Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൺ..ടു...ത്രീ... മൂന്ന് തലാക്ക് ചൊല്ലി നിന്നെ ഒഴിവാക്കി; ഇനി എനിക്ക് നിന്നെ മാണ്ടാ! വാട്‌സാപ്പിൽ മൊഴി ചൊല്ലിയ ഭർത്താവ് നിസ്‌ക്കരിക്കുന്നതിന്നിടെ ഭാര്യയെ കസേരയ്ക്ക് അടിച്ച് താഴെയിട്ട വില്ലൻ; അവസരം കിട്ടുമ്പോഴെല്ലാം കയറി പിടിക്കുന്ന പെങ്ങളുടെ ഭർത്താവും; നീ വേലക്കാരിയാണെന്നും ഒരാളും ചോദിക്കാൻ വരില്ലെന്നും വീമ്പു പറയുന്ന ഉമ്മയും പെങ്ങളും; മുത്തലാഖ് നിയമമായിട്ടും എല്ലാം പഴയ പടി; പീഡകരെ തുറന്നുകാട്ടി പോരാട്ടത്തിന് ഹോസ്ദുർഗ് സ്റ്റേഷനിൽ മുസ്ലിം വനിതയുടെ പരാതി

വൺ..ടു...ത്രീ... മൂന്ന് തലാക്ക് ചൊല്ലി നിന്നെ ഒഴിവാക്കി; ഇനി എനിക്ക് നിന്നെ മാണ്ടാ! വാട്‌സാപ്പിൽ മൊഴി ചൊല്ലിയ ഭർത്താവ് നിസ്‌ക്കരിക്കുന്നതിന്നിടെ ഭാര്യയെ കസേരയ്ക്ക് അടിച്ച് താഴെയിട്ട വില്ലൻ; അവസരം കിട്ടുമ്പോഴെല്ലാം കയറി പിടിക്കുന്ന പെങ്ങളുടെ ഭർത്താവും; നീ വേലക്കാരിയാണെന്നും ഒരാളും ചോദിക്കാൻ വരില്ലെന്നും വീമ്പു പറയുന്ന ഉമ്മയും പെങ്ങളും; മുത്തലാഖ് നിയമമായിട്ടും എല്ലാം പഴയ പടി; പീഡകരെ തുറന്നുകാട്ടി പോരാട്ടത്തിന് ഹോസ്ദുർഗ് സ്റ്റേഷനിൽ മുസ്ലിം വനിതയുടെ പരാതി

എം മനോജ് കുമാർ

ഹോസ്ദുർഗ്: ഇടുക്കിയിലെ ഖദീജയ്ക്ക് പിന്നാലെ കാസർകോട് നിന്നും മുത്തലാഖിനെതിരെ പരാതി. വാട്ട്സ് അപ്പ് വഴി മുത്തലാഖ് ചെയ്ത ഭർത്താവ് സാജിദിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് കാസർകോട് അജനൂരിലെ മുസ്ലിം യുവതി ഹോസ്ദുർഗ് പൊലീസിൽ നൽകിയ പരാതി. ഭർത്താവിനെതിരെ മുത്തലാഖ് നിയമ പ്രകാരം ക്രിമിനൽ നടപടികൾ സ്വീകരിക്കുമ്പോൾ എനിക്ക് നേരെ ശാരീരിക-മാനസിക പീഡനങ്ങൾ നടത്തിയ സാജിദിന്റെ ഉമ്മ, പെങ്ങൾ, ലൈംഗിക പീഡനം നടത്തിയ പെങ്ങളുടെ ഭർത്താവ് ഷഫീഖ് എന്നിവർക്കെതിരെ സ്ത്രീ പീഡന നിയമപ്രകാരവും നടപടി സ്വീകരിക്കണം-പരാതിയിൽ മുസ്ലിം വനിത പറയുന്നു.

ഒറ്റശ്വാസത്തിൽ മൂന്നു തലാഖ് ചൊല്ലി വിവാഹ ജീവിതം അവസാനിപ്പിക്കുന്നതിന്നെതിരെ കേരളത്തിലെ മുസ്ലിം സ്ത്രീകളിൽ നിന്നും എതിർപ്പ് ശക്തമാകുന്നുവെന്ന സൂചനകളാണ് ഖദീജ നൽകിയ പരാതിയിൽ നിന്നും തെളിയുന്നത്. ഭർത്താവിൽ നിന്ന് തനിക്കേറ്റ മാനസിക-ശാരീരിക പീഡനങ്ങളുടെ കൃത്യമായ വിവരണങ്ങളാണ് യുവതി നൽകിയ പരാതിയിലുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 നു അതിഞ്ഞാൽ ജമാഅത്ത് പള്ളി കാർമികത്വത്തിൽ വിവാഹം കഴിഞ്ഞ ശേഷം വാട്ട്‌സ് അപ്പ് വഴി മൊഴി ചൊല്ലൽ നടക്കും വരെ ഒരു ദിവസം പോലും സ്വസ്ഥമായി ജീവിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. സാജിദ്, സാജിദിന്റെ ഉമ്മ, പെങ്ങൾ, പെങ്ങളുടെ ഭർത്താവ്, ഇവരിൽ നിന്നെല്ലാം മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നു.

സാജിന്റെ വീട്ടിൽ താമസിച്ചിരുന്ന പെങ്ങളുടെ ഭർത്താവ് കഴിയുന്ന അവസരങ്ങളിലെല്ലാം എന്നെ കയറിപ്പിടിച്ചു ഉപദ്രവിച്ചു. അതിനെക്കുറിച്ച് ഞാൻ സാജിദിന്റെ ഉമ്മയോടും പെങ്ങളോടും പരാതി പറഞ്ഞപ്പോൾ നീ ഇവിടുത്തെ വേലക്കാരി മാത്രമാണ് നിന്നെ ഇങ്ങിനോയൊക്കെ ചെയ്യും. ഒരാളും ചോദിക്കാൻ വരില്ല. ഇതും പറഞ്ഞു പിന്നെയും പീഡനം നേരിടേണ്ടി വന്നു. നീ കൊണ്ട് വന്ന സ്വർണം പോരാ, സ്വർണവും പണവും കൊണ്ടുവാ, ഇല്ലെങ്കിൽ നിന്റെ മയ്യത്ത് പോലും ഒരാൾക്കും കാണിക്കില്ല. ഭർതൃവീട്ടിൽ താൻ നേരിട്ട ലൈംഗിക-ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാതിയിൽ യുവതി പറയുന്നു. സാജിദും വീട്ടുകാരും നടത്തിയ ഗാർഹിക പീഡനങ്ങൾക്കെതിരെ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മറ്റൊരു പരാതിയും യുവതി നൽകിയിട്ടുണ്ട്.

യുവതിയെ മൊഴിയെടുപ്പിക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും താമസിയാതെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഹോസ്ദുർഗ് പൊലീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

മുസ്ലിം യുവതി പൊലീസിൽ നൽകിയ പരാതി പറയുന്നത്:

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എന്റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിക്കുന്ന സമയം ഹൈദരാബാദിലെ ആശുപത്രിയിൽ മെയിൽ നേഴ്‌സ് ആയിരുന്നു എന്റെ ഭർത്താവ്. വിവാഹം കഴിഞ്ഞ ശേഷം സാജിദ് ആ ജോലി ഉപേക്ഷിച്ചു. പിന്നീട് മാലി ദ്വീപിൽ ജോലി തേടി പോയി. വിവാഹം കഴിഞ്ഞു അൻപത് ദിവസം ഭർതൃ വീട്ടിൽ താമസിച്ചപ്പോൾ അവിടെ നിന്ന് വലിയ ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങളാണ് നേരിട്ടത്. സാജിദ്, ഉമ്മ, പെങ്ങൾ, പെങ്ങളുടെ ഭർത്താവ്. ഇവർ നാലുപേരും കൂടിയാണ് എന്നെ ഉപദ്രവിച്ചത്. സാജിദ് ഇടയ്ക്കിടെ എന്നെ അടിച്ച് പരുക്കേൽപ്പിക്കും. ഉമ്മയും പെങ്ങളും ഭർത്താവിനെ സപ്പോർട്ട് ചെയ്യും. ഒരിക്കൽ നിസ്‌ക്കരിക്കുന്നതിന്നിടെ കസേരകൊണ്ട് എന്നെ അടിച്ച് താഴെയിട്ടു. അതിനു ശേഷം ചവിട്ടി. ഞാൻ കരഞ്ഞു ബഹളം വെച്ചപ്പോൾ ഉമ്മയും പെങ്ങളും പെങ്ങളുടെ ഭർത്താവായ ഷഫീഖും ചേർന്ന് എന്റെ വായിൽ തോർത്ത് തിരുകി കസേരയിൽ ഒരു ദിവസം മുഴുവൻ കെട്ടിയിട്ടു. ഭക്ഷണം പോലും നൽകിയില്ല. ഈ കാര്യം വീട്ടുകാരോട് പറഞ്ഞാൽ ഇഞ്ചക്ഷൻ നൽകി കൊന്നുകളയും എന്നാണ് ഭർത്താവും ഉമ്മയും ചേർന്ന് എന്നെ ഭീഷണിപ്പെടുത്തിയത്.

വീട്ടിൽ താമസിച്ച സമയത്തെല്ലാം പെങ്ങളുടെ ഭർത്താവ് എന്നെ കയറിപ്പിടിച്ച് ഉപദ്രവിച്ചു. അതിനെക്കുറിച്ച് ഞാൻ സാജിദിന്റെ ഉമ്മയോടും പെങ്ങളോടും പരാതി പറഞ്ഞപ്പോൾ നീ ഇവിടുത്തെ വേലക്കാരി മാത്രമാണ് നിന്നെ ഇങ്ങിനോയൊക്കെ ചെയ്യും. ഒരാളും ചോദിക്കാൻ വരില്ല. ഇതും പറഞ്ഞു പിന്നെയും പീഡനം നേരിടേണ്ടി വന്നു. രാത്രിയിൽ ഉറങ്ങുന്ന സമയം തലയണകൊണ്ട് എന്റെ മുഖം അമർത്തിപിടിച്ച് ശ്വാസം മുട്ടിക്കും. ബക്കറ്റിൽ വെള്ളം കൊണ്ട് വന്നു എന്റെ ദേഹത്ത് ഒഴിക്കും. രണ്ടു കവിളും കൂട്ടിപ്പിടിച്ച് മുഖത്തടിക്കും. എന്റെ വീഡിയോയും ഫോട്ടോയും എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തും.

എനിക്ക് മരുന്നുകളെക്കുറിച്ച് അറിയാം. നിന്നെ ഇഞ്ചക്ഷൻ ചെയ്തുകൊല്ലും എന്ന് പറയും. ഇത്തരം പീഡനങ്ങളാണ് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത്. ഒരു പരാതിയും ഉമ്മയോട് പറഞ്ഞിട്ടു കാര്യമില്ല. നിനക്ക് അതൊക്കെ വേണം. കൂടുതൽ സ്വർണം കൊണ്ടുവാ എന്ന് ഉമ്മയും പറയും. നീ കൊണ്ട് വന്ന സ്വർണം പോരാ, സ്വർണവും പണവും കൊണ്ടുവാ, ഇല്ലെങ്കിൽ നിന്റെ മയ്യത്ത് പോലും ഒരാൾക്കും കാണിക്കില്ല എന്നാണ് പറഞ്ഞത്. കല്യാണ സമയത്ത് എന്റെ വീട്ടുകാർ തന്ന അമ്പത് പവനോളം സ്വർണം അവരുടെ കയ്യിലാണ്. കൂടുതൽ സ്വർണത്തിനും പണത്തിനും വേണ്ടി അവർ ഉപദ്രവം തുടരുകയും ചെയ്തു. പെങ്ങളുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ഉപ്പയെ വിളിച്ച് ഭീഷണിപ്പെടുത്തും. ഞങ്ങൾ പാർട്ടിക്കാരാണ്. കണ്ണൂരുകാരാണ് എന്നൊക്കെ പറയും.

കല്യാണ കഴിഞ്ഞു അൻപത് ദിവസം കഴിഞ്ഞു സാജിദ് മാലി ദ്വീപിൽ ജോലിക്ക് പോയി. അതിനു ശേഷം ഫോൺ വഴിയും വാട്‌സ് ആപ്പ് വഴിയും മൂന്നു തലാഖ് ചൊല്ലി എന്നെ മൊഴി ചൊല്ലി. മാലിയിൽ നിന്ന് മടങ്ങി വീണ്ടും ഹൈദരാബാദിൽ ജോലിക്ക് പോയ സാജിദ് ഇപ്പോൾ ഗൾഫിലാണ് എന്നാണു അറിയുന്നത്. മൂന്നു തവണ തലാഖ് ചൊല്ലിയതോടെ മുസ്ലിം രീതി പ്രകാരം ഞങ്ങൾ ഭാര്യ-ഭർത്താക്കന്മാരല്ലാതായി. അതിനാൽ മുത്തലാഖ് നിയമം അനുസരിച്ച് സാജിദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. ഉമ്മയുടെയും പെങ്ങളുടെയും പെങ്ങളുടെ ഭർത്താവിന്റെയും പേരിൽ സ്ത്രീപീഡനപ്രകാരവും നടപടി സ്വീകരിക്കണം-യുവതി പരാതിയിൽ പറയുന്നു.

യുവതിയുടെ ബന്ധു ജാഫറിന്റെ മറുനാടനോടുള്ള പ്രതികരണം:

മുത്തലാഖ് ചൊല്ലിയാൽ ഞങ്ങളുടെ രീതി അനുസരിച്ച് ബന്ധം ഒഴിവായി. പക്ഷെ യുവതിക്ക് നീതി വേണം. അതിനാലാണ് ഹോസ്ദുർഗ് പൊലീസിലും മജിസ്‌ട്രേറ്റ് കോടതിയിലും പരാതി നൽകിയത്. ഞങ്ങൾ കാര്യങ്ങൾ അറിയുമ്പോൾ വൈകിപ്പോയി. അവൾ എല്ലാം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു. ആലോചന വന്നപ്പോൾ കൊള്ളാവുന്നത് എന്ന് തോന്നിയപ്പോൾ ഞങ്ങൾ അത് നടത്തുകയായിരുന്നു. സാജിദിന്റെ ഉപ്പ ആദ്യമേ മരിച്ചതാണ്. ഉമ്മയും പെങ്ങളും പെങ്ങളുടെ ഭർത്താവുമാണ് അവരുടെ കുടുംബം. അവനു എന്തൊക്കെയോ മാനസിക വിഭ്രാന്തിയുണ്ട്. ആ രീതിയിലാണ് അവന്റെ പെരുമാറ്റം വന്നത്.

2018 ഓഗസ്റ്റിൽ വിവാഹം കഴിഞ്ഞത് മുതൽ അവൾക്ക് നിരന്തര പീഡനങ്ങളാണ്. സ്വർണവും പണവും എല്ലാം അവർ കരസ്ഥമാക്കിയിട്ടുണ്ട്. മൂന്നു തലാഖ് അല്ലാ. ഒരായിരം തലാഖുകൾ അവൻ ചൊല്ലിയിട്ടുണ്ട്. മാലി ദ്വീപിൽ ഉള്ളപ്പോഴാണ് ഫോൺ വഴിയും വാട്‌സ് ആപ്പ് വഴിയും മുത്തലാഖ് ചൊല്ലി സാജിദ് ബന്ധം ഒഴിഞ്ഞത്. ഇപ്പോൾ ഞങ്ങൾക്ക് നീതി വേണം. ആ നീതി തേടിയാണ് ഞങ്ങൾ പൊലീസിലും കോടതിയിലും പരാതി നൽകിയത്-ജാഫർ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP