Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടകംപള്ളി-പേരൂർക്കട-കരകുളം സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നേതാക്കളുടെ കോടികളുടെ കള്ളപ്പണം നിക്ഷേപം കണ്ടെത്തി; പേരും വിലാസവും ഇല്ലാത്ത നൂറു കണക്കിന് ആളുകളുടെ നിക്ഷേപം അന്വേഷിച്ച് ഇൻകംടാക്‌സ്; കടകംപള്ളി ബാങ്കിന്റെ പേട്ട ശാഖയിലും പേരൂർക്കട-കരകുളം ബാങ്കുകളിലും ഒരു മന്ത്രിക്ക് പത്ത് കോടിയോളം നിക്ഷേപം ഉണ്ടെന്ന് സൂചന

കടകംപള്ളി-പേരൂർക്കട-കരകുളം സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നേതാക്കളുടെ കോടികളുടെ കള്ളപ്പണം നിക്ഷേപം കണ്ടെത്തി; പേരും വിലാസവും ഇല്ലാത്ത നൂറു കണക്കിന് ആളുകളുടെ നിക്ഷേപം അന്വേഷിച്ച് ഇൻകംടാക്‌സ്; കടകംപള്ളി ബാങ്കിന്റെ പേട്ട ശാഖയിലും പേരൂർക്കട-കരകുളം ബാങ്കുകളിലും ഒരു മന്ത്രിക്ക് പത്ത് കോടിയോളം നിക്ഷേപം ഉണ്ടെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്ന് മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബാങ്കുകളുടെ പേരോ മന്ത്രിയുടെ പേരോ മംഗളം നൽകിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മറുടനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിലെ പരിശോധനയിലാണ് മന്ത്രിയുടെ കള്ളപ്പണ നിക്ഷേപം പിടിച്ചതെന്ന് വ്യക്തമായി. മന്ത്രിയുടെ ഭാര്യയുടെ പേരിലും നിക്ഷേപമുണ്ട്. ഈ ബാങ്കിലെ പല നിക്ഷേപങ്ങളുടേയും അക്കൗണ്ടുകാരുടെ വിവരങ്ങൾ അജ്ഞാതമാണ്. മന്ത്രിയുടെ അടുപ്പക്കാരനും സിപിഐ(എം) യുവ നേതാവുമായുള്ള ബിനാമി ബന്ധവും ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. അതിന് ശേഷം പേരുവിവരങ്ങൾ പുറത്തുവിടാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

മന്ത്രിയുടേയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരിൽ എതാണ്ട് പത്ത് കോടിയോളം രൂപയുള്ളതായി കണ്ടെത്തിയത് തിരുവനന്തപുരത്തെ ഒരു പ്രമുഖ സിപിഐ(എം) നേതാവും മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. റെയ്ഡ് നടന്ന മൂന്ന് ബാങ്കുകളിലും മന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ ഉണ്ട്. മന്ത്രിയായ ശേഷം ഉണ്ടാക്കിയതല്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞത്. നേരത്തെ മുതലുള്ള നിക്ഷേപമാണ് പലതും. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാൽ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകും. എന്നാൽ മന്ത്രി ഇതൊന്നും തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലായെന്നത് തലവേദനയാകുമെന്നാണ് സൂചന. ഈ മന്ത്രിയുടെ പേരു വിവരം മറുനാടന് അറിയാമെങ്കിലും ആദായ നികുതി വകുപ്പ് ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാൽ റിപ്പോർട്ട് ചെയ്യാൻ ഖേദിക്കുന്നു. കേസ് രജിസ്റ്റർ ചെയ്യുകയോ വെളിപ്പെടുത്തകയോ ചെയ്താൽ മന്ത്രിയുടെ പേര് മറുനാടന്ഡ പുറത്തു വിടുന്നതായിരിക്കും.

സിപിഐ(എം) നിയന്ത്രണത്തിലുള്ള പേരൂർക്കട ബാങ്കും കരകുളം ബാങ്കും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവിടേയും കോടികളുടെ നിക്ഷേപം ഉറവിടമില്ലാതെ കണ്ടെത്താനായെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഈ ബാങ്കിലും കൂടുതൽ പരിശോധനകൾ നടത്തും. എന്നാൽ കടകംപള്ളി സഹകരണ ബാങ്കിലെ പേട്ട ബ്രാഞ്ചിൽ തീർത്തും അസ്വാഭാവികമായ പലതും കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. മന്ത്രിയുടേതായി ഒന്നിലധികം നിക്ഷേപങ്ങൾ പേട്ട ബ്രാഞ്ചിൽ കണ്ടെത്തി. കടകംപള്ളി ബാങ്കിന്റെ മറ്റ് ശാഖകളും പരിശോധിക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ബാങ്കിലേക്ക് അദായ നികുതി വകുപ്പ് അന്വേഷണത്തിന് എത്തിയത്. മുൻ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവു കൂടിയായ സിപിഎമ്മിലെ യുവ നേതാവാണ് മന്ത്രിയുടെ ഇടനിലക്കാരനെന്നും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കരകുളത്തും പേരൂർക്കടയിലും ഇടത് മന്ത്രിക്ക് നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.

സഹകരണ ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ബാങ്കിൽ നിന്നും വിശദീകരണവും ചോദിച്ചിട്ടുണ്ട്. ആരോപണത്തിന് ഇരയായ മന്ത്രി തനിക്ക് തനിക്ക് സഹകരണ ബാങ്കിൽ ഇത്രയേറെ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. അതുകൊണ്ടാണ് ഭാര്യയുടേയും മന്ത്രിയുടേയും പേരിലെ നിക്ഷേപങ്ങളുടെ കള്ളപ്പണത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നത്. കോടികളുടെ നിക്ഷേപം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. ഈ മന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രണ്ട് ലക്ഷം രൂപയിൽ താഴെ സഹകരണ നിക്ഷേപത്തിന്റെ കാര്യം സൂചിപ്പിക്കുന്നുമുണ്ട്. ഇത് കടകംപള്ളി ബാങ്കിലേതുമാണ്.

സിപിഐ(എം) സംസ്ഥാന കമ്മറ്റി അംഗം കൂടിയാണ് ആരോപണ വിധേയനായ മന്ത്രി. ഈ നേതാവിന്റെ അടുത്ത അനുയായിയ്‌ക്കെതിരേയാണ് ആരോപണം ഉയരുന്നത്. ഈ സാഹചര്യത്തിൽ യുവ നേതാവിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും. എസ് എഫ് ഐയിലൂടെ ഉയർന്നു വന്ന നേതാവിന് ഇത്രയും നിക്ഷേപിക്കാനുള്ള ഉറവിടമില്ലെന്നും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നു. കടകംപള്ളി ബാങ്കിൽ ചില ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായിരുന്നു. സിപിഐ(എം) വിഭാഗീയതയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ വിഭാഗീയതയാണ് ബാങ്കിലെ അനധികൃത നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തെത്തിച്ചതെന്നാണ് സൂചന. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കിന്റെ പേട്ട ബ്രാഞ്ചിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. കരകുളത്തും പേർക്കടയിലും പരിശോധന എത്തിയതോടെ നിക്ഷേപത്തിന്റെ കണക്കുകൾ ഉയർന്നു.

മന്ത്രിയുടേതിന് സമാനമായി പത്തോളെ പ്രമുഖ നേതാക്കൾക്കും ഇവിടെ നിക്ഷേപമുണ്ട്. പേരൂർക്കടയിലും ഇത് തന്നെയാണ് അവസ്ഥ. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽപ്പെട്ടവരുടേയും നിക്ഷേപം സിപിഐ(എം) നിയന്ത്രണ ബാങ്കിലുണ്ടെന്നും അവർ സ്ഥിരീകരിക്കുന്നു. ഏതായാലും തിരുവനന്തപുരത്തെ മറ്റ് സഹകരണ ബാങ്കുകളിലും പരിശോധന കർശനമാക്കാനാണ് നീക്കം. സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും നിർണ്ണായക സ്വാധീനമുള്ള ബാങ്കുകൾ ഇവിടെയുണ്ട്. രാഷ്ട്രീയ പരിഗണന നോക്കാടെ ഈ ബാങ്കുകളിലെല്ലാം പരിശോധന നടത്താനാണ് നീക്കം. ഇതിലൂടെ സഹകരണ പ്രസ്ഥാനങ്ങളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട യഥാർത്ഥ ചിത്രം പുറത്തുവരുമെന്നാണ് സൂചന. ഏതായാലും കടകംപള്ളിയിലേയും പേരൂർക്കടിയലേതിനും സമാനമായ പരിശോധനകൾ നേതാക്കൾക്കും തലവേദനയാകും.

ആരോപണ വിധേയനായ മന്ത്രിക്കെതിരെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതായി സൂചനയുണ്ടായിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി മന്ത്രിയെ ശാസനിച്ചെന്നും വാർത്തയെത്തി. ഇതിന് പിറകെയാണ് സഹകരണ ബാങ്കിലെ നിക്ഷേപം വാർത്തയാകുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മും ഈ ആരോപണത്തെ ഗൗരവമായെടുക്കും. എന്നാൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകില്ല. ഇപ്പോൾ ആരുടേയും പേര് ആദായ നികുതി വകുപ്പ് പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ നേതാക്കൾക്കെതിരെ നടപടിയെടുക്കാനും ആവില്ല. രാഷ്ട്രീയ പ്രതിയോഗികൾക്ക് വേണ്ടി നേതാക്കളേയും പ്രവർത്തകരേയും ബലിയാടുക്കുന്നത് പാർട്ടി നയമല്ലെന്ന് പ്രമുഖ സിപിഐ(എം) നേതാവും മറുനാടനോട് പറഞ്ഞു. എന്നാൽ അനധികൃത സ്വത്ത് സമ്പാദിച്ചവരെ സംരക്ഷിക്കില്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

ബന്ധുത്വ നിയമന വിവാദത്തെ തുടർന്ന് ഇപി ജയരാജൻ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത് ഇടത് പക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു അതിനിടെയാണ് മറ്റൊരു പ്രമുഖനെതിരെ ആരോപണം ഉയരുന്നത്. അതിനാൽ കരുതലോടെ മാത്രമേ ഈ വിഷയത്തിൽ സിപിഐ(എം) ഇടപെടലുകൾ നടത്തൂ. സഹകരണ നിക്ഷേപവുമായി ബന്ധപ്പെട്ട് മന്ത്രിയിൽ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയതായും സൂചനയുണ്ട്. അഴിമതിക്കാരെ മന്ത്രിസഭയിൽ വച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതുകൊണ്ട് കൂടിയാണ് ഈ മന്ത്രിക്ക് ആദായ നികുതി വകുപ്പ് ക്ലീൻ ചിറ്റ് നൽകുമോ എന്നത് ശ്രദ്ധേയമാകുന്നത്.

സിപിഐ(എം) നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ രണ്ട് പ്രധാന സഹകരണ ബാങ്കുകളാണ് പേരൂർക്കട സർവ്വീസ് കോർപ്പറേറ്റീവ് ബാങ്കും കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കും. എക്കാലവും സിപിഎമ്മിന്റെ കോട്ടയായി മാറിയ സഹകരണ പ്രസ്ഥാനങ്ങൾ. തിരുവനന്തപുരത്ത് ആനയറ കേന്ദ്രീകരിച്ചാണ് കടകംപള്ളി ബാങ്ക് പ്രവർത്തിക്കുന്നത്.  ഈ ബാങ്കിന് നിരവധി ശാഖകളും ഉണ്ട്. എല്ലായിടത്തും കോടികളുടെ നിക്ഷേപങ്ങൾ. പേരൂർക്കട ബാങ്കിനുള്ളത് ആറ് ശാഖകളാണ്. ബാങ്കിങ് പ്രവർത്തനത്തിനപ്പുറമുള്ള സാമൂഹിക ഇടപെടലുകളിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തേയും ഈ അടുത്ത കാലം വരെ പേരൂർക്കട ബാങ്ക് സ്വാധീനിച്ചിരുന്നു.

സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ശക്തികേന്ദ്രങ്ങളായി പേരൂർക്കടയേയും ആനയറയേയും മാറ്റിയതിലും ഈ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. കുമാരപുരത്തും പേട്ടയിലും കടകംപള്ളിയിലും ശാഖകളുള്ള ബാങ്ക് വെട്ടുകാട്ടേക്കും പ്രവർത്തനം വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് ആദായ നികുതി പരിശോധന ബാങ്കിനെ വെട്ടിലാക്കാൻ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP