Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരട്ടത്തോക്കിലും പീഡന പരാതിയിലും കണ്ണടച്ചത് റിട്ടേ എസ് പിയുടെ മകൻ എന്ന പരിഗണനയിൽ; ജാമ്യത്തിൽ ഇറങ്ങി അലൻ പുന്നൂസുമായി ചേർന്ന് വിദ്യാർത്ഥികളെ കാരിയർമാരാക്കി കച്ചവടം തുടങ്ങി; ഗ്യാങ്ങിലെ രണ്ടാമൻ നിഖിൽ ബാലചന്ദ്രൻ; ആന്ധ്രയിലെ കഞ്ചാവ് തോട്ടത്തിലിരുന്ന് കേരളത്തെ മയക്കു മരുന്നിന് അടിമകളാക്കുമ്പോൾ

ഇരട്ടത്തോക്കിലും പീഡന പരാതിയിലും കണ്ണടച്ചത് റിട്ടേ എസ് പിയുടെ മകൻ എന്ന പരിഗണനയിൽ; ജാമ്യത്തിൽ ഇറങ്ങി അലൻ പുന്നൂസുമായി ചേർന്ന് വിദ്യാർത്ഥികളെ കാരിയർമാരാക്കി കച്ചവടം തുടങ്ങി; ഗ്യാങ്ങിലെ രണ്ടാമൻ നിഖിൽ ബാലചന്ദ്രൻ; ആന്ധ്രയിലെ കഞ്ചാവ് തോട്ടത്തിലിരുന്ന് കേരളത്തെ മയക്കു മരുന്നിന് അടിമകളാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ തഴച്ചു വളരുന്ന കഞ്ചാവു മാഫിയയ്ക്ക് പൊലീസിലെ ചിലരുടെ സഹായം കിട്ടുന്നുണ്ടെന്ന സംശയത്തിൽ എക്‌സൈസ്. കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്ന അലൻ പുന്നൂസ് എന്ന 29കാരനെ കുടുക്കാൻ കഴിയാത്തതിന് കാരണം പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിലെ ചിലരുടെ സഹായം കൊണ്ടാണെന്നാണ് എക്‌സൈസുകാരുടെ സംശയം. അലൻ പുന്നൂസിന്റെ അടുത്ത ബന്ധുവിന് ചില ബന്ധങ്ങൾ പൊലീസിലുള്ളതാണ് ഇതിന് കാരണം. അന്ധ്രയിൽ സ്വന്തമായി തട്ടകമുണ്ടാക്കി കഴിയുന്ന അലൻ എക്‌സൈസിനെ വെട്ടിച്ച് തിരുവനന്തപുരത്ത് എത്താറുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അതിനിടെ നിഖിൽ ബാലചന്ദ്രനാണ് ഈ മാഫിയിയിലെ രണ്ടാമൻ എന്നാണ് എക്‌സൈസ് നൽകുന്ന സൂചന. ക്രിമിനൽ കേസുകളിൽ പ്രതിയും മുൻ എസ്‌പിയുടെ മകനുമായ നിഖിൽ ബാലചന്ദ്രനും പൊലീസിൽ സഹായികളുണ്ട്. നിഖിലിനെ കാപ്പാ നിയമം ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നീക്കം മുമ്പൊരിക്കൽ പൊലീസിലെ തന്നെ ഉന്നത ഇടപെടലിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നിഖിലിനെ കരുതൽ തടങ്കലിലാക്കുമെന്ന സിറ്റി പൊലീസിന്റെ തീരുമാനമാണ് ഉന്നതഇടപെടലിനെ തുടർന്ന് മരവിപ്പിച്ചത്. പിന്നീട് ഇരട്ടക്കുഴൽ തോക്കും മാരകായുധങ്ങളും കൈവശം സൂക്ഷിച്ച കേസിൽ കോടതി കർശന ഉപാധികളോടെ നിഖിലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. നിഖിലും ഇപ്പോൾ കേരളത്തിൽ ഇല്ല. എങ്കിലും നിഖിലിന് ഉന്നത ബന്ധങ്ങൾ പൊലീസിലുണ്ട്.

പഠിക്കുമ്പോൾ തന്നെ ചെറിയ കേസുകളിൽ നിഖിൽ പെട്ടിരുന്നു. അന്നെല്ലാം പൊലീസ് ഉദ്യോഗസ്ഥനായ ബാലചന്ദ്രന്റെ മകൻ എന്ന പരിഗണന നിഖിലിന് കിട്ടി. പലപ്പോഴും പലരും രക്ഷപ്പെടുത്താനും എത്തി. ഈ അവസരങ്ങൾ മുതലെടുത്ത് സ്വന്തമായി മാഫിയാ പ്രസ്ഥാനം പടത്തുയർത്തുകയായിരുന്നു അലൻ പുന്നൂസുമായി ചേർന്ന് നിഖിൽ. ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാഫിയയായി ഇവർ മാറിയെന്നാണ് എക്‌സൈസ് നിഗമനം. ബംഗളൂരുവിലും ഗോവയിലും എല്ലാം മയക്കു മരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത് ഈ ലോബിയാണെന്നും വിലയിരുത്തലുണ്ട്. ഇവർക്ക് ആന്ധ്രയിൽ സ്വന്തമായി കഞ്ചാവ് പാടമുണ്ടെന്നാണ് എക്‌സൈസ് മനസ്സിലാക്കുന്നത്.

സ്ത്രീകളെ വീട്ടിൽ കയറി ആക്രമിക്കുന്നതടക്കം കേസുകളിൽ പ്രതിയായ നിഖിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉന്നതർ ഇടപെട്ട് തടഞ്ഞിരുന്നത് മുമ്പ് വലിയ വാർത്തയായിരുന്നു. അന്ന് സമ്മർദങ്ങളെ മറികടന്ന് സിറ്റി പൊലീസ് നിഖിലിനെ പിടികൂടി ജയിലിലാക്കിയെങ്കിലും, കാപ്പ നിയമം ചുമത്താൻ തയാറായില്ല. നിഖിലിനെ കരുതൽ തടങ്കലിലാക്കുമെന്ന സിറ്റി പൊലീസിന്റെ തീരുമാനം ഉന്നതഇടപെടൽ കാരണം മരവിച്ചു. നിഖിലിന് ലഹരിക്കടത്ത് സംഘങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും, നഗരത്തിലെ സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് നൽകി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും പൊലീസ് അന്നു തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണവും നടത്തിയില്ല.

പിന്നീട് അലൻ പുന്നൂസും നിഖിലും ഒരുമിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേക്ക് പൊലീസ് ശ്രദ്ധതിരിച്ചതിനുപിന്നാലെ തലസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ സജീവമാണെന്ന് എക്‌സൈസ് തിരിച്ചറിഞ്ഞത് കഴിഞ്ഞ ഒക്ടോബറിലാണ്. ഈ സമയം രണ്ടുമാസത്തിനിടെ തിരുവനന്തപുരം ജില്ലയിൽനിന്നുമാത്രം എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത് 954 കിലോ കഞ്ചാവും നാലുലിറ്റർ ഹാഷിഷ് ഓയിലും. ബാലരാമപുരം മുടവൂർപാറയിൽവച്ച് രണ്ട് ഇന്നോവകാറുകളിൽ കൊണ്ടുവന്ന 203 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികളെല്ലാം സാമ്പത്തികമായി ഭേദപ്പെട്ട കുടുബങ്ങളിലുള്ളവരാണ്. ഉപരിപഠനത്തിനായി ബെംഗളൂരുവിൽ പോയ ഇവർ ലഹരിക്ക് അടിപ്പെടുകയും പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയുമായിരുന്നു.

കുടപ്പനക്കുന്ന് സ്വദേശി സിദ്ധാർഥിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നതിന്റെ വഴി വ്യക്തമായത്. ലഹരിക്കച്ചവടത്തിൽ പങ്കാളികളായവരെല്ലാം കോളേജിലെ സഹപാഠികളാണ്. ബെംഗളൂരുവിലെ താമസസ്ഥലത്താണ് ഇവർ കഞ്ചാവ് സംഭരിച്ചത്. നിഖിലായിരുന്നു പ്രധാന കൂട്ടാളി. ഉള്ളൂർ നീരാഴിലൈൻ സ്വദേശി രാജ്കുമാറും നിഖിലും ചേർന്നാണ് ആന്ധ്രയിൽനിന്ന് ബെംഗളൂരുവിൽ കഞ്ചാവ് എത്തിച്ചത്. കോവിഡ് വ്യാപനം കാരണം ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെന്ന വ്യാജേനയാണ് ഇവർ കാറുകളിൽ അതിർത്തികടന്നത്.

കണ്ണാടി ഷാജി വധക്കേസിലെ പ്രതിയായ അലൻപൊന്നു എന്ന അലൻ പുന്നൂസാണ് എല്ലാം നിയന്ത്രിക്കുന്നത്. ഇടവക്കോട് കൊലക്കേസിലെ പ്രതി പാറ അഭിലാഷ്, പഞ്ചായത്ത്‌നട ഉണ്ണി തുടങ്ങിയ കൊടുംക്രിമിനലുകളാണ് ഇവരുടെ മറ്റുകൂട്ടാളികൾ. ഈ മാഫിയയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രധാന പ്രതികളെ ആരേയും എക്‌സൈസിന് പിടികൂടാൻ പോലും കഴിഞ്ഞില്ല. മുമ്പ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട നിഖിലിനെ എറണാകുളം ഇടപ്പള്ളി ബസ്റ്റാൻഡിൽ വച്ച് പിടികൂടിയത് ഏറെ ചർച്ചയായിരുന്നു. ഇടപ്പള്ളിയിൽ നിന്നും ബസിൽ കയറുന്നതിനിടെ ഷാഡോ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഓട്ടോ ഡ്രൈവർമാരുടേയും മറ്റ് യാത്രക്കാരുടേയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. 2016ലായിരുന്നു ഈ സംഭവം.

അന്ന് തിരുവനന്തപുരത്തു നിന്നും സിനിമാ സ്റ്റൈലിൽ പൊലീസിനെ വെട്ടിച്ചു കടന്ന നിഖിലിനെ പിടികൂടാൻ പൊലീസിന് സാധിക്കാതിരുന്നത് ഒത്തുകളിയാണെന്ന ആരോപണങ്ങൾ സജീവമായിരുന്നു. ഒളിവിൽ കഴിയുന്ന വേളയിൽ കൊച്ചിയിൽ എത്തിയതും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതുമൊന്നും പൊലീസ് അറിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും പൊലീസിനെ വെട്ടിന്ന് രക്ഷപെട്ട നിഖിൽ നെയ്യാറ്റിൻകരയിലെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വസതിയിൽ രണ്ടുദിവസം തങ്ങിയിരുന്നു. നെയ്യാറ്റിൻകര മണ്ണടിക്കോണത്ത് നേതാവിന്റെ വീടുവളഞ്ഞ് നിഖിലിനെ പിടികൂടാൻ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇവിടെ നിന്നും രക്ഷപെട്ട വിവിധ കേന്ദ്രങ്ങളിലായി ഒളിച്ചുകഴിയുകായിയരുന്നു നിഖിൽ.

മൂന്നു ക്രിമിനൽ കേസുകളിൽ ജാമ്യമെടുക്കാതെ പൊലീസിന്റെ കൺമുന്നിൽ വിലസിനടക്കുകയായിരുന്ന നിഖിൽ ആറുമണിക്കൂർ പൊലീസിനെ വട്ടംചുറ്റിച്ച ശേഷമാണ് കടന്നുകളഞ്ഞത്. പൊലീസിനെ വെട്ടിച്ച് പേരൂർക്കടയിലെ വീട്ടിൽ കയറിയ നിഖിൽ മാതാവ് ഷൈലജയുടെ കഴുത്തിൽ വാൾവച്ചിരിക്കുകയാണെന്നും അകത്തുകടന്നാൽ അമ്മയെ വധിക്കുമെന്നും ബന്ധുക്കളെകൊണ്ട് പൊലീസിനോട് വിളിച്ചുപറയുക്കുകയായിരുന്നു. നിഖിലിനെ അമ്പത് പൊലീസുകാർ പോയിട്ടും ഒരു പ്രതിയെ പിടിക്കാൻ സാധിക്കാത്തത് വകുപ്പിന് മൊത്തത്തിൽ നാണക്കേടായിരുന്നു.

പിന്നീട് വീട്ടുകാർ ചേർന്നുള്ള നാടകമായിരുന്നു ഇതെന്നും വ്യക്തമായി. ഈ സംഭവത്തോടെയാണ് നിഖിലും അലൻ പൊന്നുവുമെല്ലാം കേരളത്തിൽ നിന്ന് താവളം മാറിയത്. പതിയെ മയക്കുമരുന്ന് മാഫിയയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP