലുള്ള ബുദ്ധിമുട്ടു കാരണം ആൻസി ധ്യാനങ്ങൾക്കും മറ്റും പോകുന്നതും പതിവാണ്. ഇക്കാര്യം ടോമി മുളയ്ക്കലും പറയുന്നു. എന്നാൽ, ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തി അനുജത്തിക്ക് ആശ കൊടുത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ടോമി പറയുന്നത്. അതുകൊണ്ട് തന്നെ സജിത് ബ്രദറുടെ തട്ടിപ്പുകൾക്കെതിരെ സജീവമായി രംഗത്തിറങ്ങാനാണ് ടോമിയും കുടുംബവും ഒരുങ്ങുന്നത്. സമാനമായി വിധത്തിൽ നിരവധി സാധുക്കളെയാണ് സജിത് പാസ്റ്റർ കബളിപ്പിക്കുന്നത്. ഈ തട്ടിപ്പിന് ഇനി കത്തോലിക്കാ സഭ അടക്കമുള്ളവർ ചൂട്ടു പിടിക്കരുതെന്ന ആവശ്യം ശക്തമാണ്.

കോവിഡ് സാഹചര്യങ്ങൾ മൂലം ഇടക്കാലം പിന്നോക്കം പോയ രോഗശാന്തി ശുശ്രൂഷാ തട്ടിപ്പ് പൂർവ്വാധികം ശക്തിയോടെ ഇപ്പോൾ നടക്കുന്നുണ്ട്. കിടപ്പുരോഗിയായ സ്ത്രീ എണീറ്റോടുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷയുമായും നേരത്തെ സജിത് രംഗത്തുവന്നിരുന്നു. അതേസമയം രോഗശാന്തി ശുശ്രൂഷ ലഭിച്ച സ്ത്രീയെ കുറിച്ച് മറുനാടൻ അന്വേഷണം നടത്തിയപ്പോൾ ഇവർക്ക് യാതൊരു അസുഖവും ഇല്ലെന്നാണ് അറിയാൻസാധിച്ചത്. പുറന്നാട്ടുകര സ്വദേശിയായ സ്ത്രീ അടുത്തദിവസങ്ങളിൽ പോലും ബൈക്ക് ഓടിച്ച ഇതിലേ പോയിരുന്നു എന്നാണ് പ്രദേശത്തെ നാട്ടകാരും സാക്ഷ്യപ്പെടുത്തിയത്. ഇതോടെ യുവതി പാസ്റ്ററിനൊപ്പം നാടകം കളിക്കുകയായിരുന്നു എന്ന് വ്യക്തമായി.

നേരത്തെ കണ്ണൂർ ജില്ലയിലെ ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് ഇയാൾ മൂന്ന് ദിവസം നീണ്ടു നിന്ന രോഗശാന്തി ശുശ്രൂഷയാണ് സജിത്ത് നടത്തിയത്. ആലക്കോട് ഇടവകയ്ക്ക് മാത്രമായല്ല ധ്യാനം നടന്നത് ഫെറോന പള്ളിയുടെ കീഴിലുള്ള എല്ലാ ഇടവകകളിലുള്ളവർക്കും ധ്യാനത്തിൽ പങ്കെടുക്കാം എന്നതായിരുന്നു ഓഫർ. പാസ്റ്ററുടെ കീഴിലുള്ള പ്രത്യേക നാടകക്കാരാണ് ഈ തട്ടിപ്പുകൾക്കെല്ലാം കൂട്ടു നിൽക്കുന്നത്. രോഗശാന്തി ലഭിക്കുന്നതും, നൽകുന്നതും ഒരേ ടീമിലുള്ള ആൾക്കാർ തന്നെയാണ്. പല സ്ഥലങ്ങളിലുള്ള ആൾക്കാർ ഉള്ളതിനാൽ രോഗശാന്തി കിട്ടിയത് ആർക്ക്? അവരുടെ സ്വദേശം എവിടെ? എന്ന് ഒന്നും ആരും അന്വേഷിക്കാറില്ല. ധ്യാനം കഴിയുന്നതിന് മുൻപേ പരിചയപ്പെടാൻ അവസരം നൽകാതെ ഇവർ മാറിക്കളയും. രോഗശാന്തി ലഭിച്ചവരുടെ അഡ്രസ് തെളിയിക്കുന്ന രേഖകളും , ഫോൺ നമ്പറും വാങ്ങി വയ്ക്കാൻ തുടങ്ങിയാൽ അന്ന് ഈ തട്ടിപ്പിന് അവസാനമാകുമെന്ന് ഇവർക്കും അറിവുള്ളതാണ്.

20 അംഗങ്ങളുള്ള ഒരു ടീമാണ് സജിത്തിനുള്ളത്. അതിൽ പ്രധാന കഥാപാത്രങ്ങളായ സജിത്തും കൂടെ പിന്നണിയിൽ നിന്ന് അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന മിമിക്രി കലാകാരന്മാർക്കും മാറ്റമില്ല. ഓരോ ദിവസവും ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാറി മാറി വരുന്നത് ഇവരുടെ ടീമിൽ പെട്ട ആൾക്കാർ തന്നെയാണ്. രോഗികളുടെ വേഷം കെട്ടുന്നവരും വിശ്വാസികളുടെ വേഷത്തിൽ വന്ന് രോഗശാന്തി ലഭിച്ചു എന്ന് പറയുന്നതും കന്യാസ്ത്രീകളുടെ വേഷം പോലും ഇവരുടെ ഇടയിൽ ചെയ്യാൻ ആൾക്കാരുണ്ട്.

വളരെ തീക്ഷണമായും, ആത്മാർത്ഥമായും പ്രാർത്ഥിക്കുന്ന യഥാർത്ഥ രോഗികൾ ഈ വേദിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുണ്ട് എങ്കിലും അവർക്കാർക്കും ഒരു രോഗ ശാന്തിയോ, ദൈവത്തിന്റെ സ്പർശനമോ ലഭിക്കാറില്ല. തീഷ്ണതയോടെ പ്രാർത്ഥിച്ചാൽ മാത്രമെ ദൈവം പ്രാർത്ഥന കേൾക്കൂ എന്ന് പാസ്റ്റർ ഇടവിടാതെ പറയുന്നുണ്ടാകും, തന്റെ തീഷ്ണതക്കുറവാണ് തനിക്ക് രോഗശാന്തി ലഭിക്കാത്തതിന് കാരണം എന്ന് കരുതി ഇവർ ആത്മ സംതൃപ്തിയടയും. പ്രാദേശികമായി രോഗശാന്തി ലഭിക്കാൻ കട്ടിലിൽ ചുമന്ന് കൊണ്ടുവരുന്ന രോഗികളെ, ധ്യാനം കഴിഞ്ഞ് അതേ അവസ്ഥയിൽ കരഞ്ഞ് കൊണ്ട് ചുമന്ന് തിരിച്ച് പോകാറാണ് പതിവ്. രോഗാവസ്ഥയിലെ നിസ്സഹായവസ്ഥയാണ് ഇവർ ചൂഷണം ചെയ്യുന്നത്. അതേസമയം മാർപാപ്പയുടെ മുട്ടുവേദന മാറ്റാൻ എന്തുകൊണ്ട് ഈ രോഗശാന്തി ശുശ്രൂഷകർക്ക് സാധിക്കുന്നില്ലെന്നാണ് യുക്തിയുള്ള വിശ്വാസികൾ തിരിച്ചു ചോദിക്കുന്നത്.

ചുരുങ്ങിയത് ആയിരം പേരെങ്കിലും ഇല്ലാതെ ഇവർ പരിപാടി നടത്താറില്ലെന്നാണ് വസ്തവം. അവസാന ദിവസമെങ്കിലും ലോട്ടറി അടിക്കും, രോഗം സുഖപ്പെടും , കഷ്ടപ്പാട് മാറും എന്നെല്ലാം കരുതി വിശ്വാസികൾ കാത്തിരിക്കും, അവസാന ദിവസം സ്തോത്ര കാഴ്ച എന്ന ഒരു പരിപാടിയുണ്ട്. ദൈവവുമായുള്ള ഇടപാടായതിനാൽ ആരും ചെറിയ തുകയൊന്നും നൽകാൻ താൽപ്പര്യപ്പെടുകയുമില്ല. അന്നേ ദിവസം അനുഗ്രഹങ്ങളും, രോഗശാന്തിയും വാരി വിതറും കൂടെ വിദേശത്ത് ജോലി നോക്കാൻ ശ്രമിക്കുന്ന അനേകം വ്യക്തികളുടെ തടസ്സം ഈശോ മാറ്റുന്നു എന്നും പറയും. ഇതിൽ കുറേപ്പേർ എങ്ങനെയും വിദേശത്ത് പോകും എന്ന് നൂറ് ശതമാനം ഉറപ്പാണ്. ഇങ്ങനെ മൊത്തത്തിൽ അവസാന ദിവസം ഒരു കലാശക്കൊട്ടായിരിക്കും നടത്തുക. ആ സമയത്ത് പിന്നണിയിൽ നിന്ന് ചീവിടിന്റെ ശബ്ദം പുറപ്പെടുവിക്കുന്നവനും, എൻഫീൽഡ് ബുള്ളറ്റിന്റെ ശബ്ദം നൽകുന്നവനും, ഓരിയിടുന്ന കുറുക്കനെ അനുകരിക്കുന്നവനും നിർത്താതെ ശബ്ദം പുറപ്പെടുവിച്ച് കൊണ്ടേയിരിക്കും.

സ്തോത്ര കാഴ്ച നൽകുന്ന സമയത്ത് ഇവരുടെ ടീമിൽ പെട്ട ആളുകൾ തന്നെ മാതൃകാപരമായി സ്വർണ്ണമോ, വൻ തുകയോ ബക്കറ്റിൽ നിക്ഷേപിക്കുന്ന രീതിയും പലയിടത്തും കണ്ട് വരാറുണ്ട്. ഇത് കാണുമ്പോൾ സ്വർണം ഒരുപാടുള്ള സ്ത്രീകൾ തങ്ങളുടെ കൈവശമുള്ള സ്വർണം ഊരി ബക്കറ്റിലിടുന്നതും കണ്ടിട്ടുണ്ട്. ജന്മം കൊണ്ട് റോമൻ കത്തോലിക്കനാണ് സജിത് ജോസഫ് എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. പിന്നീട് പെന്തക്കോസ്ത് സഭയിൽ ചേർന്ന് വിശ്വാസത്തെ മുൻ നിർത്തി സ്റ്റേജ് ഷോയിലൂടെ ധനം സമ്പാദിക്കുന്നത് തുടരുകയായിരുന്നു.

മൂന്ന് ദിവസത്തെ മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള തട്ടിപ്പ് കലാപരിപാടിക്ക് വിദേശത്ത് മെഗാ ഷോ അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാറുകളെക്കാൾ പണവുമായി പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ച് പണവുമായി അടുത്ത പ്രദേശത്തേക്ക് പറക്കുന്ന അവസ്ഥയുണ്ട്. രോഗശാന്തി കിട്ടിയവർ സജിത്തിനൊപ്പവും, കിട്ടാത്തവർ വീണ്ടും അടുത്ത ധ്യാനം തേടി കാത്തിരിക്കുകയും ചെയ്യും. കാപ്പിമല സ്വദേശിയായ സജിത്ത് പ്രാർത്ഥനയിലൂടെ ആഡംബര ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോയിലും നടന്നും, ബസിന്റെ കമ്പിയിൽ പിടിച്ചും വളരെ കഷ്ടപ്പെട്ട് രോഗശാന്തി നേടാൻ വരുന്നവർ കാണുന്നത് ലക്ഷ്വറി കാറിൽ പായുന്ന സജിത് പാസറ്ററിനെയാണ്. പയ്യന്നൂരിൽ ആഡംബര വസതിയും ഇയാൾക്കുണ്ട്. കൂടാതെ ചങ്ങാനശ്ശേരിയിലും, പുനലൂരും റസ്റ്റോറന്റുകളും സജിത് പാസറ്ററിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP