Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂജപ്പുര ജയിലിലെ വാർഡനെ കൊന്നത് ജയിലിൽ നിന്ന് ഇറങ്ങിയ ആരെങ്കിലുമോ? സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകാമെന്ന് പറഞ്ഞ് ചാറ്റിട്ട യുവാവ് ആത്മഹത്യ ചെയ്യുമോ? കൈകൾ രണ്ടും കെട്ടിയും വായ്മൂടിക്കെട്ടിയും തൂങ്ങിയ കയർ ജനൽക്കമ്പിൽ കെട്ടിയ നിലയിൽ കണ്ട ജോഷിനെ കൊന്ന് കെട്ടിത്തൂക്കിയതു തന്നെയെന്ന് ബന്ധുക്കൾ; മൂന്നു ദിവസമായിട്ടും ദുരൂഹത നീങ്ങാതെ തലസ്ഥാനത്തെ മരണം; അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കൂട്ടുകാരും ബന്ധുക്കളും

പൂജപ്പുര ജയിലിലെ വാർഡനെ കൊന്നത് ജയിലിൽ നിന്ന് ഇറങ്ങിയ ആരെങ്കിലുമോ? സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകാമെന്ന് പറഞ്ഞ് ചാറ്റിട്ട യുവാവ് ആത്മഹത്യ ചെയ്യുമോ? കൈകൾ രണ്ടും കെട്ടിയും വായ്മൂടിക്കെട്ടിയും തൂങ്ങിയ കയർ ജനൽക്കമ്പിൽ കെട്ടിയ നിലയിൽ കണ്ട ജോഷിനെ കൊന്ന് കെട്ടിത്തൂക്കിയതു തന്നെയെന്ന് ബന്ധുക്കൾ; മൂന്നു ദിവസമായിട്ടും ദുരൂഹത നീങ്ങാതെ തലസ്ഥാനത്തെ മരണം; അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കൂട്ടുകാരും ബന്ധുക്കളും

ആർ പീയൂഷ്

തിരുവനന്തപുരം: വായ മൂടിക്കെട്ടിയും രണ്ടു കൈകളും ശരീരത്തോട് ചേർത്തുകെട്ടിയും ഒരാൾ ആത്മഹത്യ ചെയ്യുമോ? മൂന്നു ദിവസം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പൂജപ്പുര ജയിലിലെ വാർഡനെ ആരോ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണെന്ന് പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും. ജോഷിന്റെ മൃതദേഹം കണ്ടത് മേൽത്തട്ടിലെ ഹുക്കിൽ നിന്ന് കയർ വലിച്ച് ജനാലക്കമ്പിയിൽ കെട്ടിയിട്ട നിലയിൽ ആണെന്നതും കൈകളിൽ ചെളികാണപ്പെട്ടതുമെല്ലാം സംശയത്തിലേക്ക് നയിക്കുന്നു.

ഇതോടൊപ്പം ഈ യുവാവിന്റെ വാച്ചിന്റെ ചില്ല് പൊട്ടിക്കിടന്ന നിലയിൽ കണ്ടതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജോഷിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് അടുത്തറിയുന്നവർ എല്ലാം പറയുന്നത്. പൂജപ്പുര സെൻട്രൽ ജയിൽ വാർഡൻ ആയ പെരുങ്കടവിള ആലത്തൂർ തെക്കെ കുഴിവിള വീട്ടിൽ ക്രിസ്തുദാസിന്റെയും ശോഭനയുടെയും മകൻ ജോഷിൻദാസ്(27) ആണ് കൊല്ലപ്പെട്ടത്.

മൂന്ന് ദിവസം മുൻപാണ് ജോഷിന്റെ മൃതദേഹം നിർമ്മാണം നടക്കുന്ന വീടിന്റെ ഉള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വായ് തുണികൊണ്ടു മൂടിക്കെട്ടി ഇരുകൈകളും ബന്ധിച്ച നിലയിലായിരുന്നു. രാത്രി വൈകിയും വീട്ടിൽ എത്താത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ജോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 18 ന് വൈകിട്ട് താനും ജോഷിനും വീടുപണിക്കു വന്ന ജോലിക്കാരെ ശമ്പളം നൽകി മടക്കി അയച്ചിട്ടു വീട്ടിലേക്ക് വന്നുവെന്ന് അമ്മ പറയുന്നു. അപ്പോൾ ഏകദേശം ആറുമണിയോട് അടുത്തിട്ടുണ്ടാവണം.

വരുന്ന വഴി രാത്രിയിൽ കഴിക്കാനായി മുട്ടയും വാങ്ങിയിരുന്നു. രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ യൂണിഫോം വാങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ മാതാവ് മൊബൈലിൽ വിളിച്ചു. പക്ഷേ ഫോൺ ആരും എടുത്തില്ല. കുറേ തവണ വിളിച്ചതിന് ശേഷം ബന്ധുവിനെ വിളിച്ച് മോനെ കാണുന്നില്ല എന്ന് പറയുകയായിരുന്നു എന്നാണ് ജോഷിന്റെ അമ്മ വ്യക്തമാക്കുന്നത്.

വിനോദയാത്ര പ്‌ളാൻ ചെയ്തിതിന് പിന്നാലെ മരണം

സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന വിവരം സംസാരിച്ചു പോയ ജോഷിൻ ദാസിന്റെ മരണം ഏറെ ഞെട്ടലോടെയാണ് സുഹൃത്തുക്കൾ അറിയുന്നത്. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ചെയ്യാൻ അവന് കഴിയില്ല. അതിനുള്ള കാരണങ്ങളും ഇല്ല. ആത്മഹത്യചെയ്യുന്നത് ഭീരുക്കളാണ് എന്ന് പറഞ്ഞ് തന്നിട്ടുള്ളത് അവനാണ്. ഞങ്ങളുടെ ഒരു സുഹൃത്ത് ആത്മഹത്യചെയ്തപ്പോൾ ഇനിയൊരു ആത്മഹത്യ നമ്മുടെ ഇടയിൽ ഉണ്ടാവരുത് എന്നൊക്കെ പറഞ്ഞിട്ടുള്ള അവൻ അവൻ പിന്നെങ്ങനെ ആത്മഹത്യ ചെയ്യും എന്നും അവർ ചോദിക്കുന്നു. യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലാതിരുന്ന ജോഷിന്റെ മരണം കൊലപാതകം എന്ന് തന്നെ തീർത്തു പറയുകയാണ് ഈ കൂട്ടുകാരും. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന ചോദ്യത്തിന് അവർക്കും മറുപടിയില്ല.

അടുത്ത മാസം കനാക്കോട് സിഎസ്ഐ ചർച്ചിലെ യുവജന വിഭാഗമായ ക്രിസ്ത്യൻ എൻഡവർ യൂത്ത് ഫെല്ലോഷിപ്പിലെ അംഗങ്ങൾക്കൊപ്പം മൈസൂർ,കൂർഗ് ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് വിനോദയാത്രയ്ക്ക് പോകാനായുള്ള തയ്യാറെടുപ്പിലായിരുന്നു. എല്ലാ സുഹൃത്തുക്കളോടും ഇക്കാര്യം പറയുകയും ചെയ്തു. ജോലി കിട്ടിയതിന് ശേഷമുള്ള ആദ്യ യാത്രയായതിനാൽ ഏറെ സന്തോഷത്തിലുമായിരുന്നു. മരണത്തിന് തൊട്ടു മുൻപും സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിന്നിരുന്ന ജോഷിൻ ഏവർക്കും പ്രിയങ്കരനായിരുന്നു.

അതേസമയം, മൃതദേഹം തൂങ്ങി നിന്ന നിലയുൾപ്പെടെ സർവത്ര ദുരൂഹതയാണ് മരണത്തിൽ എന്ന് എല്ലാവരും പറയുന്നു. നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്നും കണ്ടെത്തിയ വാച്ച് ജോഷിന്റെതല്ല എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നു. പൊലീസ് നായ മണം പിടിച്ച് വീടിന്റെ പിറക് വശത്തുകൂടി റോഡിലേക്ക് പോയിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കൊലപാതകമാകാനാണ് സാധ്യത എന്നാണ് സുഹൃത്തുക്കളും വീട്ടുകാരും ഒരു പോലെ പറയുന്നത്.

ജോഷിന്റെ ജീവനെടുക്കാൻ തക്ക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. നാലു വർഷം മുൻപ് ഡെൽറ്റാ ക്രഷർ യൂണിറ്റിലെ വാഹനത്തിൽ ക്ലീനറായി ജോലി നോക്കുന്ന സമയം ഒരു സംഭവം ഉണ്ടായിരുന്നു. എസ്.എൻ.ഡി.പി പ്രവർത്തകർ തങ്ങളുടെ കൊടി മരത്തിനടുത്തി വി എസ്.ഡി.പി യുടെ കൊടി കെട്ടിയതിന് മർദ്ദിക്കുകയും കെട്ടിയകൊടി അഴിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് മർദ്ദിച്ചവരെ തിരിച്ചടിച്ചിട്ടുമുണ്ടായിരുന്നു. ഇതല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്നാണ് എല്ലാവരും പറയുന്നത്.

സംശയമുള്ള കുറച്ചുപേർ നിരീക്ഷണത്തിൽ

അതേ സമയം സംശയമുള്ള കുറച്ചുപേരുടെ പേരുകൾ ബന്ധുക്കൾ പൊലീസിന് നൽകിയിട്ടുണ്ട്. ഇവരുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ജോഷിൻദാസിന്റെ മരണത്തിലെ ദുരൂഹത മാറണമെങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും, ആത്മഹത്യയല്ലെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോൾ മാരായമുട്ടം പൊലീസ്.

വായ് തുണികൊണ്ടു കെട്ടി ഇരുകൈകളും ചരടിൽ ബന്ധിച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം. കൈകളിൽ ചെളി പുരണ്ടിരുന്നു. വാച്ചിന്റെ ഗ്ലാസ് പൊട്ടിച്ചിതറി നിലത്തു കണ്ടെത്തി. പിറ്റേന്നു ഡ്യൂട്ടിക്കു പോകാനായി തുന്നിച്ചിരുന്ന പുതിയ യൂണിഫോം ബൈക്കിൽ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം സമീപത്തെ എടിഎം കൗണ്ടറിൽനിന്നു 10,000 രൂപ എടുത്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. രാത്രി 7.30 വരെ റോഡിൽ ജോഷിൻ ദാസിനെ കണ്ടവരുണ്ട്. പിന്നീടെന്തു സംഭവിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് പൊലീസ്.

ജോഷിൻ ജയിലിൽ വച്ച് ഏതെങ്കിലും പ്രതിയെ മർദ്ദിച്ചിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. ജയിൽ വാസം കഴിഞ്ഞിറങ്ങിയ ഏതെങ്കിലും പ്രതികൾ വിരോധം തീർത്തതാണോ എന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. ജോഷിനോട് ഏറെ അടുപ്പമുള്ള ആരെങ്കിലുമാവണം നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം നടക്കുന്ന സമയം അവിടേക്ക് പോകേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. അതിനാൽ കൊലപാതകി ചുറ്റുവട്ടത്ത് തന്നെയുള്ള ആരോ ആണെന്നും അവർ പറയുന്നു.

മകനെ കാണാനില്ലെന്ന വിവരം മാതാവ് ശോഭന സഹോദരൻ വിജയനെയായിരുന്നു വിളിച്ചു പറഞ്ഞത്. ഇതനുസരിച്ച് പല സ്ഥലങ്ങളിലും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ അന്വേഷിച്ചു. എന്നാൽ ജോഷിനെ കണ്ടെത്താനായില്ല. ഒടുവിലാണ് നിർമ്മാണം നടക്കുന്ന വീടിന് മുന്നിൽ ജോഷിന്റെ ടൂ വീലർ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP