Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി സംഘപരിവാർ ആശ്രമത്തിന്; രണ്ടേക്കർ റബർതോട്ടം ചിന്താലയത്തിലേക്ക്; ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിന് പിന്നിൽ കോൺഗ്രസിലെ ഉന്നതരെന്ന് ആക്ഷേപം

നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി സംഘപരിവാർ ആശ്രമത്തിന്; രണ്ടേക്കർ റബർതോട്ടം ചിന്താലയത്തിലേക്ക്; ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിന് പിന്നിൽ കോൺഗ്രസിലെ ഉന്നതരെന്ന് ആക്ഷേപം

തിരുവനന്തപുരം: കേരളത്തിലെ ഏക തുറന്ന ജയിലായ കാട്ടാക്കട നെയ്യാർഡാമിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി സംഘപരിവാർ നിയന്ത്രണത്തിലുള്ള ആശ്രമത്തിന് തീറെഴുതാൻ സർക്കാർ ഉത്തരവായി. ജയിലിന്റെ രണ്ടേക്കർ റബർതോട്ടമാണ് ആശ്രമത്തിനു നൽകാൻ ആഭ്യന്തരവകുപ്പ് പ്രത്യേക താൽപ്പര്യമെടുത്ത് ഉത്തരവിട്ടത്. ജില്ലയിലെ ഉന്നതരായ ചില കോൺഗ്രസ് നേതാക്കളാണ് ഇതിനു പിന്നിൽ ചരടുവലിച്ചത്.

ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഭൂമി അടിച്ചെടുക്കാൻവേണ്ടി 1996 മുതൽ ആശ്രമം അധികൃതർ നടത്തിവന്ന പരിശ്രമങ്ങൾക്കാണ് ഇതോടെ ശുഭപരിസമാപ്തിയായിരിക്കുന്നത്. 1996-ൽ ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്താണ് ആദ്യമായി ആശ്രമം അധികൃതർ ഭൂമി നേടിയെടുക്കാൻ ശ്രമം തുടങ്ങിയത്. ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന നായനാർ പക്ഷേ വഴങ്ങിയില്ല. അദ്ദേഹം അപേക്ഷ നിരസിച്ചു. പിന്നീട് എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും അധികാരത്തിലെത്തിയപ്പോഴും ആശ്രമ അധികൃതർ അപേക്ഷയുമായി ചെന്നു.

എന്നാലിപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കിട്ടിയതോടെയാണ് ഭൂമി ആശ്രമത്തിനു സ്വന്തമായത്. കള്ളിക്കാട് പഞ്ചായത്തിൽ റീസർവേ 66-ൽ ഉൾപ്പെടുന്ന ഭൂമിയാണ് സ്‌കൂൾ നിർമ്മാണത്തിനെന്ന പേരിൽ ആശ്രമാധികൃതർ തരപ്പെടുത്തിയെടുത്തത്. ഈ വസ്തുവിനോട് ചേർന്ന് സിബിഎസ്ഇ സിലബസിലുള്ള ആശ്രമത്തിന്റെ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. ജയിലിന്റെ വകയായുള്ള 474 ഏക്കർ ഭൂമിയിൽ നിന്നാണ് രണ്ടേക്കർ ആശ്രമം സ്വന്തമാക്കിയത്. 200 ഏക്കറിൽ ജയിലിൽ റബ്ബർകൃഷി ചെയ്യുന്നുണ്ട്. മുൻ ജയിൽ ഡിജിപി അലക്‌സാണ്ടർ ജേക്കബാണ് ഇവിടെ റബ്ബർ കൃഷി ആരംഭിച്ചത്.

കള്ളിക്കാട് പഞ്ചായത്തിന്റെ ഏകദേശം തുറസായ ഭൂമിയും ആശ്രമത്തിന്റേതായി മാറിയിട്ടുണ്ട്. കാട്ടാക്കടയിലെ രാഷ്ട്രീയ പാർട്ടികളും പൗരപ്രമുഖന്മാരും വ്യവസായികളുമെല്ലാം ആശ്രമത്തിന്റെ ആനുകൂല്യം പറ്റുന്നവരാണ്. അതുകൊണ്ടാണ് ജയിൽ ഭൂമി ആശ്രമത്തിന് സ്വന്തമായ വിവരം അറിഞ്ഞിട്ടും പ്രതിപക്ഷമായ സിപിഐ എം പോലും പ്രതിഷേധിക്കാത്തത്.

കമ്പോളവിലയുടെ 10 ശതമാനം കണക്കാക്കി 30 വർഷത്തേക്ക് ഭൂമി ചിന്താലയ ആശ്രമത്തിനു പാട്ടത്തിനു നൽകുന്നുവെന്നാണ് സർക്കാർ ഉത്തരവുള്ളത്. ഭൂമിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താമെങ്കിലും മരങ്ങൾ നശിപ്പിക്കാൻ പാടില്ലെന്ന് കരാറിൽ പറയുന്നു. റബ്ബർ നിറഞ്ഞുനിൽക്കുന്ന ഭൂമിയിൽ മരങ്ങൾ മുറിക്കാതെ എങ്ങനെ സ്‌കൂൾ നിർമ്മിക്കും എന്ന ചോദ്യമാണ് ഇവിടെ ആദ്യമുയരുക. എന്നാൽ വിചിത്രമായ ഈ കരാർതന്നെ തട്ടിപ്പാണെന്ന് ഇത്തരം വ്യവസ്ഥകൾ തെളിയിക്കുന്നു.

30 വർഷത്തെ പാട്ടക്കരാറിലാണ് ജയിലിന്റെ ഭൂമി വിട്ടുനൽകുന്നതെങ്കിലും മതത്തിന്റേയും വിശ്വാസികളുടേയും പേരുപറഞ്ഞ് ആജീവനാന്തകാലം ഭൂമി ആശ്രമത്തിന് കൈവശം വയ്ക്കാം. മാത്രമല്ല, 30 വർഷം കഴിയുമ്പോൾ വസ്തുവിന്മേൽ കുടികിടപ്പ് അവകാശമുന്നയിച്ച് ആശ്രമത്തിനു സ്വന്തമാക്കുകയും ചെയ്യാം.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിതെന്ന് സിപിഐ(എം) ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ആർഎസ്എസ്-കോൺഗ്രസ് സഖ്യത്തിനായുള്ള നീക്കമാണ് തുടങ്ങുന്നതെന്നും സിപിഐ(എം) കാണുന്നു. എന്നാൽ പ്രതിസ്ഥാനത്ത് ആശ്രമം ആയതിനാൽ പ്രത്യക്ഷ പ്രതിഷേധങ്ങൾക്ക് സിപിഐ(എം) തയ്യാറാവില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP