Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോക്ടർമാർ കമ്മീഷൻ മേടിക്കലും മരുന്ന് കച്ചവടവും നടത്തരുത്; ചികിത്സിക്കുന്നതിന് മുൻപ് കൺസൾട്ടിങ് ഫീസ് എത്രയെന്ന് വെളിപ്പെടുത്തണം; ദയാവധത്തെ പ്രോത്സാഹിപ്പിക്കരുത്; മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് ചികിത്സകൾ നിഷേധിക്കരുത്; ദേശീയ മെഡിക്കൽ കമ്മീഷന്റെ കരട് മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

ഡോക്ടർമാർ കമ്മീഷൻ മേടിക്കലും മരുന്ന് കച്ചവടവും നടത്തരുത്; ചികിത്സിക്കുന്നതിന് മുൻപ് കൺസൾട്ടിങ് ഫീസ് എത്രയെന്ന് വെളിപ്പെടുത്തണം; ദയാവധത്തെ പ്രോത്സാഹിപ്പിക്കരുത്; മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് ചികിത്സകൾ നിഷേധിക്കരുത്; ദേശീയ മെഡിക്കൽ കമ്മീഷന്റെ കരട് മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

വരുൺ ചന്ദ്രൻ

തിരുവനന്തപുരം: ഡോക്ടറന്മാർ രോഗികളെ പരിശോധിച്ചാൽ മാത്രം മതി, മരുന്ന് കച്ചവടം നടത്തണ്ടായെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ( നാഷണൽ മെഡിക്കൽ കമ്മീഷൻ -എൻഎംസി). യാതൊരുതരത്തിലുമുള്ള മരുന്ന് വ്യാപാരത്തിലോ, മെഡിക്കൽ ഉപകരണങ്ങളുടെ കച്ചവടമോ നടത്തുകയോ, പങ്കാളിയാകുകയോ ചെയ്യരുതെന്ന് രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ റഗുലേഷന്റെ കരട് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 23-ന് പുറത്തിറക്കിയ കമ്മീഷന്റെ കരട് നിയമത്തിൽ ഡോക്ടറന്മാർ പാലിക്കേണ്ടതായ തൊഴിൽപരമായ ഒട്ടേറെ കരട് നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ദയാവധത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരുനടപടിയും ചെയ്യാൻ പാടുള്ളതല്ല. കോടതി ആവശ്യപ്പെടുന്ന തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ, റിപ്പോർട്ടുകൾ നൽകാൻ തയ്യാറാവണം. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളോ, മാനസിക പീഡനങ്ങളോ ഡോക്ടറുമാരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. ആരോഗ്യപരമായ കാരണമുള്ളപ്പോൾ കേവലം മതവിശ്വാസങ്ങളുടെ പേരിൽമാത്രം ചൂണ്ടിക്കാട്ടി, വന്ധ്യംകരണം. ഗർഭച്ഛിദ്രം, ജനനനിയന്ത്രണം, പരിച്ഛേദനം തുടങ്ങിയ ശസ്ത്രക്രിയകൾ രജിസ്‌ടേർഡ് മെഡിക്കൽ പ്രാക്ടീഷണർ നിഷേധിക്കാൻ പാടില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ആവശ്യമെങ്കിൽ അവ നടത്താൻ ഡോക്ടറന്മാർ തയ്യാറാകണം.

യോഗ്യതകൾ തെളിയിക്കുന്ന ബിരുദങ്ങൾ രജിസ്‌ട്രേഷൻ ഐഡി സഹിതം പ്രദർശിപ്പിക്കേണ്ടതാണ്. പ്രത്യേകിച്ചും രോഗികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റ്, മരുന്ന് കുറിപ്പടി, മെഡിക്കൽ ബിൽ തുടങ്ങിയവയിൽ നിർബന്ധമായും ഇവ രേഖപ്പെടുത്തിയിരിക്കണം. എൻഎംസി നിർദ്ദേശിച്ചിട്ടുള്ള സ്‌പെഷ്യാലിറ്റി ബിരുദമില്ലാത്ത ഡോക്ടറന്മാർ ഒരുകാരണവശാലും- സ്‌പെഷ്യലിസ്റ്റ് എന്ന ബോർഡ് വെക്കാനോ, അത്തരത്തിൽ അവകാശപ്പെടാനോ പാടില്ല.

ഡോക്ടർക്ക് സ്വന്തം രോഗികൾക്ക് നേരിട്ട് മരുന്ന് വിൽക്കാം. മരുന്ന് നിർദ്ദേശിക്കുകയോ നൽകുകയോ ചെയ്യാം. സ്‌കാനിങ് ഉൾപ്പെടെ രോഗനിർണയ പരിശോധനയുമായി ബന്ധപ്പെട്ട ഫീസിന്റെ വിഹിതം കൈപ്പറ്റരുത്. ചികിത്സിക്കും മുമ്പ് രോഗിയെ പരിശോധന ഫീസ് അറിയിക്കണം. ഡോക്ടർക്ക് ഒന്നിലധികം ചികിത്സ സമ്പ്രദായങ്ങളിൽ യോഗ്യതയുണ്ടെങ്കിൽ ഏതിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് തീരുമാനിക്കണം. മെഡിക്കൽ യോഗ്യതയില്ലാത്തവരുമായി ചേർന്ന് മറ്റ് ചികിത്സാ സമ്പ്രദായങ്ങളിൽ ഏർപ്പെടരുത്.

മോഡേൺ മെഡിസിനിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസെടുത്താൽ മറ്റു രീതികളിൽ ചികിത്സപാടില്ല. വ്യക്തിപരമോ സാമൂഹികമോ ബിസിനസ് പരമോ ആയ ആവശ്യങ്ങൾക്കായി രോഗിയെ ചൂഷണം ചെയ്യാൻ പാടില്ല. മരുന്നുകളുടെയോ, ഉപകരണങ്ങളുടെയോ, ഭക്ഷ്യസാധനങ്ങളുടെയോ, ബ്രാൻഡുകളുടെയോ, പ്രചരണമോ, പ്രചാരമോ, പരസ്യമോ, നടത്താൻ പാടില്ല. മെഡിക്കൽ യോഗ്യതയില്ലാത്തവർക്കോ, മറ്റ് വ്യക്തികൾക്കോ, അംഗീകാരം നൽകുന്ന യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകാൻ പാടില്ല. സ്വന്തം രോഗികൾക്ക് നേരിട്ട് മരുന്ന് വിൽക്കുകയോ, നിർദ്ദേശിക്കുകയോ ചെയ്യാം. ഒരു കാരണവശാലും സ്‌കാനിങ് ഉൾപ്പെടെയുള്ള രോഗനിർണയ പരിശോധനകളുമായി ബന്ധപ്പെട്ട് കമ്മീഷനോ, ഫീസിന്റെ വിഹിതമോ കൈപ്പറ്റാൻ പാടില്ല.

ക്ലിനിക്കൽ നടപടി, രോഗ നിർണയ പരിശോധന, ശസ്ത്രക്രിയ തുടങ്ങിയ സാഹചര്യങ്ങളിൽ രോഗിയിൽനിന്ന് രേഖാമൂലം അനുമതി തേടണം. ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന ഏകദേശ ചെലവിനെക്കുറിച്ച് രോഗിയെയോ ബന്ധുമിത്രാദികളെയോ മുൻകൂട്ടി അറിയിക്കണം. അതിനു കഴിയാത്ത സാഹചര്യമാണെങ്കിൽ രക്ഷാകർത്താവിൽനിന്നോ കുടുംബാംഗങ്ങളിൽനിന്നോ അനുമതി തേടണം. രോഗിയുടെ അനുമതി ഇല്ലാതെ ഫോട്ടോയോ റിപ്പോർട്ടോ പ്രസിദ്ധീകരിക്കരുത്.

ഡോക്ടർമാർ എല്ലാ വർഷവും പ്രൊഫഷനൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കണം. കുറിപ്പടികളിൽ മരുന്നിന്റെ ജനറിക് പേര് എഴുതണം. പ്രാക്ടീസ് തുടങ്ങുമ്പോഴും ചികിത്സ രീതി മാറ്റുമ്പോഴും വിലാസം മാറുമ്പോഴും ജോലിയിൽനിന്ന് അവധിയെടുക്കുമ്പോഴും പ്രാക്ടീസ് പുനരാരംഭിക്കുമ്പോഴും പരിശോധന ഫീസ് അറിയിക്കാനും മാത്രമേ പരസ്യം നൽകാവൂ. അവസാന ചികിത്സ തീയതി മുതൽ മൂന്നു വർഷം വരെ രോഗിയുടെ മെഡിക്കൽ റെക്കോഡ് ഡോക്ടർ സൂക്ഷിക്കണം.

ദേശീയ മെഡിക്കൽ കമ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് റെഗുലേഷനിൽ ജൂൺ 22 വരെ വിദഗ്ദ്ധർക്കും പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP