Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടായിരത്തോളം ഏക്കർ ഭൂമി കൈയേറി 'സ്വർഗ്ഗത്തിലെ മുത്തും' കൂട്ടുകാരനും ചേർന്ന് 'കുരിശ് കൃഷി' ആരംഭിച്ചു; സർക്കാർ ഭൂമിയിലെ കുരിശും നിർമ്മാണങ്ങളും നീക്കം ചെയ്യാൻ ചെന്ന തഹസീൽദാറെ തടഞ്ഞ് ഇറക്കുമതി ചെയ്ത കുഞ്ഞാടുകൾ; ഭൂമി സംരക്ഷിക്കാൻ സഹായം തേടി ബന്ധപ്പെട്ടപ്പോൾ കുരിശ് പൊളിക്കേണ്ടെന്ന് കളക്ടർ; സബ് കളക്ടർ മൂന്നാർ കാക്കാൻ നോക്കുമ്പോൾ കളക്ടർ മുടക്കിപ്പിക്കാൻ കൂട്ടുനിൽക്കുന്നത് ഇങ്ങനെ

രണ്ടായിരത്തോളം ഏക്കർ ഭൂമി കൈയേറി 'സ്വർഗ്ഗത്തിലെ മുത്തും' കൂട്ടുകാരനും ചേർന്ന് 'കുരിശ് കൃഷി' ആരംഭിച്ചു; സർക്കാർ ഭൂമിയിലെ കുരിശും നിർമ്മാണങ്ങളും നീക്കം ചെയ്യാൻ ചെന്ന തഹസീൽദാറെ തടഞ്ഞ് ഇറക്കുമതി ചെയ്ത കുഞ്ഞാടുകൾ; ഭൂമി സംരക്ഷിക്കാൻ സഹായം തേടി ബന്ധപ്പെട്ടപ്പോൾ കുരിശ് പൊളിക്കേണ്ടെന്ന് കളക്ടർ; സബ് കളക്ടർ മൂന്നാർ കാക്കാൻ നോക്കുമ്പോൾ കളക്ടർ മുടക്കിപ്പിക്കാൻ കൂട്ടുനിൽക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ജീവിച്ചിരിക്കുവരുടെ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണം മരണമടഞ്ഞ ആത്മാക്കളുടെ മോക്ഷംകിട്ടാത്ത അവസ്ഥയാണത്രെ. ശാപമേറ്റ പൂർവ്വികരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ അലയുതിനാൽ അവരെ രക്ഷിച്ച് മോചനം നൽകുതിലൂടെ മാത്രമേ ഇന്നത്ത മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും പ്രചരിപ്പിക്കുന്ന മത സംഘടനയാണ് സ്പിരിറ്റ് ഇൻ ജീസസ്. ദൈവമക്കളെന്നും പിശാചിന്റെ മക്കളെന്നും മനുഷ്യവർഗ്ഗത്തെ സ്പിരിറ്റ് ഇൻ ജീസസ് രണ്ടായി തിരിച്ചിരിക്കുന്നു. തങ്ങളുടെ ഇഷ്ടങ്ങളെ പിൻതുടരുവരെ നല്ലവരെന്നും ദൈവമക്കളെന്നും വ്യാഖ്യാനിക്കുകയും മറ്റുള്ളവരെ പിശാചിന്റെ മക്കളെന്നും തിരിക്കുന്നുവെന്നും അവർ പറയുന്നു. ഇത്തരത്തിലൊരു സംഘടനയുടെ കണ്ണിപ്പോൾ ചിന്നകനാലിലാണ്. ഇതിന് കൂട്ടുനിൽക്കാൻ ഇടുക്കി കളക്ടറെ പോലുള്ള ഉന്നതരും. അതുകൊണ്ട് തന്നെ ചിന്നക്കനാലിൽ 'കുരിശ്' കൃഷി വ്യാപകമാക്കുകയാണ് 'സ്വർഗ്ഗത്തിലെ മുത്ത്' എന്ന് അറിയപ്പെടുന്ന സ്പിരിറ്റ് ഇൻ ജീസസ്.

മതസംഘടനയുടെ മറവിൽ മൂന്നാർ ചിന്നക്കന്നാലിലെ അതീവ പാരിസ്ഥിതികവും ടൂറിസം പ്രാധാന്യവുമുള്ള പാപ്പാത്തിച്ചോലമേട്ടിലെ രണ്ടായിരത്തോളം ഏക്കർ സ്ഥലം കൈയേറാൻ ഭൂമാഫിയയുടെ ശ്രമം. ഇതിനായി 'സ്പിരിറ്റ് ഇൻ ജീസസ്' എന്ന സംഘടനയുടെ പേരിൽ ഇവിടെ കുരിശ് സ്ഥാപിച്ചു. പ്രദേശത്തെ ഒരു വമ്പൻ കൈയേറ്റക്കാരന്റെ സഹോദരനാണ് നീക്കത്തിനു പിന്നിൽ. അതായത് സ്പിരിറ്റ് ഓഫ് ജീസസും കൂട്ടുകാരനും 'കരിശു' കൃഷിയെന്ന വ്യാജേന സ്ഥലം കൈയേറുകയാണ്. കൈയേറ്ററ്റം ഉണ്ടെന്നു തെളിയിച്ച് ഉടുമ്പൻചോല അഡീഷണൽ തഹസിൽദാർ ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് പോലും അട്ടിമറിക്കപ്പെട്ടു. ചിന്നക്കനാൽ വില്ലേജിലെ ചിന്നക്കനാൽ താവളത്തിൽ സർവേ നമ്പർ 341ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ആത്മീയ ടൂറിസത്തിന്റെ പേരിൽ കൈയേറ്റ ശ്രമം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ദേവികുളം സബ് കളക്ടറായ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ ഈ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കുമ്പോഴും ജില്ലാ കളക്ടർ അടക്കമുള്ളവർ അതിന് മതിയായ പിന്തുണ നൽകുന്നില്ല. അങ്ങനെ സ്പിരിറ്റ് ഓഫ് ജീസസിനായി ചിന്നകനാലിലെ 2000 ഏക്കറോളം ഭൂമി തീറെഴുതി കൊടുക്കാനാണ് കള്ളക്കളി.

യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. ഈ പ്രാർത്ഥനാക്കൂട്ടം ഇന്ന് ക്രൈസ്തവ രീതികളെ വെല്ലുവിളിച്ച് മുന്നേറുകയാണ്. മറ്റ് മതങ്ങളെ അധിക്ഷേപിച്ചും അവിടെയുള്ള മോശം മാതൃകകളെ പുനരവതരിപ്പിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടർ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെയാണ് തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഇവർ കത്തോലിക്കാ പരമായ പ്രാധാന്യം നൽകുന്നു. 1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. ഇത്തരത്തിലൊരു സംഘടനയാണ് ചിന്നകനാലിലെ കൈയേറ്റത്തിന് പിന്നിലെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ നിയമ വിരുദ്ധതയ്ക്ക് കുടപിടിക്കുകയാണ്.

ആയിരമേക്കർ വരുന്ന സ്ഥലത്ത് ആദ്യം ഒരു ഷെഡ് നിർമ്മിക്കുകയും പിന്നീട് സ്ഥലത്ത് നാലടി ചതുരത്തിൽ മൂന്നു തട്ടായി അഞ്ചടിയോളം ഉയരത്തിൽ തറ കോൺക്രീറ്റ് ചെയ്ത് ഇരുപതടി ഉയരത്തിൽ ഇരുമ്പുപാളികൊണ്ട് പൊതിഞ്ഞ് കുരിശു സ്ഥാപിക്കുകയായിരുന്നു കയ്യേറ്റക്കാർ ചെയ്തത്. കുരിശ് സ്ഥാപിച്ചാൽ അത് ദൈവികമാകും. വർഗ്ഗീയത ഇളക്കി വിട്ട് അതിനെ തടയാം ഇതൊക്കെയായിരുന്നു ജീസസ് ഓഫ് ക്രൈസ്റ്റ് ഉദ്ദേശിച്ചത്. ഇവിടുത്തെ കൈയേറ്റം ഒഴിവാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ മാഫിയയുടെ ഗുണ്ടകൾ തടഞ്ഞു. കൈയേറ്റമൊഴിപ്പിക്കാൻ കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലം ഇതു നടന്നില്ല. കഴിഞ്ഞ 17-നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടുമ്പൻചോല തഹസീൽദാർ നൽകിയത്. ഇതിനെ തുടർന്നായിരുന്നു ഒഴിപ്പിക്കലിനുള്ള ശ്രമം. എന്നാൽ ഭൂമി ഒഴിപ്പിക്കുമ്പോഴും കുരിശ് പൊളിച്ച് മാറ്റേണ്ടെന്ന വിചിത്ര ഉത്തരവും കളക്ടർ നൽകി. ഇതോടെയാണ് സംശയങ്ങൾ തുടങ്ങുന്നത്.

റോഡിൽ നിന്ന് നാലര കിലോമീറ്റർ നടന്നുചെന്നാലേ കൈയേറ്റ സ്ഥലത്ത് എത്താൻ സാധിക്കുകയുള്ളൂ. ഇവിടെ കണ്ണൂർ, തൃശൂർ മേഖലയിൽ നിന്ന് വിശ്വാസികളെ എത്തിക്കുകയും എല്ലാ മാസങ്ങളിലും ആദ്യവെള്ളിയാഴ്‌ച്ചയിൽ സ്പിരിച്ച്വൽ ടൂറിസം എന്ന പേരിൽ കുരിശിനു സമീപം പ്രാർത്ഥന നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ സമീപം 30 അടി നീളത്തിലും 15 അടി വീതിയിലും ഇരുമ്പു തൂണുണ്ടാക്കി പ്രാർത്ഥനാലയത്തിന്റെ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇതെല്ലാമാണ് അഡീഷണൽ തഹൽസിദാറിന്റെ റിപ്പോർട്ടിലുമുള്ളത്. എന്നാൽ ഈ ഇരുമ്പ് കുരിശ് പൊളിച്ച് മാറ്റാത്തതു കൊണ്ട് തന്നെ ഇതൊരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ സ്പിരിറ്റ് ഓഫ് ജീസസ് എന്ന സംഘടനയ്ക്ക് കഴിയുന്നു. അതിനിടെ പകൽ സമയം പ്രാർത്ഥനയും രാത്രിയിൽ ഫയർ ക്യാമ്പും മദ്യപാനവും അനാശാസ്യപ്രവർത്തനങ്ങളുമാണ് നടക്കുന്നതെന്ന ആരോപണവും സജീവമാണ്.

കൈയേറ്റ സ്ഥലം ഒഴിപ്പിക്കാനായി അധികൃതർ എത്തിയെങ്കിലും കൂടം ഉപയോഗിച്ച് കോൺക്രീറ്റ് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജെ.സി.ബി. ഉപയോഗിച്ച് കുരിശ് പിഴുതെടുക്കാൻ കടുക്കാസിറ്റിയിൽ നിന്ന് ജെ.സി.ബി. വിളിച്ചുവരുത്തുകയും ചെയ്തു. റോഡിന് വീതിയില്ലാത്തതിനാൽ കുരിശിന് ഒന്നര കിലോമീറ്റർ താഴെ മാത്രമാണ് ജെ.സി.ബി. എത്തിയത്. ചുറ്റും ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തോട്ടമായതിനാൽ വഴിവെട്ടി മുകളിലേക്ക് കയറാനായില്ല. ഇതിനിടെ മാഫിയയുടെ ഗുണ്ടകൾ എത്തി സംഘത്തെ തടഞ്ഞു. ഇതിനാൽ സ്ഥലം ഒഴിപ്പിക്കാനായില്ല. വനിതാ പൊലീസ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ മാത്രമേ കൈയേറ്റമൊഴിപ്പിക്കാൻ സാധിക്കൂവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ റിപ്പോർട്ടിലാണ് കുരിശിൽ തൊടേണ്ടതില്ലെന്ന നിർദ്ദേശം ജില്ലാ കളക്ടർ നൽകുന്നത്. ഈ ഭൂമി തിരിച്ചെടുത്താൽ ഭൂരഹിതർക്ക് നൽകാനോ വനം വകുപ്പിന് സംരക്ഷണയിലാക്കാനോ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കത്തോലിക്ക സഭ നഖ ശിഖാന്തം എതിർക്കുന്ന സംവിധാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സ്പിരിറ്റ് ഇൻ ജീസസ് വർഗ്ഗീയതയും വളർത്തുന്നുവെന്നാണ് ആക്ഷേപം. 1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം സ്പിരിറ്റ് ഇൻ ജീസസ് രംഗത്തിറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം ത്രിശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ. 1996ൽ സ്പിരിറ്റ് ഇൻ ജീസസിൽ വന്ന സിന്ധു 2003 മാർച്ച് മുതൽ കർത്താവ് ഇറങ്ങിവന്ന് ഇരുപത്തിനാല് മണിക്കൂറും വിട്ടുപിരിയാതെ നിൽക്കുന്നവളായി. ഈ ലോകവും മാതാവും അൾക്ക് വെളിപാടുകൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്നു. ചിലപ്പോൾ പരിശുദ്ധരുമെത്തും-സ്പിരിറ്റ് ഇൻ ജീസസിന്റെ മാസികയായ ഇതാ നിന്റെ അമ്മ തന്നെ സ്വർഗ്ഗത്തിലെ മുത്തിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇവരെ ദൈവം പോലെ പൂജിക്കുന്നവരുമുണ്ട്. യേശുക്രിസ്തുവിനെ തന്റെ കളിക്കൂട്ടുകാരനായാണ് സിന്ധു തോമസും വിശദീകരിക്കുന്നത്. ഇതേ സിന്ധു തോമസിന്റെ സുഹൃത്തിന് വേണ്ടിയാണ് ചിന്നകനാലിലെ കൈയേറ്റമെന്നാണ് ആക്ഷേപം.

സ്പിരിറ്റ് ഇൻ ജീസസ്' പ്രസ്ഥാനത്തിന്റെ കത്തോലിക്കാസഭയിലെ എല്ലാ പ്രവർത്തനങ്ങളും കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) നിരോധിച്ചിരുന്നതുമാണ്ു. സ്പിരിറ്റ് ഇൻ ജീസസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കെതിരെ സഭാപരമായ ശിക്ഷാനടപടികളുണ്ടാകും. രൂപതാ കോടതികൾക്ക് അക്കാര്യം തീരുമാനിക്കാമെന്ും അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP