Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദനിയെ കുടക്കാൻ കുതന്ത്രങ്ങളുമായി കർണ്ണാടക പൊലീസ്; സിസിടിവിയിലെ വ്യക്തിയെ തിരിച്ചറിയാൻ ശ്രമമില്ല; ബംഗലുരു സ്‌ഫോടനക്കേസിൽ പിഡിപി നേതാവിനെ സംശയമെന്ന് പരസ്യമായി പറഞ്ഞ് അന്വേഷണ സംഘത്തലവനും

മദനിയെ കുടക്കാൻ കുതന്ത്രങ്ങളുമായി കർണ്ണാടക പൊലീസ്; സിസിടിവിയിലെ വ്യക്തിയെ തിരിച്ചറിയാൻ ശ്രമമില്ല; ബംഗലുരു സ്‌ഫോടനക്കേസിൽ പിഡിപി നേതാവിനെ സംശയമെന്ന് പരസ്യമായി പറഞ്ഞ് അന്വേഷണ സംഘത്തലവനും

മറുനാടൻ മലയാളി ബ്യൂറോ

ബംഗലുരു: ബംഗലുരു ചർച്ച് സ്ട്രീറ്റിൽ സ്‌ഫോടനം നടന്നിട്ട് ദിവസങ്ങളായി. ബാംഗലുരു പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയില്ല. ചർച്ച് സ്രീറ്റ് റോഡിലെ കോക്കനട്ട് ഗ്രൂവ് എന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ചെന്നു നിൽക്കുന്നത് മുബൈയിലുമാണ്.

മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദിയാണ് ഇയാളെന്ന പ്രാഥമിക സൂചനയും കിട്ടിയിട്ടുണ്ട്. എന്നിട്ടും ആ വഴിക്കൊന്നും ബംഗലുരു പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. കേരളവും തമിഴ്‌നാടും തന്നെയാണ് അവരുടെ മനസ്സിലെ സാധ്യതകൾ. കർണ്ണാട പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രണ്ടിടത്തും അരിച്ചു പെറുക്കുകയാണ്. അബ്ദുൾ നാസർ മദനയെ സ്‌ഫോടനവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ സംഘടിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

തീവ്രവാദക്കേസുകൾ എൻഐഎയുടെ അന്വേഷണത്തിന് കൈമാറുകയാണ് പതിവ്. എന്നാൽ ബംഗലുരുവിലെ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടും എൻഐഎ കേസ് ഏൽപ്പിക്കാൻ ബംഗലുരു പൊലീസ് തയ്യാറുമല്ല. മദനയിലേക്ക് എങ്ങനേയും കേസ് എത്തിക്കണമെന്ന കുതന്ത്രമാണ് ഇതിന് പിന്നിലെന്നത് വ്യക്തവുമാണ്. അതുകൊണ്ട് തന്നെയാണ് മദനിയുടെ കേരളത്തിലെ പ്രവർത്തന കേന്ദ്രങ്ങളിൽ കണ്ണും കാതു കൂർപ്പിച്ച് ബംഗലുരു പൊലീസ് പ്രവർത്തിക്കുന്നത്. ഇതിലൂടെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ കർണ്ണാടക പൊലീസ് അനുവദിക്കുകയാണെന്നും വിമർശനമുണ്ട്. കേരളാ പൊലീസിന്റെ സഹകരണം ഇല്ലാത്തതുകൊണ്ടാണ് കുറ്റവാളികളെ കണ്ടെത്താനാകാത്തതെന്ന വിചിത്രമായ ന്യായവും കർണ്ണാടക പൊലീസ് ഉയർത്തിയിട്ടുണ്ട്.

ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പ്രത്യേക അന്വേഷണ സംഘത്തലവൻ അലോക് കുമാർ തന്നെ വിരൽ ചൂണ്ടുന്നത് മദനിയിലേക്കാണ്. സാധാരന തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ അന്വേഷണം പൂർത്തിയാകും വരെ അന്വേഷണ ഉദ്യോഗസ്ഥർ ആരും നിർണ്ണായക വിവരങ്ങൾ പുറത്തു പറയാറില്ല. കേസ് അന്വേഷണം വഴി തെറ്റാൻ സാധ്യതയുള്ളതിനാലാണ് ഇത്. എന്നിട്ടും മദനിയേയും സിമിയേയും കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ തീവ്രവാദ സംഘനകളേയുമാണ് സംശയമെന്ന് അലോക് കുമാർ തന്നെ ഇന്ത്യൻ എക്‌സപ്രസിനോട് വെളിപ്പെടുത്തുന്നു. ബോംബ് സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലേക്ക് വിരൽ ചൂണ്ടുമ്പോഴാണ് ഇത്.

150 പൊലീസുകാരെയാണ് അന്വേഷണത്തിനായി കർണ്ണാടക പൊലീസ് നിയോഗിച്ചിരിക്കുന്നത്. രണ്ട് ഡെപ്യൂട്ടി കമ്മീഷണറുമാരും ആറ് അസിസ്റ്റന്റെ കമ്മീഷണർമാരും 23 ഇൻസ്‌പെക്ടർമാരും ഈ സംഘത്തിലുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഈ സംഘത്തിലെ ബഹുഭൂരിഭാഗം പേരും. പുതുവൽസര സുരക്ഷ ഒരുക്കുന്നതിനായി സ്‌ഫോടനക്കേസ് അന്വേഷണത്തിന് ഈ സംഘം രണ്ടു ദിവസമായി ഒന്നും ചെയ്തില്ലെന്ന് ബംഗലുരു ഡിസിപി സന്ദീപ് പാട്ടീൽ തന്നെ പറയുന്നു. ഇത്രയും പ്രധാനപ്പെട്ട സ്‌ഫോടനക്കേസിലെ പ്രതികളെ രക്ഷിക്കാൻ സഹായിക്കുന്ന അന്വേഷണ രീതിയാണ് പ്രത്യേക സംഘം പിന്തുടരുന്നതെന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്. മദനി അടക്കമുള്ളവരെ കേസുമായി ബന്ധപ്പിക്കുന്ന തെളിവുകൾ ഒന്നുകിട്ടിയില്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം നൽകുന്നു. എന്നാൽ അന്വേഷണം ട്രാക്ക് വിട്ടുപോകരുതെന്ന നിർദ്ദേശവും പ്രത്യേക സംഘത്തിന് നൽകിയിട്ടുണ്ട്. മദനിയെ കേസിൽ കുരുക്കാനുള്ള അവസാന സാധ്യത വരെ തേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

സ്‌ഫോടന സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വ്യക്തമാണ്. സ്‌ഫോടനത്തിൽ ഇരുപത് മിനിറ്റ് മുമ്പ് സംശായസ്പദമായ ഒരാൾ അതുവഴി പോകുന്നുണ്ട്. പെട്ടെന്ന് തന്നെ പരിഭ്രമത്തോടെ മടങ്ങിയും വന്നു. ദൃശ്യങ്ങളുടെ നിലവാരവും തീരെ മോശമല്ല. അതുകൊണ്ട് തന്നെ ഇയാളെ തിരിച്ചറിയാം. ദേശീയ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെ ഈ ഫോട്ടോ പരിശോധിച്ചപ്പോൾ മഹാരാഷ്ട്ര ബന്ധമുള്ള തീവ്രവാദിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. ഈ ഫോട്ടോ കർണ്ണാടകയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും വാട്‌സ് അപ്പിൽ കൈമാറിയിട്ടുമുണ്ട്. സാധാരണ ഇത്തരം ഫോട്ടോകൾ പ്രസിദ്ധം ചെയ്ത് സംശയം തോന്നിയ വ്യക്തിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. എന്നാൽ ഇവിടെ അതു വേണ്ടെന്നാണ് നിഗമനം. സിസിടിവി ദൃശ്യത്തിലെ വ്യക്തിയാണ് സ്‌ഫോടനം നടത്തിയതെന്ന് നൂറ് ശതമാനം ഉറപ്പുവന്ന ശേഷം മറ്റ് നടപടികൾ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തൽക്കാലം ഈ വ്യക്തിക്ക് പുറകേ അന്വേഷണ സംഘം പോവുകയുമില്ല.

സിമിയുമായി സ്‌ഫോടനത്തെ ബന്ധപ്പെടുത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അൽ ഉമയുടെ സഹായത്തോടെ സിമി നടത്തിയതെന്ന് വരുത്താനാണ് നീക്കം. സിമിക്ക് മഹാരാഷ്ട്രാ വേരുകളും ഉണ്ട്. എന്നാൽ അൽ ഉമയുടെ പേരു വരുത്തുകയാണ് പ്രധാനം. കോയമ്പത്തൂർ സ്‌ഫോടനം നടത്തിയത് അൽ ഉമയായിരുന്നു. കേസിൽ മദനിയെ പ്രതിചേർത്തു. ഉപ പ്രധാനമന്ത്രിയായിരിക്കെ അദ്വാനിയെ കൊല്ലാനായി നടത്തിയ കൊയമ്പത്തൂർ സ്‌ഫോടനക്കേസിലെ വിചാരണ പൂർത്തിയായപ്പോൾ മദനി കുറ്റവിമുക്തനായി. എന്നാലും അൽ ഉമയുമായുള്ള ഈ കേസിലെ ബന്ധം എങ്ങനെയെങ്കിലും ബംഗലുവിലെ സ്‌ഫോടനത്തിലും കൂട്ടിച്ചേർത്താൽ മദനിയെ പീഡിപ്പിക്കുന്നത് തുടരാമെന്നാണ് കർണ്ണാടക പൊലീസിന്റെ നിഗമനം. അൽ ഉമയിൽ മദനയിടെ പഴയ അടുപ്പക്കാർ സജീവമാണെന്ന വിലയിരുത്തലും ഉണ്ട്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ കേരളത്തിലും കർണ്ണാടകയിലും പ്രത്യേക അന്വേഷണ സംഘം കറങ്ങുന്നത്.

സ്‌ഫോടനം നടന്ന് സ്ഥലത്ത് നിന്ന് നൂറ് മീറ്റർ മാറിയാണ് കോക്കനട്ട് ഗ്രൂവ് റസ്‌റ്റോറന്റ്. കേരളവുമായി ബന്ധമുള്ള റെസ്‌റ്റോറന്റിന് മുന്നിൽ സ്‌ഫോടനം നടത്തിയത് മദനി തന്നെയാണെന്നാണ് കർണ്ണാടക പൊലീസിന്റെ വാദം. ജയിലറകളിൽ ഒന്നര പതിറ്റാണ്ടായി നരക ജീവിതം അനുവഭവിച്ച മദനി ശാരീരിക-ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിൽസിലുമാണ്. ബംഗലുരു വിട്ട് പോകരുതെന്ന വ്യവസ്ഥയിലാണ് കോടതി ചികിൽസയ്ക്ക് ജാമ്യം അനുവദിച്ചത്. 2010ലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് മുന്നിലെ സ്‌ഫോടനക്കേസിൽ പ്രതിയായ മദനിയോട് ഒരു പ്രതിക്ക് നൽകേണ്ട ഒരു കരുണയും കർണ്ണാടക പൊലീസ് കാണിച്ചിട്ടില്ല.

സ്‌ഫോടനക്കേസിൽ കുറ്റപത്രം നൽകാനോ വിചാരണ തുടങ്ങനോ പോലും നടപടിയില്ല. ഈ കേസിൽ മദനിയെ കുടുക്കാൻ തെളിവില്ലാത്തതിനാലാണ് കുറ്റപത്രം നൽകുന്നത് പോലും വൈകുന്നതെന്ന ആക്ഷേപം ശക്തമാണ്. എങ്ങനെയെങ്കിലും നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ട് കേരളത്തിൽ എത്താൻ കൊതിക്കുന്ന മനസ്സാണ് മദനിയുടേത്. ഈ സാഹചര്യത്തിൽ കൂടിയാണ് മദനിയെ മറ്റൊരു കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള അണിയറ നീക്കം. എന്തിനാണ് ഇതെന്ന് ഇനിയും ആർക്കും മനസ്സിലാകുന്നുമില്ല. കർണ്ണാടകയിൽ ബിജെപി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോഴാണ് മദനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യമാണെന്ന് കേരളത്തിലെ കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർ വാദിച്ചു.

എന്നാൽ ഭരണം മാറി കോൺഗ്രസ് അധികാരത്തിലെത്തി. മലയാളിയായ ജോർജ്ജ് കർണ്ണാടകയിൽ ആഭ്യന്തരമന്ത്രിയുമായി. എന്നിട്ടും മദനിക്ക് വേണ്ടിയുള്ള കേരളാ സർക്കാരിന്റെ ആവശ്യങ്ങൾ പോലും കർണ്ണാടക സർക്കാർ ചെവിക്കൊണ്ടില്ല. അതിനിടെയിലാണ് പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP