Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എന്റെ പിതാവ് തന്നെയാണ് ഭർത്താവിനെ കൊന്നത്; എന്റെ ചേട്ടൻ എങ്ങനെയാണോ മരിച്ചത് അതുപോലെ അവരും മരിക്കണം; കടുത്ത ശിക്ഷ കൊടുത്തിട്ട്; അമ്മ വിളിച്ചത് ബന്ധം ഒഴിഞ്ഞിട്ട് വരാൻ; പഠിച്ച് നല്ല ജോലി നേടി ഏട്ടന്റെ കുടുംബത്തെ പൊന്നു പോലെ നോക്കും'; പാലക്കാട്ട് ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യ ഹരിത മറുനാടനോട് പറയുന്നു

'എന്റെ പിതാവ് തന്നെയാണ് ഭർത്താവിനെ കൊന്നത്; എന്റെ ചേട്ടൻ എങ്ങനെയാണോ മരിച്ചത് അതുപോലെ അവരും മരിക്കണം; കടുത്ത ശിക്ഷ കൊടുത്തിട്ട്; അമ്മ വിളിച്ചത് ബന്ധം ഒഴിഞ്ഞിട്ട് വരാൻ; പഠിച്ച് നല്ല ജോലി നേടി ഏട്ടന്റെ കുടുംബത്തെ പൊന്നു പോലെ നോക്കും'; പാലക്കാട്ട് ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യ ഹരിത മറുനാടനോട് പറയുന്നു

എബിൻ വിൻസെന്റ്

പാലക്കാട് : എന്റെ ചേട്ടൻ മരിച്ച പോലെ തന്നെ അവരും മരിക്കണം എന്ന ഹരിതയുടെ വാക്കുകളെ 18 വയസുകാരി പെൺകുട്ടിയുടെ അപക്വമായ വാക്കുകളായി എഴുതി തള്ളാനാകില്ല മനസാക്ഷിയുള്ള ഒരു മനുഷ്യനും. തേൻങ്കുറിശിയിലെ പ്രതാപികളുടെ കുടുംബത്തിൽ ജനിച്ച് വളർന്ന് ഒടുവിൽ മനസിനിഷ്ടപ്പെട്ടവനോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിന് സ്വന്തം അച്ഛനും അമ്മാവനും നൽകിയ ശിക്ഷ പൊന്നു പോലെ വളർത്തിയ മകളെ ചെറു പ്രായത്തിൽ തന്നെ വിധവയാക്കിയിരിക്കുകയാണ്. ജാതിയിൽ താഴ്ന്നവരെ കെട്ടുന്ന മക്കളെ കുത്തിയും കത്തിച്ചും കൊല്ലുന്ന വാർത്തകൾ യു.പി യിൽ നിന്നും ബിഹാറിൽ നിന്നുമാണ് മലയാളികൾ സ്ഥിരം കേട്ടിരുന്നത്. എന്നാൽ രണ്ട് വർഷം മുൻപ് കോട്ടയത്ത് നിന്ന് അത്തരമൊരു വാർത്ത നാം കേട്ടു കെവിൻ വധക്കേസ്. അതിനെ ഒറ്റപ്പെട്ട സംഭവമായി മറക്കാൻ ഒരുങ്ങിയ സാക്ഷര കേരളത്തിന് മുന്നിലേക്ക് വീണ്ടും ഒരു ദുരഭിമാന കൊല എത്തിയിരിക്കുന്നു. താഴ്ന്ന ജാതിയിൽപ്പെട്ട അനീഷിനെ വിവാഹം ചെയ്ത മകളുടെ പ്രവർത്തിയിൽ അപമാനം തോന്നിയ പിതാവ് മകളുടെ ഭർത്താവിനെ കുത്തികൊന്നിരിക്കുന്നു.

ദുരഭിമാനകൊല എന്നല്ല ജാതി കൊല എന്ന് വേണം വിശേഷിപ്പിക്കാൻ. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതിവെറിയിൽ മനുഷ്യൻ നടത്തുന്ന കൊലപാതകത്തെ വെറും അഭിമാനത്തിനേൽക്കുന്ന ക്ഷതമായി തരംതാഴ്‌ത്തി കാണാനാകില്ല. ജാതിയിൽ അന്ധനായ ഹരിതയുടെ പിതാവ് തകർത്തെറിഞ്ഞത് സ്വന്തം മകളുടെ ജീവിതം തന്നെയാണ് എന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ആ പെൺകുട്ടിയുടെ കണ്ണുനീർ അവർ കാണാതെ പോയി, ആ കുടുംബത്തിന്റെ ഏക ആശ്രയത്തെ നടുറോഡിൽ കുത്തികീറിയപ്പോൾ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുത്തു എന്ന് തോന്നിയിട്ടുണ്ടാകും. അഭിമാനമല്ല മകളുടെ ശാപംപേറി അവസാനശ്വാസം വരെ ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യനായ ഒരു അച്ഛനെയാണ് നിങ്ങൾ നേടിയെടുത്തത്.

ഒറ്റപ്പെടുമ്പോൾ അവൾ കുടുംബത്തിലേക്ക് മടങ്ങും എന്ന് കരുതിയവർക്കുള്ള മറുപടിയായിരുന്നു അടച്ചൊറപ്പില്ലാത്ത വീട്ടിൽ അനീഷിന്റെ മാതാവിനെ ചേർത്ത് പിടിച്ച് ഹരിത ഞങ്ങളോട് പറഞ്ഞത്. പഠിച്ച് നല്ലൊരു ജോലി വാങ്ങി എന്റെ ചേട്ടൻ നോക്കിയ പോലെ എന്റെ സ്വന്തം മാതാപിതാക്കളായി കണ്ട് ഇവരെ പൊന്ന് പോലെ നോക്കുമെന്ന്. ഈ വാക്കുകൾ പറയുമ്പോൾ കണ്ണുകളിൽ തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഉത്തമ ബോധ്യമുള്ള പക്വതയ്യാർന്ന് പെൺക്കുട്ടിയെയാണ് കാണുന്നത്. സ്വന്തം പിതാവും സമാന രീതിയിൽ മരണപ്പെടണം എന്ന ആഗ്രഹിക്കുന്നത് എത്രയധികം വേദന സഹിച്ചിട്ടാകും എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. കരഞ്ഞ് തളർന്ന് ഫോണിൽ അനീഷിന്റെ ചിത്രങ്ങളെ നോക്കി കിടക്കുന്ന ഹരിതയുടെ കൂടെ മകനെ നഷ്ടപ്പെട്ട വേദനയിൽ അനീഷിന്റെ മാതാപിതാക്കളെയും കാണുമ്പോൾ ഒരിറ്റ് കണ്ണീർപൊഴിച്ച് നെടുവീർപ്പെടുകയെ നമ്മുക്ക് ചെയ്യാൻ കഴിയു. കാരണം ഉള്ളിന്റെ ഉള്ളിൽ ഇതേ ജാതി കോമരം നമ്മളിലുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നശിപ്പിക്കപ്പെട്ടു എന്ന് നാം കരുതിയ വൈറസിന്റെ ഇരകളായി നീനുവും ഹരിതയുമൊക്കെ നമുക്ക് മുന്നിലുണ്ട്.

ഭീഷണികൾ ധാരാളം വന്നിരുന്നെങ്കിലും പിതാവിന്റെ ഭാഗത്ത് നിന്ന ഇത്തരം ഒരു നീക്കം ആ മകൾ പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാകില്ല. ദിവസങ്ങൾക്ക് മുൻപ് വീട്ടിലെത്തി കൊല്ലുമെന്നും താലിയുടെ ആയുസ്സ് മൂന്ന് മാസം മാത്രമെ ഉണ്ടാകുള്ളു എന്നൊക്കെ ഭീഷണിപ്പെടുത്തിയപ്പോയും ഇങ്ങനെ ക്വട്ടേഷൻ സംഘങ്ങളെ പോലെ അനീഷിനെ കൊന്ന് കളയുമെന്ന് സ്വപ്‌നത്തിൽ പോലും ഹരിതയും അനീഷിന്റെ മാതാപിതാക്കളും കരുതിയിട്ടുണ്ടാകില്ല. മൂന്ന് മാസം തികയ്ക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഭീഷണി നടപ്പാക്കി ഹരിതയുടെ പിതാവും അമ്മാവനും. എന്റെ ചേട്ടൻ മരിച്ച പോലെ തന്നെ സ്വന്തം പിതാവും അമ്മാവനും മരിക്കട്ടെ എന്ന് ഉള്ളിലൊരു വിങ്ങലോടെയാകും ആ പെൺകുട്ടി പറഞ്ഞിട്ടുണ്ടാകുക. അത്രമേൽ സ്വപ്‌നം കണ്ട ജീവിതമായിരുന്നു വിടരും മുൻപ് വെട്ടിനുറുക്കിയത്.

വീട്ടിലേക്ക് വരാൻ അമ്മയും സഹോദരിയും സ്‌നേഹത്തോടെ മടക്കി വിളിച്ചപ്പോയും ഒറ്റയ്ക്കല്ല ഒരുമിച്ചാണെങ്കിൽ മാത്രം വരാം എന്ന് പറഞ്ഞ ഹരിതയുടെ ഉറച്ച നിലപാട് തന്നെ പ്രായത്തിൽ കവിഞ്ഞ സമചിത്തതയോടെയാണ് 18 വയസുകാരി പെൺകുട്ടി നേരിട്ടത് എന്ന് മനസിലാകും. ഇതേ മനസുറപ്പോടെയാണ് പ്രതികൾക്ക് ലഭ്യമായ പരാമാവധി ശിക്ഷയ്ക്കായി നിലകൊള്ളുന്നതും. തന്റെ ഭർത്താവിന് നീതിക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും, സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെങ്കിലും തന്റെ മാതാപിതാക്കളായി കണ്ട് ഭർത്താവിന്റെ അച്ഛനമ്മമാരെ നല്ല പോലെ നോക്കുമെന്നും ഉള്ളത് മനസിൽ നിന്നുള്ള ഉറച്ച തീരുമാനങ്ങളായാണ് കാണാൻ കഴിയുന്നത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP