Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

തീവ്ര ഇടതു മുഖം നിലനിർത്തി അംബാനിയുടെ ചാനലിനെ പെരുവഴിയാക്കിയവർ ഒന്നൊന്നായി പുറത്തേക്ക്; ചാനൽ ചർച്ചകളിൽ സ്വന്തം താൽപ്പര്യം തിരുകി കയറ്റിയെന്ന ആരോപണത്തെ തുടർന്ന് വാർത്താ അവതാരകൻ ശരത്തിന്റെ രാജി എഴുതി വാങ്ങി പുറത്താക്കി ന്യൂസ് 18 കേരളം; ചാനൽ ജോലിയുടെ പേരിൽ സർക്കാരിൽ നിന്നും പദ്ധതികൾ സ്വന്തമാക്കിയതും ശരത്തിന് പാരയായി; റേറ്റിംഗിൽ കൂപ്പുകുത്തിയ ന്യൂസ് 18ലെ പരിഷ്‌കരണങ്ങൾ ലല്ലു സംഘത്തിന് പണിയാകും

തീവ്ര ഇടതു മുഖം നിലനിർത്തി അംബാനിയുടെ ചാനലിനെ പെരുവഴിയാക്കിയവർ ഒന്നൊന്നായി പുറത്തേക്ക്; ചാനൽ ചർച്ചകളിൽ സ്വന്തം താൽപ്പര്യം തിരുകി കയറ്റിയെന്ന ആരോപണത്തെ തുടർന്ന് വാർത്താ അവതാരകൻ ശരത്തിന്റെ രാജി എഴുതി വാങ്ങി പുറത്താക്കി ന്യൂസ് 18 കേരളം; ചാനൽ ജോലിയുടെ പേരിൽ സർക്കാരിൽ നിന്നും പദ്ധതികൾ സ്വന്തമാക്കിയതും ശരത്തിന് പാരയായി; റേറ്റിംഗിൽ കൂപ്പുകുത്തിയ ന്യൂസ് 18ലെ പരിഷ്‌കരണങ്ങൾ ലല്ലു സംഘത്തിന് പണിയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈരളി ടിവിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ന്യൂസ് 18 കേരളയുടെ മുഖമായ ശരത് ചന്ദ്രൻ ചാനലിൽ നിന്ന് രാജിവച്ചു. ന്യൂസ് 18 കേരളയുടെ മാനേജ്‌മെന്റുമായുള്ള ഭിന്നതയിലാണ് രാജി. ശരത് ചന്ദ്രനെതിരെ നിരവധി പരാതികൾ ന്യൂസ് 18 കേരളയുടെ മാനേജ്‌മെന്റിന് ലഭിച്ചിരുന്നു. ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി. ന്യൂസ് 18 കേരളയിലെ ഇടതു പക്ഷ മുഖങ്ങളിൽ പ്രധാനിയായിരുന്നു ശരത് ചന്ദ്രൻ. ചാനലിലെ തീവ്ര രാഷ്ട്രീയ ആഭിമുഖ്യക്കാർക്ക് ഇനി കാര്യങ്ങൾ അനുകൂലമാകില്ലെന്ന സൂചനയാണ് ശരത് ചന്ദ്രന്റെ രാജിയിലുള്ളത്. രാജി മാനേജ്‌മെന്റ് ചോദിച്ചു വാങ്ങിയതെന്നാണ് സൂചന.

അദ്ധ്യാപക സംഘടനകൾ സർക്കാരുമായി സാലറി ചലഞ്ചിൽ സഹകരിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപക സംഘടനാ നേതാവിനെ ഫ്‌ളോറിൽ എത്തിച്ച് ശരത് ചന്ദ്രൻ ചർച്ച സംഘടിപ്പിച്ചിരുന്നു. ന്യൂസ് 18 കേരളയുടെ പ്രൈം ടൈമിലെ ചർച്ചയിൽ ഏകപക്ഷിയമായ അവതരണ രീതിയാണ് ശരത് ചന്ദ്രൻ സ്വീകരിച്ചത്. അദ്ധ്യാപക സമൂഹത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇത്. ഇതിനെതിരെ അദ്ധ്യാപക സംഘടനകളും ന്യൂസ് 18 കേരളയുടെ മാനേജ്‌മെന്റായ അംബാനി ഗ്രൂപ്പിന് പരാതി നൽകി. നിരവധി പരാതികളാണ് കമ്പനിക്ക് കിട്ടിയത്. ഇതിൽ മാനേജ്‌മെന്റ് അന്വേഷണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുറത്തു പോകേണ്ട സ്ഥിതിയുണ്ടാകുന്നത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിയമസഭാ മ്യൂസിയത്തിൽ ഇ.എം.എസ് സ്മൃതി വിഭാഗം നിർമ്മിക്കാൻ എൺപത്തിരണ്ട് ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കൊടുത്തത് വലിയ വിവാദമായിരുന്നു. ന്യൂസ് 18 കേരളയിലെ അവതാരകൻ ശരത് ചന്ദ്രന് നൽകിയ പ്രോജക്ടിനാണ് ഖജനാവിൽ നിന്ന് 83 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നത്. ഇത് കോൺഗ്രസിന്റെ ഫെയ്സ് ബുക്ക് പേജുകളിൽ ചർച്ചയായിരുന്നു. ഇതുൾപ്പെടെയുള്ള ആരോപണങ്ങൾ ന്യൂസ് 18 കേരള പരിശോധിച്ചു. ഹോക്കി കളിയിലെ പിആർ പങ്കാളിത്തത്തിലും അന്വേഷണം നടന്നു. ന്യൂസ് 18 കേരളയിലെ ജോലിക്കിടെയാണ് ഇതെന്നും കണ്ടെത്തി. ഇതെല്ലാം വിനയായി.

കൈരളി ടിവിയിലൂടെ മാധ്യമ പ്രവർത്തനം തുടങ്ങിയ ശരത് ചന്ദ്രൻ ടി വി പ്രേക്ഷകരുടെ പരിചിത മുഖമാണ്. കൈരളിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് കൂടുമാറി. അവിടെ നിന്നും ന്യൂസ് 18 കേരളയിലേക്കും. പല പ്രമഖരേയും വൻ തുക ശമ്പളം കൊടുത്ത് എടുത്തിട്ടും ന്യൂസ് 18 കേരളയ്ക്ക് വേണ്ടത്ര മുൻതൂക്കമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ചാനൽ എഡിറ്ററായിരുന്ന രാജീവ് ദേവരാജ് സ്ഥാപനം വിട്ടു. ഇതോടെ ചാനൽ അവതാരകരിലെ ചിലരുടെ രാഷ്ട്രീയത്തിൽ പരാതികൾ ഉയർന്നു. ഇതിനിടെയാണ് ശരത് ചന്ദ്രനെതിരെ അദ്ധ്യാപകരുടെ കൂട്ട പരാതി കിട്ടുന്നത്. സ്വകാര്യ താൽപ്പര്യങ്ങളും ശരത് ചന്ദ്രന്റെ മറ്റ് സാമ്പത്തിക താൽപ്പര്യങ്ങളും അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതോടെയാണ് ശരത് ചന്ദ്രൻ രാജിവയ്ക്കുന്നത്. ഇല്ലാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കുമായിരുന്നു.

ഇത് ചാനലിലെ തീവ്ര ഇടതുപക്ഷക്കാർ വിനയാണ്. രാജീവ് ദേവരാജ് എഡിറ്ററായിരുന്നപ്പോൾ ഏഷ്യാനെറ്റിൽ നിന്നും മാതൃഭൂമിയിൽ നിന്ന് ചാനലിൽ എത്തിയ പലരും സൈബർ സഖാക്കളെ പോലെ പ്രവർത്തിച്ചു. ലല്ലു അടക്കമുള്ളവരുടെ പരസ്യ നിലപാടുകൾ ന്യൂസ് 18 കേരളയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു. ഇടതുപക്ഷ ചാനലാണെന്ന വിലയിരുത്തലുമെത്തി. ഇത് കാരണം റേറ്റിംഗും ഇടിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനേയും മനോരമയേയും മാതൃഭൂമിയേയും മറികടക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു ന്യൂസ് 18 കേരളയിലെ പ്രമുഖർ പറഞ്ഞിരുന്നത്. എന്നാൽ സാമ്പത്തിക കരുത്തില്ലാതെ തുടങ്ങിയ ശ്രീകണ്ഠൻ നായരുടെ ട്വന്റിഫോർ ന്യൂസ് മനോരമയേയും മാതൃഭൂമിയേയും മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ ന്യൂസ് 18 കേരളയിലെ വാർത്തകളിൽ മാനേജ്‌മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

ഇതിനിടെയാണ് ശരത് ചന്ദ്രനെതിരായ പരാതി കിട്ടുന്നതും. അതിൽ ശരിയാണെന്ന ബോധ്യം മാനേജ്‌മെന്റിനുണ്ടാകുന്നതും. ഇതിനൊപ്പമാണ് നിയമസഭയിലെ വിവാദങ്ങളും ചർച്ചയായത്. നിയമസഭയിലെ പദ്ധതിക്കും പ്രോജക്ട് നൽകിയത് പ്രവർത്തകൻ ശരത് ചന്ദ്രന് ആണ്. ഒരേ ഒരു പ്രോജക്റ്റ് മാത്രമാണ് സ്മൃതി മന്ദിരവുമായി ബന്ധപ്പെട്ടു വന്നത്. ഈ പ്രോജക്റ്റ് ശരത് ചന്ദ്രന്റെതാണ്. ഈ പ്രോജക്റ്റ് കൊള്ളാം എന്ന് കമ്മറ്റിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അഡ്‌മിനിസ്ട്രെറ്റീവ് അനുമതി നൽകിയത്. ജി.കാർത്തികേയനും, എൻ.ശക്തനും സ്്പീക്കർമാരായിരുന്നപ്പോൾ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് നിയമസഭയിൽ ലൈബ്രറി സജ്ജീകരിച്ചത്. ഇപ്പോൾ അവിടുള്ള പുസ്തകങ്ങളുൾപ്പെടെയുള്ളവ മറ്റൊരു മുറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയിട്ടുണ്ട്. ഈ സ്ഥാനത്ത് ഇഎംഎസ് സ്മൃതി മന്ദിരം നിർമ്മിക്കാൻ സർക്കാർ അനുമതിയും നൽകി. ഇതെല്ലാം വിവാദമായിരുന്നു.

സ്പീക്കർ ശ്രീരാമകൃഷ്ണനുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കലുടെ ഗുഡ് ബുക്കിലൂമാണ് ശരത് ചന്ദ്രൻ. ഇതെല്ലാം വിവാദ കാലത്ത് ചർച്ചയായിരുന്നു. ഇങ്ങനെയുള്ള അതിരുവിട്ട രാഷ്ട്രീയ ബന്ധങ്ങൾ ന്യൂസ് 18 കേരളയിൽ ആരും പുലർത്തരുതെന്ന നിർദ്ദേശം എല്ലാ മാധ്യമ പ്രവർത്തകർക്കും മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങൾക്കും വിലക്കുണ്ട്. ഇത് ലംഘിച്ചാൽ ആരായാലും നടപടിയും ഉണ്ടാകും. ചാനലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ അനുകൂല പ്രതികരണങ്ങൾ നടത്താതെ നിഷ്പക്ഷ മുഖം മാധ്യമ പ്രവർത്തകർ സൂക്ഷിക്കണമെന്നാണ് ആവശ്യം. രാജി കൊടുത്തതിനെ തുടർന്നും 30 ദിവസത്തെ നോട്ടീസ് പിരീഡിലാണ് ശരത് ഇപ്പോൾ ന്യൂസ് 18ൽ വാർത്ത വായിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP