Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുളംകലക്കി മീൻ പിടിക്കാൻ ജോസഫിനെ പ്രേരിപ്പിക്കുന്നത് മോൻസ് ജോസഫെന്ന് മാണിയുടെ അനുയായികൾ; കോട്ടയം സീറ്റ് ചോദിച്ച് രംഗത്തിറങ്ങാനും തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ചെയർമാൻ പദവി നേടാനും ജോസഫിനെ പ്രേരിപ്പിക്കുന്നത് മോൻസ് തന്നെ; അടുത്ത തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി എംഎൽഎ തോൽപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ജോസ് കെ മാണി അനുയായികൾ; ക്‌നാനായക്കാരിയായ സിന്ധുമോൾ ജേക്കബിനെ ഇടത് സ്ഥാനാർത്ഥി ആക്കിയാൽ ബാക്കി ഞങ്ങൾ നോക്കികൊള്ളാമെന്ന് സിപിഎമ്മിന് സന്ദേശം ചെന്നതായി റിപ്പോർട്ട്

കുളംകലക്കി മീൻ പിടിക്കാൻ ജോസഫിനെ പ്രേരിപ്പിക്കുന്നത് മോൻസ് ജോസഫെന്ന് മാണിയുടെ അനുയായികൾ; കോട്ടയം സീറ്റ് ചോദിച്ച് രംഗത്തിറങ്ങാനും തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ചെയർമാൻ പദവി നേടാനും ജോസഫിനെ പ്രേരിപ്പിക്കുന്നത് മോൻസ് തന്നെ; അടുത്ത തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി എംഎൽഎ തോൽപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ജോസ് കെ മാണി അനുയായികൾ; ക്‌നാനായക്കാരിയായ സിന്ധുമോൾ ജേക്കബിനെ ഇടത് സ്ഥാനാർത്ഥി ആക്കിയാൽ ബാക്കി ഞങ്ങൾ നോക്കികൊള്ളാമെന്ന് സിപിഎമ്മിന് സന്ദേശം ചെന്നതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മോഹം പിജെ ജോസഫിന്റെ മനസ്സിലേക്ക് വാരിയെറിഞ്ഞത് മോൻസ് ജോസഫായിരുന്നു. ജോസഫിനെ എംപിയാക്കി കേരള രാഷ്ട്രീയത്തിൽ നിന്ന് അകറ്റാനായിരുന്നു മോൻസിന്റെ നീക്കം. കോട്ടയം, ഇടുക്കി സീറ്റുകൾക്ക് വേണ്ടി ജോസഫിനെ രംഗത്തിറക്കിയത് മോൻസായിരുന്നു. ജോസഫിനെ കേരളത്തിൽ നിന്ന് മാറ്റി വീണ്ടും മന്ത്രിയാക്കാനുള്ള മോൻസിന്റെ മോഹമായിരുന്നു ഇതിന് കാരണം. എന്നാൽ സമർത്ഥമായ നീക്കങ്ങളിലൂടെ കെ എം മാണി അതിനെ വെട്ടി. മാണിയുടെ മരണത്തോടെ വീണ്ടും ജോസഫ് കളത്തിലിറങ്ങി. പാർട്ടി ചെയർമാൻ പദവിയാണ് ലക്ഷ്യം. ജോസ് കെ മാണിയെ വെട്ടി പാർട്ടിയിൽ രണ്ടാമനാകാനുള്ള മോൻസിന്റെ കരുനീക്കമാണ് ഇതിന് പിന്നിലെന്ന് ജോസ് കെ മാണി അനുകൂലികൾ തിരിച്ചറിയുന്നു. അതുകൊണ്ട് മോൻസിന് പണി കൊടുക്കാനാണ് അവരുടെ തീരുമാനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മോൻസിനെ കടുത്തുരുത്തിയിൽ തോൽപ്പിക്കാനാണ് കേരളാ കോൺഗ്രസിലെ പ്രബല ഗ്രൂപ്പ് നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. സിപിഎമ്മിന് ഇതിനുള്ള ഫോർമുലയും ഈ വിഭാഗം നൽകി കഴിഞ്ഞു.

ഉഴവൂരിലെ സിപിഎം പഞ്ചായത്ത് അംഗമാണ് സിന്ധുമോൾ ജേക്കബ്. സിന്ധുമോൾ ജേക്കബിന്റെ പ്രവർത്തനം മണ്ഡലം ഉൾക്കൊള്ളുന്നതാണ് കടുത്തുരിത്തി മണ്ഡലം. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിപുലമായ ബന്ധുബലമുണ്ട്. സിന്ധുമോൾക്ക്. കോട്ടയം ലോക്‌സഭയിലേക്ക് സിന്ധുമോളുടെ പേര് ചർച്ചയായിരുന്നു. കോട്ടയത്തെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിന്ധുമോളുടെ പേര് ഇടതുപക്ഷത്തിന് മുന്നിൽ നാല് മാസം മുമ്പ് എത്തിച്ചത് മോൻസ് ജോസഫായിരുന്നു. എന്നാൽ വിഎൻ വാസവൻ സ്ഥാനാർത്ഥിയായി. ഇതിനിടെ മാണിയുടെ മരണമെത്തി. കോട്ടയം ലോക്‌സഭയിൽ വെല്ലുവിളികൾ ഏതുമില്ലാതെ തോമസ് ചാഴിക്കാടൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും റിപ്പോർട്ടെത്തി. ഇതിന് പിന്നാലെയാണ് കേരളാ കോൺഗ്രസിൽ കലാപം തുടങ്ങിയത്. ഈ സാഹചര്യത്തിൽ സിന്ധുമോൾ ജേക്കബിനെ തന്നെ കടുത്തുരുത്തിയിൽ ഇടത് സ്ഥാനാർ്ത്ഥിയാക്കി മോൻസിന് തിരിച്ചടി കൊടുക്കാനാണ് കേരളാ കോൺഗ്രസിലെ മാണി വിഭാഗം കരുക്കൾ നീക്കുന്നത്. സിപിഎം നേതൃത്വത്തിന് ഈ സന്ദേശം കേരളാ കോൺഗ്രസുകാർ നൽകി കഴിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നത് വി.എൻ.വാസവനും സിന്ധുമോൾ ജേക്കബുമാണ്. മാണിക്ക് കാര്യങ്ങൾ എളുപ്പമാകാതിരിക്കാൻ ജോസഫ് പക്ഷത്തിന്റെ പ്രതീക്ഷ സിന്ധുമോൾ ജേക്കബ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു. കടുത്തുരുത്തിയിലെ എംഎൽഎ കൂടിയായ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫാണ് ഇടതുപക്ഷത്തിന് സിന്ധുമോൾ ജേക്കബിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. പിജെ ജോസഫിന് കേരളാ കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോൻസ് സിന്ധുമോളുമായി രംഗത്ത് വന്നത്. പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിന് പ്രതികാരമായി കേരളാ കോൺഗ്രസിനായി കെ എം മാണി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു. ഇത് മനസ്സിലായതോടെ ജോസ് കെ മാണിയും സന്ദർഭത്തിന് ഒത്തുയർന്നു. ഇതോടെ, വിഎൻ വാസവന്റെ പേര് ചർച്ചയാക്കി ജോസ് കെ മാണി മറുതന്ത്രം പണിതു. വിജയിച്ചത് ഈ തന്ത്രമായിരുന്നു. ഇതോടെ സിന്ധുമോളുടെ പേര് ലോക്‌സഭാ സ്ഥാനാർ്ത്ഥി പട്ടികയിൽ നിന്ന് വെട്ടിമാറ്റി. അപ്പോഴും നിയമസഭയിലേക്ക് സിന്ധുമോൾക്കുള്ള സാധ്യത സിപിഎം തേടുന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് കടുത്തുരുത്തിയിലേക്ക് സിന്ധു മോളെ സ്ഥാനാർത്ഥിയാക്കിയാൽ കേരളാ കോൺഗ്രസ് രഹസ്യ പിന്തുണ നൽകാമെന്ന് സിപിഎം കേന്ദ്രങ്ങളെ ജോസ് കെ മാണിയുടെ അടുപ്പക്കാർ അറിയിച്ചു കഴിഞ്ഞു.

കേരളാ കോൺഗ്രസിൽ എത്തിയതു മുതൽ പിജെ ജോസഫ് സൗമ്യമായ ഇടപെടലാണ് നടത്തിയത്. ബാർ കോഴയിൽ പിജെ ജോസഫിന്റെ രാജി മാണി ആഗ്രഹിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഈ സമയത്ത് പോലും പരസ്യമായ വിഴുപ്പഴക്കലുണ്ടാകാതെ ജോസഫ് ശ്രദ്ധിച്ചു. യുഡിഎഫ് വിട്ടപ്പോഴും മാണിയെ അംഗീകരിക്കുകയാണ് ജോസഫ് ചെയ്തത്. മടങ്ങിയെത്തിയപ്പോഴും അനുസരണയോടെ കൂടെ നിന്നു. ഈ സമയത്തെല്ലാം പ്രശ്‌നമുണ്ടാക്കാൻ ജോസഫിന് മുന്നിൽ നിരവധി കാരണങ്ങളുണ്ടായിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് കിട്ടിയപ്പോഴും ജോസഫിന് എതിർപ്പൊന്നും ഉണ്ടായില്ല. എന്നാൽ മോൻസിന്റെ മന്ത്രി മോഹം ജോസഫിനെ ജോസ് കെ മാണിയുമായി തെറ്റിച്ചു. കേരളാ കോൺഗ്രസിലെ സർവ്വ പ്രശ്‌നങ്ങൾക്കും കാരണം മോൻസ് ജോസഫാണെന്നാണ് മാണി വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മോൻസിനെതിരെ ജോസ് കെ മാണിയെ അനുകൂലിക്കുന്നവർ നീക്കം സജീവമാക്കുന്നത്.

പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി. 2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാടകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. കേരളത്തിൽ യു.ഡി.എഫിന് കാതലായ വേരോട്ടമുള്ള പഞ്ചായത്താണ് ഉഴവൂർ. കേരള കോൺഗ്രസിനോട് നേർക്കുനേർ നേരിട്ട് കോൺഗ്രസ് ഇവിടെ അധികാരം പിടിച്ചിട്ടുണ്ട്.

കേരള കോൺഗ്രസും ഇവിടെ ഒറ്റയ്ക്ക് അധികാരത്തിലേറിയിട്ടുണ്ട്. ഇടത് അധികാരത്തിൽ എത്തിയത് യു.ഡി.എഫിന് പ്രസിഡന്റാകാൻ വനിതകൾ ഇല്ലാതായപ്പോൾ മാത്രം. ഭരണകാലം തീരുംമുമ്പേ ഇടത് പാളയത്തിൽനിന്ന് ഒരു വനിതയെ സ്വന്തമാക്കി പ്രസിഡന്റ്പദം പിടിക്കാനും യു.ഡി.എഫിനായി. ഭാഗ്യം കൊണ്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റായ സിന്ധുമോൾ ജേക്കബ് പിന്നീട് നാട്ടുകാരുടെ പ്രിയങ്കരിയായി മാറി. ഉഴവൂർ നഗരഹൃദയത്തോടുചേർന്ന് പൊന്നുംവിലയുള്ള 40 സെന്റുസ്ഥലം 16 ഭൂരഹിതർക്ക് വീടൊരുക്കാനായി തികച്ചും സൗജന്യമായി അരീക്കരയിലെ കപ്പടക്കുന്നേൽ കുടുംബം നൽകുമ്പോൾ ചർച്ചയായത് പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് നടത്തിയ ജനകീയ ഇടപെടലുകളാണ്. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്‌നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇങ്ങനെയാണ് ഉഴവൂരിന്റെ മരുകളായി സിന്ധുവെത്തുന്നത്. രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങളും സിന്ധുമോൾക്ക് രാഷ്ട്രീയ കരുത്ത് നൽകുന്ന ഘടകമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് സിന്ധു മോൾ ജേക്കബിനെ മോൻസിനെതിരെ കേരളാ കോൺഗ്രസുകാർ അവതരിപ്പിക്കുന്നത്.

കേരള കോൺഗ്രസിലെ പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പി.ജെ. ജോസഫും ജോസ്.കെ. മാണിയും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. ചെയർമാനെ കണ്ടെത്താൻ സംസ്ഥാന കമ്മറ്റി വിളിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ജോസ്.കെ. മാണി ശക്തമാക്കിയിട്ടുണ്ട്. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയും ഇതിനോടകം ജോസ്.കെ. മാണി ഉറപ്പാക്കുകയും ചെയ്തു. കെ.എം. മാണിയുടെ മരണ ശേഷം പദവികൾക്കായുള്ള പാർട്ടിയിലെ തർക്കം ഒടുവിൽ പരസ്യമാവുകയായിരുന്നു. ചെയർമാന്റെ താത്കാലിക ചുമതല ഏറ്റെടുത്ത പി.ജെ. ജോസഫ് പാർട്ടി കൈപ്പിടിയിലൊതുക്കിയെന്ന് സൂചന ലഭിച്ചതോടെ ജോസ്.കെ. മാണി തന്നെ രംഗത്തിറങ്ങി. സമവായത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പി.ജെ. ജോസഫ് ആവർത്തിക്കുമ്പോളും ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറല്ല. പാർട്ടി കമ്മറ്റികളിൽ വിഷയം ചർച്ച ചെയ്യാനും ഉദ്ദേശിക്കുന്നില്ലെന്നും പിജെ ആവർത്തിച്ചു. ഇതിനെല്ലാം പിന്നിൽ മോൻസ് ജോസഫാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി ജോസ്.കെ. മാണിയും രംഗതെത്തി. സമവായമാണെങ്കിൽ പോലും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വേണം. എതിർപ്പുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന കടുത്ത നിലപാടിലേക്കും ജോസ്.കെ. മാണി എത്തി. കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എം.മാണി അനുസ്മരണം പാർട്ടിക്കുള്ളിൽ ജോസ്.കെ മാണിയുടെ സ്വാധീനം പ്രകടമാക്കാനുള്ള വേദിയായി. യോഗത്തിന് ശേഷം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ജോസ്.കെ. മാണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ നടന്ന ചർച്ചകളിലാണ് മോൻസിനെതിരായ വികാരം ശക്തമായി പ്രതിഫലിച്ചത്. ജോസ് കെ മാണിയ്‌ക്കെതിരെ ജോസഫിനെ തിരിച്ചു വിടുന്നത് കടുത്തുരുത്തി എംഎൽഎയാണെന്നും നേതാക്കൾ തന്നെ വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP