Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കോടിയേരി സഖാവിന്റെ മകന് എതിരെ നൽകിയ 'അമ്മ'യിലെ പരാതി പിൻവലിക്കണം; 'ടിപി സിനിമ' എടുത്തപ്പോൾ താങ്കളെ സഹിച്ചു; കൈകാര്യം ചെയ്യാത്തത് സഹോദരന്മാർ പാർട്ടി മെമ്പർ ആയതിനാൽ; ടിപിയെ 51 വെട്ടാണ് വെട്ടിയത്.. വരുന്ന മൂന്നാം തീയതിക്കകം പരാതി പിൻവലിച്ചില്ലെങ്കിൽ വണ്ടിയിൽ ഉണ്ടാകുക തന്റെ ചതഞ്ഞ ശരീരം മാത്രം'; ഗൾഫിൽ നിന്നുമുള്ള ഭീഷണി സന്ദേശത്തിന് പിന്നാലെ വടകര കൈനാട്ടിയിൽ കണ്ടത് ടിപി വധക്കേസ് പ്രതികളെയും; സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായ മൊയ്തു താഴത്തിനു വധഭീഷണി

'കോടിയേരി സഖാവിന്റെ മകന് എതിരെ നൽകിയ 'അമ്മ'യിലെ പരാതി പിൻവലിക്കണം; 'ടിപി സിനിമ' എടുത്തപ്പോൾ താങ്കളെ  സഹിച്ചു; കൈകാര്യം ചെയ്യാത്തത് സഹോദരന്മാർ പാർട്ടി മെമ്പർ ആയതിനാൽ;  ടിപിയെ 51 വെട്ടാണ് വെട്ടിയത്.. വരുന്ന മൂന്നാം തീയതിക്കകം  പരാതി പിൻവലിച്ചില്ലെങ്കിൽ വണ്ടിയിൽ ഉണ്ടാകുക തന്റെ ചതഞ്ഞ ശരീരം മാത്രം'; ഗൾഫിൽ നിന്നുമുള്ള  ഭീഷണി സന്ദേശത്തിന് പിന്നാലെ വടകര കൈനാട്ടിയിൽ കണ്ടത് ടിപി വധക്കേസ് പ്രതികളെയും; സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായ മൊയ്തു താഴത്തിനു വധഭീഷണി

എം മനോജ് കുമാർ

തിരുവനന്തപുരം: സിപിഎം ക്വട്ടേഷൻ ടീമിനാൽ ഏത് നിമിഷവും വധിക്കപ്പെടും എന്ന ഭീതിയിൽ സംവിധായകൻ മൊയ്തു താഴത്ത്. വരുന്ന മാസം മൂന്നിന് ശേഷം ഏത് നിമിഷവും വധിക്കപ്പെട്ടെക്കും എന്ന ഭീതിയാണ് ടി.പി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും പ്രമേയമാക്കിയ ടിപി. 51 സിനിമ വിവാദ സിനിമ സംവിധാനം ചെയ്ത സംവിധായകനുള്ളത്. ടിപിയുടെ വധം നടപ്പാക്കിയ ക്രിമിനൽ സംഘം തന്നെ അപായപ്പെടുത്തും എന്ന സംശയത്തിലാണ് സംവിധായകൻ ഇപ്പോൾ ജീവിക്കുന്നത്. . ടിപി സിനിമ എടുത്തത് മുതൽ സിപിമ്മിന്റെ നോട്ടപ്പുള്ളിയായ മൊയ്തുവിനു ഇപ്പോഴുള്ള ഭീഷണിക്ക് കാരണം ബിനീഷ് കോടിയേരിക്ക് എതിരെ അമ്മയിൽ നൽകിയ പരാതിയുടെ പേരിലാണ്.

നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ബംഗളൂര് കേന്ദ്രമായ ലഹരിമരുന്ന് കടത്തിലും ആരോപണ വിധേയനായ ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട പരാതിയാണ് മൊയ്തുവിനു വധഭീഷണി വരാൻ കാരണം. ലഹരി മരുന്ന് കേസിലെ പ്രതിയും ബിനീഷും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഞെട്ടിക്കുന്നതാണ്. അമ്മയുടെ സല്‌പ്പെരിനു കളങ്കം വരുത്തിയ ബിനീഷിനെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ പ്രസിഡന്റ് മോഹൻലാലിനും ജനറൽ സെക്രട്ടറി ഇടവേള ബാബുവിനും മൊയ്തു താഴത്ത് പരാതി നൽകിയത്. ഈ പരാതിക്ക് ശേഷമാണ് ദുബായിൽ നിന്നും ഭീഷണി കോളുകൾ സംവിധായകനെ തേടി എത്താൻ തുടങ്ങിയത്. ഈ പരാതി കേരളത്തിലെ ഡിനജിപിക്ക് കൈമാറാതെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നൽകാനാണ് മൊയ്തു താഴത്ത് തീരുമാനിച്ചിരിക്കുന്നത്. ടിപി സിനിമ എടുത്തപ്പോൾ തന്റെ മെസഞ്ചറിൽ വന്നു കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സഖാവിനെതിരെ കണ്ണൂർ എസ്‌പിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും വന്നില്ല. അതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാനാണ് സംവിധായകൻ ഒരുങ്ങുന്നത്. സിനിമാ പ്രോജക്ടുകൾ സിപിഎം ഇല്ലാതാക്കുന്നു; ഇതുവരെ ശ്രമിച്ചത് ഞെക്കിക്കൊല്ലാൻ

വരുന്ന മൂന്നാം തീയതിക്കകം അമ്മയ്ക്ക് നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലപ്പെടും എന്നുള്ള ഭീഷണി സന്ദേശങ്ങൾ നിറഞ്ഞ കോളുകൾ ആണ് മൊയ്തുവിനെ തേടി വരുന്നത്. എല്ലാം ദുബായിൽ നിന്നും വരുന്ന കോളുകൾ. ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടു പരാതി നൽകിയ ശേഷം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ മൊയ്തു ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൃത്യമായ, ആലോചിച്ചുള്ള ഉത്തരം നൽകാൻ വേണ്ടിയാണ് താൻ താമസം എടുക്കുന്നത് എന്നാണ് ഇടവേള ബാബു മൊയ്തുവിനെ അറിയിച്ചത്. തന്റെ പരാതി അമ്മയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് ബിനീഷിനു അറിയാം. അതുകൊണ്ടാണ് തനിക്ക് വധഭീഷണിയുള്ള കോളുകൾ തുടരെ തുടരെ വരുന്നത് എന്നാണ് മൊയ്തു മറുനാടനോട് പറഞ്ഞത്. തന്റെ ഞെക്കിക്കൊല്ലാനാണ് സിപിഎം ശ്രമിക്കുന്നത്. തന്റെ സിനിമകൾ മുടക്കുക, പരസ്യ ചിത്രങ്ങൾ ഭീഷണിപ്പെടുത്തി ഒഴിവാക്കുക എന്ന രീതികൾ സിപിഎം പിന്തുടർന്ന് വരുന്നുണ്ട്. എന്നെയും കുടുംബത്തെയും ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്നിടയിലാണ് ബിനീഷിനു എതിരായ പരാതി അമ്മയിൽ നൽകിയത്. ഇതോടെയാണ് വധഭീഷണി പതിവ് കാര്യമായി മാറിയത്. വധഭീഷണിയെക്കുറിച്ച് മൊയ്തു മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

ഇന്നല്ലെങ്കിൽ നാളെ വധിക്കപ്പെടും: മൊയ്തു താഴത്ത്

ടിപി സിനിമ എടുത്തത് മുതൽ ഞാൻ നോട്ടപ്പുള്ളിയാണ്. സിനിമ കേരളത്തിൽ വ്യാപക റിലീസ് ചെയ്യുന്നത് സിപിഎം മുടക്കിയിരുന്നു. എന്റെ പാസ്‌പോർട്ട് അവർ പിടിച്ചുവെച്ചു. ഇല്ലാത്ത കേസ് ഉണ്ടെന്നു കാണിച്ച് വ്യാജ റിപ്പോർട്ട് നൽകിയാണ് പാസ്‌പോർട്ട് പിടിച്ചുവെച്ചിരിക്കുന്നത്. പുതുക്കാൻ വേണ്ടി പാസ്‌പോർട്ട് നൽകിയപ്പോൾ വന്ന പൊലീസ് റിപ്പോർട്ടിൽ എനിക്ക് എതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പറഞ്ഞത്. വ്യാജ കേസ് ഉണ്ടായിരുന്നത് കോടതി തള്ളിയതാണ്. വേറെയും കേസുകൾ ഉണ്ടെന്നു പറഞ്ഞാണ് പാസ്‌പോർട്ട് മുടക്കിയത്. എനിക്ക് ഗൾഫിൽ പോകാതിരിക്കാനുള്ള അവസരം ഇല്ലാതാക്കാൻ വേണ്ടിയാണ് ടിപി സിനിമയുടെ പേരിൽ ഈ കാര്യം ചെയ്തത്. നയതന്ത്ര വഴിയിൽ സ്വർണ്ണക്കടത്ത് വന്നപ്പോഴും ബംഗളൂര് ലഹരിമരുന്നു കടത്ത് കേസ് വന്നപ്പോഴും എല്ലാം ബിനീഷുമായി ബന്ധമുണ്ട്. ഇത് ചൂണ്ടിക്കാട്ടി അമ്മയിൽ നിന്നും ബിനീഷിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഈ പരാതി ബിനീഷിനു ഭീഷണിയാണ്. പരാതി അമ്മയിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണ് ഗൾഫിൽ നിന്നും വധഭീഷണിയും ടിപി വധത്തിൽ ഉൾപ്പെട്ട പ്രതികളെക്കൊണ്ട് എന്നെ വധിക്കാനും ശ്രമം നടക്കുന്നത്. വരുന്ന മൂന്നിന് അകം പരാതി പിൻവലിക്കാനാണ് ഭീഷണി സന്ദേശങ്ങളിൽ പറയുന്നത്.

കൈനാട്ടി സിഗ്‌നലിനു സമീപം കണ്ടത് ടിപി വധക്കേസ് പ്രതികളെ

എന്റെ തറവാട് വീടുള്ള വടകര കൈനാട്ടി സിഗ്‌നലിന് സമീപം ടിപി വധക്കേസിലെ പ്രതികളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിട്ടുണ്ട്. അപരിചിതരായ ആളുകളെയാണ് സംശയാസ്പദമായ നിലയിൽ കാണുന്നത്. കഴിഞ്ഞ ദിവസം നല്ല മഴയുള്ള സമയത്ത് ഒരു ജീപ്പ് സൈഡിൽ നിർത്തി എന്റെ കാറിന്റെ ഫോട്ടോ എടുത്ത് പോയി. നല്ല മഴയായതും വിചാരിക്കാതെ സംഭവിച്ച കാര്യവും ആയതുകൊണ്ട് ആ ജീപ്പിനെ പിന്തുടരാൻ കഴിഞ്ഞില്ല. പാനൂർ-കൂത്തുപറമ്പ് ഭാഗത്ത് ഉള്ള ഒരു ജീപ്പ് ആണ് സൈഡിൽ നിർത്തി എന്റെ കാറിന്റെ ഫോട്ടോ എടുത്ത് പോയത്. എനിക്ക് ഭീഷണികളും നിരന്തരം വരുന്നു.

''കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സഖാവിന്റെ മകന് എതിരെ അമ്മയിൽ കൊടുത്ത പരാതി അത് പിൻവലിക്കണം...താങ്കൾ സിനിമ ടിപി സിനിമ എടുത്തു താങ്കളെ ഞങ്ങൾ സഹിച്ചു താങ്കളുടെ സഹോദരൻ പാർട്ടി മെമ്പർ ആണ്. അനിയനും പാർട്ടി മെമ്പർ ആണ്. അതിനാലാണ് ശാരീരികമായി നിങ്ങളെ പാർട്ടി കൈകാര്യം ചെയ്യാത്തത്.. താങ്കൾ നിലവിട്ടു പ്രവർത്തിക്കുന്നു. ടിപിയെ 51 വെട്ടാണ് വെട്ടിയത്.. മൂന്നാം തീയതിക്കകം പരാതി പിൻവലിച്ചില്ലെങ്കിൽ.... .തന്റെ വണ്ടിയും താനും ഉണ്ടാവില്ല...വണ്ടിയിൽ ചതഞ്ഞ ശരീരം മാത്രമേയുണ്ടാകൂ...ഇതാണ് ഗൾഫിൽ നിന്നും വന്ന ഭീഷണി സന്ദേശത്തിൽ പറഞ്ഞത്. കോൾ മുഴുവൻ വരുന്നത് ഗൾഫിൽ നിന്നാണ്. സിപിഎമ്മിനെ നിങ്ങൾക്ക് അറിയില്ല. അവർ വധിക്കാൻ തീരുമാനിച്ചാൽ തീർത്തിരിക്കും. എനിക്ക് വധഭീഷണികൾ ഒരുപാട് വന്നു. ടിപി സിനിമ എടുക്കുന്ന വേളയിൽ തന്നെ. ഞാൻ ടിപിയുടെ ശിഷ്യനായിരുന്നു. അതുകൊണ്ട് തന്നെയാണ് ഭീഷണികൾ കൂസാതെ ടിപിയുടെ സിനിമ എടുത്തത്-മൊയ്തു പറയുന്നു. സിപിഎം ആയിരുന്ന മൊയ്തു താഴത്ത് ടിപി വധത്തിനു ശേഷം സിപിഎമ്മിൽ നിന്നും അകന്നു. കോൺഗ്രസിലെ സുധാകരനുമായി അടുത്ത ബന്ധമാണ് മൊയ്തുവിനു

ഉള്ളത്. സിപിഎമ്മിനോട് കണ്ണൂർ നേർക്ക് നേർ ഏറ്റുമുട്ടാൻ കെ.സുധാകരൻ മാത്രമേയുള്ളൂ എന്നാണ് മൊയ്തു പറയുന്നത്. അതുകൊണ്ട് തന്നെ കണ്ണൂർ എംപിയിലാണ് സംവിധായകന് വിശ്വാസം.

ടിപി 51 വെട്ട് സിനിമയെ ഒതുക്കാൻ നടന്നത് വലിയ ഗൂഢാലോചന:

ടിപി ചന്ദ്രശേഖരൻ വധത്തിനു പിന്നിൽ നടന്ന വലിയ ഗൂഢാലോചനയെ പോലെത്തന്നെ ടിപി 51 വെട്ട് എന്ന സിനിമയെ ഒതുക്കുന്നതിന് പിന്നിലും വലിയ ഗൂഢാലോചന നടന്നുവെന്നാണ് സംവിധായകൻ മുൻപ് മറുനാടനോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയത്. ഇടത്-വലത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് സിനിമയെ ഒതുക്കുന്നതിനു പിന്നിൽ നടന്നത്. ടിപി 51 വെട്ട് എന്ന സിനിമ നിശബ്ദമാക്കിയതിന് ശേഷവും തനിക്കുനേരെ ഫാസിസ്റ്റ് ശക്തികളുടെ വേട്ടയാടൽ നടക്കുന്നു. തന്റെ അഞ്ചോളം പരസ്യ ചിത്രങ്ങൾ നിശബ്ദമാക്കി. പരസ്യങ്ങളുടെ സ്റ്റോറി ബോർഡ് തയ്യാറായതാണ്. ക്ലൈൻഡ്‌സിന് അത് ഇഷ്ടപ്പെടുകയും അവർ അഡ്വാൻസ് നൽകുകയും ചെയ്തതാണ്. എന്നാൽ അതിന് ശേഷം ആ പരസ്യ ചിത്രങ്ങളെല്ലാം നിശബ്ദമാക്കപ്പെട്ടു. അഡ്വാൻസ് നൽകിയവരെല്ലാം അതിൽ നിന്ന് പിന്മാറി. ഇതുമായി മുന്നോട്ട് പോയാൽ സ്ഥാപനം പൂട്ടിപ്പോവേണ്ടി വരും എന്നാണ് അവർ കാരണമായി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ന് വലിയ ഉച്ചത്തിൽ കുരയ്ക്കുന്നവർത്തന്നെയാണ് ഇതിനു പിന്നിലുള്ളത്.

വന്നത് തിയേറ്ററുകൾ ബോംബ് വച്ച് തകർക്കും എന്ന ഭീഷണി

തിയേറ്റർ ഉടമകളുമായി സംസാരിച്ചതിനനുസരിച്ച് 69 തിയേറ്ററുകൾ ടിപി 51 വെട്ട് പ്രദർശിപ്പിക്കാനായി തരാൻ അന്ന് ലിബർട്ടി ബഷീർ സന്നദ്ധനായിരുന്നു. ഇതനുസരിച്ച് എല്ലാ തിയേറ്ററുകളിലും സിനിമയുടെ പോസ്റ്ററുകൾ എത്തിക്കുകയും ചെയ്തു. ഇതിനിടയ്ക്കാണ് വടകരയിലെ കേരള കൊയർ തിയേറ്ററിലെ സിഐടിയു അംഗങ്ങൾ എന്നു അവകാശപ്പെടുന്ന ജീവനക്കാർ ടിക്കറ്റ് മുറിക്കില്ല എന്നു പറയുന്നത്. ഒരു വെള്ളയാഴ്ചയാണ് സിനിമ റീലീസ് ചെയ്യാൻ ഒരുങ്ങിയിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം തിയേറ്റർ ഉടമകളുടെ സംഘടനാ ഭാരവാഹികൾ വിളിച്ച് തിയേറ്റർ വിട്ടുതരാൻ പറ്റിലെന്ന് പറഞ്ഞു. വിട്ടുക്കൊടുത്താൽ തിയേറ്റർ ബോംബുവെച്ചു തകർക്കുമെന്ന് ഭീഷണിയുണ്ട് എന്നാണ് അവർ കാരണമായി പറഞ്ഞത്. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് കെ സുധാകരൻ എന്നിവർ ഇടപ്പെട്ട് അഞ്ച് സർക്കാർ തിയേറ്ററുകൾ അനുവദിച്ചു തരികയായിരുന്നു. ഈ അഞ്ച് തിയേറ്ററുകളിലും 70 ദിവസത്തോളം സിനിമ
പ്രദർപ്പിച്ചെന്നും മൊയ്തു പറഞ്ഞു.

പിന്മാറിയത് 80 ഓളം തിരക്കഥാകൃത്തുകൾ

വലിയ ഭീഷണികളെ മറി കടന്നാണ് ടിപി 51 വെട്ട് എന്ന സിനിമ പൂർത്തിയാക്കിയത്. 80 ഓളം തിരക്കഥാ കൃത്തുകൾ പേടിച്ച് ഈ സിനമയിൽ നിന്നും പിന്മാറി. അഡ്വാൻസ് നൽകിയതിന് ശേഷം 22 നിർമ്മാതാക്കളാണ് ഈ സിനിമയിൽ നിന്നും പിന്മാറിയത്. ഞങ്ങൾക്ക് തെരുവിലൂടെ നടക്കാൻ സാധിക്കില്ല എന്നു പറഞ്ഞായിരുന്നു പിന്മാറിയത്. ടിപി ചന്ദ്രശേഖരനായി അഭിനയിക്കാൻ വിജയ രാഘവൻ ആദ്യം തയ്യാറായതാണ്. പിന്നീട് അദ്ദേഹവും പിന്മാറി. അങ്ങനെ പദ്ധതി ഉപേക്ഷിക്കേണ്ട ഘട്ടം വരെ എത്തിയതാണ്. എന്നാൽ നാട്ടിൽ നിന്നു തന്നെ നായകനെ കണ്ടെത്താനായതോടെ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു.

ചിത്രീകരണ സമയത്തും വലിയ എതിർപ്പുകളെ നേരിടേണ്ടി വന്നു. മുടക്കോഴി മലയിൽ സംഘട്ടന രംഗം ചിത്രീകരിക്കവെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവർ വന്നു തടഞ്ഞു. പിന്നീട് തൊടുപുഴയിൽ വച്ചാണ് സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഈ സിനിമ ചെയ്ത ഒറ്റക്കാരണംക്കൊണ്ട് വീട് മാറേണ്ടി വന്നെന്നും കുട്ടികളുടെ പഠനം അവതാളത്തിലായെന്നും അന്ന് മൊയ്തു പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP