Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പേപ്പർ കോട്ടൺ മിക്‌സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വാങ്ങിയത് 36 ലക്ഷം; പദ്ധതി നടക്കാതെ വന്നപ്പോൾ അഞ്ചു ലക്ഷം തിരികെ നൽകി; ശേഷിച്ച തുക പറഞ്ഞ മടക്കി നൽകിയില്ല; ജ്യോത്സ്യന്റെ പരാതിയിൽ കുമ്മനം രാജശേഖരൻ അടക്കം ഒമ്പതു പേർക്കെതിരേ കേസ്; പ്രവീൺ വി പിള്ളയും എൻ ഹരികുമാറും പ്രതികൾ

പേപ്പർ കോട്ടൺ മിക്‌സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വാങ്ങിയത് 36 ലക്ഷം; പദ്ധതി നടക്കാതെ വന്നപ്പോൾ അഞ്ചു ലക്ഷം തിരികെ നൽകി; ശേഷിച്ച തുക പറഞ്ഞ മടക്കി നൽകിയില്ല; ജ്യോത്സ്യന്റെ പരാതിയിൽ കുമ്മനം രാജശേഖരൻ അടക്കം ഒമ്പതു പേർക്കെതിരേ കേസ്; പ്രവീൺ വി പിള്ളയും എൻ ഹരികുമാറും പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ അടക്കം ഒമ്പതു പേരെ പ്രതികളാക്കി ആറന്മുള പൊലീസ് തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും കേസ് രജിസ്റ്റർ ചെയ്തു. 1934/20 എഫ്ഐആർ നമ്പർ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 406, 420, 34 വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നിവയാണ് പ്രധാന വകുപ്പുകൾ. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പാർട്ണർ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സിആർ ഹരികൃഷ്ണന്റെ പരാതിയിൽ ആറന്മുള പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുമ്മനത്തിന്റെ സന്തത സഹചാരി പ്രവീൺ വി പിള്ള, പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, കുമ്മനം രാജശേഖരൻ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് ഒന്നു മുതൽ എട്ടു വരെ പ്രതികൾ.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ അതായത്പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് രഹിത ബാനർ നിർമ്മിക്കുന്ന ന്യൂഭാരത് ബയോടെക്നോളജി എന്ന കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി പേരിൽ നിന്ന് പണം വാങ്ങിയെന്നും സൂചനയുണ്ട്. പാലക്കാട് ഫാക്ടറി തുടങ്ങി സ്വദേശി തുണി ഉൽപന്നങ്ങൾ നിർമ്മിച്ചു വിതരണം ചെയ്യുന്നതാണ് പദ്ധതി എന്നാണ് ഹരികൃഷ്ണനോട് പറഞ്ഞിരുന്നത്.

ശബരിമല ദേവപ്രശ്നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോത്സ്യനാണ് സിആർ ഹരികൃഷ്ണൻ. 2018 ൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് ശ്രീധരൻ പിള്ളയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ശാന്തി പാലസിൽ വച്ചാണ് ഇതു സംബന്ധിച്ച് ആദ്യ കൂടിക്കാഴ്ച നടന്നത്. ശബരിമല ദേവപ്രശ്നം നടക്കുന്ന സമയത്ത് കുമ്മനം മിസോറാം ഗവർണറായിരുന്നു. അന്ന് ശബരിമല ദർശനത്തിന് ചെന്ന കുമ്മനം അവിടെ വച്ചും ഇതുമായി ചർച്ച നടത്തിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുമ്മനത്തിന്റെ പിഎ എന്ന് പരിചയപ്പെടുത്തിയാണ് പ്രവീൺ ഹരികൃഷ്ണനെ പാർട്ണർഷിപ്പിലേക്ക് ആകർഷിച്ചത്. പ്രവീണും ആറന്മുള സ്വദേശിയാണ്.

കുമ്മനത്തെ വിശ്വസിച്ചാണ് താൻ പണം നൽകിയത് എന്നാണ് ഹരികൃഷ്ണൻ പറയുന്നത്. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പലപ്പോഴായി 36 ലക്ഷം രൂപ ഹരികൃഷ്ണൻ പണം ട്രാൻസ്ഫർ ചെയ്തു. ഭാര്യയുടെ അക്കൗണ്ടിൽ നിന്നാണ് ആറു ലക്ഷം ട്രാൻസ്ഫർ ചെയ്തതെന്ന് പരാതിയിലുണ്ട്. ഷെയർ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ നൽകാൻ തയാറായില്ല. കമ്പനി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ 500 രൂപയുടെ പത്രത്തിൽ കരാറും എഴുതി ബ്ലാങ്ക് ചെക്കും ഹരികൃഷ്ണന് ഉറപ്പിനായി നൽകി.

2018 നവംബർ 17 ന് കമ്പനി ഉദ്ഘാടനം മിസോറാം ഗവർണറുടെ ഓഫീസിൽ വച്ച് നടന്നതായി സേവ്യർ എന്നൊരാൾ ഫോണിൽ വിളിച്ച് അറിയിച്ചു. ഇയാൾ ഓഫീ്സ് ജീവനക്കാരനാണെന്ന് പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് 17 ന് ചെങ്ങന്നൂർ ക്ഷേത്രത്തിൽ വച്ച് പ്രവീണിന്റെ വിവാഹമായിരുന്നു. അവിടെ വച്ച് 10,000 രൂപ കുമ്മനം കൈവായ്പയും വാങ്ങിയത്രേ. പിന്നീട് അനക്കമൊന്നും ഇല്ലാതെ വന്നപ്പോൾ ഹരികൃഷ്ണൻ പണം തിരികെ ചോദിച്ചു. പല തവണ പണം ആവശ്യപ്പെട്ടിട്ടും കിട്ടാതെ വന്നപ്പോൾ കഴിഞ്ഞ ജൂൺ അഞ്ചിന് ആറന്മുള ബാലാശ്രമത്തിൽ വച്ച് ഹരികൃഷ്ണൻ കുമ്മനത്തെ കണ്ടു.

പദ്ധതി നടക്കാത്ത പക്ഷം തിരികെ പണം വേണെന്ന് ആവശ്യപ്പെട്ടു. ഹരിയുടെ പണം തിരികെ തരാൻ ഹരികുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അയാളെ കണ്ടാൽ മതിയെന്നും കുമ്മനം അറിയിച്ചു. ഇതിന് പ്രകാരം ജൂൺ 15 ന് ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിൽ ഹരികൃഷ്ണൻ ഹരികുമാർ, വിജയൻ, പ്രവീൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ ചർച്ച രാത്രി 10 നാണ് സമാപിച്ചത്. പണം ഉടൻ തിരികെ നൽകാമെന്നും അതിനായി നേരത്തേ തന്ന കരാറും ബ്ലാങ്ക് ചെക്കും തിരികെ വേണമെന്നും ഹരികുമാർ ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം പിറ്റേന്ന് തന്നെ ബ്ലാങ്ക് ചെക്കും കരാറും ഹരികൃഷ്ണൻ രജിസ്റ്റർ ചെയ്ത് അയച്ചു കൊടുത്തു. ഇതിനിടെപലപ്പോഴായി അമ്പതിനായിരം വീതമൊക്കെ വച്ച് നാലുലക്ഷത്തിൽപ്പരം രൂപ തിരിച്ചു കൊടുത്തിരുന്നു.

ശേഷിച്ച പണം കിട്ടാതെ വന്നപ്പോഴാണ് കഴിഞ്ഞ് ദിവസം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. എസ്‌പി പത്തനംതിട്ട ഡിവൈഎസ്‌പിക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് പരാതി ആറന്മുള പൊലീസിന് കൈമാറി. വിവരം ചോർന്ന് കിട്ടിയ മാധ്യമങ്ങൾ ഇടപെട്ടതോടെ കേസെടുക്കാൻ പൊലീസ് നിർബന്ധിതമാവുകയായിരുന്നു. നിരവധി പേരിൽ നിന്ന് ഈ രീതിയിൽ പണം വാങ്ങിയിട്ടുണ്ട്. കമ്പനി പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ വേണ്ടി കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ നിന്ന് തുണിസഞ്ചി അടക്കം വാങ്ങി വിൽപന നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP