Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മോശയുടെ വടിക്കും വെള്ളിക്കാശിനും' സുരക്ഷയൊരുക്കാൻ പൊലീസിനോട് ബെഹ്‌റ നിർദേശിച്ചപ്പോഴും പൊലീസ് കണ്ണിൽ കാര്യങ്ങൾ നോക്കിയത് മനോജ് എബ്രഹാം; മോൻസൻ മാവുങ്കലിന് കുരുക്കായത് മനോജ് എബ്രഹാമിനെ വാളെടുപ്പിച്ചത്; കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഐജിക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചും മനോജ്

'മോശയുടെ വടിക്കും വെള്ളിക്കാശിനും' സുരക്ഷയൊരുക്കാൻ പൊലീസിനോട് ബെഹ്‌റ നിർദേശിച്ചപ്പോഴും പൊലീസ് കണ്ണിൽ കാര്യങ്ങൾ നോക്കിയത് മനോജ് എബ്രഹാം; മോൻസൻ മാവുങ്കലിന് കുരുക്കായത് മനോജ് എബ്രഹാമിനെ വാളെടുപ്പിച്ചത്; കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഐജിക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചും മനോജ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോൻസൻ മാവുങ്കൽ എന്ന സാധാരണക്കാരൻ എങ്ങനെയാണ് കോടികളുടെ തട്ടിപ്പു നടത്തിയത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇനിയും കൂടുതലായി പുറത്തുവരാനുണ്ട്. ഇപ്പോൾ പുറത്തുവന്നത് 20 കോടിയോളം രൂപയുടെ തട്ടിപ്പുകളാണെങ്കിലും അതിലും കൂടുതൽ തുക പോയവർ ഉണ്ടാകാം എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദമാണ് മാവുങ്കൽ തന്റെ തട്ടിപ്പിന് മറയാക്കിയതും തന്നിലേക്ക് അന്വേഷണം എത്താതിരിക്കാൻ ഇടയാക്കിയതും. സംസ്ഥാനത്തെ മുൻ പൊലീസ് മേധാവി ആയിരുന്ന ലോകനാഥ് ബെഹ്‌റയുമായി വളരെ അടുത്ത ബന്ധമായിരുന്നു മോൻസണ് ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള അടുപ്പം കീഴ് ഉദ്യോഗസ്ഥരെയും അദ്ദേഹത്തിലേക്ക് അടുപ്പിക്കാൻ സാധിച്ചു. അതേസമയം സംസ്ഥാന പൊലീസിലെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന്റെ കൈയിൽ വാളു പിടിപ്പിച്ചതോടെയാണ് കാര്യങ്ങൾ തകിടം മറിയുന്നതും മോൻസണിലെ തട്ടിപ്പുകാരനെ പുറംലോകം അറിയുന്നതും.

മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് വിവാഹം കൊച്ചിയിൽ വെച്ചു നടന്നു വേളയിൽ ഈ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മനോജ് എബ്രഹാം അന്നത്തെ ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്ക് ഒപ്പം മോൻസൻ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിക്കുന്നത്. കല്യാണത്തിൽ പങ്കെടുത്ത ശേഷം ഡിജിപി ബെഹ്‌റ മ്യൂസിയത്തിൽ കാണാൻ പോയി. വലിയ അടുപ്പമുള്ള വ്യക്തിയാണ് മോൻസൺ എന്നു പറഞ്ഞ് ഒപ്പം മനോജ് എബ്രഹാമിനെയും കൂട്ടുകയായിരുന്നു. അന്ന് മനോജ് എബ്രഹാം സംശയം മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചിരുന്നു.

ആ മ്യൂസിയത്തിൽ ഉണ്ടായിരുന്ന വസ്തുക്കൾ വ്യാജമായി നിർമ്മിക്കണെങ്കിൽ പോലും കോടികൾ വേണ്ടി വരുമെന്നായിരുന്നു മനോജിന്റെ നിഗമനം. എന്നാൽ, ഈ സംഭവത്തിൽ തുടർ അന്വേഷണത്തിന് മുതിർന്നപ്പോൾ ബെഹ്‌റ അടക്കമുള്ളവർ കാര്യമായ താൽപ്പര്യം കാണിച്ചില്ല. തിരുവനന്തപുരത്ത് എത്തിയ ശേഷം മനോജ് എബ്രഹാം തന്റെ പൊലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് മോൻസണെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തി. പരാതി ഇല്ലാത്തതു കൊണ്ടാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നത്. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർക്ക് മുന്നറിയിപ്പും മനോജ് എബ്രഹാം നൽകുകയുണ്ടായി.

ഇതിനിടെ മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കൊണ്ട് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റർക്ക് കത്തയപ്പിച്ചതും മനോജായിരുന്നു. അനധികൃതമായ സാമ്പത്തിക ഇടപാടാണ് നടക്കുന്നതെന്ന ബോധ്യത്തിലാണ് ഇതേക്കുറിച്ച് എൻഫോഴ്‌സ്‌മെന്റിന് കത്തയപ്പിച്ചതും. 2020 ഫെബ്രുവരിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് ലോക്‌നാഥ് ബെഹ്‌റ കത്തയച്ചത്. പ്രത്യേകിച്ചൊരു വരുമാന സ്രോതസും ഇല്ലാതെയാണ് മോൻസൺ കോടികളുടെ ആസ്തി സമ്പാദിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. ആഡംബര കാറുകളും ഭൂസ്വത്തുക്കളും പുരാവസ്തുശേഖരവും ഇയാളുടെ കൈവശമുണ്ട്. പുരാവസ്തുക്കളിൽ ചിലതെല്ലാം മോഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും തിരുവിതാകൂർ രാജവംശത്തിന്റേതെന്ന് അവകാശപ്പെടുന്ന രാജകീയ സിംഹാസനം അടക്കം പലതും വ്യാജമാണെന്നും അവയുടെ ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു ശുപാർശ.

വീടുകളും സ്വത്തുക്കളുമെല്ലാം സ്വകാര്യ സുരക്ഷാ ഏജൻസിയുടെ മുഴുവൻ സമയ കാവലിലാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അപ്പോഴും കേസെടുത്തില്ല. ഈ സമയത്ത് മോൻസനെതിരെ ആരുടെയും പരാതി ഉണ്ടായിരുന്നില്ലെന്നും ഇന്റലിജൻസ് അന്വേഷത്തിൽ അനധികൃത സ്വത്ത് സമ്പാദനം വ്യക്തമായതു കൊണ്ടാണ് എൻഫോഴ്‌സ്‌മെന്റിന് കത്ത് നൽകിയതെന്നുമാണ് പൊലീസിന്റെ ന്യായീകരണം. ഇതിനും ഒന്നരവർഷത്തിന് ശേഷം ഈ മാസമെടുത്ത കേസിലാണ് മോൻസന്റെ അറസ്റ്റ്.

അതേസമയം, ഈ സംഭവത്തിന് മുമ്പ് മോൺസൺ മാവുങ്കലിന്റെ വീടുകൾക്ക് സുരക്ഷയൊരുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ടായിരുന്നു. ആലപ്പുഴ എസ്‌പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. 2019 ജൂൺ 13ന് ഡി.ജി.പി അയച്ച കത്തുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചേർത്തലയിലെയും കൊച്ചിയിലെയും വീടുകൾക്കുമാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. 'മോശയുടെ വടി, മൈസൂരു കൊട്ടാരത്തിലെ പഞ്ചലോഹ വിഗ്രഹം, ശ്രീനാരായണഗുരുവിന്റെ വടി, മൈസൂരു കൊട്ടാരത്തിലെ പഞ്ചലോഹ ശിൽപം, മൈസൂരു കൊട്ടാരത്തിന്റെ ഒറിജിനൽ ആധാരം, വജ്രക്കല്ലുകൾ പൊതിഞ്ഞ കോടികൾ'' തുടങ്ങിയ അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോൻസൺ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്‌നാഥ് ബെഹ്‌റ കത്തിൽ ആവശ്യപ്പെട്ടത്.

നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേർത്തലയിലേക്കും ബഹ്‌റ ഇതെ ആവശ്യം ഉന്നയിച്ച് കത്ത് അയച്ചിട്ടുണ്ട്. ഡി.ജി.പിയുടെ നിർദേശ പ്രകാരം സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന മറുപടി ജില്ലകളിൽ നിന്ന് ഡി.ജി.പി കത്ത് മുഖേന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെഹ്‌റ മോൻസനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോൻസന്റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്‌റയാണ് നിർദ്ദേശം നൽകിയതെന്ന് വ്യക്തമാകുന്നത്.

മോൻസണെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ കേസ് അട്ടിമറിക്കാനും ശ്രമമുണ്ടായി. മാവുങ്കലിനെതിരായ കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഐജിക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. ഐജി ലക്ഷ്മണയ്ക്കാണ് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. കേസിലെ ഐജിയുടെ ഇടപെടൽ മനസിലാക്കിയ ഉടൻ തന്നെ നോട്ടിസ് നൽകിയിരുന്നെന്നും പൊലീസ് വിശദീകരിച്ചു. 2010 ലാണ് ആലപ്പുഴ എസ്‌പിയിൽ നിന്ന് ചേർത്തല സിഐയിലേക്ക് മോൻസണിനെതിരായ കേസിന്റെ അന്വേഷണ ചുമതല മാറ്റിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നൽകിയത് സോഷ്യൽ പൊലീസിന്റെ ചുമതലയുള്ള ഐജി ലക്ഷ്മണയാണ്. തുടർന്ന് ഒക്ടോബർ 16 നാണ് എഡിജിപി നോട്ടീസ് നൽകിയതും അന്വേഷണം മാറ്റി നൽകിയ നടപടി തിരുത്തിയതും.

മോൻസന്റെ അറസ്റ്റിലേക്ക് നയിച്ച ഇടപെടൽ നടത്തിയതും മനോജ് എബ്രഹാമായിരുന്നു. ശനിയാഴ്ച ചേർത്തലയിലെ വീട്ടിൽ മോൻസനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് എത്തിയതു രഹസ്യമായിട്ടായിരുന്നു. ചേർത്തല പൊലീസുമായി മോൻസണ് അടുത്ത ബന്ധമാണ് ഉള്ളതെന്ന തിരിച്ചറിവിലാണ് ഈ നടപടി. ചേർത്തല പൊലീസ് സ്റ്റേഷൻ അടുത്തായിട്ടും അറിയിച്ചില്ല. മഫ്തിയിൽ 2 വാഹനങ്ങളിലായി എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് മോൻസനെ പിടികൂടിയത്. മോൻസന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ പ്രവേശിച്ചത്. എങ്ങനെയാണ് അറസ്റ്റു ചെയ്യേണ്ടതെന്ന നിര്‌ദേശം അടക്കം നൽകിയത് മനോജ് എബ്രഹാമായിരുനന്ു.

ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ അതിഥികൾ ആയിരിക്കുമെന്നാണു വീട്ടുകാർ കരുതിയത്. അറസ്റ്റ് ചെയ്യാൻ പോവുകയാണെന്നു പറഞ്ഞതോടെ മോൻസൻ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകർ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളഞ്ഞു. മോൻസനുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുട പ്രവർത്തനങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചേക്കും. വകുപ്പു തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP