Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതു വിരുദ്ധ യുകെ കമ്പനി കേരളത്തിലെത്തി കച്ചവടമുറപ്പിച്ചു; ബ്രിട്ടനിൽ ലേബർ യൂണിയനുകൾ നോട്ടപ്പുള്ളിയാക്കിയ സെക്യൂരിറ്റി കമ്പനി ചെറിയ സ്രാവല്ല; കേരളത്തിൽ ഇടം ഒരുക്കിയതിൽ യുകെയിലെ ''വ്യാജ സഖാവിന്'' മുഖ്യ റോൾ; ചൂട്ട് പിടിക്കാൻ കൈരളി യുകെയെന്ന കമ്യുണിസ്റ്റ് സംഘടനയും

ഇടതു വിരുദ്ധ യുകെ കമ്പനി കേരളത്തിലെത്തി കച്ചവടമുറപ്പിച്ചു; ബ്രിട്ടനിൽ ലേബർ യൂണിയനുകൾ നോട്ടപ്പുള്ളിയാക്കിയ സെക്യൂരിറ്റി കമ്പനി ചെറിയ സ്രാവല്ല; കേരളത്തിൽ ഇടം ഒരുക്കിയതിൽ യുകെയിലെ ''വ്യാജ സഖാവിന്'' മുഖ്യ റോൾ; ചൂട്ട് പിടിക്കാൻ കൈരളി യുകെയെന്ന കമ്യുണിസ്റ്റ് സംഘടനയും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇടതു വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങളുള്ള ബ്രിട്ടീഷ് കമ്പനി കേരളത്തിലെത്തി വേരുറപ്പിച്ചു. വിദേശ പൗരന്മാർക്ക് ഭൂരിപക്ഷം ആസ്തിയുടെ കമ്പനി തുടങ്ങാൻ നിയമ തടസമുള്ളതു കൊണ്ട് ഒന്നാം കേരള ലോക സഭയിലെ അംഗവും പ്രമുഖ ഇടതു സഹയാത്രികനുമായ രാജേഷ് കൃഷ്ണയുടെ ഭാര്യ പിതാവിന്റെ പേരിലാണ് കമ്പനി തുടങ്ങിയതെന്ന മറുനാടൻ മലയാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യുകെയിലെ ഇടതു പക്ഷ അനുഭാവികൾക്കിടയിൽ നടന്ന ചർച്ചയുടെ ഭാഗമായി ഈ കമ്പനിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്.

രാജേഷ് കൃഷ്ണ ഇടതു പക്ഷ പ്രവർത്തകൻ എന്ന മുഖം മൂടിയിട്ടു നടക്കുന്ന ബിനാമി ബിസിനസുകാരൻ ആണെന്ന രൂക്ഷമായ വിമർശം യുകെയിലെ സഖാക്കൾക്കിടയിൽ ഉയർന്നതിനെ തുടർന്നാണ് ഇവരുടെ കൂട്ടായ്മ ആയ സമീക്ഷക്ക് ബദലായി രാജേഷിന്റെ ആശിർവാദത്തിൽ കൈരളി എന്ന സംഘടന ഒരു വർഷം മുൻപ് പിറന്നത്.

മുഖ്യമന്ത്രിയും ഒന്നാം മന്ത്രിസഭയിലെ മുൻ നിര മന്ത്രിമാരുമായി വ്യക്തി ബന്ധം സ്ഥാപിച്ചാണ് രാജേഷ് കൃഷ്ണ യുകെയിൽ നിന്നും കമ്യൂണിസ്റ്റ്, തൊഴിലാളി വിരുദ്ധ നിലപാടുള്ള കമ്പനിയെ കേരളത്തിൽ എത്തിച്ചത് എന്നാണ് പുതിയ വെളിപ്പെടുത്തൽ. സുരക്ഷാ ജോലികൾക്കും മറ്റും ജീവനക്കാരെ സപ്ലൈ ചെയ്യുന്ന മേഖലയിലാണ് ഈ വിവാദ കമ്പനിയുടെ പ്രവർത്തനം.

കേരളത്തിൽ ദിവസക്കൂലിക്ക് കുറഞ്ഞ വേതനത്തിൽ ഈ ജോലിക്കായി ആളെ ലഭിക്കും എന്നതും കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വരെ അലങ്കാരം എന്നോണം സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട് എന്ന വിവരവുമാണ് നഷ്ടമില്ലാത്ത ബിസിനസിന് പണം ഇറക്കാൻ ടെറിയെ പ്രേരിപ്പിച്ചത്. മാത്രമല്ല സംസ്ഥാന ഭരണ സംവിധാനം എന്ത് ആവശ്യത്തിനും കൂടെയുണ്ടെന്ന് ടെറിയെ ബോധ്യപ്പെടുത്താനും രാജേഷ് കൃഷ്ണക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ വിവരങ്ങൾ ഇന്നലെ തന്നെ യുകെയിലെ കമ്യുണിസ്റ്റ് പാർട്ടി അനുഭാവികൾ പോളിറ്റ് ബ്യുറോ അംഗങ്ങൾ അടക്കം ഉള്ളവർക്ക് എത്തിക്കുകയും ചെയ്തു. ടെറി ബാർട്ടൻ എന്ന ബ്രിട്ടീഷ് പൗരനാണ് കിങ്ഡം സർവീസ് ഗ്രൂപ്പിന്റെ സേവനം സമാനമായ മറ്റൊരു പേരിൽ കമ്പനി രജിസ്റ്റർ ചെയ്തു കേരളത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. എട്ട് വർഷം മുൻപ് തന്നെയുള്ള കമ്പനി രേഖകളിൽ 700 കോടി രൂപയുടെ വാർഷിക വരവ് കാണിക്കുന്ന കമ്പനി ഈ രംഗത്തെ അതികായൻ ആണെന്ന് വ്യക്തമാണ്.

എത്ര രൂപ മുടക്കിയാണ് ഇയാൾ കേരളത്തിൽ കമ്പനി തുടങ്ങിയതെന്ന് രജിസ്ട്രേഷൻ രേഖകളിൽ വ്യക്തമല്ല. എന്നാൽ 50 ശതമാനം ഓഹരികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് രാജേഷിന്റെ ഭാര്യ പിതാവിന്റെ പേരിലാണ്. ശേഷിക്കുന്ന ഓഹരികൾ 49 ശതമാനം ടെറിയുടെ പേരിലും ഒരു ശതമാനം ഓഹരി എറണാകുളം കലൂരിലുള്ള റെജിയുടെ പേരിലുമാണ്. എന്നാൽ മൊത്തം തുകയും നിക്ഷേപിച്ചത് ടെറി തന്നെയാണ് എന്നാണ് ഈ കമ്പനിക്ക് എതിരെ ഉയരുന്ന ആരോപണം.

എന്നാൽ യുകെയിൽ പ്രമുഖ പ്രതിപക്ഷ പാർട്ടിയായ ലേബർ അടക്കമുള്ളവരും തൊഴിലാളി യൂണിയനുകളും തൊഴിലാളി വിരുദ്ധ നടപടികളുടെ പേരിൽ നിരന്തരം കലഹിക്കുന്ന കമ്പനി കൂടിയാണ് കിങ്ഡം സെക്യൂരിറ്റീസ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം റെഡ്ഡിങ്ങിലാണ് വിവാദ കമ്പനിക്കു പ്രതിപക്ഷ പാർട്ടിയായ ലേബറിന്റെ പ്രതിഷേധ ചൂട് അറിയേണ്ടി വന്നത്. റോയൽ ബെർക്ഷയർ ഹോസ്പിറ്റലിലെ കരാർ തൊഴിലാളികളുടെ വേതനം സംബന്ധിച്ചാണ് യൂണിയൻ നേതാക്കളും കിങ്ഡം കമ്പനിയും ഉടക്കിയത്.

മണിക്കൂറിനു 12 മുതൽ 13 പൗണ്ട് വരെ ശമ്പളം നൽകാമെന്ന കരാർ കമ്പനി ലംഘിച്ചതിന് എതിരെയാണ് തൊഴിലാളി യൂണിയനുകൾ ഈ കമ്പനിക്ക് നോട്ടീസ് നൽകിയത്. കൂടാതെ സിക്ക് അലവൻസ് എടുത്തു കളഞ്ഞതും കമ്പനിയെ പ്രതിക്കൂട്ടിലാക്കി. എന്നാൽ സമരത്തിനിറങ്ങിയ തൊഴിലാളികളെ പാഠം പഠിപ്പിക്കാൻ ഏജൻസി ജീവനക്കാരെ നിയോഗിച്ചു തൊഴിലാളി വിരുദ്ധ നിലപാടിലേക്ക് നീങ്ങുക ആയിരുന്നു കമ്പനി എന്നാണ് യൂണിയനുകളുടെ നിലപാട്.

ഇക്കാര്യം തുറന്ന കത്തായി എഴുതി മാധ്യമങ്ങളിലൂടെ കമ്പനിയെ അറിയിക്കാനും യൂണിയൻ തയാറായി. കോവിഡ് സമയത്തു ഏറ്റവും കൂടുതൽ പേര് മരിക്കാൻ ഇടയായ തൊഴിൽ മേഖല കൂടിയാണ് ഇതെന്നും കമ്പനി ഓർക്കണമായിരുന്നു എന്നും യൂണിയനുകൾ അന്ന് നിലപാട് എടുത്തിരുന്നു. ലോകത്തെ പലയിടത്തും സാന്നിധ്യം ഉള്ള കമ്പിനിക്ക് വാർഷിക വിറ്റുവരവ് നൂറു മില്യൺ പൗണ്ടിലേറെ എന്ന് ചൂണ്ടിക്കാട്ടി കമ്പനി തൊഴിലാളി സൗഹൃദ നിലപാട് സ്വീകരിക്കണം എന്നാണ് യൂണിയനുകൾ അന്ന് ആവശ്യപ്പെട്ടിരുന്നതും.

ചുരുക്കത്തിൽ ഇത്രയും തൊഴിലാളി വിരുദ്ധ നിലപാടുള്ള കമ്പനി എങ്ങനെ കമ്മ്യുണിസ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിലെത്തി ചുവടു ഉറപ്പിച്ചു എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. കമ്പനി ഇന്ത്യൻ രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് തമിഴ്‌നാട്ടിൽ നേടിയ ലൈസൻസ് റദ്ദാക്കപ്പെട്ടപ്പോഴും കേരളത്തിൽ മന്ത്രി റിയാസ് മുഹമ്മദ് അടക്കമുള്ളവർ സന്ദർശനം നടത്തുന്ന സ്ഥാപനമായി കമ്പനി വളർന്നിരിക്കുകയാണ് എന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനിൽ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ച കമ്പനി കേരളത്തിൽ തൊഴിൽ സൗഹൃദമായാണോ ഇടപെടുന്നതു എന്നതും പുറത്തു വരാനിരിക്കുന്ന വിവരമാണ്.

ബ്രിട്ടനിലെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ ഒരു കാരണവശാലും കേരളത്തിൽ പ്രവർത്തന അനുമതി നൽകാൻ കമ്യുണിസ്റ്റ് സർക്കാർ തയ്യാറാകരുതായിരുന്നു എന്നാണ് ഇടതുപക്ഷ അനുകൂലികൾ യുകെയിൽ നിന്നും ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകുവാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. കടലോര പ്രദേശങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കാം എന്ന നീക്കമായി രാജേഷ് കൃഷ്ണ ഒന്നാം പിണറായി മന്ത്രിസഭയിൽ അന്നത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി കരാറിന് ശ്രമിച്ചെങ്കിലും ബ്രിട്ടനിൽ നിന്നും തന്നെ എതിർപ്പ് ഉയർന്നതിനെ തുടർന്ന് ആ കടലാസ്സ് കമ്പനിക്കും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP