Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെറും അറുനൂറ് രൂപയാണ് അവന്റെ കയ്യിൽ ഉണ്ടായിരുന്നത്; കാശില്ലാത്തതുകൊണ്ടാവും രോഗം ആരെയും അറിയിക്കാതെ കൊണ്ടുനടന്നത്'; കിളിപോയ ചിറ്റപ്പനായി ചിരിയുടെ അമിട്ട് പൊട്ടിച്ച ഷാബുരാജിന്റെ വിയോഗത്തിൽ കണ്ണീരോടെ നോബി; ഹൃദ്രോഗിയായ ഭാര്യയുടെ ചികിത്സാചെലവും നാല് കുട്ടികളുടെ പഠനചെലവും മൂലം സ്വന്തം അസുഖം ശ്രദ്ധിക്കാതെ ആ കലാകാരൻ എരിഞ്ഞടങ്ങി; ഷാബുരാജിന്റെ കുടുംബത്തിനായ് സുമനസ്സുകളുടെ സഹായം തേടി മിമിക്രി കലാകാരന്മാർ

വെറും അറുനൂറ് രൂപയാണ് അവന്റെ കയ്യിൽ ഉണ്ടായിരുന്നത്; കാശില്ലാത്തതുകൊണ്ടാവും രോഗം ആരെയും അറിയിക്കാതെ കൊണ്ടുനടന്നത്'; കിളിപോയ ചിറ്റപ്പനായി ചിരിയുടെ അമിട്ട് പൊട്ടിച്ച ഷാബുരാജിന്റെ വിയോഗത്തിൽ കണ്ണീരോടെ നോബി; ഹൃദ്രോഗിയായ ഭാര്യയുടെ ചികിത്സാചെലവും നാല് കുട്ടികളുടെ പഠനചെലവും മൂലം സ്വന്തം അസുഖം ശ്രദ്ധിക്കാതെ ആ കലാകാരൻ എരിഞ്ഞടങ്ങി; ഷാബുരാജിന്റെ കുടുംബത്തിനായ് സുമനസ്സുകളുടെ സഹായം തേടി മിമിക്രി കലാകാരന്മാർ

വിനോദ്.വി.നായർ

 കൊല്ലം: ' വെറും അറുനൂറ് രൂപ മാത്രമാണ് അവന്റെ കയ്യിൽ ഉണ്ടായിരുന്നത് ... കയ്യിൽ കാശില്ലാത്തതുകൊണ്ടാവും ആരെയും അറിയിക്കാതെ കൊണ്ടുനടന്നത്...' ഹൃദയാഘാതം മൂലം ഇന്ന് രാവിലെ അന്തരിച്ച മിമിക്രി കലാകാരനും ജനപ്രിയ ടെലിവിഷൻ പരിപാടിയായ കോമഡിസ്റ്റാഴ്സിലെ 'കിളി പോയ ചിറ്റപ്പൻ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനുമായ ഷാബുരാജിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ചലച്ചിത്രതാരവും സഹപ്രവർത്തകനുമായ നോബി ഇതുപറയുമ്പോൾ കേട്ടുനിന്നവരുടേയും കണ്ണുകൾ നിറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷങ്ങളായി നോബിക്കും സുഹൃത്തുക്കൾക്കുമൊപ്പം നൂറുകണക്കിന് വേദികളിലാണ് ഷാബു മിമിക്രി അവതരിപ്പിച്ചത്. തിരുവനന്തപുരം സരിഗ എന്നസമിതിയിലൂടെ മിമിക്രി ലോകത്തെത്തിയ ഷാബു പിന്നീട് നോബിയുടെ നേതൃത്വത്തിലുള്ള മാഗ്‌നെറ്റോയിലേയ്ക്ക് ചുവടുമാറുകയും ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു. കൊടിയ ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു ഷാബുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

തിരുവനന്തപുരം കല്ലമ്പലത്തിനടുത്ത് വലത്തുകോണം പുതുശേരിമുക്കിൽ ചന്ദ്രികാവിലാസത്തിൽ ഉണ്ണിക്കൃഷ്ണൻ -ശ്യാമള ദമ്പതികളുടെ മകനായ ഷാബുരാജ് സ്‌കൂൾ കാലഘട്ടം മുതലേ മിമിക്രി രംഗത്ത് സജീവമായിരുന്നു. തുടർന്ന് തിരുവനന്തപുരം സരിഗയിലൂടെ പ്രൊഫഷണൽ മിമിക്രി രംഗത്തെത്തിയ ഷാബുവിന് ചലച്ചിത്രതാരം നോബിയുമായുള്ള സൗഹൃദമാണ് തുണയായത്. നോബിയോടെപ്പം ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഷാബു പ്രശസ്തിയുടെ പടവുകൾ കയറുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. പന്ത്രണ്ട് വർഷംമുൻപ് അയൽവാസിയും ബന്ധുവുമായ ചന്ദ്രികയെ പ്രണയിച്ച് വിവാഹം കഴിച്ച ഷാബുവിന് ജീവൻ, ജ്യോതി, ജിത്തു, വിഷ്ണു എന്നിങ്ങനെ നാലുമക്കളാണുള്ളത്. ടെലിവിഷൻ പരിപാടികളിലൂടെ ജീവിതം പച്ച പിടിച്ചു വരുന്നതിനിടെയാണ് ഭാര്യ ചന്ദ്രികയ്ക്ക് ഹൃദ്രോഗം ബാധിച്ചത്. ഭാര്യയുടെ ചികിത്സാച്ചിലവും കുട്ടികളുടെ പഠിപ്പുമൊക്കെയായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഷാബുവിന് കോവിഡ് മൂലമേർപ്പെടുത്തിയ ലോക്ക് ഡൗൺ വലിയ ആഘാതമായി. നേരത്തേകരാറൊപ്പിട്ടിരുന്ന സ്റ്റേജ് പരിപാടികളും ടെലിവിഷൻ പരിപാടികളും റദ്ദാക്കിയതോടെസാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ ഷാബു ഇതിനിടെ തനിക്കുണ്ടായ ഹൃദയാഘാതം വക വയ്ക്കാതെ മുന്നോട്ടുപോവുകയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം വീടിനുസമീപത്തുനിന്ന ഷാബുവിനെ ഞായറാഴ്ച രാത്രിയോടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. സുഹൃത്തുക്കൾചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കോവിഡ് 19 രോഗികളുടെ ആധിക്യം മൂലം മറ്റെവിടേയ്ക്കെങ്കിലും കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറുടെ നിർദ്ദേശപ്രകാരമാണ് ഷാബുവിനെ മേവറത്തുള്ളസ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

പണത്തിനായി ഓടി നടന്നത് ഒരു രാത്രി മുഴുവൻ

ഒരു രാത്രി മുഴുവൻ ഓടി നടന്ന് പണം സംഘടിപ്പിച്ചിട്ടും ഷാബുവിനെ രക്ഷിക്കാൻ സാധിച്ചില്ലെന്ന വിഷമത്തിലാണ് സുഹൃത്തും മിമിക്രി കലാകാരനുമായ ശ്യാം മങ്ങാട്. നോബി വിളിച്ചറിയിച്ചതനുസരിച്ച് കൊല്ലത്തുള്ള മിമിക്രി കലാകാരന്മാരുംസുഹൃത്തുക്കളുമായ ശർമ്മയും ശ്യാം മങ്ങാടും ചേർന്ന് സുഹൃത്തുക്കളിൽ നിന്ന്പണം സമാഹരിച്ച് അടച്ചതോടെയാണ് ഹൃദയരക്തക്കുഴലുകളിൽ ഒന്നിലെ ബ്ലോക്ക് ശസ്ത്രക്രിയയിലൂടെ നീക്കിയത്. രണ്ടാമത്തെ ബ്ലോക്ക് നീക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഷാജുവിന് മുമ്പും ഹൃദയാഘാതമുണ്ടായിരുന്നതായി ഡോക്ടർമാർപറഞ്ഞതോടെയാണ് സുഹൃത്തുക്കൾപോലും ഇതറിയുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് ചികിത്സ തേടാതിരുന്നതെന്ന് ഭാര്യാസഹോദരൻ വെളിപ്പെടുത്തി. വൈകിട്ട് അഞ്ചരയോടെ പുതുശേരി മുക്കിലുള്ള വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു. ടെലിവിഷൻ പരിപാടികളിലൂടെ തങ്ങളെ പൊട്ടിച്ചിരിപ്പിച്ച പുതുശേരി മുക്കിന്റെ സ്വന്തം കലാകാരനെ അവസാനമായി ഒരുനോക്കുകാണാൻ വൻ ജനാവലി എത്തിയെങ്കിലും ലോക്ക് ഡൗൺ ആയതിനാൽ ആരോഗ്യവകുപ്പിന്റെയും പൊലിസിന്റെയും കർശന നിയന്ത്രണത്തിൽ അടുത്തബന്ധുക്കൾ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.

കഴിഞ്ഞ രണ്ടു വർഷമായി ഏഷ്യാനെറ്റിലെ കോമഡിസ്റ്റാർ എന്ന പരിപാടിയിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റായി എത്തിയിരുന്ന ഷാബു പരിപാടികൾ ഇല്ലാത്ത സമയത്ത് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. മിമിക്രി കലാകാരന്മാരുംസുഹൃത്തുക്കളും ചേർന്ന് സമാഹരിച്ച ഒന്നര ലക്ഷത്തോളം രൂപ ആശുപത്രിയിൽ ചെലവായി. ലോക്ക് ഡൗൺ കാലത്തിനുശേഷം സുഹൃത്തുക്കളായ മിമിക്രികലാകാരന്മാരെ ചേർത്ത് ഒരു പരിപാടി സംഘടിപ്പിച്ച് അതിൽനിന്നും ലഭിക്കുന്ന തുക ഷാബുവിന്റെ കുടുംബത്തിന് സഹായമായി നൽകാൻ ഇവർ തീരുമാനിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഭാര്യ ചന്ദ്രികയുടെ ചികിത്സയ്ക്കും പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങളുടെ ജീവിതച്ചെലവിനും ഈ തുകയും അപര്യാപ്തമാണെന്ന് നോബി പറയുന്നു.

ഷാബുവിന്റെ ബാങ്ക് അക്കൗണ്ട് ചുവടെ:

046501000021581

IFSC: IOBA 0000465

Indian overseas bank

Nagaroor branch

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP