Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യനയത്തിൽ ഇടഞ്ഞ മുസ്ലിംലീഗിനെ മെരുക്കിയത് രാജ്യസഭാ സീറ്റ് കാണിച്ച്; സീറ്റ് ഉറപ്പായതോടെ എം പിയാകാൻ ചരടുവലിച്ച് വഹാബും മജീദും സമദാനിയും രംഗത്ത്; തർക്കം മുറുകിയാൽ പാണക്കാട് സാദിഖലി തങ്ങൾ സ്ഥാനാർത്ഥിയായേക്കും

മദ്യനയത്തിൽ ഇടഞ്ഞ മുസ്ലിംലീഗിനെ മെരുക്കിയത് രാജ്യസഭാ സീറ്റ് കാണിച്ച്; സീറ്റ് ഉറപ്പായതോടെ എം പിയാകാൻ ചരടുവലിച്ച് വഹാബും മജീദും സമദാനിയും രംഗത്ത്; തർക്കം മുറുകിയാൽ പാണക്കാട് സാദിഖലി തങ്ങൾ സ്ഥാനാർത്ഥിയായേക്കും

എം പി റാഫി

കോഴിക്കോട്: മദ്യനയത്തിൽ നിന്നും പിന്നോട്ടുപോയ സർക്കാർ നിലപാടിൽ ഇടഞ്ഞു നിന്ന മുസ്ലിംലീഗിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നേതാക്കളും ചേർന്ന് മെരുക്കിയത് രാജ്യസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകി. ഇതോടെ മദ്യനയത്തിനെതിരെയുള്ള ചർച്ചകൾക്ക് താൽക്കാലിക വിട നൽകി മുസ്ലിംലീഗിനുള്ളിൽ രാജ്യസഭാ സീറ്റിനുള്ള ചരടുവലികൾ മുറുകുകയാണ്. മദ്യനയത്തിൽ സർക്കാർ പിന്നോട്ടടിച്ചതോടെയാണ് സർക്കാറിനെതിരെ ലീഗ്‌നേതൃത്വം ആദ്യം പരസ്യമായി രംഗത്ത് വന്നത്. എന്നാൽ രാജ്യസഭാസീറ്റ് കാണിച്ച് ഉമ്മൺചാണ്ടി ലീഗിന്റെ വായയടപ്പിച്ചതോടെ ബാർവിഷയത്തിൽ ലീഗ് നേതാക്കൾ ഇക്കാര്യത്തിൽ മൃദു സമീപനം സ്വീകരിച്ച് മൗനം പ്രാപിക്കുകയായിരുന്നു.

ഒരു രാജ്യസഭാ സീറ്റ് ലീഗിന് തന്നെയാണെന്ന് ഉറപ്പായതോടെയാണ് ലീഗ് തട്ടകത്തിലും രാജ്യസഭാ സീറ്റ് സ്വന്തമാക്കാൻ പല നേതാക്കളും കച്ചമുറുക്കിയത്. നേരത്തെ സോഷ്യലിസ്റ്റ് ജനതയ്ക്ക് രാജ്യസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം യുഡിഎഫ് നേതാക്കൾ നൽകിയിരുന്നെങ്കിലും അടുത്ത തവണ നൽകാമെന്ന് പറഞ്ഞ് വീരേന്ദ്രകുമാറിനെ ആശ്വസിപ്പിക്കാനാകും തീരുമാനം ഉണ്ടാകുക. ലീഗിന് രാജ്യസഭാ സീറ്റെന്നത് നേരത്തെ തന്നെ നൽകിയ വാഗ്ദാനമാണെന്നും നേതാക്കൾ പറയുന്നു.

രാജ്യസഭാ സീറ്റ് ഉറപ്പായ സാഹചര്യത്തിൽ ആർക്കാകും നറുക്ക് വീഴുക എന്നകാര്യത്തെ കുറിച്ചു ലീഗിൽ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. ലീഗിൽ നിരവധി പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ മജീദിനു പിന്നാലെ മുൻ എംപി മാരായ അബ്ദുസ്സമദ് സമദാനി, പി വി അബ്ദുൾ വഹാബ് തുടങ്ങിയവരുടെ പേരുകളും ഉയർന്നതോടെ ലീഗിൽ വലിയ ആശയക്കുഴപ്പത്തിന് വഴിവച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് സീറ്റിന് വേണ്ടി പി വി അബ്ദുൾ വഹാബ് ഏറെ കരുനീക്കം നടത്തിയിരുന്നു. ഇക്കാര്യത്തിൽ പരസ്യമായ അഭിപ്രായം പറയാനും വഹാബ് മടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വഹാബ് ഇത്തവണയും രാജ്യസഭാസീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ട്.

ലോക്‌സഭാ സീറ്റിലേക്കും വഹാബ്, സമദാനി തുടങ്ങിയവരുടെ പേരുകൾ ഉയർന്ന് കേട്ടിരുന്നു. ഇക്കാരണത്താൽ തന്നെ രണ്ടു പേരും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള ചരടുവലികൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു. വഹാബുമായി അടുത്ത ബന്ധം പുലർത്തുന്ന ലീഗ് സംസ്ഥാന നേതാക്കൾ പരസ്യമായി തന്നെ ഈ വിഷയം ഉന്നയിച്ചിട്ടുമുണ്ട്. നിലവിൽ നിയമസഭാംഗമായി തുടരുന്ന സമദാനിയെ പിന്തുണച്ച് പരസ്യമായി ഇതുവരെ ആരും രംഗത്ത് എത്തിയിട്ടില്ല. എന്നാൽ ദേശീയ നേതാവാകാനാണ് സമദാനിക്ക് താൽപ്പര്യം. സംഘടനയുടെ ദേശീയ തലത്തിൽ തന്നെയാണ് സമദാനിയുടെ സ്ഥാനവും. എന്നാൽ സമദാനി രാജ്യസഭാംഗമായാൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നതിനാൽ റിസ്‌കെടുക്കാൻ ലീഗ് നേതൃത്വം തയ്യാറായേക്കില്ല. എന്നാലും സമദാനി രഹസ്യമായ ചില നീക്കങ്ങൾ നടത്തുന്നുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെ യൂത്ത് ലീഗിൽ നിന്നും ആരുടെ പേരും രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്ഠമായ നിർദ്ദേശപ്രകാരം കെ.പി.എ മജീദിന് രാജ്യസഭാ സീറ്റ് ലഭിക്കുമെങ്കിലും പാർട്ടിക്കകത്തെ മുതിർന്ന നേതാക്കൾ ചരടുവലി ശക്തമാക്കിയതോടെ കെ.പി.എ മജീദിന്റെ സാധ്യത നഷ്ടമായേക്കും. പകരം ലീഗിൽ പുതിയ സമവാക്യം രൂപപ്പെടാനും സാധ്യതകൾ ഏറെയാണ്.

ഇങ്ങനെ രാജ്യസഭാ സീറ്റിനായി കൂടുതൽ നേതാക്കൾ രംഗത്തെത്തുന്ന പക്ഷം എല്ലാവരുടെയും വായടപ്പിച്ച് പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽ നിന്നുള്ള ഒരാളായിരിക്കും രാജ്യസഭയിലേക്ക് കോണികയറുക എന്ന തലത്തിലേക്ക് വരെ ചർച്ചകൾ എത്തിയിട്ടുണ്ട്. തങ്ങൾ കുടുബത്തിൽ നിന്നും ആരെങ്കിലും സീറ്റ് ആവശ്യപ്പെട്ടാൽ പിന്നെ ലീഗിൽ മറിച്ചൊരു വാക്ക് ഉയരില്ലെന്ന കാര്യം ഏവർക്കും ബോധ്യമുണ്ട്. ഇതിന്റെ സൂചനയെന്നോണം കഴിഞ്ഞ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾക്ക് നൽകണമെന്നുള്ള അഭിപ്രായങ്ങൾ ചില നേതാക്കളിൽ നിന്നും ഉയർന്നിരുന്നു.

സാദിഖലി തങ്ങളുടെ പൂർണ്ണസമ്മതം ലഭിച്ചാൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ സയ്യിദ് സാദിഖലിക്കു വേണ്ടിയുള്ള ശബ്ദം ഇനിയും ഉയരും. ഇതോടെ അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്നിരുന്ന പാണക്കാട് കുടുംബംത്തിന് ഈ തീരുമാനം ഏതു രീതിയിൽ ഭവിക്കുമെന്ന് നോക്കികാണേണ്ടതുണ്ട്. ഇങ്ങനെ സംഭവിച്ചാൽ തങ്ങൾ കുടുംബത്തിൽ നിന്നും ഒരു വ്യക്തി ആദ്യമായാകും പാർലമെന്ററി പദവികളിലേക്ക് എത്തുക.

സാദിഖലി തങ്ങളുമായി അടുത്തബന്ധം പുലർത്തുന്ന നേതാക്കളായിരുന്ന കഴിഞ്ഞ യോഗത്തിൽ സയ്യിദ് സാദിഖലിയുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ ഇത് സാദിഖലി തങ്ങളുടെ സമ്മതത്തോടുകൂടിയാകാമെന്നാണ് വിലയിരുത്തൽ. ഏറ്റവും കൂടുതൽ ലീഗ് എംഎ‍ൽഎമാർ മലപ്പുറം ജില്ലയിൽ നിന്നാണെന്നതും സയ്യിദ് സാദിഖലിക്ക് അനുകൂലമാകുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാണക്കാട് കുടുംബത്തിൽ നിന്നും പാർലമെന്ററി രംഗത്തേക്ക് കടന്ന് വരുന്നത് കൂടുതൽ ഗുണം ചെയ്‌തേക്കാമെന്നും ഒരു വിഭാഗം കണക്കാക്കുന്നു.

അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്നു നിൽക്കുന്നത് പാണക്കാട് കുടുംബത്തിന് എക്കാലത്തും അനുകൂല ഘടകമായിരുന്നു. ഇതിനെ മറികടന്ന് പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെട്ടാൽ ജനങ്ങൾക്കിടയിൽ എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്നുള്ള ആശങ്കയും നേതൃത്വത്തിനിടയിലുണ്ട്. എന്നാൽ രാജ്യസഭാ സീറ്റിലേക്ക് തങ്ങൾ കുടുംബത്തിൽ നിന്നും ഒരംഗം എത്തുമ്പോൾ പൊതു സ്വീകാര്യത ലഭിക്കുമെന്ന നിരീക്ഷണങ്ങളാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP