Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പത്മശ്രീ ഒക്കെ യൂസഫലിയേയും രവി പിള്ളയേയും പോലെയുള്ള സാധാരണക്കാർക്ക്! ബോബി ചെമ്മണ്ണൂരിന് വേണ്ടത് കുറഞ്ഞത് പത്മവിഭൂഷൻ! 800 കിലോമീറ്റർ 'ഓടിയ' വിവാദ വ്യവസായിയുടെ പേര് മന്ത്രിസഭയുടെ പരിഗണനയിൽ

പത്മശ്രീ ഒക്കെ യൂസഫലിയേയും രവി പിള്ളയേയും പോലെയുള്ള സാധാരണക്കാർക്ക്! ബോബി ചെമ്മണ്ണൂരിന് വേണ്ടത് കുറഞ്ഞത് പത്മവിഭൂഷൻ! 800 കിലോമീറ്റർ 'ഓടിയ' വിവാദ വ്യവസായിയുടെ പേര് മന്ത്രിസഭയുടെ പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു പത്മശ്രീ കിട്ടാൻ മോഹിക്കാത്ത ആരെങ്കിലും ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാകുമോ? രാജ്യം നൽകി ആദരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിൽ ഒന്നായ പത്മശ്രീ ലഭിക്കാൻ കോടികൾ വരെ മുടക്കാൻ ആളുകൾ ഉണ്ടെന്നാണ് അവാർഡ് പ്രഖ്യാപന സമയത്ത് ഉയർന്ന് വരുന്ന പ്രധാന ആരോപണം. പേരിനൊപ്പം എന്തെങ്കിലും ഒക്കെ ചേർക്കാൻ മോഹിക്കുന്നവർക്ക് ഇതിൽ കൂടുതൽ മറ്റൊരു അംഗീകാരവും വേറെയില്ല. സിനിമാ നടന്മാരും രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും ഒക്കെ പത്മശ്രീയ്ക്ക് വേണ്ടി ഇടിച്ച് കെട്ടി നടക്കുന്ന കാര്യം നാട്ടിൽ എല്ലാവർക്കും അറിയാം. എന്നാൽ ഇക്കാര്യത്തിൽ സർവ്വരേയും തോല്പിക്കുന്നത് ബിസിനസുകാർ ആണ്. കോടികളാണ് അവർ പത്മ അവാർഡിന് വേണ്ടി മുടക്കുന്നത്. ഇങ്ങനെ പത്മശ്രീ മോഹിക്കുന്ന അരിപ്രാഞ്ചികളെ പറ്റിക്കുന്ന കഥ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനിലൂടെ മലയാളികൾ ശരിക്കറിഞ്ഞു.

വീണ്ടും ഒരു പത്മശ്രീ കാലം അടുത്ത് വരികയാണ്. അടുത്ത വർഷത്തെ പത്മശ്രീയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി കഴിഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളും തങ്ങളുടെ ശുപാർശാ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ രാഷ്ട്രീയക്കാരുടെ പിൻബലത്തോടെ അനേകം പേർ അപേക്ഷ സമർപ്പിച്ച് കഴിഞ്ഞു. കേരളത്തിന് ലഭിച്ച അപേക്ഷകൾ എല്ലാം പരിഗണിച്ച് ശുപാർശ സമർപ്പിക്കാനുള്ള മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ഇന്നലെ ആയിരുന്നു. ഇന്നലെ ക്യാബിനറ്റിന് ശേഷം കൂടിയ മന്ത്രിസഭാ ഉപസമിതി അനേകം അപേക്ഷകൾ പരിഗണിച്ചതായാണ് റിപ്പോർട്ട്. ഇതിലെ പേരുകൾ വരും ദിവസങ്ങളിൽ പുറത്ത് വരും. മന്ത്രിമാരായ കെസി ജോസഫ്, പിജോ ജോസഫ്, അടൂർ പ്രകാശ്, എന്നിവരടങ്ങിയ കമ്മറ്റിയാണ് പ്രാഥമിക പരിശോധനകൾ നടത്തി മന്ത്രിസഭായോഗത്തിലേക്ക് പേരുകൾ സമർപ്പിക്കാൻ ചുമതലപ്പെട്ടവർ.

Stories you may Like

ഇന്നലെ യോഗം ചേർന്ന ഉപസമിതി ആദ്യം പരിഗണിച്ചത് വിവാദ സ്വർണ്ണ-പണമിടപാട് കച്ചവടക്കാരൻ ബോബി ചെമ്മണ്ണൂരിന്റെ പേരാണ്. ശുപാർശാ ലിസ്റ്റിൽ ബോബിയുടെ പേര് ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉപസമിതി ഏതാണ്ട് ഏകകണ്ഠമായി തന്നെ യോജിച്ചതായാണ് റിപ്പോർട്ട്. 800 കിലോ മീറ്റർ 'ഓടി' റിക്കോർഡ് ഇട്ട ബോബി ചെമ്മണ്ണൂർ രക്തദാന സന്ദേശം ലോകത്തിന് നൽകി എന്നതിന്റെ പേരിലാണ് ശുപാർശ ചെയ്യാൻ തയ്യാറെടുക്കുന്നത്. മന്ത്രിസഭാ ഉപസമിതി ശുപാർശ ചെയ്യാനിടയുള്ള പട്ടികയിൽ ബോബി ചെമ്മണ്ണൂരിന്റെ പേര് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അപേക്ഷ കണ്ട ഞെട്ടലിലാണ് പലരും. കാരണം പ്രമുഖ വ്യവസായികളായ എംഎ യൂസഫലിക്കും രവി പിള്ളയ്ക്കും ഒക്കെ കൊടുത്ത പത്മശ്രീ കൊണ്ട് തൃപ്തി അടയാൻ ബോബി ഒരുക്കമല്ല. ബോബി ചെമ്മണ്ണൂർ അപേക്ഷിക്കുന്നത് രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷന് വേണ്ടിയാണ്. വല്ലപ്പോഴും മാത്രം നൽകുന്ന ഭാരതരത്‌നം കഴിഞ്ഞാൽ പിന്നെ രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരമാണ് പത്മവിഭൂഷൻ. പത്മവിഭൂഷണും പത്മഭൂഷണും കഴിഞ്ഞാണ് പത്മശ്രീയുടെ സ്ഥാനം.

കേരളീയ സമൂഹത്തെ മാറ്റി മറിക്കാൻ ബോബി ചെമ്മണ്ണൂർ ഇതുവരെ ചെയ്ത സർവ്വ പ്രവർത്തികളുടെയും ലിസ്റ്റ് സഹിതമാണ് വിവാദ വ്യവസായിയുടെ അപേക്ഷ സർക്കാരിന് ലഭിച്ചത്. എന്നാൽ ബോബിയുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളെക്കുറിച്ച് ഇതിൽ പരാമർശമില്ല. കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവറുടെ സ്ഥലം തട്ടിയെടുത്ത കേസിൽ അടക്കം അനവധി കേസുകലിൽ ബോബിയെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. സ്ത്രീ പീഡനം അടക്കമുള്ള കാര്യങ്ങളിൽ ആരോപണവിധേയനാണു ബോബി ചെമ്മണ്ണൂർ എന്ന് ആരോപിച്ച് ഗവൺമെന്റ് ചീഫ് വിപ്പ് പി സി ജോർജ്ജ് നല്കിയ പരാതിയിലും ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്. ഈ വിവരങ്ങൾ ഒന്നും അപേക്ഷയിൽ ഇല്ല. ഇതൊക്കെ അന്വേഷിച്ച ശേഷം ശുപാർശചെയ്യേണ്ട മന്ത്രിസഭാ ഉപസമിതി ആവട്ടെ അത്തരത്തിലുള്ള ആലോചനകളിലേക്കൊന്നും പോയതായി റിപ്പോർട്ടില്ല. ഉപസമിതി ബോബിയുടെ പേര് ശുപാർശാ ലിസ്റ്റിൽ ചേർത്താൽ സ്വാഭാവികമായും അത് കാബിനറ്റ് അംഗീകരിക്കുകയും ബോബി ചെമ്മണ്ണൂരിന് ശുപാർശ ചെയ്തുകൊണ്ടുള്ള സർക്കാർ തീരുമാനം ഡൽഹിക്ക് അയക്കുകയും ചെയ്യും. 

ഇങ്ങനെ സർക്കാർ ശുപാർശ ചെയ്യുന്നു എന്നതുകൊണ്ട് മാത്രം ബോബിക്ക് അവാർഡ് ലഭിക്കില്ലെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞവർഷം 80 പേർക്ക് രാജ്യം പത്മ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചപ്പോൾ ഇതിൽ നടൻ കെ മധു മാത്രമായിരുന്നു മലയാളത്തിന്റെ സാന്നിധ്യം. മാത്രമല്ല നാല് പേർ മാത്രമാണ് പത്മവിഭൂഷൻ അവാർഡിന് അർഹരായതും. കലാവിഭാഗത്തിൽ നിന്ന് രഘുനാഥ് മോഹപത്ര, എസ്. ഹൈദർ റാസ, സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ നിന്നു യാഷ് പാൽ, റോദം നരസിംഹ എന്നിവർക്കാണ് 2013ൽ പത്മവിഭൂഷൻ ലഭിച്ചത്. രാഹുൽ ദ്രാവിഡ്, ശർമിള ടാഗോൾ, എസ് ജാനകി തുടങ്ങിയവർക്ക് പത്മഭൂഷൺ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ഇങ്ങനെ രാജ്യത്തെ അതിപ്രഗത്ഭരായ വ്യക്തിത്വങ്ങൾക്ക് നൽകിയ പുരസ്‌ക്കാരത്തിലാണ് ബോബി ചെമ്മണ്ണൂർ കണ്ണുവച്ചിരിക്കുന്നത്. മധുവിന് പത്മഭൂഷൺ സ്ഥാനത്തേക്ക് ശുപാർശ ചെയ്തപ്പോഴാണ് പത്മശ്രീ അവാർഡെങ്കിലും ലഭിച്ചത്. അതുകൊണ്ട് തന്നെ രക്തദാനത്തിന്റെ മഹത്വം ലോകത്തെ അറിയിക്കാൻ കോടികൾ മുടക്കി കാസർകോഡ് നിന്നും തിരുവനന്തപുരം വരെ ഓടിയത് മാത്രം പരിഗണിച്ച് അവാർഡ് കൊടുക്കാൻ സാധ്യത കുറവാണ്. അടുത്തിടെ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങിയതും ബോബിക്ക് വിനയായേക്കും. പത്മ അവാർഡ് നേടിയ നടൻ സെയ്ഫ് അലി ഖാൻ തല്ലുകേസിൽ പ്രതിയായതിന്റെ പേരിൽ അദ്ദേഹത്തിന് നൽകിയ അവാർഡ് തിരിച്ചെടുക്കാൻ സർക്കാർ അടുത്തിടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന്റെ ശുപാർശ പട്ടികയിൽ ഇടംപിടിച്ചാലും അവാർഡ് അതിമോഹമാകുമെന്നാണ് സൂചന.

അനേകം മലയാളികൾക്ക് ഇതിനോടകം പത്മശ്രീ ലഭിച്ചിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും പണം കൊടുത്ത് വാങ്ങിയതും ഉന്നത ബന്ധം മൂലം ലഭിച്ചവയുമാണ് എന്ന ആരോപണം ഉണ്ട്. എന്നാൽ പത്മവിഭൂഷനെകുറിച്ച് ഇതുവരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടില്ല. കേരളത്തിൽ നിന്നും ഇതുവരെ ഒൻപത് പേർക്കുമാത്രമാണ് പത്മവിഭീഷൻ ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ മന്ത്രി ആയിരുന്ന വി കെ കൃഷ്ണമേനോനാണ്(1955) ആദ്യം പത്മവിഭൂഷൻ നേടുന്നത്. ഡോ. ജോൺ മത്തായി - ലിറ്ററേച്ചർ - എഡ്യുകേഷൻ (1959), ഡോ.കെആർ രാമാനന്ദൻ- സയൻസ് ആന്റ് എഞ്ചിനീയറിങ്ങ് (1976) പ്രൊഫ. എംജികെ മോനോൻ - സിവിൽ സർവ്വീസ് (1985), ജസ്റ്റിസ് വിആർ കൃഷ്ണയ്യർ - പബ്ലിക് അഫയേഴ്‌സ് (1999), പ്രൊഫ. കെഎൻ രാജ്-ലിറ്ററേച്ചർ ആന്റ് എഡ്യക്കേഷൻ (2000), അടൂർ ഗോപാലകൃഷ്ണൻ -സിനിമ (2006), ജോർജ്ജ് സുദർശൻ - സയൻസ് ആന്റ് എൻഞ്ചിനീയറിങ്ങ് (2007), ഒഎൻവി കുറുപ്പ് - സാഹിത്യം (2011) എന്നിവരാണ് മറ്റ് ജേതാക്കൾ. ഈ പട്ടികയിലേക്ക് ബോബി ചെമ്മണ്ണൂരും വരുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. 27 കോടി രൂപ മുടക്കിയാണ് ബോബി ചെമ്മണ്ണൂർ മാരത്തോൺ നടത്തിയതെന്നും ഇത് പത്മശ്രീ ലക്ഷ്യം വച്ചായിരുന്നു എന്നുമുള്ള ആരോപണം നിലവിലുണ്ട്. എന്നാൽ അപേക്ഷ പത്മവിഭൂഷൻ ആയതോടെ ബോബിയുമായി അടുപ്പമുള്ളവർ പോലും അത്ഭുതപ്പെടുകയാണ്.

സ്വാതന്ത്ര്യദിനം പ്രമാണിച്ചും സെർവർ ചെയ്ഞ്ച് സംബന്ധിച്ചും ഓഫീസ് അവധിയായതിനാൽ നാളെ (15-8-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP