Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ

രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനലിന്റെ സോഷ്യൽ മീഡിയാ പോളിസി ലംഘിച്ചതിന് മൂന്ന് മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെ നടപടി എടുത്ത് ന്യൂസ് 18 കേരള. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഈ മാധ്യമ പ്രവർത്തർ ഇട്ട പോസ്റ്റുകളാണ് നടപടിക്ക് കാരണം. ചാനലിലെ ജീവനക്കാർ ആരും സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ഇടപെടൽ നടത്തരുതെന്ന് മാനേജ്‌മെന്റ് നിർദ്ദേശിച്ചിരുന്നു. ഈ സർക്കുലർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മാധ്യമ പ്രവർത്തകർക്കെതിരെ നടപടി. കേരളത്തിലെ ചാനൽ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സോഷ്യൽ മീഡിയാ ഇടപെടലിൽ മാധ്യമ പ്രവർത്തകർക്കെതിരെ നടപടി വരുന്നത്.

മുതിർന്ന വാർത്താ അവതാരകരായ സനീഷിനും അപർണ്ണാ കുറുപ്പും നടപടി നേരിട്ടു. പ്രമുഖ മാധ്യമ പ്രവർത്തകനായ ലല്ലുവിനും നടപടി നേരിട്ടു. ഒരാഴ്ച ശമ്പളം കട്ട് ചെയ്യുകയും ഓഫീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. സനീഷ് ഫെയ്‌സ് ബുക്കിലും അപർണ്ണ ട്വിറ്ററിലും ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരം. ലല്ലുവും ഫെയ്‌സ് ബുക്കിൽ രാഷ്ട്രീയം പറഞ്ഞതാണ് വിനയായത്. ഇത് ശ്രദ്ധയിൽ പെട്ട ന്യൂസ് 18 കേരളയുടെ മാനേജ്‌മെന്റ് നടപടി എടുക്കുകയായിരുന്നു. അംബാനിയുടെ ന്യൂസ് 18 ഗ്രൂപ്പാണ് ഈ ചാനൽ നടത്തുന്നത്.

നേരത്തെ പല മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയം പറയുന്നത് വിവാദമായിരുന്നു. അവതാരകരും മറ്റ് മാധ്യമ പ്രവർത്തകരും പക്ഷം പിടിച്ച് രാഷ്ട്രീയം പറയുന്നത് ചാനലിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചാനൽ വിലയിരുത്തിയിരുന്നു. ഇടതുപക്ഷ മുഖം ഒഴിവാക്കി കേരളത്തിൽ നിഷ്പക്ഷ ചാനൽ എന്ന തരത്തിലേക്ക് മാറണമെന്ന് മാനേജ്‌മെന്റ് ആഗ്രഹിച്ചിരുന്നു. ഇതിന് വേണ്ടി ആരും സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പക്ഷം പിടിക്കരുതെന്ന ആവശ്യം മാനേജ്‌മെന്റ് മുമ്പോട്ട് വച്ചിരുന്നു. എല്ലാ ജീവനക്കാർക്കും സർക്കുലറും നൽകി. ഇത് ലംഘിച്ചതിനാണ് ഇപ്പോഴത്തെ നടപടി.

ഇതിൽ സനീഷ് ആ വിവാദ പോസ്റ്റ് ഇപ്പോഴും ഫെയ്‌സ് ബുക്കിൽ ഇട്ടിട്ടുണ്ട്. വിവാദത്തിൽ പെട്ട ഒരാളുടെ ട്വീറ്റാണ് ദേശീയ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽ പെട്ടത്. രാഷ്ട്രീയം പറയുന്ന ഈ ട്വീറ്റ് സംഘപരിവാർ പോരാളി റീട്വീറ്റ് ചെയ്തു. ഇതിൽ ചാനലിന്റെ തലപ്പത്തുള്ള രാഹുൽ ജോഷിയെ ടാഗ് ചെയ്യുകയും ചെയ്തു. ഇതോടെ ചാനലിന്റെ പോളിസിയിൽ ലംഘനമുണ്ടായെന്ന് അവർക്ക് മനസ്സിലായി. ഈ സാഹചര്യത്തിലാണ് നടപടി എടുത്തത്. മൂന്ന് പേർക്കും ഒരാഴ്ച ശമ്പളമില്ലാ സസ്‌പെൻഷൻ എന്ന തരത്തിലായിരുന്നു നടപടി. ഇക്കാര്യം ന്യൂസ് 18 മാനേജ്‌മെന്റിലെ ഉന്നതൻ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവർ ഡിവൈഎഫ്ഐ എന്ന സംഘത്തെ വിട്ട് കളയാൻ പാടില്ലാത്തതാണ്.ഇത്തവണത്തെ വിധി ഇങ്ങനെയാക്കിയതിൽ അവർക്കുള്ള പങ്ക് വളരെ വലുത്.ഞങ്ങളൊക്കെ ചെറുതായിരുന്ന കാലത്ത് ആൾക്കൂട്ടത്തെ ഉണ്ടാക്കുന്നതിലായിരുന്നു അവർ മാസ്റ്റേഴ്സ്. മനുഷ്യച്ചങ്ങല, മനുഷ്യമതിൽ എന്നൊക്കെ പറഞ്ഞ് ആ സംഘം അവിശ്വസനീയമായ വിധത്തിൽ , അപാരസംഘടനാമികവോടെ മനുഷ്യരെ നിരത്തി നിർത്തുമായിരുന്നു. എത്ര പേരെ വേണമെങ്കിലും ഒരിടത്ത്. കാലം മാറിയല്ലോ,ആൾക്കൂട്ടത്തിന്റെ കാലം കഴിഞ്ഞ പോലെയായിഇങ്ങനെ തുടങ്ങുന്ന രാഷ്ട്രീയ വിശകലനമാണ് സനീഷ് ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

നൂറ് കൊല്ലത്തിനിടയിലെ പ്രളയവും, ജീവിച്ചിരിക്കുന്ന ഒരാളും നേരത്തെ കണ്ടിട്ടില്ലാത്ത കോവിഡുമൊക്കെ വന്നല്ലോ. അവർ അവരെ കാലം ആവശ്യപ്പെടുന്ന വിധത്തിൽ റീവയർ ചെയ്തതാണ് നമ്മൾ കണ്ടത്. വൻ കൂട്ടമായല്ല അവരെ പിന്നെ കാണുന്നത്. ഒരു ബൈക്കിലോടുന്ന ഒന്നോ രണ്ടോ പേരായി പിരിഞ്ഞിട്ട് അവർ നാട്ടിലാകെ പരന്ന പോലെയായി. ആ ബൈക്കുകൾ ഓടി, മനുഷ്യർ കുടുങ്ങിപ്പോയ വീടുകളുടെ ഗേറ്റുകൾക്ക് മുന്നിൽ ചെന്ന് നിന്നു. ഗേറ്റിൽ ചെന്ന് നിന്ന് വിളിച്ചു, പൊതിച്ചോറും മരുന്നും കൊണ്ട് ചെന്ന് കൊടുത്തു.പ്രളയത്തെ കടക്കാൻ പണത്തിന് ആക്രി പെറുക്കുന്നത് പോലും കണ്ടു. വാർത്ത വരാൻ കാത്ത് നിന്നില്ല. എന്ന് മാത്രമല്ല, ഇന്നയാളാണ് ഞാനെന്ന് കാട്ടി അഭിനന്ദനം വാങ്ങാൻ മുഖത്തെ മാസ്‌ക് പോലും മാറ്റിക്കാണിച്ചില്ല. വല്ലാത്തൊരു ടീംസ്-ഇങ്ങനെയായിരുന്നു സനീഷിന്റെ നിരീക്ഷണം.

പ്രളയവെള്ളത്താലും രോഗപീഡയാലും വലഞ്ഞൊറ്റപ്പെട്ട് പോയവർ പക്ഷെ അന്നമായി വന്ന ചെറുപ്പക്കാരെ മറക്കുമോ. പെട്ടിയിൽ വീണ വോട്ട് അവരുടെയാണ് എന്ന് വേണമല്ലോ മനസ്സിലാക്കേണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല കോൺഗ്രസ് പാർട്ടിക്കും ഇത് മനസ്സിലായിട്ടുണ്ടാകുമെന്നാണ് വിചാരിക്കുന്നത്. എന്റെ തെരഞ്ഞെടുപ്പ് വിശകലനത്തിലെ ആദ്യപേജിൽ ഡിവൈഎഫ്ഐയുടെ പേരുണ്ട്-എന്നായിരുന്നു സനീഷിന്റെ വിശദീകരണം. ഇതിൽ രാഷ്ട്രീയത്തിൽ അപ്പുറം വിശകലനമാണ് നിറയുന്നത്. മാധ്യമ പ്രവർത്തകർ ഇത്തരം വിശകലനങ്ങൾ നടത്തുന്നത് പതിവുള്ളതുമാണ്. ഇതാണ് സനീഷിന് വിനയായി മാറുന്നത്.

കൈരളി ടിവിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ന്യൂസ് 18 കേരളയുടെ മുഖമായ ശരത് ചന്ദ്രൻ ചാനലിൽ നിന്ന് രാജിവച്ചതും രാഷ്ട്രീയത്തിന്റെ പേരിലാണ്.ശരത് ചന്ദ്രനെതിരെ നിരവധി പരാതികൾ ന്യൂസ് 18 കേരളയുടെ മാനേജ്മെന്റിന് ലഭിച്ചിരുന്നു. ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി നൽകി  ശരത് കൈരളിയിലേക്ക് മാറിയത്. ന്യൂസ് 18 കേരളയിലെ ഇടതു പക്ഷ മുഖങ്ങളിൽ പ്രധാനിയായിരുന്നു ശരത് ചന്ദ്രൻ. ചാനലിലെ തീവ്ര രാഷ്ട്രീയ ആഭിമുഖ്യക്കാർക്ക് ഇനി കാര്യങ്ങൾ അനുകൂലമാകില്ലെന്ന സൂചനയാണ് ശരത് ചന്ദ്രന്റെ രാജിയിലുണ്ടായിരുന്നത്.

അദ്ധ്യാപക സംഘടനകൾ സർക്കാരുമായി സാലറി ചലഞ്ചിൽ സഹകരിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപക സംഘടനാ നേതാവിനെ ഫ്ളോറിൽ എത്തിച്ച് ശരത് ചന്ദ്രൻ ചർച്ച സംഘടിപ്പിച്ചിരുന്നു. ന്യൂസ് 18 കേരളയുടെ പ്രൈം ടൈമിലെ ചർച്ചയിൽ ഏകപക്ഷിയമായ അവതരണ രീതിയാണ് ശരത് ചന്ദ്രൻ സ്വീകരിച്ചത്. അദ്ധ്യാപക സമൂഹത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇത്. ഇതിനെതിരെ അദ്ധ്യാപക സംഘടനകളും ന്യൂസ് 18 കേരളയുടെ മാനേജ്മെന്റായ അംബാനി ഗ്രൂപ്പിന് പരാതി നൽകി. നിരവധി പരാതികളാണ് കമ്പനിക്ക് കിട്ടിയത്.

ചാനലിലെ തീവ്ര ഇടതുപക്ഷക്കാർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രാജീവ് ദേവരാജ് എഡിറ്ററായിരുന്നപ്പോൾ ഏഷ്യാനെറ്റിൽ നിന്നും മാതൃഭൂമിയിൽ നിന്ന് ചാനലിൽ എത്തിയ പലരും സൈബർ സഖാക്കളെ പോലെ പ്രവർത്തിച്ചു. ലല്ലു അടക്കമുള്ളവരുടെ പരസ്യ നിലപാടുകൾ ന്യൂസ് 18 കേരളയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു. ഇടതുപക്ഷ ചാനലാണെന്ന വിലയിരുത്തലുമെത്തി. ഇത് കാരണം റേറ്റിംഗും ഇടിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനേയും മനോരമയേയും മാതൃഭൂമിയേയും മറികടക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു ന്യൂസ് 18 കേരളയിലെ പ്രമുഖർ പറഞ്ഞിരുന്നത്.

എന്നാൽ സാമ്പത്തിക കരുത്തില്ലാതെ തുടങ്ങിയ ശ്രീകണ്ഠൻ നായരുടെ ട്വന്റിഫോർ ന്യൂസ് മനോരമയേയും മാതൃഭൂമിയേയും മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ ന്യൂസ് 18 കേരളയിലെ വാർത്തകളിൽ മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ആരും രാഷ്ട്രീയ പോസ്റ്റുകൾ ഇടരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP