Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്ലൂ ബ്ലാക്ക് മെയിൽക്കേസിൽ ഉന്നതരെല്ലാം രക്ഷപ്പെട്ടു; എംപിക്കും എംഎൽഎയ്ക്കുമെതിരെയുള്ള കത്ത് പൊലീസ് അറിഞ്ഞതു പോലുമില്ല; എംഎൽഎ ഹോസ്റ്റലിൽ ജയചന്ദ്രൻ താമസിച്ചിട്ടുമില്ല

ബ്ലൂ ബ്ലാക്ക് മെയിൽക്കേസിൽ ഉന്നതരെല്ലാം രക്ഷപ്പെട്ടു;  എംപിക്കും എംഎൽഎയ്ക്കുമെതിരെയുള്ള കത്ത് പൊലീസ് അറിഞ്ഞതു പോലുമില്ല; എംഎൽഎ ഹോസ്റ്റലിൽ ജയചന്ദ്രൻ താമസിച്ചിട്ടുമില്ല

ബി രഘുരാജ്‌

കൊച്ചി: ബ്ലൂബ്ലാക്ക് മെയിൽക്കേസിലെ മുഖ്യപ്രതി ബിന്ധ്യാസ് തോമസ് മാദ്ധ്യമങ്ങൾക്ക് എഴുതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതുപോലുമില്ല. ഇത്തരമൊരു കത്ത് പൊലീസിന്റെ ശ്രദ്ധിൽപ്പെട്ടില്ലെന്നതാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പ്രാഥമിക നടപടികൾ പോലും ഉണ്ടായില്ല. കത്തിന്റെ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറയുന്ന ആഭ്യന്തര വകുപ്പ് ഇതുമായി ബന്ധപ്പെട്ട് നാല് വനിതാ പൊലീസുകാരെ സസ്‌പെന്റ് ചെയ്തത് എന്തിനെന്ന് വിശദീകരിക്കാൻ തയ്യാറാകുന്നുമില്ല.

മന്ത്രി കെഎം മാണിക്കെതിരെ ബാർ ഉടമകൾ ആരോപണം ഉന്നയിച്ചപ്പോൾ എല്ലാം കള്ളമാണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ആരോപണത്തിൽ ക്വിക്ക് വെരിഫിക്കേഷൻ നടത്തി. മൊഴികളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി എഫ്‌ഐർആറും രജിസ്റ്റർ ചെയ്തു. എന്നാൽ ബ്ലൂ ബ്ലാക്ക് മെയിൽ കേസിൽ ബിന്ധ്യാസ് എഴുതി നൽകിയ കത്ത് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടും അറിഞ്ഞില്ലെന്ന ന്യായം പറഞ്ഞാണ് ക്രിമിനൽ നടപടികൾ ഒഴിവാക്കിയത്. ബ്ലൂ ബ്ലാക്ക് മെയിൽക്കേസും സോളാർ മാതൃകയിൽ തട്ടിപ്പ് കേസായി ഒതുങ്ങുമെന്നാണ് സൂചന.

എന്നാൽ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ അന്വേഷണമെല്ലാം അട്ടിമറിച്ചെന്ന സൂചനയുള്ളത്. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ വ്യക്തിക്ക് എതിരെയാണ് ബിന്ധ്യാസ് ആരോപണം ഉന്നയിച്ചത്. അതുകൊണ്ട് തന്നെ ഉന്നത ഇടപെടലിലൂടെ കത്തിൽ ആരോപണങ്ങൾ പരിശോധിക്കാതെ അവസാനിപ്പിക്കുയായിരുന്നു എന്നാണ് സൂചന. ഇത്തരം ആക്ഷേപങ്ങളുയർന്നാൽ പ്രാഥമിക പരിശോധന പൊലീസ് നടത്തും. ആരോപണങ്ങളിൽ കഴമ്പില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കും. എന്നാൽ കത്ത് പോലും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന വാദത്താൽ കേസ് അന്വേഷിക്കാത്ത നടപടിയാണ് വിവാദമാകുന്നത്. ബിന്ധ്യാസ് ആരോപണം ഉന്നയിച്ച എംപിയുടേയും എംഎൽഎയുടേയും സ്വാധീനം തന്നെയാണ് ഇതിലേക്ക് വഴിവച്ചതെന്നും ഉറപ്പാണ്.

കേസിലെ പ്രതിയായ ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽ താമസിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തിയുരന്നു. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ശരത് ചന്ദ്രപ്രസാദിന്റെ പേരിലാണ് മുറിയെടുത്തത് എന്നും വ്യക്തമായിരുന്നു. ശരത് ചന്ദ്രപ്രസാദിന്റെ മൊഴിയും പൊലീസ് എടുത്തു. സംഭവം വിവാദമായതോടെ എംഎൽഎ ഹോസ്റ്റലിലേക്ക് സന്ദർശക വിലക്കും സ്പീക്കർ ഏർപ്പെടുത്തി. സർവ്വകക്ഷി യോഗം ചേർന്ന് സ്ഥിതിഗതികൾ സ്പീക്കർ വിലയിരുത്തുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ താമസിച്ചതിന് വ്യക്തമായ തെളിവുകൾ ഒന്നുമില്ല. അതുകൊണ്ട് കൂടിയാണ് എംഎൽഎ ഹോസ്റ്റലിൽ ജയചന്ദ്രനെ കൊണ്ടു വന്ന് തെളിവുകൾ എടുക്കാത്തത്. അതായത് ജയചന്ദ്രന് മുറിയെടുത്ത് നൽകിയെന്ന ആരോപണത്തിൽ നിന്ന് ശരത്ചന്ദ്ര പ്രസാദിനേയും പൊലീസ് ഒഴിവാക്കിയെന്നാണ് വ്യക്തമാക്കുന്നത്.

പൊലീസ് കസ്റ്റഡിയിലാണ് നെടുമങ്ങാട് കോടതി വളപ്പിൽ വച്ച് ബിന്ധ്യാസ് തന്റെ കൈപ്പടയിൽ എഴുതിയ കത്ത് മാദ്ധ്യമ പ്രവർത്തകർക്ക് കൈമാറിയത്. കത്തെഴുതിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ സൗത്ത് സോൺ ഐ.ജി. മനോജ് എബ്രഹാം തിരുവനന്തപുരം റൂറൽ എസ്‌പി.രാജ്പാൽ മീണയ്ക്ക് നിർദ്ദേശവും നൽകിയിരുന്നു. ഈ അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന തരത്തിലാണ് നിയമസഭയിൽ ആഭ്യന്തര വകുപ്പ് മറുപടി നൽകിയിരുന്നു. ഇക്കാര്യം എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് നാല് വനിതാ പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്. എന്നാൽ നിയമസഭാ മറുപടിയിൽ ഇത്തരമൊരു സംഭവം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണവും വേണ്ട.

രണ്ടു എംഎ‍ൽഎമാർക്കും ഒരു എംപിക്കും തട്ടിപ്പിൽ പങ്കെന്ന് കോടതി വളപ്പിൽ വച്ച് നൽകിയ കത്തിൽ ബിന്ധ്യാസ് പറഞ്ഞിരുന്നു. എറണാകുളം പൊലീസ് കേസന്വേഷണം വഴിതിരിച്ച് വിടുകയാണെന്നും സിഐ എൻ.സി. സന്തോഷ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിഐയുടെ അറിവോടെ രവീന്ദ്രനെ സ്‌റ്റേഷനു പുറത്തെ വളപ്പിൽ വച്ച് ജൂലൈ 10ന് രാത്രി 9.30ന് വിൻസന്റ് പെരേരയെന്ന ഗുണ്ട മർദ്ദിച്ചത്. എന്തിനാണെന്ന് അന്വേഷിക്കുന്നില്ലെന്നും ബിന്ധ്യാസ് കത്തിൽ വെളിപ്പെടുത്തിയിരുന്നു. ചെന്നൈ സ്വദേശി സുന്ദരവും സജികുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിച്ചിട്ടില്ലെന്നും സരോവരം ഹോട്ടലിലെ തെളിവെടുപ്പ് പ്രഹസനമാണെന്നും ചില ഉന്നതന്മാരെ രക്ഷിക്കാനുള്ള ശ്രമമാണിതിനു പിന്നിലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതുമായി മാദ്ധ്യകേരളത്തിലെ രണ്ടു എംഎൽ.എമാർക്കും നേരത്തെ വിവാദത്തിൽപ്പെട്ട ഒരു എംപിക്കും ബന്ധമുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു. സി.ഡി ദൃശ്യമുണ്ടെന്ന് പറയുന്ന പൊലീസ് അതു കാണിക്കാൻ തയാറാകണമെന്നും സജികുമാർ ഒളിവിൽ പോയത് പൊലീസ് ഒത്താശയോടെയാണെന്നും സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് ബന്ധമുണ്ടെന്നും കത്തിൽ ആരോപിച്ചിരുന്നു. ഇത്തരം ഗുരുതരമായ ആരോപണങ്ങളാണ് ബ്ലൂ ബ്ലാക്ക് മെയിൽക്കേസിൽ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നത്. സോളാർക്കേസിന് സമാനമായി തട്ടിപ്പ് കേസാക്കി മാറ്റി പ്രതികളെ രക്ഷിക്കാമെന്ന ഉറപ്പും നൽകിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണേ്രത കോടതി വളപ്പിൽ നൽകിയ കത്തിലെ ആരോപണങ്ങളെ കുറിച്ച് ബിന്ധ്യാസും മിണ്ടാത്തതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP