Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കന്യാവ്രതം പിന്തുടരാൻ കഴിയാതെ പോകുന്നതുകൊണ്ട് സഭ വിടുന്നു; സന്യാസ ജീവിതം പിന്തുടരാൻ മകൾക്ക് താത്പര്യമില്ല; എറണാകുളം പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും മകളെ കൊണ്ടുപോകുന്നു; മാനസിക പീഡനത്തിൽ മനംമടുത്ത് കന്യാസ്ത്രീ സന്യാസ സഭ വിട്ടപ്പോൾ പുലിവാൽ ഒഴിവാക്കാൻ പിതാവിന്റെ പേരിൽ കത്ത് തയ്യാറാക്കിയത് മഠത്തിലെ മദർ; കത്തിൽ ഒപ്പ് വയ്ക്കാതെ മഠം വിട്ട് കന്യാസ്ത്രീയും പിതാവും; അസീസി സിസ്റ്റേഴ്‌സ് സന്യാസ സഭയിൽ കന്യാസ്ത്രീകൾ സഭ വിടുന്നതിൽ മാനസിക പീഡനമെന്ന് ആക്ഷേപം

കന്യാവ്രതം പിന്തുടരാൻ കഴിയാതെ പോകുന്നതുകൊണ്ട് സഭ വിടുന്നു; സന്യാസ ജീവിതം പിന്തുടരാൻ മകൾക്ക് താത്പര്യമില്ല; എറണാകുളം പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും മകളെ കൊണ്ടുപോകുന്നു; മാനസിക പീഡനത്തിൽ മനംമടുത്ത് കന്യാസ്ത്രീ സന്യാസ സഭ വിട്ടപ്പോൾ പുലിവാൽ ഒഴിവാക്കാൻ പിതാവിന്റെ പേരിൽ കത്ത് തയ്യാറാക്കിയത് മഠത്തിലെ മദർ; കത്തിൽ ഒപ്പ് വയ്ക്കാതെ മഠം വിട്ട് കന്യാസ്ത്രീയും പിതാവും; അസീസി സിസ്റ്റേഴ്‌സ് സന്യാസ സഭയിൽ കന്യാസ്ത്രീകൾ സഭ വിടുന്നതിൽ മാനസിക പീഡനമെന്ന് ആക്ഷേപം

എം മനോജ് കുമാർ

കൊച്ചി: സീറോ മലബാർ സഭയുടെ കീഴിലുള്ള അസീസി സിസ്റ്റേഴ്സ് സന്യാസ സഭയിൽ നിന്നുള്ള സന്യാസിനിമാരുടെ നിശബ്ദ പടിയിറക്കം ക്രിസ്ത്യൻ സഭകളിൽ കോളിളക്കം സൃഷ്ടിക്കുന്നു. കൊച്ചിയിലെ ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള സെന്റ്. ജോസഫ് കോൺവെന്റിൽ നിന്നാണ് ഈ കഴിഞ്ഞ ദിവസം ഒരു സന്യാസിനി നിശബ്ദമായി പടിയിറങ്ങിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിക്കുകയും അത് ക്രിസ്ത്യൻ സഭകളെ പിടിച്ചുകുലുക്കുകയും ചെയ്തതിന് ശേഷമുള്ളശേഷം കന്യാസ്ത്രീകൾക്കിടയിൽ സംഭവിക്കുന്ന ഈ പടിയിറക്കങ്ങൾ അതുകൊണ്ട് തന്നെ സഭാ അധികാരികളുടെ ഉറക്കം കെടുത്തുകയാണ്. പീഡനങ്ങൾക്കെതിരെ പ്രതികരിച്ചാൽ കന്യാസ്ത്രീകളെ സഭയിൽ നിന്ന് പുറത്താക്കും, അല്ലെങ്കിൽ അവരെ ഇല്ലാതാക്കും. ഇതാണ് കന്യാസ്ത്രീ സമരം കത്തിനിന്നപ്പോൾ സമരരംഗത്തുള്ള കന്യാസ്ത്രീകൾ ആരോപിച്ചത്. ഇപ്പോഴും സഭയിൽ പീഡനം തുടരുമ്പോൾ നിശബ്ദരായി കന്യാസ്ത്രീകൾ രംഗം ഒഴിയുകയാണ്. ഇതാണ് സഭകളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത്.

പതിമൂന്നു വർഷം സഭയെ സേവിച്ച കന്യാസ്ത്രീയാണ് ഒരു സുപ്രഭാതത്തിൽ തിരുവസ്ത്രം ഊരിവച്ച് മാതാപിതാക്കൾക്കൊപ്പം പോയത്. ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള അസീസി സന്യാസി സമൂഹത്തിന്റെ സെന്റ് ജോസഫ് കോൺവെന്റിൽ നിന്നും മുൻപും സന്യാസിനികൾ പടിയിറങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ പടിയിറങ്ങിയ കന്യാസ്ത്രീയ്ക്ക് ഒപ്പം ഇനിയും കന്യാസ്ത്രീകൾ പടിയിറങ്ങിയേക്കും എന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കന്യാസ്ത്രീ പടിയിറങ്ങുമ്പോൾ അത് അതിരാവിലെ ആകണമെന്നും അസീസി സന്യാസി സമൂഹത്തിലെ മദർ കന്യാസ്ത്രീയ്ക്ക് മുൻപിൽ നിബന്ധന വെച്ചു. മറ്റു കന്യാസ്ത്രീകൾ ഈ കന്യാസ്ത്രീ പടിയിറങുന്നത് കാണരുത് എന്ന് കരുതിയാണ് അതിരാവിലെ പടിയിറങ്ങാൻ പറഞ്ഞത്.

കന്യാസ്ത്രീ പടിയിറങ്ങും എന്ന് ഉറപ്പിച്ചതോടെ കന്യാസ്ത്രീയുടെ അച്ഛന്റെ പേരിൽ ഒരു കത്തും മദർ തയ്യാറാക്കി. കന്യാവ്രതം പിന്തുടരാൻ കഴിയാതെ പോകുന്നതുകൊണ്ടാണ് സഭ വിടുന്നത്. സന്യാസ ജീവിതം പിന്തുടരാൻ എന്റെ മകൾക്ക് താത്പര്യമില്ല. കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ഈ കന്യാസ്ത്രീ പതിമൂന്നു വർഷമായി അണിയുന്ന തിരുവസ്ത്രം ഊരിവയ്ക്കാനും മഠം വിടാനും തീരുമാനമെടുത്തത്. എന്റെ മകളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് സന്യാസ ജീവിതം ഉപേക്ഷിക്കുന്നത്. മകളെ ഞാൻ എറണാകുളം പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഇനി ഈ സന്യാസ സഭയിൽ എന്റെ മകൾക്ക് യാതൊരു വിധ അവകാശവാദവുമില്ലെന്നും അറിയിക്കുന്നു. കന്യാസ്ത്രീയുടെ അച്ഛന്റെ പേരിൽ മഠത്തിലെ മദർ തന്നെ തയ്യറാക്കിയ ഈ കത്തിൽ പക്ഷെ ഒപ്പ് വയ്ക്കാൻ കന്യാസ്ത്രീയുടെ പിതാവ് തയ്യാറായില്ല. കന്യാസ്ത്രീയുടെ പിതാവ് ഒപ്പ് വയ്ക്കാത്ത ഈ കത്തിന്റെ കോപ്പി മറുനാടന് ലഭിച്ചു. ഞങ്ങൾ അത് പ്രസിദ്ധപ്പെടുത്തുകയാണ്.

നാല് പെൺകുട്ടികളെ അടങ്ങിയ കുടുംബത്തിൽ നിന്നാണ് ഈ കന്യാസ്ത്രീ മഠത്തിലേക്ക് എത്തിയത്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ള കുടുംബവുമാണ് ഈ കന്യാസ്ത്രീയുടേത്. മൂത്ത ചേച്ചി വിവാഹിതയാണ്. അതിനു താഴെയാണ് ഈ സിസ്റ്റർ ഉള്ളത്. സിസ്റ്ററിനു താഴെ രണ്ടു പെൺകുട്ടികൾ പഠിച്ചുകൊണ്ടും ഇരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്രകാലം സഭാവസ്ത്രം അണിഞ്ഞു ജീവിച്ചു ഇനി എന്ത് ചെയ്യണമെന്ന കാര്യവും സിസ്റ്ററിനു മുൻപാകെയില്ല. നിവൃത്തിയുണ്ടെങ്കിൽ സഭാവസ്ത്രം സിസ്റ്റർ ഒഴിവാക്കുകയില്ലായിരുന്നു എന്നും അടുപ്പമുള്ളവർ മറുനാടനോട് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ് വന്നതിനെ തുടർന്ന് കന്യാസ്ത്രീകൾക്കിടയിൽ നടക്കുന്ന നിശബ്ദ വിപ്ലവം അതുകൊണ്ട് തന്നെ ക്രിസ്ത്യൻ സഭകളിൽ ചർച്ചാവിഷയമാവുകയാണ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കന്യാസ്ത്രീകൾ കൊച്ചിയിൽ ആരംഭിച്ച സമരം സഭയ്ക്കുള്ളിൽ സൃഷ്ടിച്ച പ്രകമ്പനങ്ങൾ ചെറുതല്ല.

സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ നേർക്ക് സഭ അനുവർത്തിച്ച നിലപാടുകൾ വിവാദപരവുമായിരുന്നു. ഇതിന്റെ പ്രതിഷേധം കന്യാസ്ത്രീ സമൂഹങ്ങൾക്കിടയിൽ കത്തിനിൽക്കുമ്പോൾ തന്നെയാണ് സെന്റ്.ജോസഫ് കോൺവെന്റിൽ നിന്നും ഈ കന്യാസ്ത്രീ പടിയിറങ്ങുന്നതും. അസീസി സഭയുടെ കൊച്ചി സെന്റ് ജോസഫ് കോൺവെന്റിലെ മദറിന്റെ പീഡനം സഹിക്കാൻ കഴിയാതെയാണ് കോട്ടയം വെച്ചൂരുള്ള സിസ്റ്റർ പടിയിറങ്ങിയത് എന്നാണ് സിസ്റ്ററുമായി അടുപ്പമുള്ളവർ മറുനാടനോട് വെളിപ്പെടുത്തിയത്. ഇനിയും കന്യാസ്ത്രീകൾ ഈ മഠത്തിൽ നിന്നും ഇറങ്ങാൻ സാധ്യതകൾ ഏറെയൊന്നും ഇവർ പറയുന്നു. അസീസി കന്യാസ്ത്രീ സഭയിൽ നിന്നുള്ള ഈ കന്യാസ്ത്രീയുടെ തിരിച്ചുപോക്കിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും സജീവമായി ഇടപെടുന്നുണ്ട്. ഇത്രകാലം സഭയെ സേവിച്ച കന്യാസ്ത്രീ ആണിത്. മാനസിക പീഡനത്തിൽ മനം മടുത്താണ് ഇവർ തിരുവസ്ത്രം ഊരിവച്ചത്. ഇവരെ സഭ തന്നെ ഇനിയും പരിപാലിക്കണം- ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ജനറൽ സെക്രട്ടറി ജോർജ് ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇപ്പോൾ പടിയിറങ്ങിയ കന്യാസ്ത്രീയുടെ ജീവിതത്തിന്റെ നല്ല ഭാഗങ്ങൾ ഇവർ സഭയ്ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. അപ്പോൾ സഭ തന്നെ ഇവരുടെ കാര്യങ്ങൾ നോക്കണം. സഭയിൽ നിന്ന് പടിയിറങ്ങുന്ന കന്യാസ്ത്രീകളുടെ പുനർജീവിതം ഉറപ്പുവരുത്തേണ്ടത് സഭാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കാണണം. അതിനായി സഭാ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനു സഭാ നേതൃത്വം തയ്യാറാകണം. പൊതുവിൽ കന്യാസ്ത്രീ സമൂഹം അസ്വസ്ഥരുമാണ്. ഇതും സഭാ നേതൃത്വം കണക്കിലെടുക്കണം.കന്യാസ്ത്രീയ്ക്ക് വേണ്ട നിയമസഹായം വേണമെങ്കിൽ അത് നൽകാൻ തയ്യാറാണെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഈ കന്യാസ്ത്രീയെ അറിയിച്ചുവെന്നും ജോർജ് ജോസഫ് പറയുന്നു. മറുവശത്ത് വിശ്വാസ സമൂഹത്തിനും കന്യാസ്ത്രീകളോട് സഭ അനുവർത്തിക്കുന്ന നിലപാടുകളിൽ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കന്യാസ്ത്രീ സമരങ്ങളിൽ വിശ്വാസികൾ നൽകുന്ന പിന്തുണ ഇതിനു തെളിവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP