Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

സ്വന്തം കുട്ടിയെ കണ്ടെത്താനുള്ള അമ്മയുടേയും അച്ഛന്റേയും ശ്രമം എങ്ങും എത്തുന്നില്ല; സിപിഎമ്മുകാരനായ ജയചന്ദ്രന്റെ മൊഴി മാത്രം വിശ്വസിച്ച് പൊലീസ് നടപടി; കൂട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് അമ്മ പറഞ്ഞിട്ടും എഫ് ഐ ആർ ഇട്ട് അന്വേഷണത്തിന് പൊലീസിന് പേടി; പേരൂർക്കട സദാശിവന്റെ മകൻ അജണ്ട നിശ്ചയിക്കുമ്പോൾ

സ്വന്തം കുട്ടിയെ കണ്ടെത്താനുള്ള അമ്മയുടേയും അച്ഛന്റേയും ശ്രമം എങ്ങും എത്തുന്നില്ല; സിപിഎമ്മുകാരനായ ജയചന്ദ്രന്റെ മൊഴി മാത്രം വിശ്വസിച്ച് പൊലീസ് നടപടി; കൂട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് അമ്മ പറഞ്ഞിട്ടും എഫ് ഐ ആർ ഇട്ട് അന്വേഷണത്തിന് പൊലീസിന് പേടി; പേരൂർക്കട സദാശിവന്റെ മകൻ അജണ്ട നിശ്ചയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പേരൂർക്കടയിൽ എസ്എഫ്‌ഐ പ്രവർത്തകയായ മകളുടെ കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയ അച്ഛൻ ജയചന്ദ്രന്റെ പേരിൽ കേസെടുക്കാൻ തയ്യാറാകാതെ പേരൂർക്കട പൊലീസ്. കുഞ്ഞിന്റെ അമ്മ അനുപമയും അച്ഛൻ അജിത്തും പേരൂർക്കട പൊലീസിന് പരാതി നൽകിയിട്ട് ആറ് മാസമായിട്ടും എഫ്‌ഐആർ ഇടാൻ പോലും അവർ തയ്യാറായിട്ടില്ല. കഴിഞ്ഞ് ഏപ്രിൽ 19 നായിരുന്നു അവർ ജയചന്ദ്രനെതിരെ പരാതി നൽകിയത്. സംഭവം വിവാദമായിട്ടും പരാതിയിൽ എഫ്‌ഐആർ പോലും ഇടാതെ തഴയുന്നത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ സ്വാധീനം മൂലമാണന്നും അജിത്തും അനുപമയും പറയുന്നു.

മുഖ്യമന്ത്രിയും ഡിജിപിയും മനുഷ്യാവകാശ കമ്മീഷനുമടക്കം എല്ലാ വാതിലുകളും മുട്ടി തളർന്നിരിക്കുകയാണ് അജിത്തും അനുപമയും. ഇവർക്കൊന്നും നൽകിയ പരാതിയിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ സംസ്ഥാന സമിതി അംഗം പേരൂർക്കട സദാശിവന്റെ മകനുമായ ജയചന്ദ്രന്റെ സ്വാധീനത്തിന് മുന്നിൽ അവർക്ക് നീതി അകലെയാണ്. സിപിഎം ജില്ലാ സെക്രട്ടറിയും ഈ വിഷയത്തിൽ ജയചന്ദ്രന് അനുകൂലമായി നേരിട്ട് ഇടപെടുന്നുണ്ടെന്ന് അവർ ആരോപിക്കുന്നു. അജിത്തിനേയും അനുപമയേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസുകൾ പിൻവലിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. അതിന് വേണ്ടി അഭിഭാഷകരടക്കമുള്ളവരെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.

തങ്ങളുടെ കുഞ്ഞിനെ കണ്ടെത്താൻ കഴിയാത്തതിന്റെ നിരാശയിലാണ് അജിത്തും അനുപമയും. അതിന് വേണ്ടി ഒരന്വേഷണവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ജയചന്ദ്രൻ പറയുന്നതനുസരിച്ച് മാത്രമാണ് പേരൂർക്കട പൊലീസ് നീങ്ങുന്നതെന്നും അജിത്തും അനുപമയുമ പറയുന്നു.

ഈ വിഷയത്തിൽ അജിത്തിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയെങ്കിലും മകളുടെ കുഞ്ഞിനെ അമ്മയുടെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിക്ക് കൈമാറിയ ജയചന്ദ്രനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുട്ടിയെ ഭർത്താവിന്റെ അടുത്താക്കി മറ്റൊരാൾക്കൊപ്പം പോകുന്ന അമ്മമാർക്കെതിരെ ജുവനൈൽ ജസ്റ്റീസ് നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുന്ന നാടാണ് കേരളം. എന്നാൽ തന്റെ കുട്ടിയെ അച്ഛൻ മോഷ്ടിച്ചെടുത്തുവെന്ന് അനുപമ പറയുമ്പോഴും പേരൂർക്കട പൊലീസ് അനുപമയുടെ വാക്കുകളെ കള്ളമെന്ന് പറയുന്നു. അച്ഛൻ ജയചന്ദ്രനാണ് ശരിയെന്ന് പൊലീസ് വിധിയെഴുതുന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനമാണ്.

പ്രസവിച്ച ശേഷം മൂന്നു ദിവസം മാത്രമാണ് അനുപമയ്ക്ക് കുട്ടിയെ കാണാൻ കഴിഞ്ഞത്. ഒന്നുകിൽ ആത്മഹത്യ ചെയ്യാം അല്ലെങ്കിൽ ഞങ്ങൾ ഭ്രാന്താശുപത്രിയിൽ അടയ്ക്കും എന്നാണ് അനുപമയോട് സ്വന്തം മാതാപിതാക്കൾ പറഞ്ഞത്. അജിത്ത് മുൻ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ്. എന്നാൽ ഈ പ്രശ്നത്തിൽ സിപിഎം ജയചന്ദ്രനൊപ്പമാണ് നിലയുറപ്പിച്ചത്. കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിലായിരുന്നു അനുപമയുടെ പ്രസവം. ആശുപത്രിയിൽ നിന്നാണ് ജയചന്ദ്രൻ കൂട്ടിയെ കൊണ്ടു പോയതെന്നാണ് അനുപമ പറയുന്നത്.

മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ ആ പരാതിയും എത്തിയത് ഇവർക്ക് നീതി നിഷേധിച്ച പേരൂർക്കട പൊലീസ് സ്റ്റേഷനിൽ തന്നെയാണ്. ഒടുവിൽ അസിസ്റ്റന്റ്റ് പൊലീസ് കമ്മിഷണറുടെ ഇടപെടൽ വഴിയാണ് കുട്ടിയെ മാതാപിതാക്കൾ അമ്മത്തോട്ടിലിൽ ഏൽപ്പിച്ചു എന്ന കാര്യം പോലും ഈ ദമ്പതികൾക്ക് മനസിലാകുന്നത്. തന്നിൽ ബലമായി ഒപ്പിട്ട് വാങ്ങിയ കത്തിൽ വാചകങ്ങൾ എഴുതി ചേർത്ത ശേഷം കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അനുപമ പറയുന്നത്.

കുഞ്ഞിനെ തമിഴ്‌നാടിൽ ഒരിടത്ത് ഏൽപ്പിച്ചു എന്ന് മാമൻ പറയുമ്പോൾ മറ്റൊരിടത്ത് ഏൽപ്പിച്ചു എന്ന് ബന്ധുക്കളും അമ്മത്തൊട്ടിലിൽ എന്ന് മാതാപിതാക്കളും പറയുന്നു. പക്ഷെ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അനുപമയ്ക്ക് അറിയില്ല. ഇനി കോടതിയുടെ സഹായം തേടാനാണ് ദമ്പതികൾ ഒരുങ്ങുന്നത്. അനുപമയുടെ ചേച്ചിയുടെ വിവാഹാവശ്യത്തിന് എന്ന് പറഞ്ഞ് പ്രസവത്തിന് രണ്ട് ദിവസം മുമ്പ് ജയചന്ദ്രൻ ഏതൊക്കെയോ പേപ്പറുകളിൽ അനുപമയെ കൊണ്ട് ഒപ്പിടുവിച്ചിരുന്നു. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയത് അനുപമയുടെ അനുമതിയോടെയാണെന്ന് കാണിക്കാൻ ആ പേപ്പറുകളാണ് ജയചന്ദ്രൻ ഹാജരാക്കുന്നതെന്ന് അജിത്ത് ആരോപിക്കുന്നു.

അനുപമയുടെ പ്രസവത്തിന് രണ്ട് ദിവസംമുമ്പ് സിപിഎമ്മിന്റെ രണ്ട് പ്രാദേശികനേതാക്കളായ അഭിഭാഷകർ വീട്ടിലെത്തിയാണ് ചേച്ചിയുടെ വിവാഹത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് അനുപമയുടെ ഒപ്പ് വാങ്ങിയത്. കുട്ടിയെ വിട്ടുകിട്ടാൻ മാസങ്ങളായി പൊലീസ് സ്റ്റേഷനിലും പാർട്ടി ഘടകങ്ങളിലും പരാതിപ്പെടുന്നു. എന്നാൽ ശിശുക്ഷേമസമിതിക്കാണ് കുട്ടിയെ കൈമാറിയത് എന്ന് പോലും ആരും വെളിപ്പെടുത്തിയില്ല. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പല തവണ വിളിച്ചുവരുത്തി മണിക്കൂറുകളോളം കാത്തിരുത്തിക്കും. എന്നിട്ട് ജയചന്ദ്രൻ വന്നില്ലെന്ന് പറഞ്ഞ് പറഞ്ഞുവിടും. നിരവധി ദിവസങ്ങളിൽ ഇത് ആവർത്തിച്ചു. തങ്ങൾ പലവട്ടം ആവശ്യപ്പെട്ടിട്ടും ജയചന്ദ്രൻ ഹാജരാക്കിയ രേഖകളൊന്നും സ്റ്റേഷനിൽ നിന്നും കാണിച്ചില്ലെന്നും അജിത്ത് മറുനാടനോട് പറഞ്ഞു.

പേരൂർക്കട സ്റ്റേഷനിൽ നീതി ലഭിക്കാതെയതോടെ എസിപിക്ക് പരാതി നൽകി. രണ്ട് മാസം മുമ്പ് എസിപിയുടെ ഓഫീസിൽ വച്ചാണ് ജയചന്ദ്രൻ ഹാജരാക്കിയ രേഖകൾ കാണുന്നത്. അപ്പോഴാണ് ശിശുക്ഷേമസമിതിയിലാണ് കുട്ടിയെ നൽകിയതെന്ന് അറിയുന്നത്. നേരത്തെ ഇതറിഞ്ഞിരുന്നുവെങ്കിൽ കുട്ടിയെ തിരിച്ചെടുക്കാൻ കഴിയുമായിരുന്നുവെന്നും അജിത്ത് സങ്കടപ്പെടുന്നു. എൽസി മെമ്പർ കൂടിയായ ജയചന്ദ്രൻ കുട്ടിയെ എടുത്തുമാറ്റിയതിനെതിരെ ഏര്യാ സെക്രട്ടറി മുതൽ പിബി മെമ്പർ വ്യന്ദാ കാരാട്ട് വരെയുള്ളവർക്ക് പരാതികൾ നൽകി. എന്നാൽ അതിൽ അനുഭാവപൂർവം പെരുമാറിയത് വൃന്ദാകാരാട്ട് മാത്രമാണ്. ശ്രീമതി ടീച്ചർ ഉരുണ്ടുകളിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ തങ്ങളെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് കൈക്കൊണ്ടത്. തന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനിൽ നിരന്തരം ഇടപെട്ട് കേസിൽ നീതി നിഷേധിച്ചു. പാർട്ടി തങ്ങളെ വേട്ടയാടുകയാണെന്നും മുൻ പാർട്ടി മെമ്പർ കൂടിയായ അജിത്ത് പറയുന്നു.

എന്നാൽ ജയചന്ദ്രന്റെ വാദങ്ങളെ ശരിവയ്ക്കുന്ന നിലപാടാണ് പേരൂർക്കട പൊലീസിന്റേത്. മുമ്പുതന്നെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പരാതി ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും. കേസന്വേഷിച്ചപ്പോൾ കുട്ടിയുടെ അമ്മയുടെ അനുമതിയോടെയാണ് ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്ന് തെളിഞ്ഞെന്നും പൊലീസ് പറയുന്നു. അതിന്റെ ഭാഗമായി കേസ് ക്ലോസ് ചെയ്തെന്നും പേരൂർക്കട പൊലീസ് അവകാശപ്പെടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP