Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

എസ്എൻഡിപിയെ വീഴ്‌ത്തിയ അമിത് ഷാ എൻഎസ്എസിനേയും പൂട്ടി! ഓപ്പറേഷൻ കേരളയ്ക്കു സുകുമാരൻ നായർ അള്ളു വയ്ക്കില്ല; ഭൂരിപക്ഷ സമുദായ ഏകീകരണത്തെ എതിർക്കുകയുമില്ല; ബിജെപി-ഈഴവ കൂട്ടുകെട്ടിനെതിരെ പറഞ്ഞു ബലിയാടാകാൻ പെരുന്നയിലെ നേതാക്കളില്ല; പ്രസ്താവനകൾ ഇനി കരുതലോടെ മാത്രം

എസ്എൻഡിപിയെ വീഴ്‌ത്തിയ അമിത് ഷാ എൻഎസ്എസിനേയും പൂട്ടി! ഓപ്പറേഷൻ കേരളയ്ക്കു സുകുമാരൻ നായർ അള്ളു വയ്ക്കില്ല; ഭൂരിപക്ഷ സമുദായ ഏകീകരണത്തെ എതിർക്കുകയുമില്ല; ബിജെപി-ഈഴവ കൂട്ടുകെട്ടിനെതിരെ പറഞ്ഞു ബലിയാടാകാൻ പെരുന്നയിലെ നേതാക്കളില്ല; പ്രസ്താവനകൾ ഇനി കരുതലോടെ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എസ്എൻഡിപിയും ബിജെപിയും അടുക്കാൻ പോകുന്നുവെന്ന വാർത്ത വന്നിട്ടും എൻ എസ് എസ് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. സിപിഐ(എം) പിബി അംഗം നേരിട്ട് അഭിനന്ദിച്ചിട്ടും മതേതരത്വത്തിന്റെ പ്രസക്തി പെരുന്നയിൽ നിന്ന് ഉയർന്നു കേട്ടില്ല. കേരളം പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നടത്തുന്ന നീക്കങ്ങളോട് കരുതലോടെ മാത്രമേ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിക്കൂ.

ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിന്റെ ഹൈന്ദവ അജണ്ടയിലെ കാപട്യം തുറന്നുകാട്ടണമെന്ന് കോൺഗ്രസുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സുകുമാരൻ നായർ പ്രതികരിച്ചില്ല. ഇതിന് പിന്നിലും അമിത് ഷായുടെ ഇടപെടലുണ്ടെന്നാണ് സൂചന. കേരളം പിടിക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങളിൽ ഇടങ്കോലിട്ടാൽ ഗരുതര പ്രത്യാഖാതങ്ങൾ എൻഎസ്എസിനുണ്ടാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സുകുമാരൻ നായരെ അറിയിച്ചിട്ടുണ്ട്. സേവ് നായർ ഫോറങ്ങളുടേയും സമസ്ത നയാർ സമാജത്തിന്റേയും എല്ലാം കാലത്ത് മിണ്ടാതിരിക്കാൻ നിർബന്ധിതമാവുകയാണ് സുകുമാരൻ നായർ.

കേരളത്തിലെ ഏത് സാമൂഹിക വിഷയങ്ങളിലും നിലപാട് വിശദീകരിക്കുന്ന വ്യക്തിത്വമായിരുന്നു സുകുമാരൻ നായർ. അതുകൊണ്ട് എസ്എൻഡിപി - ബിജെപി കൂട്ടുകെട്ടിലും പരസ്യമായ അഭിപ്രായം രേഖപ്പെടുത്തുമെന്ന് തന്നെ വിലയിരുത്തപ്പെട്ടു. ഹൈന്ദവ സമുദായ ഏകീകരണമെന്ന വെള്ളാപ്പള്ളി നടേശൻ ഉയർത്തിക്കാട്ടിയ മുദ്രാവക്യത്തിലും എൻ എസ് എസിനെതിരെ ഒളിയമ്പുകൾ ഉണ്ടായിരുന്നു. ബിജെപിയോടും മറ്റ് ഹൈന്ദവ സംഘടനകളോടും ചേർന്ന് ഹൈന്ദവ മുന്നേറ്റം സാധ്യമാക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവീൺ തൊഗാഡിയ തന്നെ എല്ലാത്തിനും ഇടനിലക്കാരനുമായി. ഇതിനിടെ പെരുന്നയിൽ സുരേഷ് ഗോപിയെത്തിയത് വിവാദമായി. സുകുമാരൻ നായരുടെ സുരേഷ് ഗോപിയോടുള്ള പ്രതികരണത്തെ എതിർത്തും അനുകൂലിച്ചും പ്രസ്താവനകൾ എത്തി. ബിജെപിയെ തള്ളിപ്പറഞ്ഞ് സുരേഷ് ഗോപി വിഷയത്തെ സുകുമാരൻ നായർ ന്യായീകരിച്ചു. ഈ സാഹചര്യത്തിലാണ് എസ്എൻഡിപി-ബിജെപി ബാന്ധവവും ശ്രദ്ധേയമായത്. എന്നാൽ ഈ കൂട്ടുകെട്ടിനെതിരെ സുകുമാരൻ നായർ ഒന്നും പറഞ്ഞില്ല.

ഉണ്ടായ പ്രതികരണമാകട്ടെ ഏവരേയും ഞെട്ടിച്ചു. ഭൂരിപക്ഷ സമുദായ സഹകരണത്തിന് എതിരല്ലെന്നും എന്നാൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും സംവരണം വേണമെന്നതും മാത്രമായിരുന്നു എൻ എസ് എസ് പുറത്തിറക്കിയ പ്രസ്താവന. അതായത് ഭൂരിപക്ഷ സമുദായ സഹകരണത്തെ എൻ എസ് എസും അനുകൂലിക്കും. ബിജെപിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തിന് ഒറ്റ ഉപാധിയിൽ പിന്തുണ നൽകാമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു എൻഎസ്എസ്. എന്നാൽ എസ് എൻ ഡിപിയുമായി ബിജെപിയുടെ ബന്ധത്തെ ആക്രമിച്ചതുമില്ല. ഇത് സുകുമാരൻ നായരുടെ മൃദു സമീപനമായി വിലയിരുത്തപ്പെട്ടു. ഈ വിഷയത്തിലേക്ക് എൻ എസ് എസിനെ എത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സിപിഐ(എം) ശ്രമിച്ചപ്പോഴും സുകുമാരൻ നായർ ഇടപെട്ടില്ല. ഇതിനെല്ലാം പിന്നിൽ അമിത് ഷായുടെ ഇടപെടലുണ്ടെന്നാണ് സൂചന. ബിജെപിക്ക് എതിരെ തിരഞ്ഞാൽ ശ്ക്തമായി തന്നെ നേരിടേണ്ടി വരുമെന്ന് എൻഎസ്എസിനെ ബിജെപി നേതൃത്വം ബോധ്യപ്പെടുത്തിയെന്നാണ് സൂചന.

പത്തുകൊല്ലം കൊണ്ട് കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി മാറുകയാണ് ബിജെപിയുടെ ല്ക്ഷ്യം. അതിന് എൻഎസ്എസ് തടസ്സമാകരുതെന്നാണ് അമിത് ഷായുടെ ആവശ്യം. ബിജെപിയുടെ പരമ്പരാഗത വോട്ടുകളിൽ ഏറെയും നായർ സമുദായക്കാരാണ്. ഈഴവരും മറ്റ് പിന്നോക്കക്കാരും പാർട്ടിയോട് അടുത്താൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. ഇതിന് ശ്രമിക്കുമ്പോൾ നായർ സമുദായത്തെ ബിജെപിയിൽ നിന്ന് അകറ്റാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നാണ് അമിത് ഷായുടെ നിലപാട്. ഇക്കാര്യം എൻഎസ്എസുമായി ഏറ്റവും അടുപ്പം പുലർത്തുന്ന ബിജെപി നേതാവിനെകൊണ്ട് സുകുമാരൻ നായരെ അമിത് ഷാ ബോധ്യപ്പെടുത്തി. എൻഎസ്എസിന്റെ മുഴുവൻ ഇടപാടുകളുടേയും രേഖകൾ കേന്ദ്ര ഏജൻസിയെ കൊണ്ട് അമിത് ഷാ ശേഖരിച്ചതായാണ് സൂചന. എൻഎസ്എസ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണെന്ന് സമസ്ത നായർ സമാജം പോലുള്ള സംഘടനകൾ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകളും അമിത് ഷായുടെ പക്കലുണ്ടെന്നാണ് സൂചന.

ഇതെല്ലാം അഭിഭാഷകനായ ബിജെപി നേതാവിനും അറിയാം. അദ്ദേഹം വ്യക്തിപരമായി തന്നെ നേരിടാൻ ഇടയുള്ള തിരിച്ചടികൾ സുകുമാരൻ നായരെ ബോധ്യപ്പെടുത്തിയെന്നാണ് മറുനാടന് ലഭിച്ച സൂചന. പ്രത്യേക സാഹചര്യത്തിൽ കരുതലോടെ മാത്രമേ ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിനെതിരെ പ്രതികിരിക്കാവൂ. ബിജെപിയെ കടന്നാക്രമിക്കാതിരുന്നാൽ അതിന്റെ ഗുണം എൻഎസ്എസിനും സുകുമാരൻ നായർക്കും ലഭിക്കുമെന്നും അറിയിച്ചു. തുടർന്ന് വിമർശനങ്ങൾ ഒഴിവാക്കി സഹകരിക്കാൻ സുകുമാരൻ നായരും സമ്മതം അറിയിച്ചതായാണ് സൂചന. ഇതോടെയാണ് സുകുമാരൻ നായർക്കെതിരെ സംഘപരിവാർ നേതൃത്വത്തിലുള്ള കരയോഗങ്ങളിലെ പ്രമേയാവതരണം നിലച്ചത്. സുരേഷ് ഗോപിയെ പെരുന്നയിൽ നിന്ന് അപമാനിച്ച് ഇറക്കി വി്ട്ടതിനെതിരെ സംഘപരിവാർ നടത്തിയ പ്രതിഷേധങ്ങളും തൽക്കാലത്തേക്ക് നിറുത്തി വച്ചു. അർഹമായ പരിഗണന കിട്ടിയാൽ ബിജെപിയുമായി സഹകരിക്കാൻ എൻ എസ് എസ് തയ്യാറാകുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

ഇതൊക്കെ മനസ്സിലാക്കിയാണ് കോൺഗ്രസ് നേതൃത്വം ഇടപെടൽ തുടങ്ങിയത്. എസ്എൻഡിപി-ബിജെപി കൂട്ടുകെട്ടിനെ പരസ്യമായി എതിർക്കണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുടെ ദൂതന്മാർ സുകുമാരൻ നായരെ അറിയിച്ചിരുന്നു. ഇതിലൂടെ കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകാതെ നോക്കാൻ കഴിയും. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് അനുകൂല നിലപാട് എടുത്ത സുകുമാരൻ നായർ ഇതും ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ അരുവിക്കരയ്ക്ക ശേഷം കോൺഗ്രസിന് അനുകൂലമായും ബിജെപിയേയും എതിർത്തും ഒരു വരി പോലും ഒരിടത്തും സുകുമാരൻ നായർ പറഞ്ഞില്ല. ഇത് കോൺഗ്രസ് നേതൃത്വത്തേയും അമ്പരപ്പിച്ചിട്ടുണ്ട്. ഈഴവ വോട്ടുകൾ പരമ്പരാഗതമായി സിപിഐ(എം) സ്ഥാനാർത്ഥികൾക്കാണ് കൂടുതൽ ലഭിക്കാറ്. അതുകൊണ്ട് തന്നെ അവിടെ ബിജെപിക്ക് അനുകൂലമായുണ്ടാകുന്ന വോട്ടുകളിൽ കോൺഗ്രസിന് പരിഭവമില്ല. എസ്എൻഡിപിയെ ബിജെപിയുമായി സുകുമാരൻ നായർ ബന്ധപ്പെടുത്തി വിമർശിച്ചാലും സിപിഐ(എം) വോട്ടുകൾ മാത്രമേ മറിയൂ എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ഇതിനൊപ്പം നായർ വോട്ടുകളെ ഉറപ്പിച്ച് കോൺഗ്രസിനൊപ്പം നിർത്താനും കഴിയും. അമിത് ഷായുടെ എൻഎസ്എസ് ഓപ്പറേഷനിലൂടെ കോൺഗ്രസിന്റെ ഈ മോഹവും പൊളിഞ്ഞു. സുകുമാരൻ നായർ ബിജെപി-എസ്എൻഡിപി ഐക്യത്തിനെതിരെ ഒന്നും പറഞ്ഞില്ല. എങ്കിലും കോൺഗ്രസുകാർ പ്രതീക്ഷയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നായർ വോട്ടുകൾ കോൺഗ്രസിന് അനുകൂമാകുന്ന തരത്തിൽ സുകുമാരൻ നായർ ഇടപെടുമെന്നാണ് അവരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP