Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ ഇറക്കുമെന്ന് വീമ്പിളക്കി; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത വിരുത്; മുട്ടിൽ ഈട്ടിമരം കൊള്ളകേസിലും ആ പഴയ മാംഗോ മൊബൈൽ മുതലാളി മാരുടെ ലാഭക്കണ്ണ്; രണ്ടാം പിണറായി സർക്കാരിനെ ഉലയ്ക്കുന്ന ആദ്യ അഴിമതിയിലെ വില്ലന്മാർ ഇവർ

ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ ഇറക്കുമെന്ന് വീമ്പിളക്കി; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത വിരുത്; മുട്ടിൽ ഈട്ടിമരം കൊള്ളകേസിലും ആ പഴയ മാംഗോ മൊബൈൽ മുതലാളി മാരുടെ ലാഭക്കണ്ണ്; രണ്ടാം പിണറായി സർക്കാരിനെ ഉലയ്ക്കുന്ന ആദ്യ അഴിമതിയിലെ വില്ലന്മാർ ഇവർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വയനാട്ടിലെ മുട്ടിൽ ഈട്ടിമരം കൊള്ളകേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ അഴിമതിയാണിതെന്ന് പ്രതിപക്ഷം പറയുന്നു. മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽ കുടുങ്ങിയ വ്യവസായികളാണ് ഈ വിവാദത്തിലും പ്രതിസ്ഥാനത്ത് എന്നാണ് സൂചന. ഉന്നത സ്വാധീനമുള്ളവാണ് ഇവർ.

വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്നലെ പി.ടി തോമസ് പുറത്തുവിട്ടത്. അഴിമതിയെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഒരു ചാനലിന്റെ എംഡിയാണ് ഈ വലിയ കൊള്ളയുടെ പിന്നിലെന്ന് കേൾക്കുന്നുവെന്നും പിടി തോമസ് ആരോപണം ഉന്നയിച്ചിരുന്നു. ആ ചാനലിന്റെ എഡിറ്റർ വിളിച്ചു പറഞ്ഞിട്ടാണ് വനം കൊള്ള നടത്തിയവർ വനം മന്ത്രിയെ സന്ദർശിച്ചതെന്നും പിടി തോമസ് ആരോപിച്ചിരുന്നു.

അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ 2016ൽ രംഗത്തുവന്നത്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ അതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു. ഇങ്ങനെയുള്ളവരാണ് 3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. ഇത് പിന്നീട് വിവാദങ്ങളും ചർച്ചകളുമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയിൽ മത്സരിക്കാനും ആന്റോ അഗസ്റ്റിൻ ശ്രമിച്ചിരുന്നു. ഈ വിവാദത്തിൽ പെട്ട റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് വനം വകുപ്പിനെ ഇപ്പോൾ വെട്ടിലാക്കുന്ന കേസിലും പ്രതികൾ.

ഈട്ടിമരം കൊള്ളകേസിൽ അന്വേഷണം നേരിടുന്ന ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനെ തലപ്പത്ത് ഇരുത്താനുള്ള നീക്കം തടഞ്ഞെങ്കിലും സമ്മർദ്ദം ശക്തമായതോടെ വനംമന്ത്രി എ കെ ശശീന്ദ്രൻ ആശയക്കുഴപ്പത്തിലെന്ന് സൂചനയും പുറത്തു വരുന്നു. മുട്ടിൽ വില്ലേജിലെ മരംമുറികേസിൽ പ്രധാനപ്രതികളുമായി അടുത്തബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ ടി സാജന് വേണ്ടിയുള്ള അണിയറ നീക്കമാണ് വനംമന്ത്രി ഇടപെട്ട് തടഞ്ഞത്. മുട്ടിൽ മരംകൊള്ള അന്വേഷിക്കുന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജനെയാണ് ഫോറസ്റ്റ് വിജിലൻസ് ഉത്തരമേഖലാ കൺസർവേറ്ററാക്കാൻ അണിയറ നീക്കമുണ്ടായത്. മുട്ടിൽമരംകൊള്ള കണ്ടെത്തിയ ഉദ്യോഗസ്ഥൻ തലപ്പത്ത് വന്നാൽ അന്വേഷണം നേരായ രീതിയിൽ നടക്കുമെന്ന വാദമുയർത്തിയും സാജനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് മറച്ചുവെച്ചുമാണ് മന്ത്രിയെ ചില ഉന്നതവനംവകുപ്പ് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചത്.

മുട്ടിൽ ഈട്ടിക്കൊള്ളക്കേസിലെ പ്രധാനപ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും വേണ്ടി എൻ ടി സാജൻ അന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്ന ഉത്തര മേഖലാ ചീഫ് കൺസർവേറ്റർ ഫോറസ്റ്റ് ഡി കെ വിനോദ് കുമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് മറച്ചുവച്ചാണ് സാജനെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നീക്കം നടന്നത്. ഇതാണ് വനംമന്ത്രി ഇടപെട്ട് തടഞ്ഞത്. ആരോപണവിധേയനെ ഒരു കാരണവശാലും ഉന്നത സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിശദീകരിച്ചിട്ടുണ്ട്. പ്രധാനപ്രതികളായ റോജി അഗസ്റ്റിയനും ആന്റോ അഗസ്റ്റിയനും ചേർന്നാണ് മുമ്പ് മാംഗോ മൊബൈലിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കിയത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പോലും തെറ്റിധരിപ്പിക്കാൻ ഇവർ ശ്രമിച്ചിരുന്നു. ഇവരെയാണ് പരോക്ഷമായി പ്രതിസ്ഥാനത്ത് നിർത്തി പിടി തോമസ് രംഗത്തു വന്നത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ അഴിമതി തന്നെ ഈടുറ്റ അഴിമതിയാണെന്ന് പിടി തോമസ് പറയുന്നു ഈടുറ്റ മരമായ ഈട്ടിത്തടിയാണ് കൊള്ള ചെയ്തത്. വനംകൊള്ള അവസാനിപ്പിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം. ഇങ്ങനെയാണോ വനംകൊള്ള അവസാനിപ്പിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാരും മന്ത്രിയും പിണിയാളുകളുമൊക്കെ ഉൾപ്പെട്ട കേസ് എന്ന നിലയിൽ സർക്കാർ ഏജൻസികളുടെ അന്വേഷണം ഫലപ്രദമാകില്ലെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി.

വനംകൊള്ളയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം വനം വകുപ്പ് ഉദ്യോഗസ്ഥർ കോടികളുടെ വനംകൊള്ള്ളയ്ക്ക് നേതൃത്വം കൊടുത്ത ആളുകളെ സംരക്ഷിക്കുകയാണെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ധീഖ് ആവശ്യപ്പെട്ടു. 505 ക്വുബിക് മീറ്റർ ഈട്ടി ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചെടുത്ത് സർക്കാരിനും വനംവകുപ്പിനും ഉണ്ടാക്കിയിട്ടുള്ള നഷ്ടം അപരിഹാര്യമാണ്. പ്രാഥമികമായ എല്ലാവിവരങ്ങളും ലഭിച്ചിട്ടും നടപടി സ്വീകരിക്കാൻ വനം വകുപ്പ് വിമുഖത കാട്ടുന്നത് ഗൗരവമായ പ്രശ്‌നമാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണം. ഈട്ടിത്തടി വെട്ടുന്നതിന് നിലവിൽ ഒരു നിയമം ഉണ്ട്. വീടുകളിൽ വളർന്നു നിൽക്കുന്ന മരം മുറിക്കുന്നതിന് പോലും ശക്തമായ നിയമം ഉണ്ട്. മറുഭാഗത്ത് മുഴുവൻ മരങ്ങളും മുറിക്കാൻ ഒത്താശ അധികാരികൾ ചെയ്യുകയാണ്. ഘട്ടം ഘട്ടമായി വിശദാംശങ്ങൾ പുറത്തുവിടുമെന്ന് ടി സിദ്ധീഖ് പറഞ്ഞു.

മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറി നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യുന്നതിനോ, കേസിൽ ആരോപണവിധേയരായവരുടെപേരിൽ നടപടികളെടുക്കാനോ വനംവകുപ്പ് തയ്യാറാകാത്തതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. അറസ്റ്റ് വാറണ്ടിനായി വനംവകുപ്പും മുൻകൂർ ജാമ്യത്തിനായി പ്രതികളും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മുട്ടിൽ സൗത്ത് വില്ലേജിന്റെ വിവിധ ഭാഗങ്ങളിലായി മുറിച്ചിട്ട 202 ക്യുബിക് മീറ്റർ മരം കുപ്പാടിയിലെ സർക്കാർ ഡിപ്പോയിലെത്തിക്കുന്നതുമാത്രമാണ് ഇപ്പോൾ പൂർത്തിയായത്. 15 കോടി രൂപ വിലമതിക്കുന്ന ഈട്ടിമരങ്ങളാണ് സർക്കാർ ഡിപ്പോയിലേക്ക് മാറ്റിയത്. എന്നാൽ കേസുകളിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ സൂക്ഷിച്ചിട്ടുള്ള വീട്ടിമരങ്ങൾ ഇനിയും ഡിപ്പോയിലേക്ക് മാറ്റിയിട്ടില്ല.

വസ്തുവിൽ അതിക്രമിച്ചുകയറിയെന്ന് കേസുവരാൻ സാധ്യതയുള്ളതിനാൽ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. കയറ്റുമതിയോഗ്യമായ മൂന്നു വലിയ തടികൾ ഉൾപ്പെടെയുള്ളവയാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇവ കൂടി കുപ്പാടി ഡിപ്പോയിലേക്ക് മാറ്റേണ്ടതുണ്ട്. പ്രതികൾക്ക് കടത്തുപാസ് അനുവദിക്കാൻ ശുപാർശ നൽകിയ സെക്ഷൻ ഓഫീസർ മുതൽ കേസന്വേഷണം വഴിതെറ്റിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കാനും നടപടിയെടുത്ത ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻവരെ ആരോപണവിധേയരാണ്. വ്യക്തമായ തെളിവുകൾ ഇവർക്കുനേരെയുണ്ടാകുമ്പോഴും വകുപ്പുതല നടപടികൾ വൈകുകയാണ്.

ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ സോഷ്യൽ ഫോറസ്ട്രിയുടെ ചുമതലയുള്ള ചീഫ് കൺസർവേറ്റർക്കുനേരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. കേസിൽ മരംമാഫിയയുമായി കൂട്ടുകെട്ടുള്ള വിധമാണ് ഉദ്യോഗസ്ഥൻ ഇടപെട്ടത്. അധികച്ചുമതലയുമായി കേസന്വേഷണത്തിന്റെ തലപ്പത്തുവന്ന ചീഫ് കൺസർവേറ്റർ, മരംമുറി കേസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് മരംമാഫിയയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്.

ചുമതല ഒഴിഞ്ഞതിനുശേഷവും തനിക്ക് ചുമതലയുണ്ടെന്നും താൻ റിപ്പോർട്ട് നൽകിയതായും പറഞ്ഞ് മാധ്യമങ്ങൾക്ക് പ്രസ്താവന നൽകി. സർക്കാരിൽ നിന്ന് അനുമതി നൽകിയിട്ടില്ല എന്നതിനുപുറമെ അദ്ദേഹം ഒരു റിപ്പോർട്ടും തയ്യാറാക്കിയിട്ടുമില്ലെന്നും റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP