Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

ആറായിരം രൂപ അമിതഫീസ് അടയ്ക്കാഞ്ഞതിനാൽ തൊടുപുഴ ന്യൂമാൻ കോളജിൽ എം എ പ്രവേശനം നിഷേധിച്ചു; ക്രൂരത ആനക്കാട് താണ്ടിയും പഠിക്കാനെത്തി 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിയോട്; വിദ്യാഭ്യാസ കച്ചവടക്കാർക്കെതിരെ കേസുമായി ദേശീയ അവാർഡ് ജേതാവ്‌

ആറായിരം രൂപ അമിതഫീസ് അടയ്ക്കാഞ്ഞതിനാൽ തൊടുപുഴ ന്യൂമാൻ കോളജിൽ എം എ പ്രവേശനം നിഷേധിച്ചു; ക്രൂരത ആനക്കാട് താണ്ടിയും പഠിക്കാനെത്തി 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിയോട്; വിദ്യാഭ്യാസ കച്ചവടക്കാർക്കെതിരെ കേസുമായി ദേശീയ അവാർഡ് ജേതാവ്‌

ഇടുക്കി: സുജിത്തിന്റെ പോരാട്ടം വെറും 6000 രൂപയ്ക്കുവേണ്ടിയല്ല, തന്നെപ്പോലെയുള്ള പട്ടിണിപ്പാവങ്ങളായ വിദ്യാർത്ഥികളുടെ ചോരയൂറ്റി തടിച്ചു കൊഴുത്തു വീർത്തു നിൽക്കുന്ന 'വിദ്യാഭ്യാസക്കച്ചവടക്കാ'രായ മാനേജ്‌മെന്റുകളുടെ ധാർഷ്ട്യത്തിനെതിരെയാണ്, ആനക്കാട്ടിലൂടെ ജീവൻ പണയം വച്ചു കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ഒരു ദിനം പോലും മുടങ്ങാതെ ക്ലാസിലെത്തി ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചിട്ടും ഉന്നതപഠനത്തിന് 'പിരിവ്' നൽകാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിച്ച കോളജ് മാനേജ്‌മെന്റിന്റെ ധിക്കാരത്തിനെതിരെയാണ്.

അനധികൃതമായി പണം ഈടാക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തപ്പോൾ തൊടുപുഴ ന്യൂമാൻ കോളജ് അധികാരികൾ സുജിത്തിന്റെ എം. എ പ്രവേശനം ഒറ്റവാക്കിലാണ് നിഷേധിച്ചത്. കഴിഞ്ഞ അഞ്ചുമാസത്തോളമായി നീതിക്കായി സുജിത് നടത്തുന്ന പോരാട്ടത്തിന്റെ വിധിയെഴുത്ത് 20-ാം തീയതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം മുഖ്യമന്ത്രിയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്് കമ്മീഷനും ലോകായുക്തയുമുൾപ്പെടെയുള്ള പത്തിലധികം അധികാരസ്ഥാനങ്ങളിൽ സുജിത് പരാതി നൽകിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ മാമലക്കണ്ടം എന്ന ഉൾഗ്രാമത്തിലെ നിർധന കുടുംബാംഗമാണ് സുജിത്. ആനയുൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ ധാരാളമുള്ള വനപ്രദേശത്തിനു നടുവിലാണ് മാമലക്കണ്ടം. ഇവിടെനിന്നു കോളജ് വിദ്യാഭ്യാസം നേടാൻ 52 കിലോമീറ്റർ അകലെ മൂവാറ്റുപുഴയിലോ, 70 കിലോമീറ്റർ അകലെ തൊടുപുഴയിലോ എത്തണം. നാലുകിലോമീറ്റർ വനത്തിലൂടെ കാൽനടയായി താണ്ടിയാണ് ജീപ്പ് കിട്ടുന്ന സ്ഥലത്ത് ദിവസവും എത്തി സുജിത് ബിരുദപഠനം മൂവാറ്റുപുഴ നിർമല കോളജിൽ പൂർത്തിയാക്കിയത്. ജീപ്പിൽ തൂങ്ങിയുള്ള യാത്രയായിരുന്നു മിക്കപ്പോഴും.

ആകെ 50 സെന്റ് സ്ഥലം മാത്രമുള്ള പുരയിടത്തിൽ കൃഷി ചെയ്തും ഡ്രൈവർ ജോലി നോക്കിയുമാണ് പുള്ളിയിൽ സാബു തന്റെ മകനെ ഇതുവരെ പഠിപ്പിച്ചത്. ദിവസവും 51 രൂപ വണ്ടിക്കൂലി മുടക്കിയാണ് സുജിത് കോളജിൽ പഠനത്തിനെത്തിയിരുന്നത്. പുലർച്ചെ അഞ്ചുമണിക്ക് വീട്ടിൽനിന്നിറങ്ങിയാൽ തിരിച്ചെത്തുക രാത്രി ഒൻപതരയോടെ. പഠനവും മറ്റാവശ്യങ്ങളും കഴിഞ്ഞ് ഉറങ്ങാൻ കിട്ടുന്ന സമയം രണ്ടു മണിക്കൂർ മുതൽ നാലുമണിക്കൂർ വരെ മാത്രം. ഇതിനിടെ പുസ്തകങ്ങൾ വാങ്ങാനും മറ്റുമായി അവധിദിനങ്ങളിൽ കാറ്ററിങ് സർവീസുകളിൽ ജോലിക്കുപോയി സുജിത്തും അച്ഛന്റെ ഭാരം ലഘൂകരിക്കാൻ ശ്രമിച്ചു. കഷ്ടപ്പാടുകളുടെ സമാഹാരങ്ങളിലൂടെ മുന്നോട്ട് പോയപ്പോഴും 100 ശതമാനം ഹാജരോടെ 80 ശതമാനം മാർക്ക് നേടിയാണ് ബി. എ പരീക്ഷ പാസായത്. ഇതിനിടെ എൻ. സി. സി പ്രവർത്തനത്തിലും സജീവമായി. അണ്ടർ ഓഫീസറായി തിളങ്ങി സി ലെവൽ സർട്ടിഫിക്കറ്റിന് ഉടമയായി. ദേശീയതലത്തിൽ എക്‌സലെന്റ് പെർഫോമർക്കുള്ള അവാർഡും കരസ്ഥമാക്കിയാണ് സുജിത് തന്റെ ഇല്ലായ്മകളെ വെല്ലുവിളിച്ചത്.

തന്റെ സ്വപ്‌നമായ ബിരുദാനന്തര ബിരുദപഠനത്തിനായി തൊടുപുഴ ന്യൂമാൻ കോളജിൽനിന്നുള്ള പ്രവേശന അറിയിപ്പ് ലഭിക്കുന്നതുവരെ സുജിത്തിന് ആശങ്കയും ആകുലതയും ഒന്നുമുണ്ടായിരുന്നില്ല. 2014 സെപ്റ്റംബർ 27ന് കോളജിൽ പ്രവേശനം നേടാൻ എത്തിയതു മുതലാണ് വഞ്ചനയുടെയും നെറികേടിന്റെയും കാഴ്ചകൾ ഈ വിദ്യാർത്ഥിയെ വേദനിപ്പിച്ചത്. മെറിറ്റിൽ ഏഴാമനായാണ് സുജിത്തിന് പ്രവേശനം ലഭിക്കേണ്ടിയിരുന്നത്. കോളജിൽ അടയ്‌ക്കേണ്ട തുക നാലായിരത്തോളം വരുമെന്ന് മുൻ അദ്ധ്യാപകരിൽനിന്നു മനസിലാക്കിയാണ് സുജിത് ന്യൂമാൻ കോളജിന്റെ പടി കടന്നുചെന്നത്. പ്രവേശനം സ്വീകരിച്ചുകൊണ്ടുള്ള ഫോം പൂരിപ്പിച്ചുകൊടുത്തശേഷം കാത്തിരിക്കവേ, വിദ്യാർത്ഥി അടയ്‌ക്കേണ്ട തുകയുടെ കോളത്തിൽ പ്രിൻസിപ്പൽ 10555 എന്ന് രേഖപ്പെടുത്തി. തുക അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യൂണിവേഴ്‌സിറ്റി നിയമപ്രകാരം പരമാവധി തുക 4432 മതിയാകില്ലേ എന്നു സുജിത് ചോദിച്ചു. മുഴുവൻ തുകയും അടയ്ക്കണമെന്നും ഇല്ലെങ്കിൽ പ്രവേശനം കിട്ടില്ലെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. പണം അടയ്ക്കാൻ നാലുമണിവരെ സമയമുണ്ടെന്നും പറഞ്ഞു പ്രിൻസിപ്പൽ വിദ്യാർത്ഥിയെ പുറത്തിറക്കി വിട്ടു.

തുടർന്ന് സുജിത് നീതി തേടി തൊടുപുഴ പ്രസ് ക്ലബിലെത്തി. അവിടെ കണ്ട ഒരു മാദ്ധ്യമപ്രവർത്തകനോട് സംഭവം പറഞ്ഞു. അദ്ദേഹം പ്രിൻസിപ്പലിനെ വിളിച്ചു ചോദിച്ചപ്പോൾ ഇത്രയും തുക അടയ്ക്കണമെന്നും നിയമാനുസൃതമാണെന്നും മറുപടി ലഭിച്ചു. എന്നാൽ ഇതിനെ ചോദ്യം ചെയ്യണമെങ്കിൽ, ആദ്യം തുക അടച്ചു രസീത് വാങ്ങാൻ മാദ്ധ്യമപ്രവർത്തകൻ ഉപദേശിച്ചു. ഇതുപ്രകാരം കോളജിലെത്തി ഫീസ് അടയ്ക്കാനൊരുങ്ങിയപ്പോൾ അപകടം മണത്ത പ്രിൻസിപ്പൽ 'തനിക്കിവിടെ അഡ്‌മിഷനില്ലെ'ന്നു പറഞ്ഞതായാണ് സുജിത്തിന്റെ പരാതി. പ്രവേശനമില്ലെങ്കിൽ അത് എഴുതിത്ത്ത്ത്ത്ത്ത്തരാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ തന്റെ സ്വപ്‌നത്തിനേറ്റ മുറിവുമായി സുജിത് തിരിച്ചിറങ്ങി. വീണ്ടും പ്രസ് ക്ലബിലേക്ക് പോയി. അവിടെ നേരത്തെ കണ്ട മാദ്ധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു. അതുപ്രകാരം വൈകിട്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് പരാതിപ്പെട്ടു. ശനിയാഴ്ചയായതിനാൽ തിങ്കളാഴ്ച പരാതി രേഖാമൂലം സമർപ്പിക്കാനും പരിഹാരമുണ്ടാക്കാമെന്നും മറുപടിയും ലഭിച്ചു. സുജിത് വീട്ടിലേക്ക് മടങ്ങി.

അഡിമിഷൻ കിട്ടാത്തതറിഞ്ഞ് സുജിത്തിന്റെ കുടുംബം നിരാശയിലായി. എങ്കിലും പ്രതീക്ഷ വിടാതെ 29-ന് രാവിലെ വീട്ടിൽനിന്നിറങ്ങിയ സുജിത് പരാതി രേഖാമൂലം അയച്ചു. എന്നാൽ പരാതി കിട്ടിയതായി അറിയിപ്പ് ലഭിച്ചതല്ലാതെ തുടർനടപടി ഒന്നുമുണ്ടായില്ല. യൂണിവേഴ്‌സിറ്റിയിലും പരാതിപ്പെട്ടു. ഇവിടെയും അനുകൂലമായ യാതൊന്നും സംഭവിച്ചില്ല. ഒരു മന്ത്രിയുടെ സ്വാധീനത്തിലുള്ള കോളജാണ് ന്യൂമാനെന്നും ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളജായതിനാൽ നടപടിയുണ്ടാവില്ലെന്നും സുജിത്തിന് കോളജ് അധികാരികളുടെ അടുപ്പക്കാർ ഉപദേശം നൽകി. എന്നാൽ പിന്തിരിയാൻ സുജിത് തയാറായില്ല. പിന്നീടങ്ങോട്ട് നീതിക്കുവേണ്ടിയുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു. തന്നെപ്പോലെയുള്ള ആയിരക്കണക്കിന് കുട്ടികളെ പിഴിഞ്ഞു തീർക്കുന്ന വിദ്യാഭ്യാസക്കച്ചവടക്കാരിൽനിന്ന് ഇനിയെങ്കിലും രക്ഷയുണ്ടാകണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നു സുജിത് പറഞ്ഞു. തന്നെ ഇതുവരെ പഠിപ്പിക്കാൻ അച്ഛൻ സാബുവും അമ്മ പുഷ്പയും ചേച്ചിയും ഒഴുക്കിയ വിയർപ്പിന്റെ മൂല്യമറിഞ്ഞ സുജിത്തിന് പിന്തിരിയാൻ കഴിയുമായിരുന്നുമില്ല.

യൂണിവേഴ്‌സിറ്റി ചാൻസിലർ കൂടിയായ ഗവർണർ, സംസ്ഥാന ആഭ്യന്തര മന്ത്രി, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ, വിജിലൻസ് എ. ഡി. ജി. പി, ലോകായുക്ത, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്കൊക്കെ സുജിത് പരാതി നൽകി. തുടർന്ന് പരാതി പിൻവലിപ്പിക്കാൻ സുജിത്തിനുമേൽ ശക്തമായ സമ്മർദമുണ്ടായി. കുടുംബം നിരാശയിൽ ഉഴറിയപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് കോളജ് സഹായവുമായെത്തി. മിടുക്കനായ സുജിത്തിന്റെ തുടർപഠനത്തിന് അവസരമൊരുക്കി അവർ എം. എ കോഴ്‌സിൽ പ്രവേശനം നൽകി. 3650 രൂപ മാത്രമാണ് ഫീസിനത്തിൽ ഒടുക്കേണ്ടി വന്നത്. ഇതിനിടെ പരാതികളിൽ നടപടി തുടങ്ങി. ലോകായുക്ത തെളിവെടുപ്പിന് കമ്മിഷനെ നിയോഗിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസം കൂടി സമയം നീട്ടി ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മിഷൻ. വിജിലൻസും തെളിവെടുത്തു. പ്രവേശനത്തിന് വിദ്യാർത്ഥി ഹാജരായിരുന്നില്ല എന്നാണ് കോളജ് പ്രിൻസിപ്പൽ മൊഴി നൽകിയത്. പ്രവേശനം സംബന്ധിച്ച വെബ്‌സൈറ്റ് പരിശോധിക്കാൻ ശ്രമിച്ചപ്പോഴേക്കും പ്രിൻസിപ്പൽ റിമോട്ട് സിസ്റ്റം ഉപയോഗിച്ച് കോളജിലെ കമ്പ്യൂട്ടറുകൾ ഓഫാക്കിതായി പറയുന്നു. എത്ര ശ്രമിച്ചിട്ടും സൈറ്റ് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. എന്നാൽ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പരിശോധനയിൽ സൈറ്റിൽ വിദ്യാർത്ഥിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്.

സംഗതി ഗൗരവമായതോടെ അധികൃതർ വാലിൽ തീ പിടിച്ചപോലെ ഓടുകയാണ്. യൂണിവേഴ്‌സിറ്റിയും ഉണർന്നു. ഫെബ്രുവരി 20-ാം തീയതി 11 മണിക്ക് യൂണിവേഴ്‌സിറ്റിയിലെത്താൻ സുജിത്തിനോട് നിർദ്ദേശിച്ചിട്ടുണ്ട്. തനിക്ക് നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് സുജിത്. ചെറിയ തുകയാണെങ്കിലും പണം വിലപ്പെട്ടതാണെന്നു സുജിത് പറയുന്നു. തന്നോട് അധികമായി ചോദിച്ച 6000 രൂപയ്ക്കു വേണ്ടിയല്ല തന്റെ പോരാട്ടം. തന്നെപ്പോലെ കഷ്ടപ്പെട്ടു പഠിക്കുന്ന ഓരോ കുട്ടിയോടും ബലം പിടിച്ചു വാങ്ങുന്ന ഓരോ രൂപയും വിലപ്പെട്ടതാണ്. അമിത ഫീസ് നിരവധി കുട്ടികളുടെ തുടർപഠനമാണ് ഇല്ലാതാക്കുന്നത്. യൂണിവേഴ്‌സിറ്റി നിർദ്ദേശിക്കുന്ന ഫീസിൽ കൂടുതൽ വാങ്ങരുതെന്നും സ്വമേധയാ നൽകുന്ന സംഭാവനകൾ മാത്രമേ പി. ടി. എ ഫണ്ടായി സ്വീകരിക്കാവൂ എന്നും കഴിഞ്ഞ സെപ്റ്റംബർ 25ന് ഉപലോകായുക്ത ഉത്തരവിട്ടതാണ്. രണ്ടുദിവസം കഴിയും മുമ്പാണ് അമിത തുകയുടെ പേരിൽ തന്റെ ഭാവി ഇല്ലാതാക്കാൻ ന്യൂമാൻ കോളജ് അധികൃതർ ശ്രമിച്ചതെന്നും സുജിത് പറഞ്ഞു.

ന്യൂമാൻ കോളജിനെതിരെ പരാതി ഉയരുന്ന ആദ്യ സംഭവമല്ലിത്. ഏകജാലക സംവിധാനം വരുന്നതിനു മുമ്പത്തെ വർഷം മെറിറ്റിൽ പ്രവേശനം കിട്ടേണ്ട വിദ്യാർത്ഥിനിയോട് ഉച്ചകഴിഞ്ഞ് എത്താൻ നിർദ്ദേശിച്ചു. പറഞ്ഞ സമയത്തെത്തിയ കുട്ടിയോട്, രാവിലെ എത്താനാണ് നിർദ്ദേശിച്ചിരുന്നതെന്നും താമസിച്ചതിനാൽ മറ്റൊരു കുട്ടിക്ക് പ്രവേശനം നൽകിയെന്നും അറിയിച്ചു മടക്കി. പെൺകുട്ടി കോടതിയെ സമീപിച്ച് പ്രവേശന ഉത്തരവ് നേടി. പക്ഷേ കോളജിലെത്തിയ കുട്ടിയോട് പരാതി പിൻവലിച്ചാലേ പ്രവേശനം നൽകൂ എന്നു പ്രിൻസിപ്പൽ പറഞ്ഞുവത്രേ. കുട്ടി വീണ്ടും കോടതിയെ സമീപിച്ച് പ്രവേശനം ഉറപ്പാക്കിയ സംഭവമുണ്ടായിരുന്നു. പരീക്ഷയ്ക്കിരിക്കണമെങ്കിൽ 2000 രൂപയുടെ വെൽഫെയർ ലോട്ടറിയെടുക്കണമെന്നു പ്രിൻസിപ്പൽ നിർദ്ദേശിച്ച സംഭവത്തിൽ, ഇതിന് തയാറാകാതിരുന്ന ഒരു സബ് ഇൻസ്‌പെക്ടറുടെ മകനെ കോളജിൽനിന്നും പുറത്താക്കിയെന്ന ആരോപണവുമുണ്ടായിരുന്നു. ഈ കുട്ടിയും കോടതിയെ സമീപിച്ചു. ഇത്തരം നിരവധി ആരോപണങ്ങളാണ് കോളജ് നേരിടുന്നത്. കെട്ടിടങ്ങൾ പടുത്തുയർത്താനും ആഘോഷങ്ങൾ കെങ്കേമമാക്കാനും ചെറിയ തുകകൾ ആണെങ്കിൽപ്പോലും നിർബന്ധപൂർവം പിരിച്ചെടുക്കുമ്പോൾ ഓരോ കുടുംബങ്ങളുടെയും ദുരിതാവസ്ഥ കോളജ് അധികൃതർ അന്വേഷിക്കാറില്ല. കൈക്കൂലിക്ക് സമാനമായ ഇത്തരം പിരിവിനെതിരെ നടത്തുന്ന സുജിത്തിന്റെ പോരാട്ടം ഫലം കാണുമോയെന്ന് 20-ാം തീയതി അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP