Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

നൂറു കണക്കിന് മലയാളികളെ യുകെ മോഹം നൽകി ചതിച്ച ഏജൻസിയുടെ പേര് പോലും പുറത്തു വിടാതെ നടപടിയെടുക്കുമെന്ന് നോർക്ക; മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്ക് ഒരു പരാതി പോലും എത്താതെ പൂഴ്‌ത്തിയെന്നും വിമർശനം; ലോക കേരള സഭ അംഗത്തിന്റെ പരാതികൾക്ക് പുല്ലു വില

നൂറു കണക്കിന് മലയാളികളെ യുകെ മോഹം നൽകി ചതിച്ച ഏജൻസിയുടെ പേര് പോലും പുറത്തു വിടാതെ നടപടിയെടുക്കുമെന്ന് നോർക്ക; മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്ക് ഒരു പരാതി പോലും എത്താതെ പൂഴ്‌ത്തിയെന്നും വിമർശനം; ലോക കേരള സഭ അംഗത്തിന്റെ പരാതികൾക്ക് പുല്ലു വില

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: യുകെയിലേക്ക് വ്യാപകമായ തോതിൽ വിസക്കച്ചവടം നടക്കുന്നു എന്ന് കഴിഞ്ഞ രണ്ടു വർഷമായി പുറത്തുവരുന്ന റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ കൃത്യമായി ഓരോ തവണയും നോർക്കയിൽ എത്തിയിരുന്നതാണ്. എന്നാൽ ഇത്രകാലവും ഒട്ടകപ്പക്ഷിയെ പോലെ തല താഴ്‌ത്തി നിന്ന സർക്കാർ വകുപ്പ് ഒടുവിൽ മൗനം വെടിഞ്ഞു പുറത്തു വന്നിരിക്കുന്നു. ആയിരക്കണക്കിന് മലയാളികൾ ചതിക്കപ്പെട്ടു പണം നഷ്ടമായി കേരളത്തിലും യുകെയിലും സ്വയം ശപിച്ചു കഴിയുമ്പോഴും കേരളത്തിൽ വിസ ലോബിക്ക് അഴിഞ്ഞാടാൻ ഉള്ള അവസരവുമാണ് നോർക്കയുടെ മൗനത്തിലൂടെ പുറത്തുവന്നത്. തക്കം മുതലാക്കാൻ ഒരു മടിയും കാട്ടാത്ത വ്യാജ വിസ ലോബിയാകട്ടെ കേരളത്തിലും അന്യ സംസ്ഥാനത്തും പ്രിന്റ് ചെയ്ത വ്യാജ സി ഓ എസ് സർട്ടിഫിക്കറ്റുകൾ കാട്ടിപോലും യുകെ മോഹവുമായി എത്തിക്കൊണ്ടിരുന്ന ആയിരങ്ങളിൽ നിന്നും 50,000 രൂപ വീതമാണ് വാങ്ങിയെടുത്തത്.

ഒരു തരത്തിൽ ഉള്ള യോഗ്യതകളും ഇല്ലാത്ത ഏജൻസി നടത്തിപ്പുകാർ പോലും ശത കോടികളാണ് സർക്കാരിന്റെ കണ്ണടയ്ക്കലിൽ കൊയ്തെടുത്തത്. യുകെയിൽ ഇല്ലാത്ത ജോലിക്ക് വേണ്ടി പോലും നൂറുകണക്കിന് ആളുകൾ എത്തി തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായതും ഒടുവിൽ കുമിള പോലെ പൊട്ടിത്തകർന്നതും. ഒരു ജോലിക്ക് വേണ്ടി ഹോം ഓഫിസിൽ നിന്നും ലഭ്യമായ അനുമതി രേഖ ഉപയോഗിച്ച് അനവധി ആളുകളെ 25 ലക്ഷം വരെയായി ഉയർന്ന തുക വാങ്ങി കടത്തിയതോടെയാണ് ആത്യന്തികമായ തകർച്ചയിലേക്ക് വിസ ലോബിയെ ഇപ്പോൾ എത്തിച്ചിരിക്കുന്നത്.

എന്നാൽ കേരളത്തിൽ പതിവുള്ള പോലെ ഏതൊരു തട്ടിപ്പും അതിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ മാത്രം ഉണരാൻ തയ്യാറാകുന്ന സർക്കാർ സംവിധാനത്തെ ഓർമ്മിപ്പിക്കുകയാണ് ഇപ്പോൾ ഉറക്കത്തിൽ നിന്നെന്ന പോലെ ഉണർന്ന നോർക്കയുടെ പ്രസ്താവന. കൊച്ചി കേന്ദ്രമാക്കി പൊലീസ് സംവിധാനത്തിന്റെ മൂക്കിന് താഴെ പ്രവർത്തിച്ച സ്ഥാപനമാണ് നൂറുകണക്കിന് ആളുകളെ വഞ്ചിച്ച ശേഷം മാധ്യമ വാർത്ത എത്തിയപ്പോൾ മുങ്ങാൻ അവസരം നൽകിയ ശേഷം നടപടി സ്വീകരിക്കും എന്ന് യാതൊരു സങ്കോചവും കൂടാതെ നോർക്കയുടെ വൈസ് ചെയർമാൻ കൂടിയായ മുൻ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ പ്രസ്താവന നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം യൂറോപ്പ് മേഖല സമ്മേളനം എന്ന് പ്രഖ്യാപിച്ചു ലോക കേരള സഭയുടെ പ്രത്യേക എഡിഷൻ നടത്തിയപ്പോൾ ശ്രീരാമകൃഷ്ണൻ അടക്കം ഉള്ളവരോട് നിവേദനമായും പരാതിയായും ഒക്കെ സമ്മേളന പ്രതിനിധികൾ പ്രധാനമായും ഉയർത്തിക്കാട്ടിയത് മലയാളികളെ വഞ്ചിക്കുന്ന വിസ ലോബിയുടെ കാര്യമാണ്. നടപടികൾ ഉറപ്പാണ് എന്ന് സമ്മേളനത്തിൽ എത്തിയ മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഒക്കെ നൽകിയ വാക്ക് ഓട്ട ചാക്കിൽ കെട്ടിവച്ച അവസ്ഥയിലായിരിക്കുകയാണ്.

ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് കേരളത്തിൽ നിന്നും കോടികൾ കൊയ്തെടുത്തു യുകെയിലും ദുബായിയിലും നിക്ഷേപമാക്കി മാറ്റിയത്. ഇപ്പോൾ വിവാദ കേന്ദ്രമായ സ്ഥാപന ഉടമ കഴിഞ്ഞ ദിവസമാണ് ദുബായിൽ എത്തിയതെന്ന് പറയുന്നു. ഇയാളുമായി ഇന്നലെയും യുകെ മലയാളികൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇയാൾ മുങ്ങി എന്ന് മാത്രമാണ് ഇപ്പോൾ കൊച്ചി പൊലീസിന് പറയാനാകുന്നത്.

പരാതി കിട്ടാതെ എങ്ങനെ കേസെടുക്കും എന്ന് പറഞ്ഞിരുന്ന നോർക്കയും കേരള പൊലീസും ഇപ്പോൾ വഞ്ചിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, നോർക്ക, ഡിജിപി എനിവർക്കൊക്കെ നൽകിയ പരാതികൾ ഉയർത്തിക്കാട്ടുമ്പോൾ കേരളത്തിൽ സർക്കാർ ഭാഗത്തു നിന്നും കാര്യമായ എതിർ വാദം ഉയർത്താനാകാത്ത അവസ്ഥയാണ്. വിസ ലോബിക്ക് അഴിഞ്ഞാടാൻ ഉള്ള അവസരമാണ് കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിൽ ലഭ്യമായത്. കൃത്യമായി ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വത്തിനും ഈ ലോബിയെ കുറിച്ച് അറിവുണ്ടായിരുന്നു എന്ന് ബോധ്യമാകുന്ന വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

നോർക്കയിൽ നിരന്തരം എത്തിച്ച പരാതികളിൽ ഒന്ന് പോലും മുഖ്യമന്ത്രിയുടെ മേശപ്പുറം വരെ എത്തിയതായി വിവരമില്ല. നോർക്ക ഉദ്യോഗസ്ഥർ നൽകുന്ന ഫയലുകൾ പല കടമ്പകൾ കടന്നു വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തുമെങ്കിലും അദ്ദേഹം കാണാനുള്ള അടിയന്തിര പ്രാധാന്യം ഒന്നും ഇല്ലെന്നു തോന്നിയതിനാലാകാം യുകെ വിസ സംബന്ധിച്ച പരാതികളിൽ ഇതുവരെ ഒരു നടപടി പോലും ഉണ്ടാകാതിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഓരോ സംഭവവും ഫയലാക്കി നൽകിയിരുന്ന യുകെയിലെ ലോക കേരള സഭ അംഗത്തിന്റെ സമയം മിനക്കെട്ടതല്ലാതെ ഒരു പരാതിയിലും പോസിറ്റീവായ ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് വാസ്തവം.

ഒടുവിൽ വിസ കച്ചവടം ഏകദേശം അവസാന ഘട്ടത്തിൽ എത്തിയപ്പോളാണ് യാതൊരു ജാള്യതയും കൂടാതെ നോർക്കയെ നിയന്ത്രിക്കുന്ന മുൻ സ്പീക്കരുടെ പരസ്യ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. ആ പരസ്യ പ്രസ്താവനയിൽ പോലും പ്രതിസ്ഥാനത്തു നിൽക്കുന്ന ഏജൻസിയുടെ പേര് പോലും പരാമർശിച്ചിട്ടില്ല എന്നതാണ് പ്രത്യേക ശ്രദ്ധ നേടുന്നത്. മാധ്യമ വാർത്തകളിലും ജോലിക്കെത്തി ചതിക്കപ്പെട്ട ചെറുപ്പക്കാർ നൽകുന്ന പരാതികളിലും വെളിപ്പെടുത്തലുകളും ഏജൻസിയുടെ പേര് വ്യക്തമാക്കുമ്പോഴും രാഷ്ട്രീയ, നിയമ പരിരക്ഷ ലഭിക്കുന്ന ശ്രീരാമ കൃഷ്ണൻ പേര് പറയാതെ നടത്തിയ ഒളിച്ചു കളി ആരെ സംരക്ഷിക്കാനാണ് എന്ന ചോദ്യം കൂടി ബാക്കിയാക്കുന്നുണ്ട്.

തട്ടിപ്പുകാരനു രാജ്യം വിടാനുള്ള സമയം നൽകിയ ശേഷമാണു നോർക്കയുടെ പ്രതികരണം എത്തിയത് എന്നതും ശ്രദ്ധേയമാണ്. പ്രതി സ്ഥലത്ത് ഇല്ലാത്തതിനാൽ അറസ്റ്റ് ചെയ്യാനാകില്ല എന്ന മറുപടി പൊലീസ് കൂടി നൽകിയാൽ ഈ കേസിനും പരിസമാപ്തിയാകും. വിസ കച്ചവടത്തിന് ഇറങ്ങുന്ന സ്ഥാപനം മിനിമം ആസ്തി എങ്കിലും ഉള്ളവ ആയിരിക്കണം എന്ന നിയമ പരിരക്ഷ ഒരുക്കാൻ പോലും കെൽപ്പില്ലാത്ത സർക്കാർ സംവിധാനമാണ് ഇപ്പോൾ പണം നഷ്ടമായവരെ ആശ്വസിപ്പിക്കാൻ ഇറങ്ങുന്നത് എന്നതും വിരോധാഭാസമാണ്. കഴിഞ്ഞ 40 വർഷത്തിലേറെ ആയി കേരളത്തിൽ തഴച്ചു വളരുന്ന വ്യാജ വിസ കച്ചവടം ഓരോ കാലത്തും ഓരോ തരത്തിൽ മലയാളി ചെറുപ്പക്കാരെ വഞ്ചിച്ചു തടിച്ചു കൊഴുക്കുമ്പോൾ അത് കണ്ടു നിൽക്കുക എന്ന റോളിലാണ് ഓരോ കാലത്തും കേരളത്തിലെ ഭരണ സംവിധാനങ്ങൾ ചെയ്തിരുന്നതും. ഇന്നും അതിനൊരു മാറ്റമില്ല എന്നാണ് യുകെ വിസ ലോബിയും കുമിള പോലെ പൊട്ടുമ്പോൾ തെളിയുന്നതും.

വിസ ലോബിയുടെ കണ്ണുകൾ സർക്കാരിൽ മാത്രമല്ല പ്രവാസി സംഘടനകളിൽ പോലും സദാ സമയം ഉണ്ടായിരുന്നു എന്നും യുകെ വിസ കച്ചവടം തെളിയിക്കുന്നുണ്ട്. യുകെയിലെ സകല മലയാളി സംഘടനകളുടെയും കണ്ണ് കെട്ടി സ്‌പോൺസർഷിപ്പ് നൽകി മാന്യതയുടെ മുഖംമൂടിയണിഞ്ഞ വിസ കച്ചവടക്കാർ കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ മേൽവിലാസമുള്ള സംഘടനാ ഈ വിഷയത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിൽ നുഴഞ്ഞു കയറിയതിന്റെ വിവരങ്ങളും ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചിട്ടണ്ട്. ഈ കച്ചവടക്കാർ രണ്ടു നാൾ മുൻപാണ് ഒരു നിവർത്തിയും ഇല്ലാതെ തൃശൂർ സ്വദേശിയടക്കം രണ്ടു പേർക്ക് പത്തു ലക്ഷം രൂപ വീതം യുകെയിൽ കൈമാറിയത്. പതിനഞ്ചു ലക്ഷം രൂപ വീതമാണ് മൂന്നു പ്രധാന പങ്കാളികൾ ഉള്ള ഈ സ്ഥാപനം അൻപതോളം ചെറുപ്പക്കാരിൽ നിന്നും ഈടാക്കിയത്.

ഓൺലൈൻ യോഗത്തിൽ തങ്ങൾക്കെതിരെ ആരെങ്കിലും പരാതി ഉന്നയിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണു വിസ കച്ചവടക്കാരൻ സദാ സമയവും യോഗത്തിൽ സംഘാടകർ പോലും തിരിച്ചറിയാതെ പങ്കെടുത്തതും. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ മാധ്യമ പ്രവർത്തകരുടെ കൈകളിൽ എത്തിയത് ഇപ്പോഴും സംഘാടകർ അറിഞ്ഞിരിക്കില്ല. ഇത്തരത്തിൽ സൂക്ഷമതയോടെ വിസ ലോബി പിടി മുറുക്കുമ്പോളാണ് ഒരു സർക്കാർ സംവിധാനം പൂർണമായും നോക്കുകുത്തി പോലെ നീണ്ട രണ്ടു വർഷം തട്ടിപ്പിന് സാക്ഷികളായി നോക്കി നിന്നത്. യുകെ വിസ കച്ചവടത്തിൽ എത്ര കോടി രൂപ ലോബിയുടെ കൈകളിൽ എത്തി എന്നതിന് ഒരു കണക്കും ലഭ്യമല്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് 1000 കോടി രൂപയ്ക്ക് മുകളിൽ ഉള്ള തുക കൈമറിഞ്ഞിരിക്കാം എന്നാണ് സംശയിക്കപ്പെടുന്നത്. ഇതിൽ നല്ലൊരു പങ്ക് യുകെയിൽ എത്തിയിട്ടുണ്ട്. അടുത്തിടെ യുകെയിൽ നടന്ന രണ്ടു മലയാളം സിനിമ സംരംഭങ്ങളിലായി 25 കോടി രൂപയാണ് വിസ ലോബിയുടെ കൈകളിൽ നിന്നും നിക്ഷേപമായി എത്തിയത്.

ഇതിനർത്ഥം കേരളത്തിലെ സാധാരണക്കാക്കരുടെ നീണ്ട കാലത്തേ സമ്പാദ്യം യുകെ മോഹമെന്ന വിസ കച്ചവടത്തിൽ പൊലിഞ്ഞു തീർന്നിരിക്കുകയാണ് എന്ന് തന്നെയാണ്. സ്വർണവും സമ്പാദ്യവും മാത്രമല്ല പല കുടുംബങ്ങളുടെയും വീടിന്റെ രേഖകൾ അടക്കം വായ്പയ്ക്കായി ബാങ്ക് ലോക്കറിൽ എത്തിയിരിക്കുകയാണ്. യുകെയിൽ വരാൻ പറ്റിയവർ ജോലി ഇല്ലാതെയും യുകെയിൽ വരാനാകാതെ നാട്ടിൽ കുടുങ്ങുയവർ ഇനി ഒരിക്കലും വരാനാകാതെയും ബാക്കി ആകുമ്പോൾ തട്ടിപ്പുകാർ നാട് വിടുന്ന തിരക്കിൽ ആണെന്നാണ് കൊച്ചി ഏജന്റ് നിന്ന നിൽപ്പിൽ ദുബായിൽ എത്തിയതിലൂടെ തെളിയുന്നതും. തട്ടിപ്പുകാരുടെ പേരുകൾ പുറത്തു വന്നിട്ട് പോലും പൊലീസിന് അവരെ നിരീക്ഷിക്കാനാകുന്നില്ല എന്നതാണ് ഈ സംഭവത്തിലൂടെ പണം നഷ്ടമായവർ തിരിച്ചറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP