Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള കനാൽ നികത്തി 40 സെന്റ് നിറയെ ബിജു രമേശ് ഓഡിറ്റോറിയം പണിതു; തലസ്ഥാനത്തെ വെള്ളപ്പൊക്കം തടയാൻ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് റിപ്പോർട്ട് നൽകിയ കളക്ടറെ സ്ഥലം മാറ്റി; ആപത്തിൽ നിന്ന് സുഹൃത്തിനെ രക്ഷിക്കാൻ മന്ത്രി അടൂർ പ്രകാശ് നേരിട്ട് രംഗത്ത്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള കനാൽ നികത്തി 40 സെന്റ് നിറയെ ബിജു രമേശ് ഓഡിറ്റോറിയം പണിതു; തലസ്ഥാനത്തെ വെള്ളപ്പൊക്കം തടയാൻ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് റിപ്പോർട്ട് നൽകിയ കളക്ടറെ സ്ഥലം മാറ്റി; ആപത്തിൽ നിന്ന് സുഹൃത്തിനെ രക്ഷിക്കാൻ മന്ത്രി അടൂർ പ്രകാശ് നേരിട്ട് രംഗത്ത്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥ കുളത്തോട് ചേർന്നുള്ള കുളം നികത്തി ബിജു രമേശ് അനധികൃതമായി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാതിരിക്കാൻ സർക്കാരിന്റെ കള്ളക്കളി. വെള്ളക്കെട്ടിൽ നിന്നും തലസ്ഥാനത്തെ രക്ഷിക്കാൻ കളക്ടറായിരുന്ന ബിജു പ്രഭാകർ ഒരുക്കിയ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. 40 സെന്റ് സ്ഥലത്തെ കുളവും 12 സെന്റ് സ്ഥലത്തെ ഓടയും മൂടിയാണ് രാജധാനി ഓഡിറ്റോറിയം പണിതതെന്ന് വ്യക്തമായതോടെ ഇത് പൊളിക്കാൻ നടപടി എടുത്ത ബിജു പ്രഭാകറിനെ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട് മാറ്റുകയായിരുന്നു. എന്നാൽ സബ് കളക്ടർ കാർത്തികേയൻ നടപടികളുമായി മുന്നോട്ട് പോയതോടെ മന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു.

തലസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നം പരിഹരിക്കാൻ ബിജു രമേശ് നിർമ്മിച്ച അനധികൃത കെട്ടിടം പൊളിക്കുക മാത്രം രക്ഷയുള്ളൂ എന്നാണ് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. ഓപ്പറേഷൻ അനന്തയുടെ ബാക്കി നടപടികൾ അവിടെ വരെ എത്തി നില്ക്കുകയാണ്. മറ്റ് പല പ്രമുഖരും ആദ്യം എതിർത്തെങ്കിലും ഒടുവിൽ വഴങ്ങി കൊടുത്തപ്പോഴാണ് ബിജു രമേശിന് വേണ്ടി അടൂർ പ്രകാശ് നേരിട്ട് രംഗത്തിറങ്ങിയത്. മന്ത്രിയും ബിജു രമേശും മക്കളെ വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുകയാണ്. ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങൾ നിലവിൽ ഇരിക്കുമ്പോൾ ആണ് ബിജുവിന്റെ ബഹുനില മന്ദിരം രക്ഷിക്കാൻ മന്ത്രി തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയത്.

മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം എല്ലാ നടപടികളും നിർത്തി വച്ചിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുമായി സംസാരിച്ച് തല്ക്കാലും കൊടതിയിൽ നിന്നും സറ്റേ വാങ്ങി തരാം എന്ന ഉറപ്പിലാണ് ഇപ്പോൾ കാര്യങ്ങൾ നീക്കുന്നതെന്നാണ് സൂചന. തിങ്കളാഴ്‌ച്ചയോടെ കോടതിയിൽ ബിജു രമേശ് അപേക്ഷ നല്കുമെന്നും സർക്കാർ എതിർക്കില്ലെന്നുമാണ് ലഭിച്ചിരിക്കുന്ന ഉറപ്പ്. ഈ ഉറപ്പിന്റെ പേരിൽ ഓപ്പറേഷൻ അനന്ത തന്നെ തടയാൻ ആണ് നീക്കം സജീവമായി നടക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ളതാണ് രാജധാനി ബിൽഡിങ്. ഇതിനിടെയിൽ തന്നെയാണ് ബിജു രമേശിന്റെ വീടും. ശതകോടികളുടെ അമൂല്യസമ്പത്തുള്ള ക്ഷേത്രത്തിന് സുരക്ഷാ ഭീഷണിയാണ് ഈ കെട്ടിടമെന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ട് തന്നെ പൊളിച്ചാൽ പിന്നെ കനാൽ പുനഃസ്ഥാപിച്ച ശേഷം ഈ പരിസരത്തൊന്നും യാതൊരു നിർമ്മാണവും നടത്താനുമാകില്ല. ഈ സാഹചര്യമെല്ലാം തിരിച്ചറിഞ്ഞായിരുന്നു ഓപ്പറേഷൻ അനന്തയെ അട്ടിമറിച്ചത്.

തെക്കനംകര കനാലിന് മുകളിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമാണ് പ്രശ്‌നം. രാജധാനി കല്ല്യാണമണ്ഡപം, ജ്യൂലറി എന്നിവയാണ് വിവാദത്തിൽപ്പെടുന്നത്. തെക്കനംകര കനാലായിരുന്നു തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് പരിഹാരമായി തിരുവിതാംകൂർ രാജാവ് നിർമ്മിച്ചത്. കിഴക്കേകോട്ടയിലെ വെള്ളം ശാസ്ത്രീയമായി ശ്രീവരാഹത്തെ കനാലിൽ എത്തിക്കാനായിരുന്നു ഇത്. അനധികൃത കെട്ടിടങ്ങൾക്കൊപ്പം മാലിന്യവും നിറഞ്ഞതോടെ ഈ കനാൽ അടഞ്ഞു. കിഴക്കേ കോട്ടയിലേയും തമ്പാനൂരിലെയും വെള്ളക്കെട്ടും തുടങ്ങി. ഈ ഓട പുനഃസ്ഥാപിക്കാനായിരുന്നു ഓപ്പറേഷൻ അനന്ത. കർശന നിലപാടിലൂടെ ചെറുകിടക്കാരുടെ കൈയേറ്റങ്ങൾ മുഴുവൻ ബിജു പ്രഭാകർ ഒഴിപ്പിച്ചു. കനാലിന്റെ പഴയ സ്‌കെച്ചുകൾ പരിശോധിച്ചപ്പോഴാണ് കനാലിനെ ഇല്ലാതാക്കിയ കെട്ടിടെ ബിജു പ്രഭാകറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെയും കർശന നിലപാട് എടുക്കാൻ കളക്ടർ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ബിജു പ്രഭാകറിനെ തന്നെ മാറ്റി പദ്ധതി അട്ടിമറിച്ചു.

ശ്രീ പത്മനാഭക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കുതിരമാളിക വളപ്പിലാണ് ഓപ്പറേഷൻ അനന്തയുടെ അവസാനവട്ട സർവേ നടന്നത്. അഞ്ചടിയോളം മണ്ണ് നീക്കംചെയ്ത് ഓട കണ്ടുപിടിക്കുകയായിരുന്നു. ഓട എത്തിനിൽക്കുന്നത് കുതിരമാളികയുടെ തൊട്ടടുത്ത അഞ്ചുനിലയുള്ള രാജധാനി ബിൽഡിങ്‌സിന്റെ ചുമരിനോട് ചേർന്നാണ്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് ബഹുനില കെട്ടിട്ടം. കല്യാണമണ്ഡപവും പഴയ രാജധാനി ബാറും ലക്ഷ്മി ജൂവലറിയുമൊക്കെ സ്ഥിതിചെയ്യുന്നത് ഈ കെട്ടിടത്തിലാണ്. തെക്കനംകര കനാലിന്റെ പാതയും ഇതിന് തടസ്സമായേക്കാവുന്ന കെട്ടിടങ്ങളും കണ്ടത്തൊനാണ് റവന്യൂ വകുപ്പ് സർവേ നടത്തിയത്. അഞ്ച് അടി താഴെയാണ് തെക്കനംകര കനാലിന്റെ മുകളിലെ സ്‌ളാബ്. ഇവിടെ 20 അടിയോളം ആഴത്തിലാണ് കനാൽ നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലും ചാന്തും ഉപയോഗിച്ചു നിർമ്മിച്ച കനാൽ കാലപ്പഴക്കംകൊണ്ട് തകരാവുന്ന അവസ്ഥയിലാണെന്ന് അനന്ത ടീം പറഞ്ഞു. രാജധാനി ബിൽഡിങ്‌സ് ഉടമ ബിജു രമേശിന് റവന്യൂ ഉദ്യോഗസ്ഥർ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെയാണ് അഡ്വക്കേറ്റ് ജനറലിനെ സ്വാധീനിച്ച് അനുകൂല കോടതി വിധി നേടാനുള്ള നീക്കം.

കോൺഗ്രസുകാരനും മുൻ ധനമന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകർ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ തലപ്പത്ത് ബിജു പ്രഭാകർ ആയിരുന്നു. മരുന്നുകളുടെ പർച്ചേസുമായി ബന്ധപ്പെട്ട ഉറച്ച നിലപാടുകൾ കാരണം അന്ന് ആരോഗ്യമന്ത്രിയായിരുന്ന അടൂർ പ്രകാശുമായി ബിജു പ്രഭാകർ തെറ്റി. ഇതോടെ സ്ഥാന ചലനവും വന്നു. ഇടുക്കി കളക്ടറായി സ്ഥാന ചലനം നൽകിയെങ്കിലും ബിജു പ്രഭാകർ അതേറ്റെടുത്തില്ല. തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറാക്കി. ഇതോടെ അടൂർ പ്രകാശും ബിജു പ്രഭാകറും തമ്മിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളായി. മോശം ഭക്ഷണം നൽകിയതിന് അടൂർ പ്രകാശിന്റെ അടുത്ത ബന്ധുവിന്റെ ബേക്കറിയായ ആബ്രോസിയ തന്നെ ബിജു പ്രഭാകർ പൂട്ടിച്ചു. പിന്നീട് അടൂർ പ്രകാശിന്റെ മകന്റെ ഹോട്ടലിലും പരിശോധന നടന്നു.

ഇതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്ഥാനം ബിജു പ്രഭാകറിന് നഷ്ടമായത്. ഈ പ്രശ്‌നത്തിന്റെ തുടക്കമാണ് ഓപ്പറേഷൻ അനന്തയിലുമുള്ളത്. തന്റെ അടുപ്പക്കാരനാണ് ബിജു രമേശ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് കളക്ടറുടെ കളിയെന്നായിരുന്നു റവന്യൂ മന്ത്രിയുടെ നീക്കം. ഓപ്പറേഷൻ അനന്തയെന്ന പദ്ധതി തന്നെ ഇതിനായി ആവഷ്‌കരിച്ചതാണെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നിർദ്ദേശ പ്രകാരം സത്യസന്ധമായി പ്രവർത്തിക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് ബിജു പ്രഭാകറിന്റെ നിലപാട്. അതിനിടെയാണ് അമേരിക്കയിൽ സെമിനാറിൽ പങ്കെടുക്കാൻ ബിജു പ്രഭാകർ അവധി അപേക്ഷ നൽകുന്നത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പായതിനാൽ അവധി അപേക്ഷ സാധാരണ ഗതിയിൽ തള്ളേണ്ടതാണ്. എന്നാൽ ബിജുവിന് ലീവ് അനുവദിച്ചു. അതിന് ശേഷം ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ പുതിയ കളക്ടറെ നിയോഗിക്കുകയും ചെയ്തു. ഈ സമർത്ഥമായ കരുനീക്കത്തിന് പിന്നിൽ റവന്യൂ മന്ത്രിയായിരുന്നു. ബാർ കോഴ അടക്കമുള്ള വിഷയങ്ങളിൽ ധനമന്ത്രി കെ എം മാണിയെ കുടുക്കിയത് അടൂർ പ്രകാശ്-ബിജു രമേശ് കൂട്ടുകെട്ടാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഈ കൂട്ടുകെട്ടിന്റെ മറ്റൊരു ഇരായാണ് ബിജു പ്രഭാകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP