Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202208Thursday

മുംബൈയിൽ ജനിച്ചു വളർന്ന പാലക്കാട്ടുകാരൻ; പതിനേഴാം വയസ്സിൽ പഠിപ്പുനിർത്തി ഇറങ്ങിയത് സംഗീത വിപണിയിൽ; വൻകിട സംഗീത പരിപാടികളുടെ അണിയറ ശിൽപിയായി യുവാക്കളുടെ ഹീറോയായി; ആംആദ്മിയിലെ 'അഡ്-ഹോക്ക് വർക്കർ' കെജ്രിവാളിന്റെ വിശ്വസ്തനും; സിസോദിക്കൊപ്പം വിജയ് നായരും; ഡൽഹി മദ്യനയത്തിൽ നിറയുന്ന മലയാളിയുടെ കഥ

മുംബൈയിൽ ജനിച്ചു വളർന്ന പാലക്കാട്ടുകാരൻ; പതിനേഴാം വയസ്സിൽ പഠിപ്പുനിർത്തി ഇറങ്ങിയത് സംഗീത വിപണിയിൽ; വൻകിട സംഗീത പരിപാടികളുടെ അണിയറ ശിൽപിയായി യുവാക്കളുടെ ഹീറോയായി;  ആംആദ്മിയിലെ 'അഡ്-ഹോക്ക് വർക്കർ' കെജ്രിവാളിന്റെ വിശ്വസ്തനും; സിസോദിക്കൊപ്പം വിജയ് നായരും; ഡൽഹി മദ്യനയത്തിൽ നിറയുന്ന മലയാളിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്യനയത്തിലും ലൈസൻസ് വിതരണത്തിലും അഴിമതിയാരോപിച്ചുള്ള കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പം പ്രതി ചേർക്കപ്പെട്ടവരിൽ പ്രമുഖൻ മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ മലയാളി വിജയ് നായർ.

മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കി സിബിഐ എടുത്ത കേസിൽ മുംബയ് വ്യവസായി വിജയ് നായർ, തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്ര പിള്ള എന്നീ മലയാളികൾ പ്രതികളാണ്. വിജയ് നായർ അഞ്ചാം പ്രതിയും അരുൺ രാമചന്ദ്ര പിള്ള പതിനാലാം പ്രതിയുമാണ്.

മുംബൈയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർ, ഏഴാം പ്രതി ബ്രിൻഡ്കോ സ്പിരിറ്റ് കമ്പനി ഉടമ അമൻദീപ് ധാൽ, എട്ടാം പ്രതി ഇൻഡോ സ്പിരിറ്റ് കമ്പനി ഉടമ സമീർ മഹേന്ദ്രു എന്നിവർക്കൊപ്പമാണ് സിസോദിയയും ഉദ്യോഗസ്ഥരും എക്സൈസ് നയത്തിന് രൂപം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൈക്കൂലി സമീർ വാങ്ങി അരുൺ വഴി വിജയ് നായർക്കെത്തിക്കും. വിജയ് നായരാണ് ഉന്നതർക്ക് നൽകുക.വിജയ് നായർക്ക് നൽകാനായി സിസോദിയയുടെ അടുപ്പക്കാരനായ 15-ാം പ്രതി അർജുൻ പാണ്ഡെ നാലു കോടിയോളം രൂപ സമീറിന് നൽകി. സിസോദിയയുമായി അടുപ്പമുള്ള ദിനേഷ് അറോറയുടെ (11ാം പ്രതി) രാധാ ഇൻഡസ്ട്രീസിന്റെ ഡൽഹി ബാങ്ക് അക്കൗണ്ടിലേക്ക് സമീർ ഒരു കോടി രൂപ നിക്ഷേപിച്ചു. ലൈസൻസ് ലഭിക്കാൻ മഹാദേവ് ലിക്കർ കമ്പനിയുടെ പ്രതിനിധി സണ്ണി മാർവ (17ാം പ്രതി) ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഡൽഹി എക്‌സൈസ് നയം 2021-2022 മായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വെള്ളിയാഴ്ച സിബിഐ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. കേന്ദ്ര ഏജൻസിയുടെ പ്രഥമ വിവര റിപ്പോർട്ടിൽ മറ്റ് 14 വ്യക്തികളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളിൽ എക്സൈസ് ഉദ്യോഗസ്ഥർ, ഡീലർമാർ, പൊതുപ്രവർത്തകർ, മദ്യക്കമ്പനി മേധാവികൾ, സ്വകാര്യ വ്യക്തികൾ എന്നിവരും ഉൾപ്പെടുന്നു.

ഡൽഹി എക്‌സൈസ് നയം 2021-2022 മായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കുറ്റാരോപിതനായതോടെ വിജയ് നായരെ സംബന്ധിച്ച് ദേശീയ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുംബൈയിൽ ജനിച്ചു വളർന്ന പാലക്കാട് കുടുംബ വേരുകളുള്ള വിജയ് നായർക്ക് അഴിമതിയിൽ നേരിട്ട് പങ്കുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-22 വർഷത്തേക്കുള്ള ഡൽഹിയിലെ ജിഎൻസിടിഡിയുടെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വിജയ് നായർ ക്രമക്കേടുകളിൽ സജീവമായി പങ്കെടുത്തതായി എഫ്‌ഐആർ പറയുന്നു.

സിസോദിയ, മലയാളികളായ വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരടക്കം 15 പേർക്കും അജ്ഞാതരായ മറ്റുള്ളവർക്കുമെതിരെയാണു കേസ്. ഡൽഹിക്കു പുറമേ മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.

മദ്യവിൽപനയ്ക്കുള്ള ലൈസൻസ് വിതരണത്തിൽ ചില കമ്പനികൾക്ക് അന്യായമായി ഇളവുകൾ നൽകിയെന്നും പ്രത്യുപകാരമായി കോടികളുടെ ഇടപാടു നടന്നെന്നുമാണ് സിബിഐ ആരോപണം. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയ വിജയ് നായർക്ക് മദ്യനയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് സൂചന.

ആം ആദ്മി പാർട്ടി നേതൃത്വവുമായി വിജയ് നായർക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2020ലെ ഡൽഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയുടെ 'പാർട്ട് ടൈം വളണ്ടിയർ' ആയി വിജയ് നായർ പ്രവർത്തിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ തുടക്കകാലത്ത്, പാർട്ടി പരിപാടികൾ സംഘടിപ്പിക്കാനും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനും വിജയ് നായർ സജീവമായി ഇടപെട്ടിരുന്നു.

വിജയ് നായർ ഒരു 'അഡ്-ഹോക്ക് വർക്കർ' ആണെന്ന് എഎപി എംഎൽഎ അതിഷി മർലേന പ്രതികരിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം അങ്കിത് ലാൽ ഇത് നിഷേധിച്ചു. മുൻ ഒഎംഎൽ സിഇഒ 5-6 വർഷത്തിലേറെ എഎപിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2014 ജനുവരി മുതൽ വിജയ് നായർ ആം ആദ്മി പാർട്ടിക്കൊപ്പമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ ഒരു വാർത്താ റിപ്പോർട്ടിൽ പറയുന്നു.

'പ്ലസ് ടുവും ഗുസ്തിയു'മായി സംഗീത വിപണിയിലേക്കു കാലെടുത്തുവച്ച വിജയ് നായർ 14 വർഷങ്ങൾക്കിപ്പുറം 300 കോടിയിലേറെ രൂപ മൂല്യമുള്ള കമ്പനിയുടെ അമരക്കാരനാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന പല വൻകിട സംഗീതപരിപാടികളുടെയും അണിയറശിൽപിയാണ് വിജയ് നായർ.

ഇന്ത്യൻ നഗരങ്ങളിൽ ഏറെ ജനപങ്കാളിത്തമുള്ള എൻഎച്ച് 7 വീക്കെൻഡർ പോലുള്ള മ്യൂസിക് ഫെസ്റ്റിവലുകളുടെ സംഘാടകൻ, യുവാക്കളുടെ ഹരമായ ചാനൽ പരിപാടികളുടെ നിർമ്മാതാവ്, എരിവും പുളിയുമുള്ള 'റോസ്റ്റിങ്' സ്റ്റേജ് ഷോകൾ ഇന്ത്യയിൽ അവതരിപ്പിച്ചയാൾ, രാഷ്ട്രീയക്കാരെയും സിനിമാതാരങ്ങളെയും വറുത്തുപൊരിക്കുന്ന സ്റ്റാൻഡപ് കോമഡികളുടെ ശിൽപി, സംഗീത-ഹാസ്യ പരിപാടികൾക്കു യൂട്യൂബ് സാധ്യതകൾ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച യുവസംരംഭകൻ... കാലത്തിന്റെ മാറ്റത്തിനൊപ്പം ഡിജിറ്റൽ സങ്കേതങ്ങളെ കൂട്ടുപിടിച്ച് കോടികളുടെ കച്ചവടസാധ്യത ഫലപ്രദമായി വിനിയോഗിച്ചതാണു വിജയ് നായരുടെ വളർച്ചയ്ക്ക് വേഗം കൂട്ടിയത്.

സംഗീതവുമായി വലിയ ബന്ധമില്ലാത്ത വിജയ് പതിനൊന്നാം ക്ലാസിൽ ചർച്ച്ഗേറ്റ് സിഡ്നെം കോളജിൽ ചേർന്നതാണു വഴിത്തിരിവായത്. ബി.കോമിനു ചേർന്നപ്പോൾ പാട്ടിനെയും പാട്ടുകാരെയും കുറിച്ചുള്ള ജിഗ്പാഡ് വെബ്സൈറ്റിലേക്കു കൂടുമാറ്റം. സംഗീതവുമായും സംഗീതജ്ഞരുമായും അവിടെവച്ച് അടുക്കുകയായിരുന്നു. സംഗീതജ്ഞരെയും ഗായകരെയും കണ്ടെത്തി, സ്വന്തമായി പാട്ടുകൾ തയാറാക്കി, വിപണനം ചെയ്യുന്ന രീതിയാണു റിക്കോർഡ് ലേബൽ. ഈ വഴിക്കു നീങ്ങിയതോടെ ഒഎംഎല്ലിനു സ്വീകാര്യതയേറി, ബിസിനസ് വളർന്നു.

2005 മുതൽ സംഗീതപരിപാടികൾ പൂർണമായി ഏറ്റെടുത്തു തുടങ്ങി. വേദി സജ്ജീകരണം, പൊലീസിൽ നിന്നുൾപ്പെടെ വിവിധ അനുമതികൾ, ടിക്കറ്റ് വിൽപന, വൊളന്റിയർ മാനേജ്മെന്റ്, സ്റ്റേജ്, ലൈറ്റ്, സൗണ്ട് ഇങ്ങനെ സംഗീത പരിപാടിയിലെ ഉപ്പു തൊട്ടു കർപ്പൂരം വരെയെല്ലാം. രണ്ടു വർഷത്തിനകം ടിവി ഷോകളുടെയും മ്യൂസിക് ആൽബങ്ങളുടെയും നിർമ്മാണ-വിപണന രംഗത്തേക്കു കടന്നു. സ്റ്റാർ വേൾഡ്, ഫോക്സ് ട്രാവലർ, എംടിവി തുടങ്ങിയ മുൻനിര ചാനലുകൾക്കായി സംഗീത-ഹാസ്യ പരിപാടികൾ ഒരുക്കി. മൊബൈൽ തരംഗത്തിന്റെ സാധ്യത മുതലെടുത്ത് യൂട്യൂബ് വഴിയുള്ള ഹിറ്റ് റിലീസുകളിലും പണം വാരുകയാണ് കമ്പനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP