Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202204Sunday

ബസ് ആറാം മൈലിലെ പോസ്റ്റിലിടിച്ച് മറിഞ്ഞ് തീപിടിച്ചപ്പോൾ വെന്തെരിഞ്ഞത് ഗർഭിണിയും കുട്ടിയും അടക്കം 22 പേർ; ഐങ്കൊമ്പിലെ 30 ദൃക്സാക്ഷികളിൽ 25പേരും കൂറുമാറിയപ്പോൾ മസ്‌ക്കറ്റിൽ സാമ്രാജ്യം കെട്ടി വിലസുന്ന പ്രശാന്ത് മുതലാളി; വടക്കഞ്ചേരിയിലും കാശുള്ളവർ രക്ഷപ്പെടും

ബസ് ആറാം മൈലിലെ പോസ്റ്റിലിടിച്ച് മറിഞ്ഞ് തീപിടിച്ചപ്പോൾ വെന്തെരിഞ്ഞത് ഗർഭിണിയും കുട്ടിയും അടക്കം 22 പേർ; ഐങ്കൊമ്പിലെ 30 ദൃക്സാക്ഷികളിൽ 25പേരും കൂറുമാറിയപ്പോൾ മസ്‌ക്കറ്റിൽ സാമ്രാജ്യം കെട്ടി വിലസുന്ന പ്രശാന്ത് മുതലാളി; വടക്കഞ്ചേരിയിലും കാശുള്ളവർ രക്ഷപ്പെടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ബസപകടങ്ങളിൽ ഒന്നായിരുന്നു ഐങ്കൊമ്പ് ദുരന്തം. പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 22 പേർ മരിച്ച അപകടത്തിന്റെ അവശേഷിപ്പായി കത്തിക്കരിഞ്ഞ ബസ് ഇപ്പോഴും രാമപുരത്തുണ്ട്. 1998ൽ പാലായിൽ നിന്നു യാത്രക്കാരുമായി തൊടുപുഴയ്ക്കു പോയ ബസിന്റെ ഭാഗങ്ങളാണ് ഇപ്പോഴും രാമപുരം സ്റ്റാൻഡിലുള്ളത്. എന്നാൽ ഈ ബസിന്റെ ഉടമകൾ ഇപ്പോഴും സുഖിച്ചു കഴിയുന്നു. അവർക്ക് ഒന്നും സംഭവിച്ചില്ല. ഡ്രൈവറുടെ അനാസ്ഥയിൽ ആ കേസ് ഒതുങ്ങി. വർഷങ്ങൾക്ക് ശേഷം മറ്റൊരു ഒക്ടോബറിൽ വീണ്ടും ബസ് ദുരന്തം. ഇവിടേയും ഡ്രൈവറിലേക്ക് മാത്രം ശ്രദ്ധ ഒതുങ്ങും. ബ്ലാക് ലിസ്റ്റിൽ പെട്ട ബസ് നിരത്തിലിറക്കി നിയമലംഘനങ്ങൾ തുടർന്ന ബസ് ഉടമയ്ക്ക് ഒന്നും സംഭവിക്കില്ല. ഓരോ ദുരന്തവും ഓരോ അനുഭവമാണ്. അതിന് അപ്പുറത്തേക്ക് ആർക്കും ഒന്നും സംഭവിക്കില്ല. ജീവൻ നഷ്ടപ്പെട്ടവരിലേക്ക് മാത്രമായി വേദനകൾ ഒതുങ്ങും.

ഐങ്കൊമ്പിലേതും അനാസ്ഥയുടെ അപകടമായിരുന്നു. ബസിന്റെ യന്ത്രതകരാർ അടക്കം ചർച്ചകളിലെത്തി. എന്നാൽ സാക്ഷികളുടെ കൂറുമാറ്റം ബസ് ഉടമയ്ക്ക് തുണയായി. മുപ്പത് ദൃക്സാക്ഷികളിൽ 25 പേർ കൂറുമാറുമ്പോൾ കേസ് തന്നെ അട്ടിമറിക്കപ്പെട്ടു. ഇതോടെ ഉടമകൾ രക്ഷപ്പെട്ടു. അപ്പോഴും ഡ്രൈവറുടെ പിഴവ് കോടതി അംഗീകരിച്ചു. അയാൾക്ക് കീഴ് കോടതി മൂന്നരക്കൊല്ലം ശിക്ഷ നൽകി. അതിന് അപ്പുറത്തേക്ക് ആ കേസിന് ഒന്നും സംഭവിച്ചില്ല. ഐക്കൊമ്പിലെ ദുരന്തമുണ്ടാക്കിയത് അന്തിനാട്ടെ ദാസൻ വാര്യർ ആയിരുന്നു. വടക്കാഞ്ചേരിയിലെ വില്ലൻ ജോജോ പത്രോസ് എന്ന ജോമോനും. 27 വർഷത്തെ ബസ് ഓടിക്കൽ പരിചയം ഇന്നലെ രാത്രി ദുരന്തമായി. അപ്പോഴും ലൂമിനസ് ബസിന് അസുരൻ എന്ന് പേരു നൽകിയ ബസുടമയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഐകൊമ്പിലെ അനുഭവം പറയുന്നു.

ഐങ്കൊമ്പിൽ അപകടമുണ്ടാക്കിയ ബസിന്റെ ഉടമ പ്രശാന്താണ്. എന്നാൽ ബിനാമി പേരിലായിരുന്നു ആർ സി ബുക്ക് എന്നാണ് സൂചന. ഇപ്പോൾ മസ്‌കറ്റിൽ വലിയ ബിസിനസ് ചെയ്ത് ജീവിക്കുന്നു. പ്രശാന്ത് ഉടമസ്ഥയിലുള്ള 9 കമ്പനികൾക്കെതിരെ ചില ആരോപണങ്ങളുമുണ്ട്. ലക്ഷക്കണക്കിന് ഒമാൻ റിയാൽ ആസ്തിയുള്ള ഇയാൾ 400 ഓളം സ്റ്റാഫുകളെ ശമ്പളം കൊടുക്കാതെ പറ്റിച്ചുവെന്നും പരാതിയുണ്ട്.  ഇയാൾ മസ്‌കറ്റിലാണുള്ളത്. അങ്ങനെ ഐക്കൊമ്പ് ദുരന്തത്തിലും ബസുടമകൾക്ക് ഒന്നും സംഭവിച്ചില്ലെന്നതാണ് വസ്തുത. ഇത് തന്നെയാകും വടക്കാഞ്ചേരിയിലും സംഭവിക്കുക.

24 വർഷമായി ആളൊഴിഞ്ഞ പറമ്പിൽ കിടക്കുകയാണ് അപകമടമുണ്ടാക്കിയ ബസ്. റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന പോസ്റ്റിലിടിച്ചശേഷം വലതുവശത്തുള്ള തിട്ടയിലിടിച്ചു മറിഞ്ഞ ബസിനു പെട്ടെന്നു തീപിടിച്ചു.പടരുന്ന തീ കണ്ട് പുറകിലെയും മുന്നിലെയും ചില്ല് പൊട്ടിച്ച് പുറത്തുചാടിയവർ മാത്രം രക്ഷപ്പെട്ടു. നിസഹായരായി പോയ കുട്ടികളെയും സ്ത്രീകളെയും തീ വിഴുങ്ങി. സംഭവസ്ഥതലത്ത് തന്നെ 16 പേർ മരിച്ചു. ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചതാണ് അപകടകാരണമെന്നു പിന്നീടു കണ്ടെത്തി.15 വർഷത്തോളം കോടതിയിൽ നിയമവ്യവഹാരവും നടന്നു. മരിച്ചവരുടെ ആഭരണങ്ങൾ തിരികെ കൈപ്പറ്റാൻ ഉടമകളാരും എത്താത്തതിനെ തുടർന്ന് 19 വർഷത്തോളം ഇത് സൂക്ഷിച്ചു. ഒടുവിൽ സർക്കാരിലേക്ക് കണ്ടുകെട്ടി. സംസ്ഥാനത്തെ നടുക്കിയ ബസ് അപകടത്തിന്റെ ഏറ്റവും വലിയ അവശേഷിപ്പ് രാമപുരം സ്റ്റാൻഡിൽ കിടക്കുന്ന പ്രശാന്ത് ബസ്. കന്നാസിലെ പെട്രോളും ബസിന്റെ മോശം അവസ്ഥയുമായിരുന്നു ഐങ്കൊമ്പ് ദുരത്തിനും കാരണം. എന്നിട്ടും ബസുടമകൾക്ക് ഒന്നും സംഭവിച്ചില്ല.

1998 ഒക്ടോബർ 22-നാണ് സംസ്ഥാനത്തെ തന്നെ വലിയ ബസപകടങ്ങളിൽ ഒന്നായ ഐങ്കൊമ്പ് ദുരന്തം സംഭവിക്കുന്നത്. പാലായിൽ നിന്നും നിറയെ യാത്രക്കാരുമായി തൊടുപുഴക്ക് പുറപ്പെട്ട പ്രശാന്ത് ബസ് ഐങ്കൊമ്പിന് സമീപം ആറാം മൈലിൽ എത്തിയപ്പോൾ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. ബസ് മറിഞ്ഞപ്പോൾ വാതിലുകൾ ഉൾപ്പെടുന്ന വശം റോഡിനടിയിലായതിനാൽ പലർക്കും പുറത്തു കടക്കാനായില്ല. മറിഞ്ഞ ബസ്സിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ തകർത്ത് കുറച്ചുപേർ പുറത്തേക്ക് രക്ഷപ്പെട്ടപ്പോഴേക്കും ബസിൽ തീപടർന്നിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് ബസ് പൂർണമായും അഗ്നിക്കിരയായി. ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 22 പേരാണ് അന്നത്തെ അപകടത്തിൽ മരണമടഞ്ഞത്. അതുകൂടാതെ ഒട്ടേറെപ്പേർ ഗുരുതരമായി പൊള്ളലേറ്റു ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ പലതും ദിവസങ്ങൾക്കു ശേഷമായിരുന്നു തിരിച്ചറിയുവാൻ സാധിച്ചത്. അപകടത്തെ തുടർന്ന് കുറച്ചു കാലം സ്ത്രീകളുടെ സീറ്റ് പുറകിൽ ആയിരുന്നു. പിന്നീട് വീണ്ടും മുൻപിലേക്ക് മാറ്റുകയായിരുന്നു. ഇന്നും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും രക്ഷപെട്ട യാത്രക്കാർക്കും സമീപവാസികൾക്കുമെല്ലാം നടുക്കുന്ന ഓർമയാണ് ഐങ്കൊമ്പ് ബസ് അപകടം. ദുരന്ത സ്ഥലത്തുനിന്നും കത്തിക്കരിഞ്ഞ ബസിനുള്ളിലെ ശരീരാവശിഷ്ടങ്ങളിൽനിന്നും ലഭിച്ച ഇതേവരെ അവകാശികളാരും തേടിയെത്താത്ത 100 ഗ്രാമോളം സ്വർണം, വെള്ളി ഉരുപ്പടികൾ സർകാരിന് കിട്ടി. കത്തികരിഞ്ഞ മൃതദേഹങ്ങളിൽ ഒട്ടിപ്പിടിച്ച ആഭരണങ്ങൾ പലതും തിരിച്ചറിയാനാവാത്ത നിലയിലാണ്. ഇവയിൽ തിരിച്ചറിഞ്ഞവ അവകാശികൾ നേരത്തെ കൈപ്പറിയിരുന്നു.

അവശേഷിക്കുന്ന ഉരുപ്പടികൾ അവകാശികൾ കൈപ്പറണമെന്ന് കാണിച്ച് കോടതി നിരവധി തവണ അറിയിപ്പ് നൽകിയിട്ടും ആരും എത്തിയിട്ടില്ല. തീയിൽ ഉരുകിയ ഉരുപ്പടികൾ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. തിരിച്ചറിയാനാവാത്ത ആഭരണങ്ങളിൽ അവകാശവാദം ഉയിക്കാൻ കഴിയാത്തതോ മനസിനേറ്റ മുറിവ് ഇനിയും ഉണങ്ങാത്തതോ ആവാം ഉരുപ്പടികതേടി അവകാശികൾ എത്താത്തതിന് കാരണം എന്നായിരുന്നു വിലയിരുത്തൽ. ദുരന്ത കാരണങ്ങളെക്കുറിച്ചും മറ്റും പിന്നീടു വിശദമായ അന്വേഷണങ്ങളും നിയമനടപടികളുമുണ്ടായി. 15 വർഷത്തോളം കോടതിയിൽ നിയമവ്യവഹാരവും നടന്നു. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. എന്നാൽ ബസുകാരന് നഷ്ടമൊന്നും ഉണ്ടായില്ല. അന്നത്തെ പത്രങ്ങളിൽ ഐങ്കൊമ്പ് ബസ്സപകടത്തിന്റെ വാർത്തകളും ചിത്രങ്ങളുമൊക്കെ നടുക്കത്തോടെയായിരുന്നു കേരളം വായിച്ചറിഞ്ഞത്.

അന്ന് പരിക്കേറ്റവരിൽ പലരും നടുക്കുന്ന ഓർമ്മകളിൽ നിന്നും ഭീതിയിൽ നിന്നും മോചിതരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാൻ കാലങ്ങളെടുത്തു. അവരിൽ പലരും പിന്നീട് ബസ് യാത്രകൾ ചെയ്യുവാൻ മടിക്കുന്ന അവസ്ഥയും ഉണ്ടായി. 24 വർഷം മുൻപ് നടന്ന ഈ ബസപകടത്തിന് ശേഷമാണ് കെഎസ്ആർടിസി ബസുകളുടെ പിന്നിൽ മാത്രമല്ല, മുന്നിലും വാതിലുകൾ വയ്ക്കാനും, സത്രീകളുടെ സീറ്റ് പിന്നിലേക്ക് ആക്കുവാനുമുള്ള തീരുമാനം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP