Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുലർച്ചെ അഞ്ചു മണിയോടെ രണ്ടു വാനിൽ നിറയെ ഉദ്യോഗസ്ഥർ; ടോർച്ചിന്റെ വെളിച്ചത്തിൽ വീടുകളുടെ മുന്നിലും പിന്നിലും നിലയുറപ്പിച്ചു പരിശോധന; സ്റ്റുഡന്റ് വിസയിൽ എത്തിയ കോഴിക്കോടുകാരിയായ ദന്ത ഡോക്ടറെ തപ്പി ബ്രിട്ടീഷ് അന്വേഷകർ പരക്കം പായുന്നു; നിയമം തെറ്റിക്കുന്ന യുകെയിൽ ചതിക്കപ്പെടുന്ന മലയാളി വിദ്യാർത്ഥികളെ ആരു രക്ഷിക്കും?

പുലർച്ചെ അഞ്ചു മണിയോടെ രണ്ടു വാനിൽ നിറയെ ഉദ്യോഗസ്ഥർ; ടോർച്ചിന്റെ വെളിച്ചത്തിൽ വീടുകളുടെ മുന്നിലും പിന്നിലും നിലയുറപ്പിച്ചു പരിശോധന; സ്റ്റുഡന്റ് വിസയിൽ എത്തിയ കോഴിക്കോടുകാരിയായ ദന്ത ഡോക്ടറെ തപ്പി ബ്രിട്ടീഷ് അന്വേഷകർ പരക്കം പായുന്നു; നിയമം തെറ്റിക്കുന്ന യുകെയിൽ ചതിക്കപ്പെടുന്ന മലയാളി വിദ്യാർത്ഥികളെ ആരു രക്ഷിക്കും?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പുലർച്ചെ അഞ്ചു മണി. സാധാരണ യുകെയിലെ ചെറുകിട കടകളിൽ അന്നന്നത്തെ പത്രങ്ങൾ ഡിസ്പ്ലേ ചെയ്യുന്ന സമയമാണ്. കാര്യമായ തിരക്കൊന്നും ഈ സമയം കടകളിൽ ഉണ്ടാകാറില്ല. എന്നാൽ പതിവായി ഹോം ഓഫിസ് മുദ്രയുള്ള രണ്ടോ മൂന്നോ വാനുകൾ സ്റ്റോക് ഓൺ ട്രെന്റിലെ ടൗൺ കേന്ദ്രീകരിച്ചു ആരെയോ തിരയുന്നത് ഈ കടകളിൽ ജോലി ചെയ്യുന്നവരും ഉടമസ്ഥരും ആയ മലയാളികൾ കാണുന്ന പതിവ് കാഴ്ചയാണ്.

മിക്കവാറും വാനുകളുടെ മുന്നിലോ പിന്നിലോ ആയി പൊലീസ് കാറുകളും ഉണ്ടാകും. ഇക്കഴിഞ്ഞ ജൂണിനു ശേഷം സ്റ്റോക് ഓൺ ട്രെന്റിൽ ഇതൊരു പതിവ് കാഴ്ചയാണ്. ജൂണിൽ മലയാളി വിദ്യാർത്ഥികളെ അനധികൃതമായി ജോലി ചെയ്തതിനു കസ്റ്റഡിയിൽ എടുത്ത ഹോം ഓഫിസ് ഉദ്യോഗസ്ഥർ കൂടുതൽ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരച്ചിൽ ഊജ്ജിതം ആക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ലണ്ടനിൽ മലയാളി വിദ്യാർത്ഥികളെ തപ്പി എത്തിയ ഇമ്മിഗ്രേഷൻ അധികൃതർ താമസ സ്ഥലത്ത് അറസ്റ്റ് വാറന്റ് പതിപ്പിച്ചു മടങ്ങുക ആയിരുന്നു. ഇതോടെ വിദ്യാർത്ഥികൾ സിം കാർഡ് അടക്കം ഉപേക്ഷിച്ചു പുതിയ താമസ സ്ഥലത്തേക്ക് മാറിയിരിക്കുകയാണ്. ഇത്തരം വിദ്യാർത്ഥികളുടെ വിവരങ്ങൾ യൂണിവേഴ്സിറ്റികളെ കൂടി അറിയിക്കുന്ന സാഹചര്യത്തിൽ പഠനം പോലും മുടങ്ങുന്ന സാഹചര്യവും സംജാതമാകുകയാണ്. ചിലവേറുന്ന സാഹചര്യത്തിൽ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാതെ വാടകയും ബില്ലും ഭക്ഷണവും കണ്ടെത്താനാകില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും.

കോവിഡ് കാലത്തു തടസപ്പെട്ടിരുന്ന ഇത്തരം റെയ്ഡുകൾ പുനരാരംഭിച്ചത് മനസിലാക്കാതെയാണ് വിദ്യാർത്ഥികൾ കൂടുതൽ സമയം ജോലി ചെയ്യുന്നത്. ആരോഗ്യ രംഗത്ത് എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം എന്ന തെറ്റായ വിവരവും വിദ്യാർത്ഥികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് കാലത്തു ജോലിക്കെത്തിയ ഏതാനും വിദ്യാർത്ഥികൾക്ക് എൻഎച്ച്എസിൽ അടക്കം വർക്ക് പെർമിറ്റ് ലഭിച്ച സാഹചര്യവും പൊടിപ്പും തൊങ്ങലും ചേർത്ത് കേരളത്തിൽ പാട്ടായിരിക്കുകയാണ്. ഇതോടെ ആർക്കു വേണമെങ്കിലും യുകെയിൽ എത്തി എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം എന്ന വ്യാജ പ്രചാരണമാണ് സ്റ്റുഡന്റ് ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ചതിക്കപ്പെടുന്ന വിദ്യാർത്ഥികളെ ആര് രക്ഷിക്കും?

യുകെയിൽ എത്തി ജീവനക്കാരെ എത്തിക്കാൻ കരാർ ലഭിച്ചെന്നു പറയുന്ന മുഖ്യമന്ത്രിയോ നോർക്കയോ യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാര്യത്തിൽ ഒരക്ഷരം കേരളത്തിൽ ശബ്ദിക്കുന്നില്ല എന്നതാണ് ദയനീയമാകുന്നത്. ചതിക്കപ്പെട്ട് എത്തുന്ന വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള ധാർമ്മികതയൊന്നും തങ്ങളുടെ പക്കൽ ഇല്ലെന്ന മട്ടിലാണ് ഈ രംഗത്തെ മുഴുവൻ ചതിക്കുഴികളും നോർക്ക സിഇഓ അടക്കമുള്ളവരെ യുകെയിൽ നിന്നും ധരിപ്പിച്ചിട്ടും പെരുമാറുന്നത് എന്ന ആക്ഷേപവും ശക്തമാണ്.

യുകെയിൽ കരാർ ലഭിച്ചെന്ന കാര്യം വിളിക്കാൻ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി ചതിയുടെ നാനാവിധത്തിൽ ഉള്ള കാര്യങ്ങളെ കുറിച്ച് ലോക കേരള സഭയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നേരിട്ടറിഞ്ഞിട്ടും കേരളത്തിൽ മടങ്ങിയെത്തിയപ്പോൾ അതേക്കുറിച്ചു നിശ്ശബ്ദനാകുന്നതും ഇക്കാര്യത്തിൽ കേരള സർക്കാറിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്.

ഏതാനും ആന്ധ്രാ സ്വദേശികളായ വിദ്യാർത്ഥികളെ തപ്പി ഇറങ്ങിയ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ കോഴിക്കോട് സ്വദേശിനിയായ ഒരു ദന്ത ഡോക്ടറും ഉൾപ്പെടുന്നു എന്ന് വിവരമുണ്ട്. ഭർത്താവും ഒത്തു യുകെയിൽ എത്തിയ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാർത്ഥിനിയായ ഇവർ മൂന്നു ഏജൻസികളിലായി ആഴ്ചയിൽ 60 മണിക്കൂർ വരെ ജോലി ചെയ്തതായാണ് പരാതി.

തന്റെ പുറകെ ഹോം ഓഫിസ് ഉദ്യോഗസ്ഥർ ഉണ്ടെന്നു മനസിലാക്കിയ ഇവർ നിരന്തരം താമസ സ്ഥലം മാറുക ആണത്രേ. ഇക്കഴിഞ്ഞ ഒന്നാം തിയതി നടന്ന റെയ്ഡിൽ ചോദ്യം ചെയ്യൽ നേരിടേണ്ടി വന്ന വിദ്യാർത്ഥികളോട് വനിതാ ഡോക്ടറുടെ ഫോട്ടോയും കാണിച്ചു ആളെവിടെ എന്ന ചോദ്യമുണ്ടായി. ഇതേത്തുടർന്നാണ് വനിതാ ഡോക്ടറുടെ പിന്നാലെയാണ് ഹോം ഓഫിസ് അധികൃതർ എന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ ആരെയും അറസ്റ്റ് ചെയ്തതായി സൂചനയില്ല.

പാചകവും ഉറക്കെയുള്ള മലയാള വർത്തമാനവും അയൽവാസികളുടെ ശ്രദ്ധയിൽ, ഉടൻ പരാതിയും നടപടിയും

യുകെയിൽ എത്തിയാൽ ജോലി ചെയ്തു യൂണിവേഴ്‌സിറ്റി ഫീസ് ഉണ്ടാക്കാം എന്ന കേരളത്തിലെ സ്റ്റുഡന്റ് ഏജൻസികൾ നൽകുന്ന വാഗ്ദാനവും യുകെയിൽ എത്തുമ്പോൾ നേരിടേണ്ടി വരുന്ന കനത്ത വീട് വാടകയും ചേർന്നാണ് മലയാളി വിദ്യാർത്ഥികൾക്ക് അനധികൃതമായി ജോലി ചെയ്യേണ്ടി വരുന്നത്. അതിനിടെ സ്റ്റോക് ഓൺ ട്രെന്റിൽ തന്നെ മൂന്നു കുടുംബത്തിന് താമസിക്കാൻ നൽകിയ വീട്ടിൽ നാലാമതൊരു കുടുംബം കൂടി താമസിച്ചതിനെ തുടർന്ന് ''ഓവർ ക്രൗഡ് അക്കോമഡേഷൻ'' എന്ന പേരിൽ അയൽവാസികൾ നൽകിയ പരാതിയിൽ കൗൺസിൽ ഉദ്യോഗസ്ഥർ എത്തി അധികമായി താമസിച്ച കുടുംബത്തെ ഒഴിപ്പിച്ച സംഭവവും റിപ്പോർട്ട് ചെയ്യുന്നു. ജനൽ തുറന്നിട്ട പാചകവും മുറ്റത്തിറങ്ങി സിഗരറ്റ് വലിച്ച് ഉച്ചത്തിൽ മലയാളം സംസാരിച്ചതുമാണ് അയൽവാസിയായ ഇംഗ്ലീഷുകാരന്റെ അനിഷ്ടത്തിനു കാരണമായതെന്ന് പറയപ്പെടുന്നു.

ഇത്തരം കാര്യങ്ങളൊന്നും ആരെത്ര പറഞ്ഞാലും വകവയ്ക്കില്ല എന്ന മനോഭാവം പുലർത്തുന്ന വിദ്യാർത്ഥികൾ സ്വയം കുഴി തോണ്ടുകയാണ് എന്ന് വ്യക്തമാക്കുകയാണ് സ്റ്റോക് ഇൻ ട്രെന്റിലെ അനിഷ്ട സംഭവങ്ങൾ. ഒരിക്കൽ ഹോം ഓഫീസ് റെയ്ഡ് നടത്തിയ അഡ്രസിൽ വീണ്ടും വീണ്ടും റെയ്ഡ് നടക്കുന്നു എന്ന അനുഭവത്തിൽ ഇപ്പോൾ അത്തരം വീടുകൾ വേണ്ടെന്നു വയ്ക്കുകയാണ് മലയാളി വിദ്യാർത്ഥികൾ. കൂടുതൽ ജോലി സാധ്യത തേടി സ്റ്റോക് ഓൺ ട്രെന്റിലേക്ക് ഒഴുകിയിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇപ്പോൾ ചെറിയ കുറവ് ഉണ്ടാകാനും അടിക്കടിയുള്ള റെയ്ഡ് കാരണമായിട്ടുണ്ട്.

അഭയാർത്ഥികളേക്കാൾ നോട്ടപ്പുള്ളികളാകുന്നത് വിദേശ വിദ്യാർത്ഥികൾ

ഇക്കഴിഞ്ഞ മാർച്ചിൽ ഇവിടെയുള്ള ഡെയ്‌ലി മിനി മാർക്കറ്റ് എന്ന കടയിൽ നിന്നും അനധികൃതമായി ജോലി ചെയ്ത വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതോടെ കടകളിലും മറ്റും നിരന്തരമായ റെയ്ഡ് നടക്കുകയാണ്. ഈ കടയിൽ നിന്നും 5000 പായ്ക്ക് സിഗരറ്റും മറ്റും പിടിച്ചെടുത്തതും വിദ്യാർത്ഥിക്ക് നിയമ നടപടികളെ ചോദ്യം ചെയ്യാൻ പോലും ഉള്ള അവസരം നിഷേധിക്കപ്പെടാൻ കാരണമായി.

ഇക്കാരണത്താൽ ഇപ്പോൾ കടകളിലും മറ്റും വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാനും പ്രയാസമായി തുടങ്ങി. അഭയാർത്ഥി പ്രവാഹം കനത്തതോടെ വിദേശ വിദ്യാർത്ഥികൾ തമ്പടിക്കുന്ന നഗരങ്ങളിൽ ഹോം ഓഫിസ് റെയ്ഡുകൾ ശക്തമാകും. വിദ്യാർത്ഥികളെ നാട് കടത്താൻ ഹോം ഓഫിസിനു നടപടികൾ കൂടുതൽ ലളിതം ആണെന്നതിനാൽ അഭ്യർത്ഥികളേക്കാൾ നോട്ടപ്പുള്ളികളാകുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾ.

സെപ്റ്റംബർ ഇൻ ടേക്കിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ എത്തിയതോടെ മിക്ക നഗരങ്ങളിലും വാടക വീടുകൾക്ക് നേരിടുന്ന ക്ഷാമവും ഹോം ഓഫിസ് റെയ്ഡ് കനക്കാൻ കാരണമാണ്. വിദേശ വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി താമസ സൗകര്യം ഒഴിവാക്കുന്നുവെന്ന ട്രെന്റിൽ വാടക അകാരണമായി ഉയരുകയും ചെയ്യുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP