Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഗസ്തിയെ ജോസഫ് പിന്തുണച്ചോടെ ജയിച്ച് കഴിഞ്ഞാൽ കൂറുമാറുമോ എന്ന ഭയം ശക്തം; രാജ്യസഭയിൽ അഞ്ച് വർഷം ബാക്കിയാകവേ ജോസ് കെ മാണി മത്സരിക്കാൻ ഇറങ്ങിയാൽ യുഡിഎഫിൽ കലാപം ഉണ്ടായേക്കുമെന്നും ആശങ്ക; ഫിലിപ്പ് കുഴിക്കുളം അടക്കമുള്ളവരെ പരിഗണിച്ചാൽ സീറ്റ് മോഹിക്കുന്ന മറ്റുള്ളവർ പാർട്ടി വിടും; മത്സരിക്കുന്നില്ല എന്ന് നിഷ പറയുമ്പോഴും മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ കേരളാ കോൺഗ്രസ്; അവസാന നിമിഷം മാണിയുടെ മരുമകൾ തന്നെ പാലായിൽ സ്ഥാനാർത്ഥിയാകും

അഗസ്തിയെ ജോസഫ് പിന്തുണച്ചോടെ ജയിച്ച് കഴിഞ്ഞാൽ കൂറുമാറുമോ എന്ന ഭയം ശക്തം; രാജ്യസഭയിൽ അഞ്ച് വർഷം ബാക്കിയാകവേ ജോസ് കെ മാണി മത്സരിക്കാൻ ഇറങ്ങിയാൽ യുഡിഎഫിൽ കലാപം ഉണ്ടായേക്കുമെന്നും ആശങ്ക; ഫിലിപ്പ് കുഴിക്കുളം അടക്കമുള്ളവരെ പരിഗണിച്ചാൽ സീറ്റ് മോഹിക്കുന്ന മറ്റുള്ളവർ പാർട്ടി വിടും; മത്സരിക്കുന്നില്ല എന്ന് നിഷ പറയുമ്പോഴും മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ കേരളാ കോൺഗ്രസ്; അവസാന നിമിഷം മാണിയുടെ മരുമകൾ തന്നെ പാലായിൽ സ്ഥാനാർത്ഥിയാകും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായിൽ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി നിഷ  ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് സൂചന. പല പേരുകൾ പരിഗണിച്ചെങ്കിലും അവസാനം മാണിയുടെ മരുമകളുടെ പേരിൽ തന്നെ ചർച്ച എത്തുകയാണ്. പിജെ ജോസഫ് ഉയർത്തുന്ന വിമത നീക്കങ്ങളാണ് ഇതിനെല്ലാം കാരണം. പാലായിൽ കെ എം മാണിയുടെ മരണമുയർത്തുന്ന സഹതാപം ആഞ്ഞു വീശുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആര് കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായാലും ജയിക്കും. ഇങ്ങനെ മാണിയുടെ പേരിൽ ജയിച്ച ശേഷം പിജെ ജോസഫിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎ കൂറുമാറിയാൽ അത് പാർട്ടിയിൽ വലിയ പ്രതിസന്ധിയായി മാറും. ഈ സാഹചര്യത്തിലാണ് നിഷയുടെ പേരിലേക്ക് ചർച്ച വീണ്ടുമെത്തുന്നത്. താൻ മത്സരിക്കാനില്ലെന്ന് നിഷ പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. ഭാര്യയെ ഇറക്കില്ലെന്ന് ജോസ് കെ മാണിയും പറഞ്ഞിട്ടുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിഷ തന്നെ മത്സരിക്കണമെന്നതാണ് മാണി ഗ്രൂപ്പിൽ ഉയരുന്ന പൊതു വികാരം.

മുതിർന്ന നേതാവ് ഇജെ അഗസ്തിയെ പാലായിൽ മത്സരിപ്പിക്കാനായിരുന്നു ജോസ് കെ മാണി ആഗ്രഹിച്ചിരുന്നത്. പാലാക്കാരല്ലാത്ത ആരേയും മത്സരിപ്പിക്കാൻ കഴിയില്ല. അല്ലാത്ത പക്ഷം നിരവധി നേതാക്കൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ഇജെ അഗസ്തിയെ പരിഗണിച്ചത്. എല്ലാവരും അംഗീകരിക്കുമെന്നും കരുതി. ഇതിനിടെയാണ് അഗസ്തിയെ പിജെ ജോസഫ് തന്റെ സ്വന്തം സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമൊക്കെയായിരുന്നു അഗസ്തി. എന്നാൽ അഗസ്തിയെ കൂടെ കൂട്ടി കേരളാ കോൺഗ്രസ് എമ്മിനെ ദുർബ്ബലമാക്കാൻ പിജെ ജോസഫ് ശ്രമിക്കുന്നുണ്ട്. സിഎഫ് തോമസിനെ പോലുള്ളവരുടെ സഹായത്തോടെയാണ് ഇത്. കോട്ടയത്തെ ചില കോൺഗ്രസുകാരും ഇതിന് ചുക്കാൻ പിടിക്കുന്നു. കോട്ടയത്ത് കേരളാ കോൺഗ്രസിനെ തകർക്കാനാണ് ഇത്. അഗസ്തി ജയിച്ച് എംഎൽഎയായാൽ പിജെ ജോസഫിനൊപ്പം പോകുമെന്ന ഭയം സജീവമാണ്.

നിലവിൽ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രിനുള്ളത്. ഇതിൽ മൂന്ന് പേർ പിജെ ജോസഫും സി എഫ് തോമസും മോൻസ് ജോസും ഒരു വിഭാഗത്തിലാണ്. റോഷി അഗസ്റ്റിനും ജയരാജും മാണി ഗ്രൂപ്പിലും. അതുകൊണ്ട് തന്നെ പാർട്ടി പിടിക്കാനുള്ള ബലാബലത്തിൽ പാലാ തെരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഇവിടെ ജയിക്കുന്ന എംഎൽഎയും ജോസഫിനൊപ്പം നിന്നാൽ പാർലമെന്ററീ പാർട്ടിയിൽ ബഹുഭൂരിപക്ഷവും മാണി ഗ്രൂപ്പിന് എതിരാകും. ഇജെ അഗസ്തി ജയിച്ചാൽ ഇത് സംഭവിക്കാൻ സാധ്യത ഏറെയാണ്. ഫിലിപ്പ് കുഴിക്കുളം അടക്കം അഞ്ച് പ്രാദേശിക നേതാക്കളും മത്സരിക്കാൻ ശ്രമിക്കുന്നുണ്ട്. ഫിലിപ്പ് കുഴിക്കുളത്തെ നിർത്തിയാൽ മറ്റ് നാലു പേരും പിണങ്ങി ജോസഫിനൊപ്പം പോകും. അഞ്ചിൽ മറ്റൊരാളെ കൂട്ടിയാൽ ഫിലിപ്പ് കുഴക്കുളവും മറ്റുള്ളവരും കാലുമാറും. അതുകൊണ്ട് തന്നെ ഈ അഞ്ചു പേരേയും ഒപ്പം നിർത്താൻ ആരേയും സ്ഥാനാർത്ഥിയാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് നേതൃത്വത്തിന്റെ പൊതു വികാരം.

പാർട്ടിക്ക് നല്ലത് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന വികാരം അതിശക്തമാണ്. എന്നാൽ രാജ്യസഭാ അംഗമായ ജോസ് കെ മാണിയെ മത്സരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ അംഗത്വം രാജിവച്ചാൽ അത് യുഡിഎഫിന് നഷ്ടമാകും. നിയമസഭയിലെ അംഗ സഖ്യ അനുസിരിച്ച് ഇടതുപക്ഷത്തിന് മാത്രമേ ജയിക്കാൻ കഴിയൂ. ജോസ് കെ മാണി വാശിയോടെ നേടിയെടുത്തതാണ് രാജ്യസഭാ സീറ്റ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഈ നിലപാട് കാരണം ജോസ് കെ മാണിക്ക് പാലയിൽ മത്സരിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഈ വിഷയം വരില്ല. അന്ന് പാലായിൽ മത്സരിച്ച് ജയിച്ചാൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടാൻ സാധ്യതയുള്ളതു കൊണ്ട് തന്നെ വീണ്ടും കേരളാ കോൺഗ്രസിന് രാജ്യസഭാ എംപി സ്ഥാനം ലഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ തൽകാലം നിഷ മത്സരിക്കട്ടേ എന്നതാണ് കേരളാ കോൺഗ്രസിലെ നേതാക്കൾ പങ്കുവയ്ക്കുന്ന പൊതു വികാരം. അന്തിമ തീരുമാനം ജോസ് കെ മാണിയുടേതുമാകും.

സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ജോസഫ് പക്ഷത്തിന്റെ സമ്മർദത്തിന് വഴങ്ങേണ്ടെന്നും ജോസ് കെ മാണി തീരുമാനിച്ചിട്ടുണ്ട് വ്യാഴാഴ്ച കോട്ടയത്ത് യോഗം ചേർന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കാനാണ് പദ്ധതി. പാലായിൽ ആരും അവകാശം ഉന്നയിക്കേണ്ട. ലയനശേഷം ജോസഫ് വിഭാഗം മൽസരിച്ച നാലിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് അവർ തന്നെയാണ്. മാണി പക്ഷത്തെ ഒരാൾ പോലും അന്ന് അഭിപ്രായം പറയാൻ പോയിട്ടില്ല. മാണി മൽസരിച്ച മണ്ഡലമെന്ന നിലയിൽ ജോസ് കെ മാണി പക്ഷത്തിന് അവകാശപ്പെട്ടിടത്ത് പിന്നെ എന്തിനാണ് സമർദവുമായി വരുന്നതെന്നാണ് ജോസ് പക്ഷത്തെ പ്രമുഖരുടെ ചോദ്യം. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഉയർന്നു കേട്ട നിഷ ജോസ് കെ മാണിയുടെ പേര് തന്നെ മുന്നോട്ടുവച്ചേക്കും. വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ ഈ പേര് അവതരിപ്പിച്ച ശേഷം യുഡിഎഫ് നേതൃത്വത്തിന് കൈമാറാനാണ് ആലോചന. എന്നാൽ നിഷയെ അംഗീകരിക്കേണ്ടതില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ പൊതുവികാരം.

സ്ഥാനാർത്ഥിയായി ഒരാളുടെ പേരും നിർദ്ദേശിക്കില്ല. ഇരുകൂട്ടർക്കം പൊതു സമ്മതനും ജയസാധ്യത ഉള്ളതു മായ ഒരാളെ യു ഡി എഫ് തന്നെ കണ്ടു പിടിക്കണം. മധ്യസ്ഥ ചർച്ചകൾ നടത്തുന്ന കോൺഗ്രസും മുസ്ലിം ലീഗും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. ഇത് ജോസ് കെ മാണി അംഗീകരിക്കില്ല. പാലാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പേരിലേക്ക് ചർച്ചകൾ എത്തിയിട്ടില്ലെന്നും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെയാണ് പ്രഖ്യാപിക്കുകയെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നിർദ്ദേശമനുസരിച്ചാണ് തങ്ങൾ മുന്നോട്ടു പോകുന്നത്. സ്ഥാനാർത്ഥിയെ കുറിച്ച് വിവിധ തലത്തിൽ ചർച്ചകൾ നടന്നുവരുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. അതേ സമയം കേരള കോൺഗ്രസിലെ അധികാര തർക്കത്തിൽ കോടതി ഉത്തരവ് വൈകുമെന്ന് ഉറപ്പായതോടെ പി.ജെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിട്ടുണ്ട്.

യുഡിഎഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് വിഭാഗം രഹസ്യ യോഗം ചേർന്നിരുന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് സ്ഥാപിക്കാൻ മുന്നണി യോഗത്തിൽ പയറ്റേണ്ട തന്ത്രങ്ങളാണ് കോട്ടയത്ത് ചേർന്ന യോഗത്തിൽ ചർച്ചയായത്. തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ഉപാധികൾ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാതെ പാലായിൽ നിഷ ജോസിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ ജോസഫ്. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനത്തിന് തൊടുപുഴ മുൻസിഫ് കോടതി ഏർപ്പെടുത്തിയ വിലക്കിൽ മാറ്റമുണ്ടാകാത്ത സാഹചര്യത്തിൽ പാർട്ടിയിൽ പിടിമുറുക്കാനാണ് പിജെ ജോസഫിന്റെ നീക്കം. ജോസ് കെ മാണി വിഭാഗത്തെ കൊണ്ട് പിജെ ജോസഫിനെ നേതാവായി അംഗീകരിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

യുഡിഎഫ് വിലക്ക് ലംഘിച്ച് ചേർന്ന യോഗത്തിന് പിജെ ജോസഫ് തന്നെയാണ് നേതൃത്വം വഹിച്ചത്. മോൻസ് ജോസഫ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ ,ടി.യു കുരുവിള തുടങ്ങിയവർ ചർച്ചയ്ക്കെത്തിയിരുന്നു. അതേ സമയം വിലക്ക് ലംഘിച്ച് ജോസഫ് വിഭാഗം നടത്തിയ യോഗം യുഡിഎഫിനോടുള്ള വിശ്വാസ വഞ്ചനയാണെന്ന് ജോസ് കെ മാണി വിഭാഗം ആരോപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP