Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണി മെത്രാന്മാരെ കണ്ട് ഉറപ്പ് വരുത്തി; ജോർജ് അച്ചന്മാരെയും: വോട്ട് വീഴുന്നത് അച്ചന്മാർ പറയുന്നിടത്ത്; മാണി സ്ഥാനാർത്ഥികളെ കൂട്ടത്തോടെ തോൽപിക്കാൻ ഇരുതല മൂർച്ചയുള്ള പദ്ധതിയുമായി ജോർജ്; മുൻ ചീഫ് വിപ്പിന്റെ തന്ത്രത്തിൽ ഉമ്മൻ ചാണ്ടി അടുപ്പക്കാർക്കും പണികിട്ടും

മാണി മെത്രാന്മാരെ കണ്ട് ഉറപ്പ് വരുത്തി; ജോർജ് അച്ചന്മാരെയും: വോട്ട് വീഴുന്നത് അച്ചന്മാർ പറയുന്നിടത്ത്; മാണി സ്ഥാനാർത്ഥികളെ കൂട്ടത്തോടെ തോൽപിക്കാൻ ഇരുതല മൂർച്ചയുള്ള പദ്ധതിയുമായി ജോർജ്; മുൻ ചീഫ് വിപ്പിന്റെ തന്ത്രത്തിൽ ഉമ്മൻ ചാണ്ടി അടുപ്പക്കാർക്കും പണികിട്ടും

ബി രഘുരാജ്‌

കോട്ടയം: ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പി സി ജോർജിന് അതി നിർണായകമാണ്. സ്വന്തം മണ്ഡലത്തിൽ എങ്കിലും നിർണായകമായ സ്വാധീനം ഉണ്ടെന്നു വരുത്തി തീർക്കാൻ സാധിച്ചില്ലെങ്കിൽ ജോർജ്ജിന് ആറു  മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാൻ കഴിയില്ല. അതുകൊണ്ട് കുറച്ച് സീറ്റുകൾ നീക്കു പോക്കുകളോടെ വിജയിക്കുകയും പരമാവധി മാണി സ്ഥാനാർത്ഥികളെ തോല്പിക്കുകയും ചെയ്യാനുള്ള അത്യപൂർവ്വമായ തന്ത്രം ഒരുക്കി ജോർജ് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഒരാഴ്ച ആയപ്പോഴേയ്ക്കും ജോർജ് ഇക്കാര്യത്തിൽ അതിനിർണായകമായ ചില നേട്ടങ്ങൾ കൈവരിച്ചതായാണ് സൂചന. ഇടത് മുന്നണിയുമായി പരസ്യ സഖ്യത്തിലും കോൺഗ്രസിലെ ഐ ഗ്രൂപ്പുമായി രഹസ്യ സഖ്യത്തിലും ഏർപ്പെട്ടാണ് ജോർജ് മുന്നേറ്റം നടത്തുന്നത്. എ ഗ്രൂപ്പ് അല്ലെങ്കിൽ മാണിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടത്താണ് ജോർജിന്റെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. എൽഡിഎഫ് സ്വതന്ത്രനായാണ് ജോർജിന്റെ സ്ഥാനാർത്ഥികൾ മത്സരിക്കുക. ഇവിടങ്ങളിൽ സിപിഎമ്മിന് പുറമെ ഐ ഗ്രൂപ്പിന്റെ വോട്ടുകൂടി ഉറപ്പു വരുത്തി വിജയം ഉറപ്പിക്കാൻ ആണ് ശ്രമം.

മാണിയുടെ മറ്റ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടത്ത് ജോർജ് വിമതരെയും രംഗത്ത് ഇറക്കുന്നുണ്ട്. സ്ഥലത്തെ വൈദികർ അടക്കമുള്ള പ്രമുഖരുടെ നേതൃത്വത്തിൽ പൊതു സ്വതന്ത്രൻ എന്ന നിലയിൽ സ്ഥാനാർത്ഥിയെ നിർത്തിച്ചാണ് ജോർജ് തിരിച്ചടിക്കുന്നത്. ഈ പൊതു സ്വതന്ത്രന്മാർ മാണിയുടെ സ്ഥാനാർത്ഥികൾക്ക് വൻ ഭീഷണിയായി മാറുകയാണ്. ഇത്തരം സ്ഥാനാർത്ഥികളെ നിർത്തുന്നത് പൂർണമായും പ്രാദേശിക നേതാക്കളും വൈദികരും അടങ്ങിയ സംഘവുമാണ്. ജോർജ് ഇടപെടുകയില്ല. മാണിയുടെ സ്ഥാനാർത്ഥികളെ തോല്പിക്കുക എന്നല്ലാതെ മറ്റാര് ജയിക്കുന്നു എന്നത് ജോർജിന് ഒട്ടും പ്രധാനമല്ലെന്നർത്ഥം. ഇതിലൂടെ കോട്ടയം രാഷ്ട്രീയത്തിൽ കെ എം മാണിയുടേയും കേരളാ കോൺഗ്രസിന്റേയും അസ്ഥിവാരം ഇളക്കാനാണ് പദ്ധതി. ഇതിനൊപ്പം ഇടതുമുന്നണിയിൽ നിന്ന് കിട്ടുന്ന സീറ്റുകളിലെല്ലാം ജയിക്കാനും ജോർജ് തന്ത്രങ്ങൾ ഒരുക്കുന്നത്.

വളരെ പ്രാദേശികമായി തന്ത്രമാണ് ഇതിന് ജോർജ് ഒരുക്കുന്നത്. കെഎം മാണിയോട് കത്തോലിക്ക സഭയുടെ താൽപ്പര്യം വ്യക്തമാണ്. എല്ലാ മെത്രാന്മാരുമായും അടുത്ത ബന്ധം അദ്ദേഹത്തിനുണ്ട്. ഇതുപയോഗിച്ചാണ് കോട്ടയത്തും ഇടുക്കിയിലും രാഷ്ട്രീയ ശക്തിയായി ജോർജ് നിലയുറപ്പിച്ചത്്. ഇതിനാണ് മറുതന്ത്രമൊരുക്കി തടയിടാൻ ജോർജിന്റെ ശ്രമം. പ്രാദേശിക തലത്തിൽ പള്ളിയിലെ അച്ചന്മാരുമായി ചങ്ങാത്തം ഉണ്ടാക്കിയാണ് ഇത്. മാണിയുമായി തെറ്റിയപ്പോൾ മുതൽ ഈ തന്ത്രത്തിന് രൂപം നൽകി. ഇതിന്റെ ഭാഗമായി മാണിയുടെ ശക്തി കേന്ദ്രങ്ങളിലെ പള്ളിയിലെ അച്ചന്മാരുമായി ജോർജ് വ്യക്തി ബന്ധം ഉണ്ടാക്കി. ഈ ബന്ധം തെരഞ്ഞെടുപ്പിൽ ഗുണകരമാക്കാനാണ് ഇപ്പോഴത്തെ നീക്കം. മിക്ക അച്ചന്മാർക്കും ജോർജുമായി നല്ല അടുപ്പമുണ്ട്. ഇതൊക്കെ മാണിക്ക് എതിരായ വോട്ടായി മാറുമെന്നാണ് സൂചന.

മെത്രോന്മാരും ബിഷപ്പുമാരുമൊക്കെ എന്തൊക്കെ പറഞ്ഞാലും ക്രിസ്ത്യൻ വോട്ടർമാരിൽ അതിന്റെ സന്ദേശം എത്തേണ്ടത് പള്ളിയിലെ അച്ചന്മാരിലൂടെയാണ്. സാധാരണ ക്രൈസ്തവരുമായും ഇവർക്ക് നല്ല അടുപ്പമുണ്ട്. ഈ സാഹചര്യത്തിൽ അച്ചന്മാർ പറയുന്ന പരോക്ഷ നിർദ്ദേശം പോലും വിശ്വാസികൾ അനുസരിക്കും. അതാത് ഇടവകകളിൽ വ്യക്തിബന്ധമുള്ള നല്ല വ്യക്തിത്വങ്ങളെ കണ്ടെത്തി സ്വതന്ത്രരായി ജോർജ് മത്സരിപ്പിക്കുന്നു. അതിന് അച്ചന്റെ അഭിപ്രായവും തേടും. ഇങ്ങനെ രഹസ്യ ഇടപെടലിലൂടെ സ്വതന്ത്രരായെത്തുന്നവരെ പ്രാദേശിക സാഹചര്യത്തിൽ സഹായിക്കാൻ അച്ചന്മാർ ആവശ്യപ്പെടും. അവർക്ക വോട്ടം ലഭിക്കും. സ്വാഭാവികമായും യുഡിഎഫ് സ്ഥാനാർത്ഥികളെയാകും ഇത് ബാധിക്കുക. കോട്ടയത്ത് ഈ തന്ത്രം വ്യാപകമായി പ്രവർത്തിച്ചു കഴിഞ്ഞു. കേരളാ കോൺഗ്രസ് മാണിയുടെ സ്ഥാനാർത്ഥികൾക്കെതിരേയും ഐ ഗ്രൂപ്പുകാർക്കെതിരെയുമാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ബാർ കോഴയിൽ കോൺഗ്രസിലെ ഐ വിഭാഗവുമായാണ് ജോർജ് സഹകരിച്ചതെന്നായിരുന്നു ആക്ഷേപം. മാണിയെ ബാർ കോഴയിൽപ്പെടുത്തി മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കാനുള്ള തന്ത്രമായിരുന്നു അത്. സോളാറിൽ മുഖ്യമന്ത്രി വീഴുമെന്ന പ്രതീക്ഷയിലുള്ള നീക്കം. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള കള്ളക്കളിയായിരുന്നു അത്. ഈ കളി തിരിച്ചറിഞ്ഞാണ് ജോർജിനെതിരെ മാണി നടപടിയെടുത്തത്. ഐ ഗ്രൂപ്പ് എത്ര ശ്രമിച്ചിട്ടും മാണി വഴങ്ങിയുമില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫിലെ ചിലരെ മാത്രം തോൽപ്പിക്കാൻ തദ്ദേശത്തിൽ ജോർജിന്റെ ശ്രമം. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാർ തോൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകാനും ജോർജ് ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഐ ഗ്രൂപ്പിന്റെ മാനസിക പിന്തുണ ഇപ്പോഴും ജോർജിനുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പിന്തുണ ഇടതുപക്ഷത്തിനായിരിക്കുമെന്ന് പി.സി ജോർജ് എംഎ‍ൽഎ. തനിക്കൊപ്പം നിൽകുന്നവരും എൽഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണക്കും. താനുമായി ബന്ധമുള്ളവർ എൽഡിഎഫിനൊപ്പം മത്സരിക്കുമെന്നും ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് മാണി വിഭാഗം തിരസ്‌കരിക്കപ്പെടും. ക്രിസ്ത്യാനി എന്ന വർഗീയത ഉള്ളതുകൊണ്ടാണ് ബിഷപ്പുമാർ മാണിക്കെതിരെ മിണ്ടാത്തത്. ബിജെപി നേട്ടം കൊയ്യുമെന്നും ജോർജ് പറയുന്നു. ഈ പ്രഖ്യാപിത അജണ്ടയ്ക്കിടെയാണ് മറ്റ് കള്ളകളികളും. എന്നാൽ ഇത് ഇടതുമുന്നണിയുടെ സാധ്യതകളെ ഒട്ടും ബാധിക്കുന്നില്ല. കോട്ടയത്ത് മാണിക്കും എ ഗ്രൂപ്പിനുമാണ് സ്വാധീനം. അതുകൊണ്ട് തന്നെ നാമമാത്രമായ ഐ ഗ്രൂപ്പുകാരെ മത്സരത്തിനുള്ളൂ.

അതിനാൽ യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ജോർജ് നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ഇടതു പക്ഷവും പരോക്ഷമായി പിന്തുണയ്ക്കുന്നു. എന്നാൽ തോൽവിയാണ് ഇടതു പക്ഷത്തിന് സംഭവിക്കുന്നതെങ്കിൽ ജോർജിന് തന്നെയാകും നഷ്ടം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോർജ്ജുമായി ഇടതുപക്ഷം സഹകരിക്കില്ല. ഈ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് ജോർജിന്റെ നീക്കങ്ങൾ. കോട്ടയത്ത് ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് സെക്കുലറിന് രണ്ടുസീറ്റ് നൽകാൻ ഇടതുമുന്നണിയിൽ ധാരണയായിട്ടുണ്ട്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളാകും സെക്കുലറിന് നൽകുക. നേരത്തേ മുണ്ടക്കയവും കുറവിലങ്ങാടും ആവശ്യപ്പെട്ടെങ്കിലും ആകെ 22 സീറ്റിൽ രണ്ടെണ്ണം തർക്കത്തിന് ഇടനൽകാതെ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഈ രണ്ട് സീറ്റിലും ജയിക്കേണ്ടതും ജോർജിന്റെ പ്രസ്റ്റീജ് വിഷയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP