Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

ശിവശങ്കറിന്റെ വൈറ്റ്‌കോളറിൽ കരിപുരണ്ടതോടെ ഐഎഎസുകാർ തമ്മിൽ മുട്ടൻ അടി; 'മിടുക്കനായ' ഐഎഎസുകാരനെ പേരുദോഷത്തിൽ നിന്ന് രക്ഷിക്കാൻ രംഗത്തിറങ്ങിയത് ഉറ്റസുഹൃത്ത്; അസോസിയേഷൻ കൂടി ഉടൻ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യം; രാജ്യം മുഴുവൻ നാണം കെടുത്തിയിട്ട് ഇനി ചർച്ചയോ എന്ന് മറുവിഭാഗം; ടി.ഒ.സൂരജും ശ്രീറാമും അറസ്റ്റിലായപ്പോഴും ഈ പതിവ് ഉണ്ടായില്ലെന്നും വാദം; ശിവശങ്കറിനെ രക്ഷിക്കാൻ ചരടുവലികൾ ഇങ്ങനെ

ശിവശങ്കറിന്റെ വൈറ്റ്‌കോളറിൽ കരിപുരണ്ടതോടെ ഐഎഎസുകാർ തമ്മിൽ മുട്ടൻ അടി; 'മിടുക്കനായ' ഐഎഎസുകാരനെ പേരുദോഷത്തിൽ നിന്ന് രക്ഷിക്കാൻ രംഗത്തിറങ്ങിയത് ഉറ്റസുഹൃത്ത്; അസോസിയേഷൻ കൂടി ഉടൻ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യം; രാജ്യം മുഴുവൻ നാണം കെടുത്തിയിട്ട് ഇനി ചർച്ചയോ എന്ന് മറുവിഭാഗം; ടി.ഒ.സൂരജും ശ്രീറാമും അറസ്റ്റിലായപ്പോഴും ഈ പതിവ് ഉണ്ടായില്ലെന്നും വാദം; ശിവശങ്കറിനെ രക്ഷിക്കാൻ ചരടുവലികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇതുപോലൊന്ന് മുമ്പ് സംഭവിച്ചിട്ടില്ല. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരുമുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുക. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ ഇടത് സർക്കാരിന് കളങ്കം വരുത്തിയെന്ന കാര്യത്തിൽ സംശയമില്ല. മുമ്പും ഐഎഎസ് ഉദ്യോഗസ്ഥർ കേസുകളിൽ പെട്ടിട്ടുണ്ടെങ്കിലും ശിവശങ്കറിന്റേത് ഗുരുതര ചട്ടലംഘനങ്ങളിൽ പെടുന്നു. ശിവശങ്കർ മിടുക്കനായ ഉദ്യോഗസ്ഥനെന്ന പേരു കേൾപ്പിച്ചിട്ടുണ്ടെങ്കിലും അത് അന്തിമമായി പേരുദോഷത്തിലാണ് വന്നുഭവിച്ചത്. മികച്ച അക്കാദമിക് റെക്കോഡുള്ള കൺഫേർഡ് ഐപിഎസുകാരൻ ഒരുപക്ഷേ ചീഫ് സെക്രട്ടറി പദം വരെ എത്തുമായിരുന്നു. സർവീസ് രണ്ടുവർഷം കൂടി അവശേഷിക്കെ. ഏതായാലും ശിവശങ്കറിന്റെ അപദാനങ്ങൾ പാടി അദ്ദേഹത്തെ രക്ഷിച്ചെടുക്കാൻ ഒരുവിഭാഗം ഐഎഎസ് ഉദ്യോഗസ്ഥർ ശ്രമം തുടങ്ങി എന്നതാണ് പുതിയ വാർത്ത. ഐഎഎസുകാരുടെ വാട്്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഇതേചൊല്ലി ചൂടേറിയ തർക്കം നടക്കുന്നതായാണ് വിവരം. ഇതെ ചൊല്ലി തർക്കം പൊരിഞ്ഞ അടിയായി മാറി.

ശിവശങ്കറിന്റെ ഉറ്റസുഹൃത്തായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് അക്കാദമിക് റെക്കോഡുകളും, ഭരണപരിചയ മികവും ഒക്കെ പ്രചരിപ്പിച്ച് ചരട് വലി തുടങ്ങിയത്. ഐഎഎസ് അസോസിയേഷൻ യോഗം ചേർന്ന് ഉടൻ് ഇക്കാര്യം ചർച്ച ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഒരുവിഭാഗം തഴക്കം ചെന്ന ഉദ്യോഗസ്ഥർ ഈ വാദത്തെ പിന്തുണച്ചപ്പോൾ യുവ ഉദ്യോഗസ്ഥരടക്കം മറുവിഭാഗം ഇതിനെ ശക്തമായി എതിർത്തു. കേരളത്തിൽ പണിയെടുക്കുന്ന ഐഎഎസുകാരെ മുഴുവൻ ദേശീയതലത്തിൽ കൂടി നാണക്കേടിലാക്കിയ ഉദ്യോഗസ്ഥനെ പിന്തുണയ്ക്കുന്നത് വലിയ അബദ്ധമാകുമെന്നാണ് ഇവരുടെ വാദം. ഈ വിഷയം ചർച്ച ചെയ്യാൻ യോഗം കൂടേണ്ട കാര്യമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും ഇവർ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഏതായാലും ഏതുകാര്യത്തിലുമെന്ന പോലെ ശിവശങ്കറിനെ പിന്തുണയ്ക്കുന്ന കാര്യത്തിലും ഭിന്നത രൂക്ഷമാണ്.

മുമ്പൊരിക്കലും ഉണ്ടാകാത്ത സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അസോസിയേഷൻ ഉടൻ യോഗം ചേരണമെന്നും ശിവശങ്കർ അറസ്റ്റിലായ ദിവസം തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെട്ടു. എന്നാൽ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പടെയുള്ളവർ ഇതിനെ എതിർത്തു. ഇത് ഫലവത്താകാതെ വന്നതോടെ ശിവശങ്കറിന് അനുകൂലമായി വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപകപ്രചാരണം തുടങ്ങി.ശിവശങ്കർ കൺഫേഡ് ഐപിഎസുകാരൻ ആയതുകൊണ്ട് അദ്ദേഹത്തോട് ചിറ്റമ്മ നയം കാട്ടുകയാണെന്ന ആക്ഷേപവും ഉയർന്നു. എന്നാൽ, ടി.ഒ.സൂരജോ, ശ്രീറാം വെങ്കിട്ടരാമനോ അറസ്റ്റിലായപ്പോൾ ഇത്തരം യോഗം ചേർന്ന പതിവില്ലെന്ന് മറുവിഭാഗം പ്രതിരോധം തീർത്തു.

നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ നിയമലംഘനത്തിന് കൂട്ടുനില്ക്കുന്നു എന്ന പൊതുവികാരം നിലനിൽക്കുമ്പോൾ ഇത്തരത്തിൽ യോഗം ചേരുന്നത് അനൗചിത്യമാകുമെന്നും മറുവിഭാഗം പറയുന്നു. ശിവശങ്കറിനെതിരെ സർക്കാർ തലത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചനയുണ്ട്. ഈ പശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ഈ പരിശ്രമമെന്നും ആരോപണമുണ്ട്. ഐ എ എസുകാർ മുഴുവൻ സ്വർണക്കടത്തുകാരിയെ സഹായിച്ച ഉദ്യോഗസ്ഥനൊപ്പം ഉണ്ട് എന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
സമീപകാലത്ത് മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രനായ ഉദ്യോഗസ്ഥനാണ് ശിവശങ്കറിന് വേണ്ടി ചരട് വലിക്കുന്നതെന്നും സൂചനയുണ്ട്. ഇടത് അനുഭാവിയായ ഇദ്ദേഹം സർക്കാരിന്റെ മുന്നിൽ നല്ല പിള്ള ചമയാനാണ് ശ്രമിക്കുന്നതെന്നും ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.

വൈറ്റ് കോളറിൽ കരിപുരളുന്നത് ആദ്യമല്ല

ചീഫ് സെക്രട്ടറിയായിരിക്കെ ഭൂമി ഇടപാടിൽ അഴിമതി നടത്തിയെന്ന കേസിൽ ആർ.രാമചന്ദ്രൻ നായരെ വിജിലൻസ് കോടതി ശിക്ഷിച്ചിട്ടുണ്ട്. നാല് വിജിലൻസ് കേസുകളായിരുന്നു ആർ രാമചന്ദ്രൻ നായർക്കെതിരെ ഉണ്ടായിരുന്നത്. കാലടിയിലെ ശ്രീ ശങ്കരാചാര്യ സർവകലാശാലയ്ക്ക് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു കേസുകൾ. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തസ്തികയുൾപ്പെടെ വഹിച്ചിട്ടുള്ള അദ്ദേഹത്തെ 1997 ജനുവരി 10 നാണ് സസ്പെൻഡ് ചെയ്തത്.

1972ൽ റവന്യു ബോർഡ് അംഗമായിരുന്ന കെ.കെ.രാമൻകുട്ടിയാണ് ഈ പട്ടികയിലെ മറ്റൊരാൾ. സംസ്ഥാനത്ത് ആദ്യമായി പിരിച്ചുവിടൽ നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് കെ കെ രാമൻ കുട്ടി. കേരള കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട ഭൂമിയിടപാടായിരുന്നു കെ കെ രാമൻകുട്ടിക്കെതിരായ നടപടിക്ക് ആധാരം. സ്ഥലമേറ്റെടുപ്പിനെക്കുറിച്ചു തയാറാക്കിയ റിപ്പോർട്ട് ക്രമവിരുദ്ധമാണെന്നു ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തിയായിരുന്നു നടപടി.

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസിൽ ആരോപണ വിധേയനായ മുൻ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും റിമാൻഡിൽ കഴിയുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ ഒന്നാം പ്രതിയായെങ്കിലും ശ്രീറാം ജാമ്യം നേടി ജയിൽവാസത്തിൽ നിന്നു രക്ഷപ്പെട്ടു. കാറോടിക്കുമ്പോൾ മദ്യപിച്ചിരുന്നെങ്കിലും അതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിയാതെ വന്നതാണ് ശ്രീറാമിന് രക്ഷയായത്. ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രാത്രി തന്നെ മാറ്റിയതും ഏറെ വൈകി ആൽക്കഹോൾ ടെസ്റ്റ് നടത്തിയതും ഒക്കെ വിവാദമായിരുന്നു.

ഇതിലെല്ലാം ഉപരി കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവശങ്കർ പ്രതിയായിരിക്കുന്നത്. രാജ്യദ്രോഹപരമായ സ്വർണക്കടത്തിലെ പ്രതികളുമായി അദ്ദേഹത്തിന് ഉറ്റസുഹൃദ് ബന്ധം ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. ഇത്തരമൊരു സാഹചര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് കരുതാതെ ഐഎഎസുകാർ കടിപിടികൂടുകയും മുറവിളി ഉയർത്തുകയും ചെയ്യുന്നതിലെ ഔചിത്യം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP