Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഷമയുടെ നിയമത്തേയും ഉതുപ്പ് പൊളിച്ചു; മലയാളികളെ വിദേശത്ത് ഇനിയും നേഴ്‌സായി നിയമിക്കാൻ പുതുപ്പള്ളിക്കാരന്റെ കടന്ന ബുദ്ധി; സന്ദർശക വിസയിൽ കുവൈറ്റിൽ അഭിമുഖം; ഇന്ത്യയുടെ ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ തന്നെ ഗൾഫിലെ ആശുപത്രികളിൽ ജോലിയും; കോടികളുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് വീണ്ടും കളമൊരുങ്ങുന്നു

സുഷമയുടെ നിയമത്തേയും ഉതുപ്പ് പൊളിച്ചു; മലയാളികളെ വിദേശത്ത് ഇനിയും നേഴ്‌സായി നിയമിക്കാൻ പുതുപ്പള്ളിക്കാരന്റെ കടന്ന ബുദ്ധി; സന്ദർശക വിസയിൽ കുവൈറ്റിൽ അഭിമുഖം; ഇന്ത്യയുടെ ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ തന്നെ ഗൾഫിലെ ആശുപത്രികളിൽ ജോലിയും; കോടികളുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് വീണ്ടും കളമൊരുങ്ങുന്നു

തിരുവനന്തപുരം: ഇന്റർപോളല്ല ആരു വിചാരിച്ചാലും പുതുപ്പള്ളിക്കാരൻ ഉതുപ്പ് വർഗ്ഗീസിന്റെ റിക്രൂട്ട്‌മെന്റിന് തടയിടാൻ കഴിയില്ല. നേഴ്‌സുമാരെ പറ്റിക്കുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നയത്തെ മറികടക്കാനും ഉതുപ്പ് വർഗ്ഗീസിന് അറിയാം. റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ സുപ്രീംകോടതി ജാമ്യം നിഷേധിച്ച ഉതുപ്പ് വർഗ്ഗീസ് ഒളിവ് ജീവതത്തിലും നേഴ്‌സുമാരെ പറ്റിക്കൽ തുടരുന്നു. കേന്ദ്ര സർക്കാർ നയങ്ങളെ അക്ഷരാർത്ഥത്തിൽ അട്ടിമറിച്ചാണ് പുതിയ നീക്കം. നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്കെതിരെ പരാതി വ്യാപകമായതിനെ തുടർന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടാണ് സ്വകാര്യ ഏജൻസികളുടെ റിക്രൂട്ട്‌മെന്റിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെയാണ് പുതു തന്ത്രവുമായി ഉതുപ്പ് സജീവമായത്.

നഴ്‌സിങ് റിക്രൂട്ടമെന്റ് നടത്തുന്ന ഏജൻസികൾക്ക് കർശന നിയന്ത്രണങ്ങളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം കൂടിയായപ്പോൾ വിദേശ രാജ്യങ്ങളിലെ നഴ്‌സിങ് ഒഴിവുകളുടെ ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയാണ് ഉതുപ്പ് വർഗീസും ടീമും വീണ്ടും നഴ്‌സിങ് ഉദ്യോഗാർഥികളുടെ ചോരയൂറ്റാൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ ദുബായിൽ വച്ചാണ് ഇന്റർവ്യൂ നടത്തുമെന്ന് പരസ്യം നൽകിയിരിക്കുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന 3500 ഒഴിവിലേക്കാണ് ബി.എസ്.സി നഴ്‌സിങ്, ജി.എൻ.എം യോഗ്യതയുള്ളവരെ ഏജൻസികൾ ക്ഷണിച്ചിരിക്കുന്നത്. കുവൈറ്റ് മന്ത്രാലയം ഔദ്യോഗികമായി നൽകിയിട്ടുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ദുബായിൽ വച്ച് നടത്തുന്നതിന്റെ പിന്നിലുള്ള രഹസ്യം ഇന്ത്യയിലെ നിയമങ്ങളുടെ കണ്ണിൽ പൊടിയിടാനും ഇതിന്റെ പേരിൽ ഉദ്യോഗാർഥികളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഏജൻസികളുടെ തന്ത്രം കൂടിയാണിതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ദുബായിലെ അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ വച്ചാണ് ഇന്റർവ്യൂ നടക്കാൻ പോകുന്നത്.

ഇന്റർവ്യൂ നടത്തുന്ന ഏജൻസിയുടെ വിവരങ്ങൾ പോലും പരസ്യങ്ങളിൽ നൽകിയിട്ടില്ല എന്നുള്ളത് തന്നെ നടക്കാൻ പോകുന്നത് തട്ടിപ്പ് ഇന്റർവ്യൂ ആണെന്നതിന്റെ വ്യക്തമായ തെളിവാണ്. ഉദ്യോഗാർഥികൾക്ക് റെസ്യൂമെ അയക്കാൻ പരസ്യങ്ങളിൽ നൽകിയിട്ടുള്ള ഇ-മെയിൽ വിലാസങ്ങൾ പോലും ഇതിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. അൽ-സറാഫയ്ക്കും അതിന്റെ ബിനാമി ഏജൻസികൾക്കും കേരളത്തിൽ നഴ്‌സിങ് റിക്രൂട്ട്മന്റ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തട്ടിപ്പിന്റെ പുതിയ മേച്ചിൽപുറങ്ങൾ തേടാൻ ഏജൻസികളെ നിർബന്ധിതരാക്കുന്നത്. ഉദ്യോഗാർഥികൾക്ക് സന്ദർശനവിസയ്ക്കായി സമീപിക്കേണ്ട ട്രാവൽ ഏജൻസികളുടെ വിവരങ്ങൾ പരസ്യത്തിൽ നൽകിയുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സന്ദർശക വിസയ്ക്കായി കോഴിക്കോടുള്ള അൽഹിന്ദ്, റിയ എന്നീ ട്രാവൽ ഏജൻസികളും കൊച്ചിയിലെ പീകോക്ക് എന്ന ഏജൻസിയേയും സമീപിക്കാനാണ് നിർദ്ദേശം. ട്രാവൽ ഏജൻസികളും റിക്രൂട്ട്മന്റെ് ഏജൻസികളും തമ്മിലുള്ള ഒത്തുകളിയാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 60000 മുതൽ 1 ലക്ഷം രൂപ വരെയാണ് സന്ദർശക വിസയ്ക്കായി ഈ ഏജൻസികൾ നഴ്‌സുമാരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ദുബായിൽ വച്ച് നടത്തുന്നത് സംബന്ധിച്ച് സർക്കാർ ഏജൻസികൾക്ക് അറിവില്ലെന്നുള്ളത് സംശയാസ്പദമാണ്.

വിദേശരാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാർക്ക് എമിഗ്രേഷൻ നിയമം കർശനമാക്കിയത് നഴ്‌സുമാർക്ക് വൻ തിരിച്ചടി ആയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇന്ത്യയിലെ കർശന നിയമങ്ങൾ കാരണം നഴ്‌സിങ് ഒഴിവുകൾ മറ്റു രാജ്യങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുന്നതും നഴ്‌സുമാർക്ക് തിരിച്ചടിയാണ്. ഇന്റർവ്യൂവിന്റെ പേരിൽ മാത്രം ഉദ്യോഗാർഥികളിൽ നിന്ന് കോടികളായിരിക്കും ട്രാവൽ ഏജൻസികളും റിക്രൂട്ടമെന്റ് ഏജൻസിയും കൂടി തട്ടിയെടുക്കുന്നത്. അതിനിടെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഏജൻസിയുടെ പേരോ വിലാസമോ ഇല്ലാതെയാണ് മാദ്ധ്യമങ്ങളിൽ പരസ്യം നൽകുന്നത്. രണ്ടു ദിവസം മുമ്പ് ദേശാഭിമാനി പത്രത്തിന്റെ കേരളത്തിലെ എല്ലാ എഡിഷനുകളിലും ഈ പരസ്യമുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൗദി, കുവൈറ്റ്, ഖത്തർ എന്നിവടങ്ങളിലേക്ക് നടത്തിയ ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടെ 3500 ഓളം നഴ്‌സിങ് ഉദ്യോഗാർഥികൾക്ക് വിസ ഇതുവരെയും ലഭിച്ചിട്ടില്ല. ലക്ഷങ്ങൾ ഈടാക്കിയ ഏജൻസികൾ പറ്റിക്കുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർഥികളിൽ ഭൂരിപക്ഷവും. ഇവർക്ക് ജോബ് വിസ നൽകാത്ത സാഹചര്യത്തിലാണ് വീണ്ടും കുവൈറ്റിലെ 3500 ഒഴിവുകളുടെ പേരിൽ ദുബായിൽ വച്ച് ഇന്റർവ്യൂ നടത്താൻ പോകുന്നത്.

കേരളത്തിൽ ഇപ്പോൾ നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ കോടികൾ സമ്പാദിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് എറണാകുളത്തുള്ള ജെ.കെ.ഇന്റർനാഷണലും എം.കെ.ഇന്റർ നാഷണലും. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിൽ സിബിഐ പ്രതി ചേർക്കപ്പെട്ടെ റെനി ഉമ്മനാണ് ഇപ്പോൾ താരം. ഉതുപ്പ് വർഗീസ് പത്തൊമ്പതര ലക്ഷം വാങ്ങിയപ്പോൾ റെനി ഉമ്മൻ ഒരു പടി കൂടി മുകളിൽ കയറി 21 ലക്ഷം രൂപയാണ് വാങ്ങുന്നത്. കേസ് നടത്താനുള്ള പണം കൂടി ചേർത്താണ് ഉദ്യോഗാർഥികളിൽ നിന്ന് റെനി ഉമ്മൻ ഈടാക്കുന്നത്. ജെ.കെ ഇന്റർനാഷണലും എം.കെ.ഇന്റർനാഷണലും ഒരമ്മ പെറ്റ മക്കളായതു കൊണ്ട് നഴ്‌സുമാരെ പിഴിയുന്ന കാര്യത്തിൽ ഒറ്റകെട്ടാണ്. കഴിഞ്ഞ മാസം 21 ലക്ഷം രൂപ ഈടാക്കി അമ്പത് പേരെയാണ് ജെ.കെ.ഇന്റർനാഷണൽ വഴി കുവൈറ്റിലേക്ക് കടത്തിയത്. എറണാകുളത്തെ നോർക്ക ഓഫീസിന് സമീപത്തെ ഏജന്റിന് നേരിട്ട് 2 ലക്ഷം രൂപയും ബാക്കി 19 ലക്ഷം വിവിധ അക്കൗണ്ടുകളിലായാണ് ഉദ്യോഗാർഥികൾ നിക്ഷേപിച്ചത്. റിക്രൂട്ടിങ് ഏജൻസികളെ വിവിധ അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് റെനി ഉമ്മനും കൂട്ടാളികളും പുതിയ വഴികൾ തേടുന്നത്. ഈ മാസം ഏഴാം തീയതി ആറു പേരാണ് വിസിറ്റിങ് വിസ വഴി നെടുമ്പാശേരി വഴി് കയറ്റി പോയത്. പണം വാങ്ങുന്നതിന് ഒരു രേഖയും ഇവർ ഉദ്യോഗാർഥികൾക്ക് നൽകാറില്ല.

നഴ്‌സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമെന്ന നിഷ്‌കർഷയുള്ളതിനാൽ വിസിറ്റിങ് വിസ വഴിയാണ് ഉദ്യോഗാർഥികളെ ഇപ്പോൾ കയറ്റി അയക്കുന്നത്. ദുബായിലെ ബന്ധുക്കളെ കാണാൻ പോകുന്നെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ഇവർ പറയുന്നത്. എന്നാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും അറിവുണ്ടെന്നാണ് നഴ്‌സുമാർ പറയുന്നത് . കൊച്ചി, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്കും അവിടെ നിന്നും കുവൈറ്റിലേക്കുമാണ് ഏജൻസികൾ നഴ്‌സുമാരെ അയയ്ക്കുന്നത്. പണം നൽകുന്നത് സംബന്ധിച്ച് വിവരങ്ങളോ പോകുന്നതിന്റെ വിവരങ്ങളോ ഒരു കാരണവശാലും വെളിയിൽ വിടരുതെന്നും നഴ്‌സസ് അസോസിയേഷനുമായി വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന കർശന നിർദേശവും ഏജൻസികൾക്ക് ഇവർക്ക് നൽകിയിട്ടുണ്ട്

നിമയപ്രകാരം 19,500 രൂപ വാങ്ങി നടത്താവുന്ന നിയമനത്തിന് അൽ സറാഫയിലൂടെ ഉതുപ്പ് വർഗീസ് വാങ്ങിയത് പത്തമ്പൊതര ലക്ഷം രൂപ. തങ്ങളെ പിഴിഞ്ഞ് കോടികളാണ് റിക്രൂട്ടിങ് ഏജൻസികൾ നേടുന്നതെന്ന് അറിഞ്ഞിട്ടും, പലിശയ്‌ക്കെടുത്തും പറമ്പ് വിറ്റും ലക്ഷങ്ങളാണ് ഇത്തരം ഏജൻസികൾക്ക് കൊടുക്കാനായി നഴ്‌സുമാർ, ഏജൻസികൾക്ക് മുമ്പിൽ ക്യൂ നിൽക്കുന്നത്. അൽ-സറാഫയിലൂടെ ഉതുപ്പ് വർഗീസ് ലക്ഷങ്ങൾ വാങ്ങി നിയമിച്ച ഉദ്യോഗാർഥികളിൽ നിന്ന് വീണ്ടും നിയമനതിരിമറിയിലൂടെ കോടികളാണ് നേടിയത്. ഉതുപ്പ് വർഗീസ് ഇന്റർപോളിന്റെ അറസ്റ്റിലായിട്ടും അൽ-സറാഫയുടെ ഏജന്റുമാർ ഇപ്പോഴും പല പേരുകളിൽ നഴ്‌സുമാരെ ലക്ഷങ്ങൾ ഈടാക്കി കുവൈറ്റിലേക്ക് നിയമിക്കുകാണ്. അതിൽ പ്രമുഖരാണ് എം.കെ.ഇന്റർനാഷണലും ജെ.കെ.ഇന്റർനാഷണലും ഹിബ ട്രാവൽസും. അന്വേഷണം തണുത്തതോടെ വീണ്ടും തലപൊക്കിയ ഏജൻസികളുടെ പുതിയവഴികൾ. കേരളത്തിൽ നഴ്‌സിങ് റിക്രൂട്ടമെന്റിനെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടായ സാഹചര്യത്തിലാണ് കൊച്ചിയിൽ നിന്നും കോഴിക്കോടും നിന്നും ഏജൻസികൾ റിക്രൂട്ട്ിങ് ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവിടെയും രക്ഷയില്ലാതെ ആയതോടെ ആണ് ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP