Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്പർതാരത്തിനെ എത്തിക്കാൻ വേണ്ടി നൽകിയത് ജപ്പാൻ രാജാവിന്റെ പുരാവസ്തു വാച്ച്; വലിയ ഡയലുള്ള ആ വാച്ചും വ്യാജം; പൊലീസ് ഉദ്യോഗസ്ഥരിലേക്ക് അടുത്തത് തൃശൂരുകാരിയായ പ്രവാസി യുവതിയുടെ പരിചയക്കരുത്തിൽ; മാവുങ്കലിന്റെ അറസ്റ്റും വിവാദവും ചേർത്തലക്കാർ പ്രതീക്ഷിച്ചതു തന്നെ

സുപ്പർതാരത്തിനെ എത്തിക്കാൻ വേണ്ടി നൽകിയത് ജപ്പാൻ രാജാവിന്റെ പുരാവസ്തു വാച്ച്; വലിയ ഡയലുള്ള ആ വാച്ചും വ്യാജം; പൊലീസ് ഉദ്യോഗസ്ഥരിലേക്ക് അടുത്തത് തൃശൂരുകാരിയായ പ്രവാസി യുവതിയുടെ പരിചയക്കരുത്തിൽ; മാവുങ്കലിന്റെ അറസ്റ്റും വിവാദവും ചേർത്തലക്കാർ പ്രതീക്ഷിച്ചതു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: മലയാളത്തിലെ നടന്മാരെ തട്ടിപ്പിന്റെ ഭാഗമാക്കാൻ ഒരു വ്യവസായ പ്രമുഖന് കിട്ടിയത് ജപ്പാനിൽ നിന്നുള്ള പുരാവസ്തു വാച്ച്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെട്ട് ഈ വാച്ചും കെട്ടി ഇപ്പോഴും ഈ വ്യവസായി മേനി പറഞ്ഞു നടക്കുന്നുണ്ട്. പൊലീസുകാരേയും മറ്റും മോൺസൺ മാവുങ്കൽ തന്നോട് അടുപ്പിച്ചത് പ്രവാസി മലയാളി സംഘടനയുടെ മറവിലാണ്. ഈ സംഘടനയിൽ പ്രവർത്തിക്കുന്ന സ്ത്രീയ്ക്ക് പൊലീസ് ആസ്ഥാനത്തും മറ്റുമുണ്ടായിരുന്ന സ്വാധീനം മോൺസൺ മാവുങ്കലും നന്നായി ഉപയോഗിച്ചു. അങ്ങനെയാണ് മുതിർന്ന ഐപിഎസുകാർ മാവുങ്കലിന്റെ അതിഥികളായത്.

മോഹൻലാലിനെ വീട്ടിൽ എത്തിച്ച മാവുങ്കൽ വമ്പൻ തട്ടിപ്പാണ് പദ്ധതി ഇട്ടത്. എന്നാൽ പുരാവസ്തുക്കളെ അടുത്ത് മനസ്സിലാക്കിയിരുന്ന മോഹൻലാലിന് കള്ളം മനസ്സിലാക്കാൻ കഴിഞ്ഞു. പിന്നീട് മാവുങ്കലിൽ നിന്നും അകന്നു. അപ്പോഴും സിനിമാക്കാരെ വീട്ടിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. തിരുവനന്തപുരത്തുള്ള പ്രമുഖ ഗായകനും മാവുങ്കലിന് പുതിയ ആളുകളെ പരിചയപ്പെടുത്തി. മാവുങ്കലിന്റെ കഥ വിശ്വസിച്ചായിരുന്നു ഇടപെടൽ. ഈ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് ശരിയായ ദിശയിൽ അന്വേഷണം നടത്തിയാൽ സ്വർണ്ണ കടത്തും സോളാറും പോലുള്ള മറ്റൊരു തട്ടിപ്പായി ഈ കേസും മാറും. വിദേശത്ത് താമസിക്കുന്ന തൃശൂർ സ്വദേശിനിയുടെ ഇടപെടലും തട്ടിപ്പിന് പിന്നിലുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ചില സിപിഎം നേതാക്കളുമായുള്ള അടുപ്പം വ്യക്തമാക്കി ഫെയ്‌സ് ബുക്കിലും മറ്റും പോസ്റ്റിടുന്ന യുവതിയാണ് സംശയ നിഴലിൽ. രാഷ്ട്രീയ ബന്ധങ്ങളുടെ മറവിൽ പൊലീസ് ആസ്ഥാനത്തും ഇവർ ബന്ധങ്ങളുണ്ടാക്കി. തന്റെ തട്ടിപ്പിന് വിഐപികളെ ലക്ഷ്യമിട്ടിരുന്ന മാവുങ്കൽ ഇവരിലൂടെ പൊലീസ് ബന്ധങ്ങൾ സംഘടിപ്പിച്ചു. വാഗമണ്ണിൽ നടന്ന പ്രവാസി സംഘടനാ യോഗത്തിന് അമ്പതു ലക്ഷം സംഭാവന ചെയ്തതും ഈ സംഘടനയുടെ വിശ്വാസം നേടിയെടുക്കാനായിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ മാവുങ്കലിന് വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. ചേർത്തലക്കാർ സംശയത്തോടെയാണ് കണ്ടിരുന്നത്.

സാധാരണ കുടുംബത്തിൽ നിന്നു മോൻസന്റെ അസാധാരണമായ വളർച്ചയ്ക്കു പിന്നിലെ വഴികൾ നാട്ടുകാർക്ക് അപരിചിതമാണ്. ആഡംബര കാറുകളിൽ അംഗരക്ഷകരുടെ അകമ്പടിയുമായി എത്തുന്ന ഇയാളുടെ നാടകീയമായ അറസ്റ്റോടെ സംശയങ്ങൾ ശരിയാണെന്ന് ഉറപ്പിക്കുകയാണ് ചേർത്തലക്കാർ. ചേർത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ മാവുങ്കൽ വീട്ടിലെ സാധാരണ കുടുംബത്തിൽനിന്നാണു തുടക്കം. വിവാഹത്തിനുശേഷം നാട്ടിൽനിന്ന് അപ്രത്യക്ഷനായ ഇയാൾ വർഷങ്ങൾക്കു ശേഷം പ്രത്യക്ഷപ്പെട്ടത് ഡോക്ടറായും കോടീശ്വരനുമായാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇയാൾ ചേർത്തല സർക്കാർ പോളിടെക്‌നിക് കോളേജിൽനിന്ന് ഡിപ്ലോമ നേടി.

രണ്ടാം വരവിൽ ചേർത്തല വടക്കേ അങ്ങാടി കവലയ്ക്കു സമീപം ഏതാനും വർഷം താമസിച്ചു. അസമയങ്ങളിൽ ഉൾപ്പെടെ ഇവിടെ ആഡംബരവാഹനങ്ങൾ വന്നു പോകുന്നതു പതിവായിരുന്നു. നാട്ടുകാർ സംശയം അറിയിച്ചതിനെ തുടർന്ന് ഇവിടെ ഒരു സമയം പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ് കവലയിൽ സൗന്ദര്യവർധക ചികിത്സാകേന്ദ്രവും നടത്തി. ഇതിനിടെ പുരാവസ്തുവ്യാപാരവും ആരംഭിച്ചു. പനമ്പള്ളി നഗറിലും ചികിൽസാ കേന്ദ്രം ഉണ്ടായിരുന്നു. കൊച്ചിയിലെ വീട്ടിലും സൗകര്യങ്ങൾ ഒരുക്കി.

രണ്ടുവർഷം മുൻപു ജന്മനാടിലെ പള്ളിയിൽ സ്വന്തം നിലയ്ക്കു പെരുന്നാൾ ആഘോഷം നടത്തി നാട്ടുകാരെ ഞെട്ടിച്ചു. കോടികൾ മുടക്കി സിനിമാതാരങ്ങൾ, പിന്നണിഗായകർ ഉൾപ്പെടെ അണിനിരന്നായിരുന്നു കലാപരിപാടികൾ. ഒരുവർഷം മുൻപു വാഹനത്തട്ടിപ്പിന്റെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. കാരവൻ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചതിനായിരുന്നു കേസ്. കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്.

ശനിയാഴ്ച ചേർത്തല വല്ലയിൽ ഭാഗത്തെ വീട്ടിൽനിന്നാണ് ഇയാളെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മകളുടെ വിവാഹനിശ്ചയം ഇന്നലെയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വരെ പങ്കെടുത്തതായാണു വിവരം. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ അയൽവാസികളെ പോലും ചടങ്ങിനു ക്ഷണിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP