Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരാട്ട് പൊട്ടിച്ചു നോക്കും മുമ്പ് വിഎസിന്റെ കത്ത് ചോർന്നത് എങ്ങനെ? എഴുതിയ ആൾക്ക് മാത്രം അറിയാവുന്ന കത്ത് മനോരമക്ക് ലഭിച്ചതിന്റെ പിന്നിലെ കള്ളക്കളി തേടി കോടിയേരി; ഒറ്റുകാർ വിഎസിന്റെ വിശ്വസ്തരെന്ന് നേതൃത്വം

കാരാട്ട് പൊട്ടിച്ചു നോക്കും മുമ്പ് വിഎസിന്റെ കത്ത് ചോർന്നത് എങ്ങനെ? എഴുതിയ ആൾക്ക് മാത്രം അറിയാവുന്ന കത്ത് മനോരമക്ക് ലഭിച്ചതിന്റെ പിന്നിലെ കള്ളക്കളി തേടി കോടിയേരി; ഒറ്റുകാർ വിഎസിന്റെ വിശ്വസ്തരെന്ന് നേതൃത്വം

ബി രഘുരാജ്

തിരുവനന്തപുരം: സമാധാനപരമായി അച്ചടക്കത്തോടെ പൂർത്തിയാക്കിയ സിപിഐ(എം) ജില്ലാ സമ്മേളനങ്ങൾക്ക് ശേഷം ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം കലുഷിതമാകാൻ ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചത് വി എസ് അച്യുതാനന്ദൻ സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കൊണ്ട് കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്തായിരുന്നു. ഈ കത്ത് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പൊട്ടിച്ചു വായിക്കും മുമ്പ് തന്നെ പാർട്ടിയുടെ എക്കാലത്തെയും ശത്രുപക്ഷത്തുള്ള മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചതാണ് മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രകോപിപ്പിച്ചതും തുടർന്ന് പരസ്യമായി വാർത്താസമ്മേളനം വിളിച്ച് വി എസ് പാർട്ടി വിരുദ്ധനാണെന്ന് പ്രഖ്യാപിച്ചതും. തുടർന്നാണ് സമ്മേളനത്തിൽ വിഎസിനെതിരെ കടുത്ത വിമർശനങ്ങൾ ഒന്നൊന്നായി ഉയർന്നതും അദ്ദേഹം ഇറങ്ങിപ്പോകുന്നതിലേക്ക് കാര്യങ്ങൾ എത്തിയതും. സംസ്ഥാന സമ്മേളനം കൊടിയിറങ്ങി പിണറായിക്ക് പകരം കോടിയേരി പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായെങ്കിലും വി എസ് നൽകിയ ആ കത്ത് മനോരമയ്ക്ക് ചോർത്തി നൽകിയത് യഥാർത്ഥത്തിൽ ആരാണെന്ന ചോദ്യം മാത്രം ബാക്കിയായി?

സമ്മേളനം കഴിഞ്ഞെങ്കിലും മനോരമയ്ക്ക് കത്ത് ചോർത്തി നൽകിയതിൽ അന്വേഷണം ഉണ്ടാകുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. ഇത് വി എസ് അച്യുതാനന്ദനെ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ് താനും. വി എസ് അച്യുതാനന്ദനൊപ്പം നിൽക്കുന്ന വിശ്വസ്തരാണ മനോരമയ്ക്ക് കത്ത് ചോർത്തി നൽകിയതെന്നാണ് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ കത്ത് ചോർന്ന വഴികളെ കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങുകയാണ് നേതാക്കൾ. താൻ പി.ബിക്ക് നൽകിയ കത്ത് ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വി എസ് തന്നെ ആവശ്യപ്പെട്ടതിനാലും കത്ത് ചോർച്ചക്ക് പിന്നിൽ ആരെന്ന് വ്യക്തമായ ഉത്തരം കണ്ടെത്തേണ്ട അനിവാര്യതയിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്.

പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശൈലിയെ വിമർശിച്ച് വി എസ് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിന് നൽകിയ കത്ത് തുറന്നു വായിക്കാൻ പോലും കാരാട്ടിന് കഴിഞ്ഞിരുന്നില്ല. തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിന്റെ തിരക്കിലായിരുന്നു പ്രകാശ് കാരാട്ട്. കത്ത് അടിയന്തര പ്രാധാന്യമുള്ളതാകില്ലെന്ന നിഗമനത്തിലായിരുന്നു അദ്ദേഹം. അതിനിടെയാണ് ഈ കത്തിന്റെ പൂർണ്ണരൂപം മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്. ആദ്യം കത്തിന് അമിത പ്രാധാന്യം നൽകാതിരുന്ന പിണറായി വിജയൻ പിന്നീടാണ കാരാട്ടിനെ വിളിച്ച് കാര്യം തിരക്കിയത്. താൻ കത്ത് വായിച്ച് പോലും നോക്കിയിട്ടില്ലെന്ന് കാരാട്ട് പിണറായിയോട് പറയുകയും ചെയ്തു. ഇതോടെ പ്രകോപിതനായി വിജയൻ സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം പാസാക്കുകയും അത് പരസ്യപ്പെടുത്തുകയുമായിരുന്നു.

കത്ത് എഴുതിയ ആൾക്കല്ലാതെ മറ്റാർക്കും ഈ കത്ത് ചോർത്തി നൽകാൻ സാധിക്കില്ലെന്നത് സംസ്ഥാന നേതൃത്വത്തിന് വ്യക്തമായി. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വം വിഎസിന് എതിരായ ആയുധമാക്കി ഇതിനെ സമർത്ഥമായി മാറ്റുകയും ചെയ്തു. വിഎസിന്റെ വിശ്വസ്തരായ ഉപചാപകർ തന്നെയാണ് അദ്ദേഹത്തിന് ഈ കത്ത് എഴുതി നൽകിയതെന്നാണ് സൂചന്. ഇവർ തന്നെയാണ് മനോരമയ്ക്ക് ചോർത്തി നൽകിയതെന്നാണ് കരുതുന്നത്. ഒരു പക്ഷേ ഇങ്ങനെ കത്ത് ചോർത്തിയത് വി എസ് അറിഞ്ഞിരിക്കില്ലെന്ന വാദവും ഒരുവശത്തുണ്ട്.

വിഎസിന്റെ ചുറ്റും ഉപചാപകരായി നിന്നിരുന്നവരാണ് എക്കാലവും പാർട്ടി സംസ്ഥാന നേതൃത്വത്തെ കുരുക്കിലാക്കിയിരുന്നത്. ലാവലിൻ അഴിമതി കേസിൽ അടക്കം പിണറായി വിജയനെ പ്രതികൂട്ടിലാക്കും വിധം മാദ്ധ്യമവാർത്തകൾ ചമച്ചതിന് പിന്നിൽ ഈ ഉപചാപകവൃന്ദം ഉണ്ടായിരുന്നു. വി എസ് അച്യുതാനന്ദൻ എന്ന ബിംബത്തെ സൃഷ്ടിച്ചതും ഇവർ തന്നെയായിരുന്നു. എന്തായാലും കത്ത് ചോർത്തി നൽകിയ നടപടിയോടെ സംസ്ഥാന സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രം വി എസ് ആയി മാറുകയായിരുന്നു. അതുവരെ ഭംഗിയായി നടന്ന പാർട്ടി സമ്മേളനം വി എസ് കുളമാക്കി എന്ന പൊതുവികാരം ഇതോടെ ഉയരുകയും ചെയ്തു. ഇതിനിടെയാണ് വിമർശനം സഹിക്കാൻ വയ്യാതെ വി എസ് ഇറങ്ങിപ്പോയതും.

വിഎസിന് ചുറ്റും ഉപചാപക വൃന്ദം ഉണ്ടെന്നും മാദ്ധ്യമ സിൻഡിക്കേറ്റുകൾ ഉണ്ടെന്നും മുമ്പ് പരസ്യമായി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ അന്നൊക്കെ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് വിജയനെ പ്രതിരോധിക്കുകയായിരുന്നു ഇക്കൂട്ടർ ചെയ്തത്. ഒടുവിൽപാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് തന്നെയാണ് വിഎസിന്റെ സന്തത സഹചാരിയായിരുന്ന സുരേഷിനെയും വിശ്വസ്തൻ ശശിധരനെയും സ്റ്റാഫ് അംഗങ്ങളിൽ നിന്നും മാറ്റിയതും. ഇപ്പോഴത്തെ കത്തുചോർച്ച അന്വേഷിച്ചു പോയാൽ അതും എത്തുക ഇപ്പോഴുള്ള അദ്ദേഹത്തിന്റെ വിശ്വസ്തരിൽ തന്നെയാകും.

അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ ആരോപണങ്ങളെ ചെറുക്കാൻ വി എസ് ക്യാമ്പ് മറുതന്ത്രവും മെനയുന്നുണ്ട്. കത്ത് ചോർത്തിയത് മറ്റാരെങ്കിലുമാകാം എന്നാണ് ഇക്കൂട്ടരുടെ വാദം. സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് കത്ത് ചോർത്തിയതിന്റെ ലക്ഷ്യം വിവാദമുണ്ടാക്കുക തന്നെയാണ്. വി.എസിനോട് അടുപ്പമുള്ള പത്രത്തിലല്ല കത്ത് പ്രത്യക്ഷപ്പെട്ടത്. വി എസ്സോ അദ്ദേഹത്തിന്റെ അടുപ്പക്കാരോ ആണ് കത്ത് ചോർത്തിയതെങ്കിൽ സാധാരണ ഗതിയിൽ മറ്റൊരു പത്രത്തിലാവും അത് വരുകയെന്ന വാദത്തെയാണ് ഇവർ കൂട്ടുപിടിക്കുന്നത്. കുറ്റം വിഎസിന്റെ തലയിൽ ചാർത്തിവെക്കുകയാണെന്നും വി എസ് വിഭാഗം ആരോപിക്കുന്നു. ഇപ്പോൾ അന്വേഷണം ആവശ്യപ്പെട്ടതിലൂടെ സംസ്ഥാന നേതൃത്വത്തെയും പ്രതിക്കൂട്ടിൽ നിർത്താമെന്നാണ് കണക്കുകൂട്ടൽ.

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ടിന് അനുബന്ധമെന്ന നിലയ്ക്ക് വി എസ് സംസ്ഥാന കമ്മിറ്റിക്കാണ് ആദ്യം കുറിപ്പ് നൽകിയത്. അത് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും തള്ളിയതിനെത്തുടർന്നാണ് പി.ബിക്ക് നൽകിയത്. സംസ്ഥാന കമ്മറ്റിയിലെ ആരെങ്കിലും കത്ത് ചോർത്തി നൽകിയതാവില്ലേ എന്ന ചോദ്യവും വി എസ് വിഭാഗകക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതൊക്കെ തൽക്കാലം രക്ഷനേടാനുള്ള തന്ത്രമാണെന്ന വിലയിരുത്തലിലാണ് ഔദ്യോഗിക പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP