Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാറശാലയിൽ എസ് ഐ ആയിരിക്കെ കേസിൽ തുടങ്ങിയ സൗഹൃദം; പെൺസുഹൃത്തിന്റെ വീട്ടിലെ നിത്യവരവിൽ അടികിട്ടിയപ്പോൾ മണൽ മാഫിയയുടെ ആക്രമണമാക്കി രക്ഷപ്പെടൽ; വിഎസിന് അരികെ വടിവാളുമായി ഗുണ്ടൂകാട് സാബു എത്തിയപ്പോൾ ഫോർട്ട് സിഐ സസ്‌പെൻഷനിലുമായി; ഒരു വർഷത്തെ സർവ്വീസ് ബ്രേക്കിന് ശേഷം പ്രമോഷൻ കിട്ടിയപ്പോൾ നെയ്യാറ്റിൻകരയിൽ; കൊടങ്ങാവിളയിലെ വീക്‌നെസിൽ പണികിട്ടിയത് രാഷ്ട്രീയക്കാരുടെ പ്രിയ ഓഫീസർക്ക്; യുവാവിനെ കൊന്ന് പൊലീസിന് തീരാകളങ്കമായി ഡി വൈ എസ് പി ഹരികുമാർ

പാറശാലയിൽ എസ് ഐ ആയിരിക്കെ കേസിൽ തുടങ്ങിയ സൗഹൃദം; പെൺസുഹൃത്തിന്റെ വീട്ടിലെ നിത്യവരവിൽ അടികിട്ടിയപ്പോൾ മണൽ മാഫിയയുടെ ആക്രമണമാക്കി രക്ഷപ്പെടൽ; വിഎസിന് അരികെ വടിവാളുമായി ഗുണ്ടൂകാട് സാബു എത്തിയപ്പോൾ ഫോർട്ട് സിഐ സസ്‌പെൻഷനിലുമായി; ഒരു വർഷത്തെ സർവ്വീസ് ബ്രേക്കിന് ശേഷം പ്രമോഷൻ കിട്ടിയപ്പോൾ നെയ്യാറ്റിൻകരയിൽ; കൊടങ്ങാവിളയിലെ വീക്‌നെസിൽ പണികിട്ടിയത് രാഷ്ട്രീയക്കാരുടെ പ്രിയ ഓഫീസർക്ക്; യുവാവിനെ കൊന്ന് പൊലീസിന് തീരാകളങ്കമായി ഡി വൈ എസ് പി ഹരികുമാർ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: റോഡിലെ തർക്കത്തെത്തുടർന്ന് ഡിവൈ.എസ്‌പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചതോടെ പൊലീസ് വീണ്ടും വെട്ടിലാവുകയാണ്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം പോലും നെയ്യാറ്റിൻകര ഡിവൈ.എസ്‌പി. ബി.ഹരികുമാർ ചെയ്തില്ല. ഇതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പെൺ സുഹൃത്തിന്റെ വീട്ടിലെ വരവാണ് ബി ഹരികുമാറിന് വിനയാകുന്നത്.

പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവശേഷം ഹരികുമാർ ഒളിവിൽ പോയിരിക്കുകയാണ്. നെയ്യാറ്റിൻകരയിലെ കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്‌പി തന്റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.

കൊടങ്ങാവളിയിലെ നാട്ടുകാർ ഹരികുമാറിന്റെ ഈ വീട്ടിലെ വരവിനെ ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടുണ്ട്. എങ്കിലും പിന്മാറിയില്ല. അത്രയേറെ അടുപ്പും ഈ വീടുമായി ഹരികുമാറിനുണ്ടായിരുന്നു. മുമ്പും ഈ വീടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഹരികുമാർ പെട്ടിരുന്നു. പാറശ്ശാല എസ് ഐയായി നേരത്തെ ഹരികുമാർ ജോലി നോക്കിയിരുന്നു. അന്നുണ്ടായ കേസുമായി ബന്ധപ്പെട്ടാണ് ഈ വീടുമായി ഹരികുമാറിന് അടുപ്പം വരുന്നത്.

അന്ന് മുതൽ നിത്യ സന്ദർശകനായി. ഇതിനിടെ ഹരികുമാറിനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ഇതിനെ മണൽ മാഫിയയുടെ ആക്രമണമെന്ന് വരുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ അന്വേഷണത്തിൽ ഹരികുമാറിന്റെ സ്റ്റേഷൻ അതിർത്തിക്ക് പുറത്താണ് സംഭവമെന്നും ഇതിന് പിന്നിൽ മറ്റിടപാടുകളുണ്ടെന്നും കണ്ടെത്തി. ഇതോടെ പാറശാലയിൽ നിന്നും സ്ഥലം മാറുകയും ചെയ്തു. ഇതിന് ശേഷം പല സ്റ്റേഷനുകളിൽ കറങ്ങിയാണ് വീണ്ടും നെയ്യാറ്റിൻകരയിലെത്തിയത്. അതും ഡിവൈഎസ്‌പിയായി.

രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയായിരുന്നു ഹരികുമാർ. എസ് ഐ ആയിരിക്കെ സത്യസന്ധനെന്ന് പേരെടുക്കുകയും ചെയ്തിരുന്നു. സിഐയായുള്ള കറക്കത്തിനിടെയാണ് ഇടത് നേതാക്കളുമായി ബന്ധം തുടരുന്നത്. ഫോർട്ട് സിഐ ആയിരിക്കെയുണ്ടായ പ്രശ്‌നം കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ പ്രസംഗ വേദിക്ക് അരികിൽ വരെ കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു എത്തിയിരുന്നു. വടിവാളുമായാണ് സാബു എത്തിയത്. ഈ സുരക്ഷാ വീഴ്ചയുടെ പേരിൽ സസ്‌പെൻഷൻ കിട്ടുകയും ചെയ്തു. ഒരു കൊല്ലത്തോളം പുറത്തു നിന്നു. അതിന് ശേഷം ആലുവ സിഐയായി. ഡിവൈഎസ്‌പിയായപ്പോൾ രാഷ്ട്രീയക്കാരുടെ പിന്തുണയിൽ തന്റെ ഇഷ്ട തട്ടകത്തിലേക്ക് ഹരികുമാർ എത്തുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രശ്‌നങ്ങളെ കൈകാര്യ ചെയ്യുന്നതിൽ വല്ലാത്തൊരു മിടുക്ക് ഹരികുമാറിന് ഉണ്ടായിരുന്നു. ഏത് രാഷ്ട്രീയക്കാരനേയും സ്‌നേഹത്തിന്റെ ഭാഷയിൽ പറഞ്ഞ് കൂടെ നിർത്തും. ആരേയും പിണക്കുകയുമില്ല. നെയ്യാറ്റിൻകരയുടെ തീര മേഖലയിലെ സംഘർഷങ്ങൾ പോലും ഞൊടിയിടയിൽ പരിഹരിക്കുന്നതായിരുന്നു ഇടപെടലുകൾ. കാഞ്ഞിരംകുളത്തും പൂവാറുമെല്ലാം ഡിവൈഎസ്‌പിയുടെ നയതന്ത്രം പൊലീസിന് ഏറെ ആശ്വാസമായി മാറിയിരുന്നു. അപ്പോഴും കൊടങ്ങാവിളയിലെ പ്രശ്‌നങ്ങൾ ഡിവൈഎസ്‌പിയെ പ്രതിക്കൂട്ടിൽ നിർത്തി. അതാണ് കഴിഞ്ഞ ദിവസം യുവാവിന്റെ മരണത്തിലേക്ക് എത്തിച്ചതും.

മിക്കവാറും എല്ലാ ദിവസവും പെൺസുഹൃത്തിന്റെ വീട്ടിൽ ഹരികുമാർ എത്തുമായിരുന്നു. സ്വന്തം വണ്ടിയിൽ ഡിവൈഎസ് പി വരും. അതിന് അരമണിക്കൂർ മുമ്പ് റൂട്ട് ക്ലിയറാക്കി പൊലീസും എത്തും. ഈ വീട്ടിന് പരിസരത്ത് നിൽക്കുന്നവരെയെല്ലാം പൊലീസ് ജീപ്പിലെത്തി വിരട്ടിയോടിക്കും. അതിന് ശേഷമാണ് ഹരികുമാറിന്റെ എൻട്രി. തുടക്കത്തിൽ പൊലീസുകാരുടെ വരിട്ടലിൽ ആരും അസ്വാഭാവികത കണ്ടിരുന്നില്ല. പതിവ് പരിശോധനയുടെ ഭാഗമായി പൊലീസ് എത്തുന്നതെന്നായിരുന്നു കരുതിയത്. പിന്നീടാണ് പൊലീസ് ഏമാന് വേണ്ടിയുള്ള ക്ലിയർ ചെയ്യലെന്ന് നാട്ടുകാർക്ക് മനസ്സിലായത്. ഇതിൽ പല കോണുകളും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

പാറശ്ശാല എസ് ഐ ആയിരുന്നപ്പോഴും ഹരികുമാറിന്റെ വരവിനെ നാട്ടുകാർ എതിർത്തിട്ടുണ്ട്. എങ്കിലും അതൊന്നും ഹരികുമാർ സാരമാക്കിയില്ല. സ്ഥലം മാറി പോയ ശേഷവും ഈ വീട്ടിൽ ഹരികുമാർ എത്തുമായിരുന്നു. നെയ്യാറ്റിൻകരയുടെ ചുമതലക്കാരനായതോടെ അത് എല്ലാ ദിവസവുമായി. ഇന്നലെ രാത്രി വീട്ടിൽ നിന്ന് ഹരികുമാർ ഇറങ്ങിയത് മദ്യത്തിന്റെ ലഹരിയിലായിരുന്നു. ഇതും സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. മരിച്ച സനിനലിന് പൊലീസാണെന്ന് പോലും അറിയില്ലായിരുന്നു. ഇതും പ്രശ്‌നമായി. അതിക്രൂരമായാണ് യുവാവിനെ ഹരികുമാർ ചോദ്യം ചെയ്തത്.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്‌പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്‌പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്‌പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്.

അതിനിടെ ഡിവൈഎസ്‌പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളെ ചുമതലയിൽ നിന്നും നീക്കുകയും ചെയ്തു. ഇയാൾ ഒളിവിലാണ്. നാട്ടുകാർ ഡിവൈഎസ്‌പിയെ കയ്യേറ്റം ചെയ്തു. എന്നാൽ സമീപവാസിയായ സുഹൃത്ത് സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി. ഡിവൈഎസ്‌പിയുടെ കാറും മാറ്റി. ഇതും സിസിടിവിയിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP