Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഹമ്മദ് അനൂപിന്റെ വെണ്ണലയിലെ വീട്ടിൽ ആഡംബര കാറുകളിൽ സ്ഥിരമായി സന്ദർശകർ; കാറുകൾ പലപ്പോഴും റോഡിൽ നിർത്തിയിട്ട് ഗതാഗത തടസവും ഉണ്ടാക്കിയെന്ന് നാട്ടുകാർ; രാത്രി വൈകിയും പലരും വന്നുപോയി; അനൂപ് അവസാനം വീട്ടിൽ വന്ന് മടങ്ങിയത് ജനുവരിയിൽ; മകൻ മയക്കുമരുന്ന് വിൽപ്പന നടത്തുമെന്ന് വിശ്വസിക്കാതെ മാതാപിതാക്കൾ; ഹോട്ടൽ ബിസിനസ് തകർന്നപ്പോൾ പണം ലഭിക്കാനായി ആരെങ്കിലും പറഞ്ഞുകൊടുത്ത മാർഗ്ഗമായിരിക്കാം ഇതെന്ന് പിതാവ് മുഹമ്മദ് ബഷീർ മറുനാടനോട്

മുഹമ്മദ് അനൂപിന്റെ വെണ്ണലയിലെ വീട്ടിൽ ആഡംബര കാറുകളിൽ സ്ഥിരമായി സന്ദർശകർ; കാറുകൾ പലപ്പോഴും റോഡിൽ നിർത്തിയിട്ട് ഗതാഗത തടസവും ഉണ്ടാക്കിയെന്ന് നാട്ടുകാർ; രാത്രി വൈകിയും പലരും വന്നുപോയി; അനൂപ് അവസാനം വീട്ടിൽ വന്ന് മടങ്ങിയത് ജനുവരിയിൽ; മകൻ മയക്കുമരുന്ന് വിൽപ്പന നടത്തുമെന്ന് വിശ്വസിക്കാതെ മാതാപിതാക്കൾ; ഹോട്ടൽ ബിസിനസ് തകർന്നപ്പോൾ പണം ലഭിക്കാനായി ആരെങ്കിലും പറഞ്ഞുകൊടുത്ത മാർഗ്ഗമായിരിക്കാം ഇതെന്ന് പിതാവ് മുഹമ്മദ് ബഷീർ മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: ലഹരിക്കടത്ത് കേസിൽ ബംഗളൂരുവിൽ നാർക്കോട്ടിക് ബ്യൂറോയുടെ പിടിയിലായ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ വീട്ടിൽ സ്ഥിരമായി ആഡംബരകാറുകളിൽ സന്ദർശ്ശകർ എത്തിയിരുന്നതായി നാട്ടുകാർ. കാറുകൾ പലപ്പോഴും റോഡിൽ നിർത്തിയിട്ട് ഗതാഗത തടസം ഉണ്ടായിട്ടുള്ളതായും നാട്ടുകാരിൽ ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞു. ആഡംബരകാറുകളിൽ എത്തിയിരുന്നത് ആരൊക്കെയാണെന്ന് അറിയില്ലെന്നും അവർ പ്രതികരിച്ചു. രാത്രി ഏറെ വൈകിയും പലരും വന്നു പോയിട്ടുണ്ട്. അനൂപിന്റെ സുഹൃത്തുക്കളാണെന്നാണ് വീട്ടുകാർ പറഞ്ഞിട്ടുള്ളത്. വെണ്ണലയിലെ അനൂപിന്റെ വീടിന് പരിസരത്ത് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊതുവേ അയൽക്കാരോടൊന്നും സഹകരണമില്ലാത്ത പ്രകൃതമായിരുന്നു അനൂപിന്റെ വീട്ടുകാർക്ക്. അതേ രീതി തന്നെയായിരുന്നു അനുപിനും. ബംഗളൂരുവിൽ റസ്റ്റൊറന്റ് നടത്താൻ പോയതിന് ശേഷമാണ് പലരും വീട്ടിൽ എത്തിയിരുന്നത്. ആറു വർഷത്തോളമായി ബാംഗ്ലൂരിൽ തന്നെയായിരുന്നു എന്നും നാട്ടുകാർ പറയുന്നു. മുഹമ്മദ് ബഷീറാണ് അനൂപിന്റെ പിതാവ്. ഇദ്ദേഹം മുൻപ് ഒരു ചിട്ടിക്കമ്പനിയിലെ കളക്ഷൻ ഏജന്റായിരുന്നു. പിന്നീട് ഓട്ടോ റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിൽ ഒരു അപകടമുണ്ടാവുകയും ഏറെ നാൾ കിടപ്പിലുമായിരുന്നു. മാതാവ് ആരിഫ പോസ്റ്റോഫീസ് നിക്ഷേപത്തിന്റെ ഏജന്റായിരുന്നു. ഈ ജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ജീവിച്ചിരുന്നത്.

മുഹമ്മദ് അനൂപ് ബി.എ വരെ പഠനം നടത്തിയിട്ടുണ്ട്. ഇയാളുടെ സഹോദരൻ എം.ബി.എ കഴിഞ്ഞതിന് ശേഷം ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. രണ്ടു വർഷം മുൻപായിരുന്നു സഹോദരന്റെ വിവാഹം. ഇവർ ദുബായിൽ സ്ഥിരതാമസമാണ്. അനൂപ് റസ്റ്റോറന്റ് നടത്തിപ്പുമായി ബാംഗ്ലൂരിൽ തന്നെയായിരുന്നതിനാൽ വിവാഹം കഴിക്കാൻ ഏറെ വൈകി. പിന്നീട് വിവാഹമൊന്നും ശരിയായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ ബംഗളൂരൂവിൽ ഹോട്ടൽ നടത്തുകയാണ് എന്നാണ് പറഞ്ഞിരുന്നതെന്ന് മാതാപിതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

ബിനീഷ് കോടിയേരി മുൻപ് പലതവണ വീട്ടിൽ വന്നിട്ടുണ്ടെന്നും അടുത്തിടെ എത്തിയിട്ടില്ല എന്നും അവർ പറഞ്ഞു. ജനുവരിയിലാണ് അനൂപ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്. മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. ഭേദമായതിന് ശേഷമാണ് ബംഗളൂരുവിലേക്ക് പോയത്. പിന്നീട് തിരികെ വന്നിരുന്നില്ല എന്നും പിതാവ് മുഹമ്മദ് ബഷീർ പറഞ്ഞു.

മകൻ ഇത്തരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തുമെന്ന് വിശ്വസിക്കുന്നില്ല. ഹോട്ടൽ ബിസിനസ് തകർന്നപ്പോൾ പണം ലഭിക്കാനായി ആരെങ്കിലും പറഞ്ഞുകൊടുത്ത മാർഗ്ഗമായിരിക്കാം ഇത്. ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്. കുറ്റക്കാരനാണെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷതന്നെ നൽകണം. ഇനി മറ്റാരെങ്കിലും ചതിച്ചതാണെങ്കിൽ അവരെ കണ്ടെത്തി മകനെ വെറുതെ വിടണമെന്നും ഹൃദയവേദനയോടെ പിതാവ് പറഞ്ഞു. ഏറെ കഷ്ടപ്പെട്ടാണ് രണ്ടു മക്കളെയും വളർത്തി വലുതാക്കിയത്. നാട്ടിൽ ആർക്കും അവരെ പറ്റി ഒരു കുറ്റവും പറയാനില്ല എന്നും ബഷീർ പറഞ്ഞു.

മുഹമ്മദ് ബഷീർ വീടിനോട് ചേർന്ന് തന്നെ ഒരു ചെറിയ പെട്ടിക്കട നടത്തുകയാണ്. ലോണെടുത്താണ് ഇത് നടത്തുന്നത്. മകൻ അറസ്റ്റിലായതിന് ശേഷം വെണ്ണലയിലെ വീട്ടിൽ പൊലീസ് എത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ദിവസം മുൻപ് അർദ്ധരാത്രിയിലാണ് പൊലീസ് സംഘം എത്തി പരിശോധന നടത്തിയത്. അനൂപിന്റെ മുറിയിൽ നിന്നും ചില രേഖകൾ ശേഖരിച്ചു കൊണ്ടു പോയിട്ടുണ്ട്.

അതേ സമയം ബംഗളുരു മയക്കുമരുന്ന് കേസ് അന്വേഷിക്കാൻ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റും നടപടികളാരംഭിച്ചു. പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമാ ബന്ധങ്ങളാണ് അന്വേഷിക്കുന്നത്. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഹമ്മദ് അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനൂപിന് ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന സിനിമാ പ്രവർത്തകരുടെ വിശദാംശങ്ങൾ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ബംഗളുരു യൂണിറ്റ് ശേഖരിച്ചിരുന്നു. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതൽ ചോദ്യം ചെയ്യും.

ഇതിനിടെ അനൂപിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. കേസിൽ മുഖ്യപ്രതിയായ സീരിയൽ താരം അനിഘയെ തനിക്ക് പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി ജിംറിൻ ആഷിയെന്നാണ് അനൂപ് മൊഴി നൽകിയിരിക്കുന്നത്. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ കച്ചവടം നടത്തിയെന്നും അനൂപ് സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ് പുറത്തുവരുന്നത്. ജിംറിൻ ആഷിയുടെ വിലാസം അറിയില്ലെന്നാണ് അനൂപിന്റെ വെളിപ്പെടുത്തൽ. ഇയാളുടെ ഫോട്ടോയും ഫോൺ നമ്പറും അനൂപ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP