Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടും; സംഘടനാ തെരഞ്ഞെടുപ്പിൽ കരുത്തും കാട്ടും; ചെന്താരകത്തെ തഴഞ്ഞതിൽ അമ്പാടിമുക്കിലെ സഖാക്കൾ നിരാശയിൽ; അഴിക്കോട്ട് നേതാവിനെ സ്ഥാനാർത്ഥിയായി മോഹിച്ച പിജെ ആർമിയും വേദനയിൽ; പി ജയരാജന്റെ ഇനിയുള്ള ലക്ഷ്യം കണ്ണൂരിലെ പാർട്ടി സമവാക്യത്തെ പൊളിക്കൽ

ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടും; സംഘടനാ തെരഞ്ഞെടുപ്പിൽ കരുത്തും കാട്ടും; ചെന്താരകത്തെ തഴഞ്ഞതിൽ അമ്പാടിമുക്കിലെ സഖാക്കൾ നിരാശയിൽ; അഴിക്കോട്ട് നേതാവിനെ സ്ഥാനാർത്ഥിയായി മോഹിച്ച പിജെ ആർമിയും വേദനയിൽ; പി ജയരാജന്റെ ഇനിയുള്ള ലക്ഷ്യം കണ്ണൂരിലെ പാർട്ടി സമവാക്യത്തെ പൊളിക്കൽ

അനീഷ് കുമാർ

കണ്ണൂർ: തങ്ങളുടെ രക്ഷകനായ പി.ജയരാജനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും തഴഞ്ഞതിൽ അമ്പാടിമുക്കിലെ സഖാക്കൾക്ക് കടുത്ത നിരാശയും അമർഷവും . വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്നും ജയരാജൻ ജനവിധി തേടുമെന്ന പ്രതീക്ഷ അമ്പാടിമുക്കിലെ സഖാക്കൾക്കുണ്ടായിരുന്നു. എന്നാൽ അതാണിപ്പോൾ അസ്ഥാനത്തായിരിക്കുന്നത്.

എന്നാൽ ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടാനാണ് പി.ജയരാജന്റെ തീരുമാനം. തങ്ങളുടെ ചങ്കായ പി.ജെയ്ക്കു പിന്നിൽ ഈ പോരാട്ടത്തിന് പിന്നിൽ അണിനിരക്കുക തന്നെ ചെയ്യുമെന്ന് പി.ജെ ആർമിയും പറയുന്നു. ഇനി ജയരാജന്റെ ലക്ഷ്യം സംഘടനാ തെരഞ്ഞെടുപ്പാണ്. കണ്ണൂരിലെ മേധാവിത്വം പാർട്ടിക്കുള്ളിൽ നിലനിർത്താൻ സംഘടനാ തെരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയായി വളരാനാകും ജയരാജൻ ശ്രമിക്കുക. കണ്ണൂരിലെ ഇപ്പോഴത്തെ പാർട്ടി അച്ചുതണ്ടിനെ തകർക്കുകയാണ് ജയരാജന്റെ ഇനിയുള്ള ലക്ഷ്യം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ഒരിടത്തും ജയരാജന്റെ പേർ ഉയർന്നു വരാത്തതാണ് പി.ജയരാജനെ ദൈവതുല്യം ആരാധിക്കുന്ന അമ്പാടിമുക്കിലെ സഖാക്കൾക്കും പി.ജെ ആർമിക്കും തിരിച്ചടിയായിരിക്കുന്നത്. പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ആർഎസ്എസ് പ്രവർത്തകരായ അൻപതോളം യുവാക്കളെ സിപിഎമ്മിന്റെ ഭാഗമായി ജ്ഞാനസ്‌നാനം ചെയ്യിക്കുന്നത്. ഇതിനു ശേഷം സി.പി. എം മുൻ കൈയെടുത്ത് ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചത് കേരളത്തിൽ വലിയ വാർത്തയായിരുന്നു.

പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർ പി.ജയരാജൻ എന്ന കരുത്തനായ നേതാവിന്റെ തണലിലാണ് നിന്നത്. ജയരാജനാകട്ടെ അവരെ പല സിപിഎം നിയന്ത്രിത സ്ഥാപനങ്ങളിലും കുടിയിരുത്തുകയും ചെയ്തു. അമ്പാടിമുക്കിൽ നിന്നും സംഘ് പരിവാർ പാളയം വിട്ടു വന്ന ധീരജ് കുമാർ ഇന്ന് സ്പോർട്സ് കൗൺസിൽ ഭാരവാഹിയാണ്. അമ്പാടിമുക്കിലെ സഖാക്കളെപ്പോലെ വിളിച്ചാൽ വിളി പുറത്തുള്ള ആയിരത്തോളം പേർ പി.ജെ ആർമിയിലുമുണ്ട്.

ജയരാജൻ ജില്ലാ സെക്രട്ടറിയായ കാലയളവിൽ സിപിഎമ്മിനായി പ്രതിരോധം തീർത്തത് ഇവരായിരുന്നു. ആധുനിക കായിക പരിശീലനങ്ങൾ ഉൾപ്പെടെ നേടിയ അർധസൈനികവിഭാഗമായി പി.ജെ ആർമി വളരാൻ കാലമേറെയെടുത്തില്ല. എതിരാളികളെ മാനസികമായി തകർക്കാനായി പി.ജെ ആർമിക്ക് പ്രത്യേക സൈബർവിങുമുണ്ടായിരുന്നു. ചെഗുവേരയെയും ജയരാജനെയും ആരാധിക്കുന്ന ഇവർ പടച്ചുവിട്ട സംഗീത ആൽബമാണ് ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ എന്നി നേതാക്കളുടെയും കണ്ണിലെ കരടാക്കിയത്.

മയ്യിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കലാകേന്ദ്രം ചെഞ്ചോര താരകമല്ലേ എന്നു തുടങ്ങുന്ന സംഗീത ശിൽപ്പം പിൻവലിച്ചുവെങ്കിൽ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അതു വൈറലായി കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ തന്നെ പുകഴ്‌ത്തി കൊണ്ടുള്ള ഇത്തരം പ്രവണതകളെ ഫേസ്‌ബുക്കിലൂടെ ജയരാജന് ഗത്യന്തരമില്ലാതെ തള്ളി പറയേണ്ടിയും വന്നു. എന്നാൽ സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംഘടനാ ചർച്ചയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വെറുതെ വിടാൻ തയ്യാറായില്ല. ഒരുത്തൻ കിണ്ണം മുട്ടി നാടുനീളെ സ്വയം വാഴ്‌ത്തിപ്പാടുന്നുവെന്നു തുടങ്ങിയ പിണറായിയുടെ വിമർശനം പിന്നീട് കത്തിക്കയറിയതോടെ ജയരാജൻ നിലം പരിശായി.

പിണറായി പക അവിടെയും തീർന്നില്ല. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നുറപ്പായ വടകര സീറ്റിൽ ജയരാജനെ സ്ഥാനാർത്ഥിയായി നിർത്തുകയും ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തു. ഇല്ലത്ത് നിന്നും പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ലെന്നു പറഞ്ഞതു പോലെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഇറക്കി വിട്ട പി.ജയരാജൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് കെ.മുരളീധരനോട് തോറ്റത്.

പിന്നീട് ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു കൊടുക്കാതെ മൂലയ്ക്കിരുത്തുകയും ചെയ്തു. പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ട ജയരാജൻ തന്റെ ജീവകാരുണ്യ സംഘടനയായ ഐ.ആർ പി.സിയിലുടെ സജീവമാകാൻ ശ്രമിച്ചുവെങ്കിലും പാർട്ടിയിലെ ആദ്യശ്യ കരങ്ങൾ അതിനെയും നിയന്ത്രിച്ചു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി നിയമസഭാ സീറ്റും കണ്ണൂരിലെ ജനകീയ നേതാവിന് നിഷേധിച്ചിരിക്കുകയാണ് എഴുപത് പിന്നിട്ട പി.ജെയ്ക്ക് ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്നറിഞ്ഞു കൊണ്ടു തന്നെ.

എന്നാൽ ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടാനാണ് പി.ജയരാജന്റെ തീരുമാനം. തങ്ങളുടെ ചങ്കായ പി.ജെയ്ക്കു പിന്നിൽ ഈ പോരാട്ടത്തിന് പിന്നിൽ അണിനിരക്കുക തന്നെ ചെയ്യുമെന്ന് പി.ജെ ആർമിയും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP