Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലംബോധരനടക്കമുള്ള ആളുകൾ സർക്കാർ ഭൂമി വൻതോതിൽ കയ്യേറി; മന്ത്രിക്ക് കലക്ടറേയും സബ് കലക്ടറേയും തെറിവിളിക്കാൻ വേദി ഒരുക്കി കൊടുത്തത് അഡീഷണൽ ചീഫ് സെക്രട്ടറി; ശ്രീറാം വെങ്കിട്ടരാമൻ പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് ഓഫീസർമാർ പാലിച്ചില്ല; സർക്കാർ ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണ സമയത്ത് ആക്രമിച്ചിട്ടും ആരും നടപടിയെടുത്തില്ല; കൈയേറ്റത്തിൽ മന്ത്രി മണി ഒന്നാം പ്രതി; മൂന്നാറിൽ പിണറായി സർക്കാരിനെ കുടുക്കുമോ ലോകായുക്താ കേസ്?

ലംബോധരനടക്കമുള്ള ആളുകൾ സർക്കാർ ഭൂമി വൻതോതിൽ കയ്യേറി; മന്ത്രിക്ക് കലക്ടറേയും സബ് കലക്ടറേയും തെറിവിളിക്കാൻ വേദി ഒരുക്കി കൊടുത്തത് അഡീഷണൽ ചീഫ് സെക്രട്ടറി; ശ്രീറാം വെങ്കിട്ടരാമൻ പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് ഓഫീസർമാർ പാലിച്ചില്ല; സർക്കാർ ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണ സമയത്ത് ആക്രമിച്ചിട്ടും ആരും നടപടിയെടുത്തില്ല; കൈയേറ്റത്തിൽ മന്ത്രി മണി ഒന്നാം പ്രതി; മൂന്നാറിൽ പിണറായി സർക്കാരിനെ കുടുക്കുമോ ലോകായുക്താ കേസ്?

കോഴിക്കോട്: മൂന്നാർ കൈയേറ്റ കേസ് പിണറായി സർക്കാരിന് വിനയാകുമോ? മന്ത്രി എംഎം മണിയെ ഒന്നാം പ്രതിയാക്കി സമർപ്പിച്ച ഹർജി ലോകായ്കുത ഫയലിൽ സ്വീകരിച്ചതോടെയാണ് ഈ ചർച്ച സജീവമാകുന്നത്. ലോകായുക്തയുടെ പരാമർശങ്ങൾ എതിരായാൽ മന്ത്രി വലിയ പ്രതിസന്ധിയിലാകും. ഇടുക്കി സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് അനുസരിക്കാത്ത പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എംഎം മണിയുടെ സഹോദരൻ ലംബോധരനേയും ദേവികുളം എംഎൽഎ എസ് രാജേന്ദ്രനേയും കേസിൽ കക്ഷി ചേർക്കുമെന്നാണ് സൂചന.

പൊതു പ്രവർത്തകൻ രവി ഉള്ള്യേരിയാണ് ലോകായുക്തയിൽ പരാതി നൽകിയത്. മൂന്നാറിൽ എല്ലാ നിയമ സംവിധാനങ്ങളും കാറ്റിൽ പറത്തിയ മന്ത്രി എംഎം മണിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഈ മാസം 24ന് കണ്ണൂരിൽ വെച്ച് നടന്ന സിറ്റിങ്ങിൽ ഹർജിയുടെ ഹിയറിങ്ങ് നടന്നു. തുടർന്ന് വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഇതനുസരിച്ച് 26ന് കോഴിക്കോട് നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കി ഹർജി സ്വീകരിക്കുകയുമായിരുന്നു.

വൈദ്യുതി മന്ത്രി എംഎം മണി, അഡീഷണൽ ചീഫ് സെക്രട്ടറി, ദേവികുളം എസ്ഐ ജോൺസൺ, എഎസ്ഐ പുണ്യദാസ്, ദേവികുളം സിഐ, ദേവികുളം പഞ്ചായത്ത് അംഗം സുരേഷ്, സി.പി.എം നേതാവ് ജോബി, ഇടുക്കി കലക്ട്രേറ്റിലെ സെക്ഷൻ സൂപ്രണ്ട് എന്നിവർരെ യഥാക്രമം ഒന്നു മുതൽ ഏഴുവരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. കൂടുതൽ കക്ഷികളെ പ്രതി ചേർക്കാനായി കേസ് അടുത്ത മാസം ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. അന്ന് മന്ത്രി എംഎം മണിയുടെ സഹോദരൻ ലംബോധരൻ, ദേവികുളം എംഎൽഎ രാജേന്ദ്രൻ എന്നിവരെ പ്രതി ചേർക്കുമെന്നാണ് സൂചന. ഹർജിയിൽ പറയുന്ന പ്രതികൾക്കെതിരെ അന്ന് നോട്ടീസ് നൽകിയേക്കും.

മന്ത്രി എംഎം മണിയുടെ അനിയൻ ലംബോധരനടക്കമുള്ള ആളുകൾ സർക്കാർ ഭൂമി വൻതോതിൽ കൈയേറിയിട്ടുണ്ടെന്നും ഇത് മറച്ച് വെയ്ക്കാനാണ് മൂന്നാറിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നു. മന്ത്രി എംഎം മണിയും കുടുംബവും വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചത് സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അഡീഷണൽ ചീഫ് സെക്രട്ടറി മൂന്നാറിൽ അഴിമതി നടത്താൻ സൗകര്യം ചെയ്തുക്കൊടുത്തെന്ന് പരാതിയിൽ ആരോപിക്കുന്നു. മന്ത്രി എംഎം മണിക്ക് കലക്ടറേയും സബ് കലക്ടറേയും തെറിവിളിക്കാൻ വേദി ഒരുക്കി കൊടുത്തത് അഡീഷണൽ ചീഫ് സെക്രട്ടറിയാണെന്നും ഹർജിയിൽ പറയുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് ഓഫീസർമാർ പാലിച്ചില്ല എന്നത് ഗുരുതരമായ കുറ്റമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ പ്രോസിക്യൂഷൻ കോഡ് 44, ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 129 എന്നിവ പ്രകാരം ഗുരുതരമായ കുറ്റമാണ് ദേവികുളം സിഐ, എസ്ഐ, എഎസ്ഐ എന്നിവർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഇവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സർക്കാർ ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണ സമയത്ത് ആക്രമിച്ചു എന്നതാണ് സി.പി.എം നേതാവ് ജോബിക്കെതിരെയുള്ള പരാതി. വലിയ കുറ്റം ചെയ്തിട്ടും ഇയാൾക്കെതിരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ദേവികുളം പഞ്ചായത്ത് മെമ്പർ പൊതുവേദിയിൽ നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയും തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമം വൻ കോളിളക്കമാണ് കേരളത്തിൽ ഉണ്ടാക്കിയത്. ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ അന്നത്തെ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന് വൻ എതിർപ്പാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നത്. എംഎൽഎ എസ് രാജേന്ദ്രൻ, എംഎം മണിയുടെ സഹോദരൻ ലംബോധരൻ തുടങ്ങിയവർ ഭൂമി കൈയേറി എന്ന ആരോപണം ഉയർന്നു. എംഎം മണി പരസ്യമായി ഒഴിപ്പിക്കലിനെതിരെ രംഗത്തു വന്നു.

സി.പി.എം, സിപി ഐകക്ഷികൾ രണ്ടു തട്ടിലായി. കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പടെയുള്ളവർ തടയുന്ന സ്ഥിതിവരെയുണ്ടായി. മൂന്നാർ വൻവിവാദമായതോടെ ഒഴിപ്പിക്കൽ തൽക്കാലത്തേക്ക് നിർത്തി വെയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP