Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും

പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും

ആർ പീയൂഷ്

കൊച്ചി: ആറുമാസത്തിന് ശേഷം അമ്മയെ കാണാനായി മോഹൻലാൽ ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തി. ചെന്നൈയിലായിരുന്നപ്പോൾ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം ഇന്നലെയാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. റോഡ് മാർഗ്ഗമെത്തിയ താരം ഹോട്ടൽ ട്രാവൻകൂർ കോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിലായി. ഇന്നോവ കാറിലാണ് മോഹൻലാൽ ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തിയത്. ചെന്നൈയിൽ സന്തതസഹചാരിയായ ഡ്രൈവറുമൊത്തായിരുന്നു യാത്ര. മോഹൻലാലിന്റെ വരവറിഞ്ഞ് രണ്ട് ദിവസം മുൻപ് തന്നെ രണ്ട് സഹായികൾ ഹോട്ടലിൽ തങ്ങി ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി. പൊലീസിലും ആരോഗ്യവകുപ്പിലും മുൻകൂട്ടി തന്നെ വിവരമറിയിച്ചിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ക്വാറന്റൈനിലേക്ക് പ്രവേശിച്ചത്.

രണ്ട് ദിവസം മുൻപ് തന്നെ നാട്ടിലേക്ക് വരുന്ന വിവരം തന്നെ അറിയിച്ചിരുന്നതായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. ഏറെ നാളായി പിരിഞ്ഞിരിക്കുകയായിരുന്നതിനാൽ അമ്മയെ കാണുവാനായി എത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റൈൻ കാലാവധി പൂർത്തിയായ ശേഷം കൊച്ചിയിലെ വീട്ടിലേക്ക് പോകും. അമ്മയുടെ പ്രായവും മറ്റും കണക്കിലെടുത്താണ് വീട്ടിൽ നിരിക്ഷണത്തിന് പോകാതിരുന്നത് എന്നും ഇടവേളബാബു വ്യക്തമാക്കി.

Stories you may Like

അമ്മയെ സന്ദർശ്ശിക്കുക മാത്രമല്ല മറ്റു ചില പ്രോഗ്രാമുകളിലും സിനിമാ ചിത്രീകരണം കൂടി കണക്കിലെടുത്താണ് മോഹൻലാലിന്റെ വരവെന്നാണ് ലഭിക്കുന്ന വിവരം. ഏഷ്യാനെറ്റിലെ ഓണം പ്രത്യേക പരിപാടിയുടെ ഷൂട്ടിങ്ങും ദൃശ്യം രണ്ടാംഭാഗത്തിന്റെ ചിത്രീകരണവുമാണ് മറ്റ് പരിപാടികൾ. 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് അമ്മയോടൊത്ത് ഏതാനം ദിവസം ചിലവഴിച്ച ശേഷം ഏഷ്യാനെറ്റിന്റെ ഷൂട്ടിങ്ങിനായി പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ചിങ്ങം ഒന്നിനാണ് തീരുമാനിച്ചിരിക്കുന്നത്.

മോഹൻലാൽ തന്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം സംഭവിച്ചില്ലെങ്കിൽ ഓഗസ്റ്റ് 17ന് തന്നെ മോഹൻലാൽ ഷൂട്ടിങ്ങിനെത്തും. ദൃശ്യം രണ്ടിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കോവിഡ് 19 സാഹചര്യത്തിൽ സർക്കാരിന്റെ കർശന നിർദ്ദേശങ്ങളോടു കൂടിയാകും ചിത്രം ആരംഭിക്കുക. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടർച്ചായാകും ചിത്രം. ക്രൈം ത്രില്ലർ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ.

കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടിയുടെ കഥയായിരുന്നു ദൃശ്യം പറഞ്ഞത്. ചതിക്കാൻ ശ്രമിക്കുന്ന, അപമാനിക്കാൻ ശ്രമിക്കുന്ന യുവാവിനെ ജോർജുകുട്ടിയുടെ മകൾ അഞ്ജു കൊല്ലുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെ അഞ്ജു കൊല്ലുന്നത്. തന്റെ കുടുംബത്തിന് നേരെ വന്ന ശത്രുവിനെ കൊന്ന കാര്യം ജോർജുകുട്ടി മറ്റാരും അറിയാതിരിക്കാൻ ശ്രമിക്കുന്നു. ബുദ്ധിമാനായ ജോർജുകുട്ടി അതിൽ വിജയിക്കുകയും ചെയ്യുന്നു. ഒരു ഫാമിലി ത്രില്ലർ ചിത്രമായി എത്തിയ ദൃശ്യം തിയറ്ററുകളിൽ സൂപ്പർഹിറ്റായി. മോഹൻലാൽ നായകനായപ്പോൾ മീന നായികയായി. അൻസിബയും എസ്തറും മക്കളായി. ആശാ ശരത്, സിദ്ദിഖ് എന്നിവരും മികച്ച കഥാപാത്രങ്ങളുമായി. 2013ൽ പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യമായി അമ്പത് കോടിയിലധികം കളക്ഷൻ നേടിയ മലയാള ചിത്രവുമായി. ജീത്തു ജോസഫ് ഏറ്റവും ശ്രദ്ധ നേടിയ സം സംവിധായകനുമായി. സിനിമ വീണ്ടും വരുമ്പോൾ പ്രേക്ഷകർ വലിയ ആകാംക്ഷയിലുമാണ്.

മലയാളത്തിൽ കോടി ക്ലബിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. കമൽഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളിൽ നായകരായി. കന്നഡയിലേക്ക് ദൃശ്യ എന്ന പേരിൽ ആയിരുന്നു ചിത്രം റീമേക്ക് ആയി എത്തിയത്. പി വാസുവായിരുന്നു സംവിധാനം ചെയ്തത്. വി രവിചന്ദ്രൻ നായകനായപ്പോൾ നവ്യ നായർ നായികയായി. ആശാ ശരത് കന്നഡയിലും അഭിനയിച്ചു. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രം കന്നഡയിലും വൻ ഹിറ്റായി. 2014 ജൂൺ 20ന് റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായർക്കും വലിയ അഭിനന്ദനം ലഭിച്ചു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചു.

തെന്നിന്ത്യയും കടന്ന് ദൃശ്യം ഹിന്ദിയിലുമെത്തി. നിഷികാന്ത് കമ്മത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഹിന്ദിയിലും വൻ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. അജയ് ദേവ്ഗൺ നായകനായി. ശ്രിയ ശരൺ നായികയും. ദൃശ്യം അതേപേരിൽ തന്നെയാണ് തെലുങ്കിൽ റീമേക്ക് ചെയ്ത് എത്തിയത്. ശ്രീപ്രിയ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. വെങ്കടേഷ് നായകനായി എത്തി മികച്ച പ്രകടനം നടത്തി. മീന തന്നെയാണ് തെലുങ്കിലും നായികയായത്. ആശാ ശരത്തിന്റെ വേഷത്തിൽ നാദിയ അഭിനയിച്ചു. 2014ൽ പ്രദർശനത്തിന് എത്തിയ ചിത്രം തെലുങ്കിലും വിജയമായി.

തമിഴിൽ പാപനാശം എന്ന പേരിലായിരുന്നു ദൃശ്യം റീമേക്ക് ചെയ്ത് എത്തിയത്. ജീത്തു ജോസഫ് തന്നെയായിരുന്നു സംവിധായകൻ. കമൽഹാസനും ഗൗതമിയുമായിരുന്നു നായകനും നായികയും. നിവേദയും എസ്തറും മക്കളായി അഭിനയിച്ചു. തമിഴിലും ചിത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. കോടികൾ മുടക്കി നിർമ്മിച്ച മരയ്ക്കാർ അടക്കം രാജ്യാന്തരതലത്തിൽ റിലീസ് ചെയ്യണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണമെന്ന് ബോധ്യപ്പെട്ടതോടെയാണ് ദൃശ്യം രണ്ട് പ്രഖ്യാപിച്ചത്. കോവിഡ് കാല ഇളവുകളിൽ ഒടുവിലായെങ്കിലും തിയറ്റർ തുറക്കുമ്പോൾ ക്രൗഡ് പുള്ളറായുള്ള സിനിമകൾ വേണമെന്ന ചിന്ത താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കുമുണ്ട്.

താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലവും സിനിമയുടെ ചെലവും കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തോട് ഇരുസംഘടനകൾക്കും യോജിപ്പുണ്ടെങ്കിലും പുതിയ സിനിമകൾ പാടില്ലെന്ന നിർമ്മാതാക്കളുടെ തീരുമാനത്തോട് വിയോജിപ്പാണ്. മോഹൻലാൽ സിനിമ കൂടി ഷൂട്ടിങ് തുടങ്ങുന്നതോടെ വൈറസിനൊപ്പം ജീവിക്കുക എന്ന പൊതുബോധ്യത്തിലേക്ക് സിനിമാമേഖലയെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകാമെന്ന പ്രതീക്ഷയാണ് അമ്മയ്ക്കും ഫെഫ്കയ്ക്കുമുള്ളത്. ദൃശ്യം രണ്ട് കൂടി ഷൂട്ടിങ് തുടങ്ങുന്നതോടെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും സ്വീകരിക്കുന്ന നിലപാടാണ് ഇനി അറിയേണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP