Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202226Saturday

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന് പറയുന്നതു പോലെ നിങ്ങൾക്കുമാകാം മെത്രാൻ! കൈയിൽ പത്തുപുത്തനുണ്ടോ? നിങ്ങൾക്കുമാകാം ബിഷപ്പ്! വെല്ലൂർ സംഘം കൊള്ളസംഘത്തെ വെല്ലും; പാസ്റ്റർമാരെ വളച്ച് മെത്രാന്മാരാക്കുന്ന സംഘത്തിന്റെ തട്ടിപ്പുകളിലൂടെ ഒരു അന്വേഷണം

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന് പറയുന്നതു പോലെ നിങ്ങൾക്കുമാകാം മെത്രാൻ! കൈയിൽ പത്തുപുത്തനുണ്ടോ? നിങ്ങൾക്കുമാകാം ബിഷപ്പ്! വെല്ലൂർ സംഘം കൊള്ളസംഘത്തെ വെല്ലും; പാസ്റ്റർമാരെ വളച്ച് മെത്രാന്മാരാക്കുന്ന സംഘത്തിന്റെ തട്ടിപ്പുകളിലൂടെ ഒരു അന്വേഷണം

ശ്രീലാൽ വാസുദേവൻ

തൊടുപുഴ: നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന് പറയുന്നതു പോലെ നിങ്ങൾക്കുമാകാം മെത്രാൻ! വലിയ യോഗ്യതയൊന്നും ആവശ്യമില്ല. കൈയിൽ പത്ത് പുത്തനുണ്ടായാൽ മതി. ഇതിന്റെ ഉത്തമ ഉദാഹരണമാണ് തമിഴ്‌നാട്ടിലെ വെല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെഫി എന്ന തട്ടിക്കൂട്ട് സംഘടന നടത്തുന്ന മെത്രാൻ അഭിഷേകങ്ങൾ. തങ്ങളുടേത് ട്രസ്റ്റ് അല്ലെന്നും എപ്പിസ്‌കോപ്പിൽ സഭയാണെന്നും ഇവർ അവകാശവാദം ഉന്നയിക്കുമ്പോഴും എപ്പിസ്‌കോപ്പൽ സഭകൾ മെത്രാൻ സ്ഥാനത്തേക്ക് ഒരാളെ പരിഗണിക്കുന്നതിനായി പുലർത്തുന്ന നിയമങ്ങളൊന്നും ഇവർക്ക് ബാധകമല്ല.

ആര് പണം നൽകുന്നോ അവരെ മെത്രാന്മാരാക്കി മാറ്റുകയെന്നതാണ് ഇവരുടെ രീതി. ശെമ്മാശൻ പട്ടം ലഭിച്ച് വർഷങ്ങൾ പിന്നിടുമ്പോഴാണ് ഒരാൾക്ക് വൈദികപട്ടം ലഭിക്കുന്നത്. ഇങ്ങനെയുള്ളവരെയാണ് അംഗീകൃത സഭകൾ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തുന്നത്. എന്നാൽ വെല്ലൂർ സംഘത്തിന് അങ്ങനെയൊന്നുമില്ല. 2010 മുതലാണ് കേരളത്തിൽ വെല്ലൂർ സംഘം പ്രവർത്തനത്തനം തുടങ്ങിയത്. ആദ്യകാലങ്ങളിൽ തിരുവനന്തപുരവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

കേരളം തങ്ങളുടെ കൃഷിക്ക് അനുയോജ്യമായ മണ്ണാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രവർത്തനം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. യാക്കൂബ് മാർ ഗ്രീഗോറിയോസെന്ന പേരിൽ മെത്രാൻ വേഷത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ വ്യാജ സർട്ടിഫിക്കറ്റ് കച്ചവടം നടത്തിയതിന് കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശി ജയിംസ് ജോർജിനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മെത്രാൻ സ്ഥാന കച്ചവട സംഘത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഭാരതീയ ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ബാവാ എന്ന പേരിലായിരുന്നു ജയിംസ് വിലസിയിരുന്നത്.

തൊടുപുഴ ഡിവൈ.എസ്‌പി: എം.ആർ മധുബാബു മുഖ്യാതിഥിയായി കഴിഞ്ഞ ദിവസം കോട്ടയം, ഇടുക്കി റീജിയണൽ പാസ്റ്റേഴ്സ് മീറ്റ് എന്ന പേരിൽ ഈ സംഘം തൊടുപുഴയിൽ യോഗം നടത്തിയിരുന്നു. പരിപാടിയിൽ നിരവധി വാഗ്ദാനങ്ങളാണ് പങ്കെടുത്തവർക്ക് ചെയ്തത്. തങ്ങൾ നല്കുന്ന പ്രീസ്റ്റ്ലി ഓർഡിനേഷൻ സർട്ടിഫിക്കറ്റുള്ള പാസ്റ്റർമാർക്ക് മാത്രമെ വിദേശ രാജ്യങ്ങളിൽ സുവിശേഷ ജോലികൾ ചെയ്യാനാകൂവെന്നായിരുന്നു മൈക്കിലൂടെ വിളിച്ചു കൂവിയത്.

തങ്ങൾ നല്കുന്ന സർട്ടിഫിക്കേറ്റുകൾ എംബസികൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് നൽകും.സെഫിയുടെ ബിഷപ്പിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സർട്ടിഫിക്കറ്റുമായി ഏതോ പാസ്റ്റർ വിദേശത്ത് പോയിരുന്നുവെന്നും സർട്ടിഫിക്കറ്റിന്റെ ആധികാരികത സംബന്ധിച്ച് വ്യക്ത വരുത്തുന്നതിനായി തങ്ങൾക്ക് എംബസി കത്ത് അയച്ചിരുന്നുവെന്നും സംഘത്തലവനായ തമിഴ്‌നാട് സ്വദേശി പറഞ്ഞിരുന്നു. എന്നാൽ ഇവർ പറയുന്നത് വ്യാജമാണെന്ന് വിവിധ വിദേശ രാജ്യങ്ങളിൽ പുരോഹിതരായി ജോലി ചെയ്യുന്നവർ പറയുന്നു.

തങ്ങളുടെ രാജ്യത്ത് പുരോഹിതന്മാരെ ആവശ്യമുണ്ടെങ്കിൽ ഏത് രാജ്യത്തു നിന്നാണോ പുരോഹിതരെ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ സഭയുടെ ആ രാജ്യത്തെ ബിഷപ്പ് ബന്ധപ്പെട്ട രൂപത ബിഷപ്പിനോട് ആവശ്യം കാണിച്ച് കത്ത് നല്കണം.ഇരു രാജ്യങ്ങളിലെയും ബിഷപ്പുമാർ നൽകുന്ന കത്തുമായി അപേക്ഷിച്ചാൽ മാത്രമേ വിസ ലഭിക്കുകയുള്ളു. ഇതാണ് നടപടിയെങ്കിലും വെല്ലൂർ സംഘം പറയുന്നത് മറ്റൊരു രീതിയിലാണെന്നുമാത്രം. തങ്ങളുടെ സർട്ടിഫിക്കറ്റുമായി ആർക്കുവേണമെങ്കിലും വിദേശത്ത് പോയി സുവിശേഷകരായി ജോലി ചെയ്യാമെന്ന്.എന്നാൽ ഇവരുടെ വാദം തെറ്റാണെന്ന് വർഷങ്ങളായി ജർമ്മനിയിൽ പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ.ജോസഫ് കുന്നിപ്പിള്ളി പറയുന്നു.

അതെ സമയം, വെല്ലൂർ സംഘത്തിന്റെ ആസ്ഥാനമായ തമിഴ്‌നാട്ടിൽ ഇവർ നടത്തുന്ന വിവാഹങ്ങൾക്ക് സർക്കാർ അംഗീകാരം നല്കുന്നില്ലെന്നതാണ് രസകരം. തങ്ങൾ നടത്തുന്ന വിവാഹങ്ങൾക്ക് അംഗീകാരം നല്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.ഈ സാഹചര്യത്തിലാണ് വമ്പൻ വാഗ്ദാനങ്ങളുമായി സംഘം വീണ്ടും കേരളത്തിൽ വിളവിറക്കാൻ നീക്കം നടത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP