Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിംങ്ങൾ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല; ഫേസ്‌ബുക്കിലെ കുറിപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; എസ് വൈ എസ് ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതിനെ കുറിച്ച് അറിയില്ലെന്ന് എം പി മുസ്തഫൽ ഫൈസി; നിലവിളക്ക് വിവാദത്തിൽ ഇ കെ സുന്നികൾ വീണ്ടും പിളരുമോ?

മുസ്ലിംങ്ങൾ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല; ഫേസ്‌ബുക്കിലെ കുറിപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; എസ് വൈ എസ് ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതിനെ കുറിച്ച് അറിയില്ലെന്ന് എം പി മുസ്തഫൽ ഫൈസി; നിലവിളക്ക് വിവാദത്തിൽ ഇ കെ സുന്നികൾ വീണ്ടും പിളരുമോ?

എം പി റാഫി

മലപ്പുറം: മുസ്ലിംലീഗിലെ ആഭ്യന്തര കലാപത്തിന്റെ ഭാഗമായി ചില മന്ത്രിമാരെ ഒതുക്കാൻ വേണ്ടി ചില നേതാക്കളാണ് നിലവിളക്ക് വിവാദം വഷളാക്കിയത്. എം കെ മുനീറിനെയും കുഞ്ഞാലിക്കുട്ടിയെയും കെ എം ഷാജിയെയും ഒക്കെ ഒതുക്കാൻ നിലവിളക്ക് മറുവിഭാഗം സമർത്ഥമായി ഉപയോഗിച്ചു. എന്നാൽ, ഇതേചൊല്ലിയുള്ള വിവാദം സമസ്തയിലേക്കും പടർന്നതോടെ ഇ. കെ സുന്നികൾക്കിടയിൽ വീണ്ടുമൊരു പിളർപ്പിലേക്ക് അത് നയിക്കുമോ എന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. ഇതര മതങ്ങളെയോ സംസ്‌കാരങ്ങളെയോ ബഹുമാനിച്ചോ അനുകരിച്ചോ അല്ലാതെ നിലവിളക്ക് കത്തിക്കാമെന്ന് ഫേസ്‌ബുക്കിലൂടെ കുറിച്ച സമസ്ത കേരള ജംഇയ്യ്തുൽ ഉലമ യുവജന വിഭാഗം നേതാവ് എംപി മുസ്തഫൽ ഫൈസിക്കെതിരെ നടപടിയെടുത്തതാണ് പുതിയ പൊട്ടിത്തെറിക്ക് വഴിവച്ചരിക്കുന്നത്. മുസ്ലിംങ്ങൾ നിലവിളക്ക് കൊളുത്തരുതെന്ന സമസ്ത പണ്ഡിതസഭയുടെ ഫത്വയെയാണ് എം പി മുസ്തഫൽ ഫൈസി തള്ളിക്കളഞ്ഞത്.

നിലപാട് തിരുത്താൻ തയ്യാറാകാത്തതിനെ തുടർന്ന് സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന മുസ്തഫൽ ഫൈസിയെ ഈ സ്ഥാനത്തു നിന്നും നീക്കിയതായി കഴിഞ്ഞദിവസമാണ് പത്രക്കുറിപ്പിലൂടെയാണ് സമസ്ത ഓഫീസ് അറിയിച്ചത്. എന്നാൽ തന്റെ ഫെയ്‌സ് ബുക്ക് പേജിൽ നിലവിളക്കിൽ നില തെറ്റരുത് എന്ന് കുറിച്ചത് താനാണെന്നും ഈ വാദങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും എംപി മുസ്തഫൽ ഫൈസി മറുനാടൻ മലയാളിയോടു പറഞ്ഞു.

നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലുണ്ടായ വിവാദം സമസ്തയിലെ ഭിന്നാഭിപ്രായത്തിലേക്കും തുടർന്ന് മുസ്തഫൽ ഫൈസിക്കെതിരെയുള്ള നടപടിയിലേക്കും എത്തുകയായിരുന്നു. അതേസമയം തനിക്കെതിരെയുണ്ടായ നടപടി സംബന്ധിച്ച് ഔദ്യോഗികമായി അറിയിക്കുകയോ സംഘടന ഈ വിഷയത്തിൽ മീറ്റിങ് കൂടുകയോ ചെയ്തില്ലെന്നും മുസ്തഫൽ ഫൈസി പറഞ്ഞു. ഞാൻ പറഞ്ഞത് ഇസ്ലാമിന്റെ ആധികാരിക തെളിവുകളും ചരിത്ര പശ്ചാത്തലവും മുൻനിറുത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കേരള മുസ്ലിംങ്ങളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ പുതുതായി ഉടലെടുത്ത വിവാദം അണികളിലും സാധാരണ മുസ്ലിംങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിലവിളക്ക് വിഷയത്തിൽ ഫൈസി തന്റെ നിലപാട് അറിയിച്ചത്.

പണ്ഡിതസഭക്കെതിരെ യുവജനവിഭാഗം നേതാവ് രംഗത്തെത്തിയതോടെ സമസ്തക്ക് കനത്ത ക്ഷീണമാണ് ഉണ്ടായത്. എന്നാൽ ഇത് വ്യാജ ഫെയ്‌സ് ബുക്ക് പ്രൊഫൈൽ ആകാമെന്നായിരുന്നു സോഷ്യൽ മീഡിയകളിൽ ഉടനീളം ചർച്ച നടന്നിരുന്നത്. എന്നാൽ ഇത് തന്റെ പ്രൊഫൈൽ പേജാണെന്നും എഴുതിയ നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഫൈസി മറുനാടൻ മലാളിയോടെ വ്യക്തമാക്കിയതോടെ വിഷയത്തിൽ സ്ഥിരീകരണം കൈവെന്നിരിക്കുകയാണ്. സമസ്തക്കും, സുന്നിയുവജന സംഘത്തിനും ഫൈസിക്കെതിരെയുള്ള നടപടി വരും ദിവസങ്ങളിൽ തലേദന സൃഷ്ടക്കും. ഈയിടെ എസ്.വൈ.എസിന്റെ മറ്റൊരു സംസ്ഥാന ഭാരവഹിക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ മുസ്തഫ ഫൈസിയുടെ നിലപാടുകൾ സംഘടനക്ക് ഏറെ തലവേദനയാകും. ഭാരവാഹിത്വത്തിൽ നിന്നും മാത്രമാണ് നീക്കിയെതുന്നെ പ്രാഥമിക അംഗത്വത്തിൽ നിന്നും മാറ്റിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

എന്നാൽ മുസ്തഫ ഫൈസി ഫെയ്‌സ് ബൂക്കിൽ എഴുതിയ ലേഖനത്തെ പിന്തുണക്കുന്ന വേറെയും നേതാക്കൾ ഇ.കെ വിഭാഗം സമസ്തയിൽ ഉണ്ടെന്നാണ് അറിയന്നത്. നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമുള്ള നല്ലൊരു വിഭാഗം ഫൈസിയെ അനുകൂലിക്കുന്നുണ്ട്. സമസ്തയുടെ വിദ്യാർത്ഥി യുവജന സംഘടനകളിൽ പലനേതാക്കൾക്കും ഫൈസിക്കെതിരെയുള്ള നടപടിയിൽ അമർഷമുണ്ട്. സമസ്ത ഔദ്യോഗികമായി നിലവിളക്ക് വിഷയത്തിൽ ഒരു ഫത്‌വയോ അന്തിമ തീരുമാനമോ എടുത്തില്ലെന്നതാണ് ഇതിനു കാരണം. സമസ്തയുമായി ബന്ധമുള്ള സുപ്രഭാതം പത്രത്തിലും മറ്റുമായി നിലവിളക്കു കൊളുത്താമെന്ന അഭിപ്രായക്കാരായെ ലീഗ് നേതാക്കൾക്ക് എതിരായി സമസ്തയിലെ ചില നേതാക്കളും രംഗത്ത് വന്നിരുന്നു. എന്നാൽ ഇത് വ്യക്തിപരമായ അഭിപ്രായമായിരുന്നെന്നും ആ വിഷയത്തിൽ സമസ്തയുടെ മുശാവറ ചേരുകയോ ഫത്വാ കമ്മിറ്റി ചേരുകയോ ചെയ്തില്ലെന്നാണ് അറിയുന്നത്.

മറ്റു മതങ്ങളുടെ ആചാരത്തോട് തുല്യഭാവം വിചാരിച്ചല്ലാതെ നല്ല കാര്യങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി നാട മുറിക്കുക, ബട്ടണമർത്തി ബോർഡ് പ്രകാശിപ്പിക്കുക, ബോർഡിനു മുകളിലെ കവർ ശീല മാറ്റുക, എന്നിവയോ ഇവയ്ക്കു പകരം ഇതേ ലക്ഷ്യത്തിനു മാത്രം നിലവിളക്കോ മറ്റോ കത്തിക്കുന്നതോ തെറ്റല്ലെന്നും മുസ്ലിം ഇതൊക്കെ ചെയ്യുന്നത് ബിസ്മി ചൊല്ലിയാകണമെന്നുമായിരുന്നു മുസ്തഫ ഫൈസി കുറിച്ചിരുന്നത്. ഖുർആനും ഹദീസും ഉദ്ധരിച്ചായിരുന്നു ലേഖനം. പണ്ഡിതന്മാരും നേതാക്കളും നല്ലവണ്ണം ശ്രദ്ധിക്കുക, ചാടിവീഴരുത്. പിന്നിലുള്ളവർക്ക് രക്ഷിക്കാനാകില്ല എന്ന മുന്നറയിപ്പോടെയായിരുന്നു ഫൈസി തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

നിലവിളക്കിൽ നില തെറ്റരുത്‌- എംപി മുസ്‌തഫൽ ഫൈസികാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. സർവ്വ സ്‌തു...

Posted by M.P Musthafal FAIZY on Monday, August 3, 2015

ഫൈസിക്കെതിരെയുള്ള നടപടി സമസ്തയിൽ പുതിയ ചർച്ചക്കും സംഭവവികാസങ്ങൾക്കും വഴിവെക്കുമമെന്നാണ് സൂചന. വിവാദം കൂടുതൽ കൊഴുക്കുന്ന ഘട്ടത്തിൽ ഇകെ സുന്നികൾക്കിടയിൽ വീണ്ടുമൊരു പിളർപ്പ് ഉണ്ടാകുമെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കാം. മുസ്ലിംലീഗിൽ എന്ന പോലെ സമസ്തയിലു ഇക്കാര്യത്തിൽ കടുത്ത ഭിന്നത ഉടലെടുത്തിട്ടുണ്ട്. നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട എം പി മുസ്തഫൽ ഫൈസി വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദമായി തന്നെ മറുനാടൻ മലയാളിയോട് സംസാരിച്ചിരുന്നു. പ്രസ്തുത അഭിമുഖത്തിന്റെ പൂർണ്ണരൂപം മറുനാടൻ  പ്രസിദ്ധീകരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP