Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തളങ്കര വീര്യത്തെ പ്രോത്സാഹിപ്പിച്ചത് ചേട്ടന്മാർ; ബിജുമോന്റെ ശിക്ഷണം വീട്ടിലെ എട്ടാമനെ കൊച്ചിയിലെ ഒന്നാമനാക്കി; ഗോഡ് ഫാദർ ഇല്ലാതെ അച്ചടക്കത്തിന്റെ വാൾ വീണപ്പോൾ രക്ഷകനായത് അനന്തേട്ടൻ; സഞ്ജു ചേട്ടൻ ക്യാപട്‌നായപ്പോൾ ആവേശം ആത്മവിശ്വാസമായി; ടിനുവും ശ്രീയും സഞ്ജും സാക്ഷി; മുബൈയെ തകർത്തത് അസറുദ്ദീൻ എന്ന ഇന്ത്യൻ ക്യാപ്ടനെ ആരാധിച്ച കാസർഗോട്ടെ ഉപ്പയുടെ മകൻ

തളങ്കര വീര്യത്തെ പ്രോത്സാഹിപ്പിച്ചത് ചേട്ടന്മാർ; ബിജുമോന്റെ ശിക്ഷണം വീട്ടിലെ എട്ടാമനെ കൊച്ചിയിലെ ഒന്നാമനാക്കി; ഗോഡ് ഫാദർ ഇല്ലാതെ അച്ചടക്കത്തിന്റെ വാൾ വീണപ്പോൾ രക്ഷകനായത് അനന്തേട്ടൻ; സഞ്ജു ചേട്ടൻ ക്യാപട്‌നായപ്പോൾ ആവേശം ആത്മവിശ്വാസമായി; ടിനുവും ശ്രീയും സഞ്ജും സാക്ഷി; മുബൈയെ തകർത്തത് അസറുദ്ദീൻ എന്ന ഇന്ത്യൻ ക്യാപ്ടനെ ആരാധിച്ച കാസർഗോട്ടെ ഉപ്പയുടെ മകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിശ്ചയദാർഡ്യമായിരുന്നു ടിനു യോഹന്നാന്റെ കരുത്ത്. ആർക്കും ചിന്തിക്കാൻ പോലും കഴിയാതിരുന്നപ്പോൾ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ മലയാളി. പിന്നെ ശ്രീശാന്തിന്റെ ഊഴം. പ്രതിഭയ്ക്ക് ഒപ്പം മുന്നോട്ട് കുതിക്കാനുള്ള മനസ്സും. പവർ പ്ലേയാണ് സഞ്ജു സാംസണിനെ ദേശീയ ശ്രദ്ധയിൽ എത്തിച്ചത്. ഈ മൂന്നു പേരും ക്രിക്കറ്റിലെ കേരളത്തിന്റെ അന്താരാഷ്ട്ര മുഖം. ഈ മൂന്ന് പേരും മുംബൈയിലെ സെയ്ദ് മുഷ്താഖ് അലി ടി 20 ടീമിൽ കേരളത്തിനൊപ്പമുണ്ട്. ടിനുവാണ് കോച്ച്. ശ്രീശാന്ത് അവിസ്മരണീയ തിരിച്ചുവരവിന്റെ പാതയിൽ ടീമിലെ അംഗം. സഞ്ജു ടീമിന്റെ ക്യാപനും. ഈ ത്രിമൂർത്തികൾ കേരളത്തിന് സമ്മാനിക്കുന്ന പുതിയ താരമാണ് മുഹമ്മദ് അസറുദ്ദീൻ.

കാസർകോട് തളങ്കരയിലെ വീട്ടിൽ എട്ട് മക്കളിൽ ഇളയവനായി ജനനം. അച്ഛൻ പഴയ ഇന്ത്യൻ ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്നു. അതുകൊണ്ട് തന്നെയാണ് മകന് ആ പേര് കിട്ടിയത്. ചേട്ടന്മാരും അനുജനെ ക്രിക്കറ്റ് താരമാക്കണമെന്ന് ആഗ്രഹിച്ചു. കുട്ടിക്കാലത്ത് അസറുദ്ദീൻ ബാറ്റ് വീശുന്നത് കണ്ടതോടെ മോഹം സഫലമാകുമെന്ന് ആ വീട്ടുകാർ മനസ്സിൽ കണ്ടു. പിന്നെ കൊച്ചു മിടുക്കനിലെ ക്രിക്കറ്ററെ രാകി എടുക്കുന്ന തിരക്കിലായി ഈ കുടുംബം. അച്ഛനും ചേട്ടന്മാരും ആ കൊച്ചു മിടുക്കനെ കൊച്ചിയിൽ എത്തിച്ചു. തേവരയിലെ ഗ്രൗണ്ടിൽ അവൻ കളി തുടങ്ങി. ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പർ. കൊച്ചിയിലെ ഗ്രൗണ്ടുകളിൽ വിസ്മയം കാട്ടി മുബൈയിൽ. അവിടേയും അടിച്ചു തകർത്തു. ഇനി ഈ താരത്തിൽ പ്രതീക്ഷകളാണ് കേരളത്തിന്.

അടിത്തു തകർത്ത് മുംബൈയ്‌ക്കെതിരെ തുടങ്ങുന്നു. കുട്ടി ക്രിക്കറ്റിൽ ഏതൊരു ഓപ്പണറും ചെയ്യുന്ന ശൈലി. പക്ഷേ അതൊരു വെറും കടന്നാക്രമണമായിരുന്നില്ല. അതിമനോഹരമായ ഓഫ് ഡ്രൈവും ലാറയെ അനുസ്മരിപ്പിക്കുന്ന ഫ്‌ളിക്കിൽ ലെഗ് സൈഡിലെ സ്‌കിസും. പ്രതിഭയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന ഷോട്ടുകൾ. കവറിൽ നേടിയ ഓഫ് ഡ്രൈവ് ഓർമ്മിപ്പിച്ചത് ലക്ഷ്മണിന്റേയും ദ്രാവിഡിന്റേയും ക്ലാസ് ഷോട്ടിനെ. പേരിലെ അസുറുദ്ദീന്റെ ആവനാഴിയിലെ ഫ്‌ളിക്ക് ഷോട്ടുകളും ഈ താരത്തിന്റെ ബാറ്റുകളിൽ ഒളിഞ്ഞിരിക്കുന്നു. ഗ്രൗണ്ടിന്റെ ഏതറ്റത്തേക്കും പന്തിനെ പറപ്പിക്കാനുള്ള ടാലന്റും. ബാറ്റ്‌സ്മാൻ എന്നതിൽ ഉപരി നല്ലൊരു വിക്കറ്റ് കീപ്പറുമാണ് അസറുദ്ദീൻ.

അതുകൊണ്ട് തന്നെ അസറുദ്ദീന്റെ മനസ്സിലെ ഇഷ്ട താരം സഞ്ജു സാംസണാണ്. അസറിനെ പ്രോത്സാഹിപ്പിക്കുന്നതിലും സഞ്ജുവിന് വലിയ റോളുണ്ട്. ശ്രീശാന്തും ടിനും ടീമിനൊപ്പം ചേർന്നതോടെ അസറുദ്ദീന്റെ ബാറ്റിങ് ആവേശം ആത്മവിശ്വാസത്തിന് വഴിമാറി. ഇത് മികച്ചൊരു ഇന്നിങ്‌സായി മാറി. ആരും പ്രതീക്ഷിക്കാത്ത വിജയം കേരളാ ടീമിനെ തേടിയെത്തി. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ക്രാഷ് കേരളയാണ് അസറിന്റെ ജീവിതം മാറ്റി മറിച്ചത്. കൊച്ചിയിലെ കെസിഎയുടെ അക്കാദമിയിലേക്ക് ഈ പയ്യൻ എത്തിയത് ചെറുപ്രായത്തിലാണ്. അവിടെ കോച്ചായി ഉണ്ടായിരുന്നത് തിരുവനന്തപുരത്തുകാരൻ ബിജു മോനും.

അസറിന്റെ ടാലന്റിനെ വളർത്തിയത് ബിജു മോനായിരുന്നു. ചന്ദ്രശേഖര എന്ന കാസർഗോഡുകാരന്റെ തകർപ്പനടികൾ കേരളത്തിന് ഒരുപാട് മികച്ച മുഹൂർത്തങ്ങളുണ്ടാക്കി. ചന്ദ്രശേഖരയുടെ പിൻഗാമിയേയും ഷോട്ടുകൾക്കാണ് കോച്ച് പ്രേരിപ്പിച്ചത്. മികച്ചൊരു അറ്റാക്കറായി അസർമാറി. 16-ാം വയസ്സിൽ കൊച്ചി ലീഗിൽ കളിക്കാൻ ഇറങ്ങി. കൂടുതൽ റൺസ് നേടുന്ന താരമായി അന്ന് മുതൽ ലീഗിൽ ആ പയ്യൻ മാറി. അങ്ങനെ ചന്ദ്രശേഖരയുടെ പിൻഗാമിയായി താൻ മാറുമെന്ന് കോച്ചിനെ അസർ ഓർമ്മിപ്പിച്ചു. പിന്നെ ജൂനിയർ കേരളാ ടീമിൽ. തിരുവനന്തപുരത്തുകാരൻ രാജഗോപാലായിരുന്നു പരിശീലകൻ. ജൂനിയർ തലത്തിലെ പ്രകടനം അസറിനെ ശ്രദ്ധേയനാക്കി.

അതിന് ശേഷം കേരളാ ടീമിലെ സാന്നിധ്യം. കൊച്ചു സ്‌കോറുകൾ അതിവേഗം നേടി വിക്കറ്റ് വലിച്ചെറിയുന്ന പ്രതിഭ.. ഇതായിരുന്നു പിന്നീട് അസറിന് കിട്ടിയ വിശേഷണം. കേരളാ ടീമിലെ ഗ്രൂപ്പിസവും ശക്തമായ കാലം. ടിസി മാത്യുവിനെ പുറത്താക്കിയവരുടെ ഇടപെടൽ കളിക്കാരേയും ബാധിച്ചു. സച്ചിൻ ബേബിയെന്ന ക്യാപ്ടനെതിരെ കലാപമുയർന്നു. ഇതിൽ അസറിന്റെ പേരും വലിച്ചിഴക്കപ്പെട്ടു. മുതിർന്ന താരങ്ങളായ റോഹൻ പ്രേമിനും റൈഫി വിിൻസന്റ് ഗോമസിനുമൊപ്പം അസറും വില്ലനായി. വിലക്കും വന്നു. ഗോഡ് ഫാദർമാരില്ലാത്ത അസറിന്റെ ക്രിക്കറ്റ് ജീവിതം പ്രതിസന്ധിയിലുമായി.

എന്നാൽ അനന്തപത്മനാഭൻ എന്ന എക്കാലത്തേയും മികച്ച കേരളത്തിന്റെ ക്രിക്കറ്റർ രക്ഷകനായി. വിവാദങ്ങളിൽ ഇടനിലക്കാരനായി അനന്തേട്ടൻ എന്ന അനന്തപത്മനാഭൻ കളിക്കാർക്കൊപ്പം നിന്നു. താരങ്ങളെ പറഞ്ഞു മനസ്സിലാക്കി അച്ചടക്കത്തിൽ നിന്ന് അനന്തൻ രക്ഷിച്ചെടുത്തു. ഐപിഎല്ലിലെ മികവുമായി സഞ്ജു വീണ്ടും കേരളത്തിന്റെ ക്യാപ്ടനായി. ഇതോടെ അസറിന് ഇന്നിങ് ഓപ്പൺ ചെയ്യാനുള്ള ദൗത്യവുമെത്തി. ആദ്യ കളിയിൽ തന്നെ ചെറിയ ഇന്നിങ്‌സുമായി അസർ മികവുകാട്ടി. എന്നാലും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് മടങ്ങി. രണ്ടാം കളിയിൽ അതുണ്ടായില്ല.

റോബിൻ ഉത്തപ്പയെന്ന മലയാളിയായ കർണ്ണാടകയുടെ പഴയ താരത്തിന്റെ ഉപദേശം സ്വീകരിച്ച് ക്രീസിൽ നിലയുറപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അത്യുജ്വല ഇന്നിങ്‌സുകൾ കളിച്ച ഉത്തപ്പയെ കാഴ്‌ച്ചക്കാരനാക്കി അതിവേഗ സെഞ്ച്വറി. അതിന് ശേഷവും അസർ വിക്കറ്റ് വലിച്ചെറിഞ്ഞില്ല. സഞ്ജു ചേട്ടനൊപ്പവും മുന്നോട്ട് കുതിച്ചു. പിന്നെ കേരളത്തെ അസാധാരണ വിജയത്തിലേക്ക് എത്തിച്ച ആ സിക്‌സും. ഇതോടെ അസറിന്റെ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റ് തിരിച്ചറിയുകയാണ്. കരുതലുണ്ടെങ്കിൽ ഈ താരത്തിന് ഇനി മുന്നോട്ട് പോകാം. അടുത്ത ഐപിഎല്ലിൽ എതെങ്കിലും ടീമിന്റെ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാം. അങ്ങനെ ഇന്ത്യൻ ടീമിലെത്തുന്ന നാലാമനായി ഈ താരത്തിന് മാറാം.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 2- ടൂർണമെന്റിൽ മുംബൈക്കെതിരേ തകർപ്പൻ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് കെ.സി.എയുടെ സമ്മാനം എത്തി കഴിഞ്ഞു. വെറും 54 പന്തുകളിൽ നിന്നും 137 റൺസെടുത്ത അസ്ഹറുദ്ദീന് ഓരോ റണ്ണിനും 1000 രൂപവെച്ച് 1.37 ലക്ഷം രൂപയാണ് കെ.സി.എ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പേജിലൂടെയാണ് കെ.സി.എ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 20 പന്തിൽ 50 തികച്ച അസ്ഹറുദ്ദീൻ 37-ാം പന്തിൽ സെഞ്ചുറിയും നേടി. 11 സിക്‌സുകളും 9 ഫോറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയർന്ന രണ്ടാമത്തെ സ്‌കോർ എന്ന നേട്ടവും അസ്ഹറുദ്ദീൻ സ്വന്തമാക്കി. ഇത്തവണത്തെ സീസണിൽ മണിപ്പൂരിനെതിരെ മേഘാലയയ്ക്കായി 149 റൺസ് നേടിയ പുനീത് ബിഷ്താണ് ടൂർണമെന്റിലെ ഉയർന്ന സ്‌കോറിനുടമ. അസ്ഹറുദ്ദീന്റെ ബാറ്റിങ് മികവിൽ കരുത്തരായ മുംബൈയ്‌ക്കെതിരേ എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയവും കേരളം സ്വന്തമാക്കി. മുംബൈ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം വെറും 15.5 ഓവറിൽ 25 പന്തുകൾ ബാക്കിനിൽക്കേ കേരളം മറികടന്നു.

ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയും സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് അസ്ഹറുദ്ദീൻ ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്നീ റെക്കോർഡുകളെല്ലാം അസഹ്‌റുദ്ദീന്റെ പേരിൽ കുറിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP